ഇസ്ലാമിക കലാ സര്‍ഗ വസന്തത്തിന് ഇന്ന് മിഴി തുറക്കും
വേങ്ങര: ചേറൂര്‍ പടയുടെ വീര ഭൂമിയില്‍ ഇസ്ലാമിക കലാ - സര്‍ഗ വസന്തത്തിന് ഇന്ന് മിഴി തുറക്കും. ചാക്കീരി ബദ്റ് പടപ്പാട്ടിന്റെ ഈരടികള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ചേറൂര്‍ ചാക്കീരി മൊയ്തീന്‍ കുട്ടി സാഹിബിന്റെ നാടായ വേങ്ങരക്ക് ഇസ്ലാമിക കലാ സാഹിത്യ മാമാങ്കത്തിന്റെ നവ്യാനുഭവങ്ങള്‍ സമ്മാനിക്കുകയാണ് എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്.
ജില്ലയിലെ 1200 ബ്ലോക്കുകളിലും 700 യൂണിറ്റുകളിലും 90 സെക്ടറുകളിലും മാറ്റുരച്ചാണ് എട്ട് ഡിവിഷനുകളില്‍ നിന്നുള്ള 1500 പ്രതിഭകള്‍ ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കുന്നത്. 120 ഇന മത്സരങ്ങളാണ് 12 വേദികളില്‍ നടക്കുക. മത്സരാര്‍ഥികള്‍ക്കായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
12000 ചതുരശ്ര അടിയോളം വിസ്തീര്‍ണത്തില്‍ കലാ വൈഭവം വിളിച്ചോതുന്ന പ്രധാന വേദിയായ കാഫ് മല ശ്രദ്ധേയമാണ്. ടൗണിന്റെ ഹൃദയ ഭാഗത്ത് തന്നെയാണ് വേദികളെല്ലാം ഒരുക്കിയിട്ടുള്ളത്. സ്റ്റേജിതര മത്സരങ്ങളുടെ വേദി വേങ്ങര കോ ഒാപ്പറേറ്റീവ് കോളേജിലാണ്.