ഭിക്ഷാടന മാഫിയക്കെതിരെ ബോധവത്‌കരണം
വേങ്ങര: (www.vengaralive.com)ഇരിങ്ങല്ലുര്‍ അമ്പലമാട് ഫെയ്‌മസ് ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും അമ്പലമാട് വായനശാലയും വേങ്ങര പോലീസും ചേര്‍ന്ന് ഭിക്ഷാടന മാഫിയക്കെതിരെ ബോധവത്‌കരണ വാരാചരണം സംഘടിപ്പിച്ചു. വേങ്ങര ഗ്രേഡ് എസ്.ഐ സി.ജി സലീഷ് ഉദ്‌ഘാടനം ചെയ്‌തു. ലഘുലേഖ വിതരണം, ബോധവത്‌കരണം, സ്‌ക്വാഡ് വര്‍ക്ക് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുക. കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമായി പ്രത്യേക നിര്‍ദ്ദേശങ്ങളാണ് നല്‍കുക. കുട്ടികളോട് അപരിചിതരുടെ വാഹനങ്ങളില്‍ യാത്ര ചെയ്യരുത്, അത്തരത്തിലുള്ളവര്‍ നല്‍കുന്ന മിഠായി, പാനീയങ്ങള്‍ കഴിക്കരുത് തുടങ്ങി അഞ്ചു പ്രധാന നിര്‍ദേശങ്ങളും സ്‌ത്രീകള്‍ പാലിക്കേണ്ട പ്രധാന കാര്യങ്ങളും സുചിപ്പിക്കുന്നതാണ് ലഘുലേഖ. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം.കെ.സൈനുദ്ദീന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. തുടര്‍ന്ന് ബസ്‌റ്റാന്റിലും പരിസരങ്ങളിലുമായി വിതരണം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.