ടൂറിസം പാർക്ക് ഉദ്ഘാടനം നാളെ : ഹരിതാഭമായി കോട്ടക്കുന്ന്
മലപ്പുറം: നീണ്ട ഇടവേളയ്ക്കുശേഷം കൂടുതൽ അണിഞ്ഞൊരുങ്ങി കോട്ടക്കുന്ന് തയ്യാറെടുക്കുകയാണ്. കാഴ്ചക്കാർക്ക് പുതിയ അനുഭവങ്ങളും കാഴ്ചകളും തയ്യാറാക്കിയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. പാർക്കിന്റെ നവീകരണം പൂർത്തിയായതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും. ലോക്‌ഡൗൺ കാരണം മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു കോട്ടക്കുന്ന്.
വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. രണ്ടുകോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടത്തിയിരിക്കുന്നത്. മിറാക്കിൾ ഗാർഡനാണ് ഏറെ ആകർഷണീയം. വ്യത്യസ്തങ്ങളായ പൂച്ചെടികൾ, ഡ്രിപ്പ് ഇറിഗേഷൻ, സൈക്കിൾ ട്രാക്ക്, പാർട്ടി ഡക്ക്, ലാൻഡ്സ്‌കേപ്പിങ് തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്.സംസ്ഥാന നിർമിതി കേന്ദ്രയ്ക്കായിരുന്നു നവീകരണ പ്രവർത്തനങ്ങളുടെ ചുമതല.
















































