ഓടിക്കാന്‍ കാശില്ല; റൂട്ട് പെര്‍മിറ്റ് നിലനിര്‍ത്തി, ബസുകള്‍ വിറ്റ് ഒഴിവാക്കി ബസുടമകൾ
പൊതുഗതാഗതം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും വരുമാനത്തിൽ ലാഭമില്ലാത്ത ബസുകൾ വിറ്റ് ഉടമകൾ. കോവിഡ് വ്യാപനത്തെ തുടർന്ന് വരവില്ലാതെ കഷ്ടപ്പെട്ട ബസ് ജീവനക്കാരും ഉടമകളും വലിയ പ്രതീക്ഷയോടെയാണ് ബസുകൾ നിരത്തിലിറക്കിയത്. എന്നാൽ, പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെയും അധികച്ചെലവും കൂടി ആയതോടെ മിക്കവരും ബസ് ഓടിക്കേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ഈ തീരുമാനത്തിന്റെ തുടർച്ചയായിട്ടാണ് ബസുകൾ വിൽക്കാനുള്ള ആലോചനയിലേക്ക് ഉടമകൾ എത്തിയത്. പിൽക്കാലത്ത് മേഖലയിൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷ കൈവിടാത്ത ഉടമകൾ പെർമിറ്റില്ലാതെ ബസ് മാത്രമായിട്ടാണ് വില്പന നടത്തുന്നത്. ഐ.ടി. സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്കാണ് ഇത്തരത്തിൽ ബസുകൾ കൊടുത്തത്.
എന്നാൽ പെർമിറ്റ് ഉൾപ്പെടെയല്ലാതെയുള്ള വില്പനയിൽ പെർമിറ്റ് ലാപ്സാകുകയും ചെയ്യും. ഈ നിയമം അറിയാത്തവരിൽ ചിലരാണ് ബസുകൾ വിറ്റിട്ടുള്ളത്. കോവിഡിന്റെ ഈ സാഹചര്യത്തിൽ ഈ നിയമത്തിൽ ഭേദഗതി വരുത്തി പെർമിറ്റ് നിലനിർത്തി ബസുകൾ വിൽക്കാനുള്ള അനുമതി ലഭ്യമാക്കണമെന്ന് സർക്കാരിനോട് ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പെർമിറ്റിന്റെ കാലാവധിയായ അഞ്ചു വർഷത്തിനിടയ്ക്ക് പുതിയ ബസ് വാങ്ങാമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്യുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള ബസ് വാങ്ങിയാൽ മാത്രമേ അതിന് വിലയുള്ളു. അല്ലെങ്കിൽ ബസിന്റെ മോഡലിനുള്ള ചെറിയൊരു തുക മാത്രമെ ലഭിക്കുകയുള്ളു. ഇൻസ്റ്റിറ്റിയൂഷണൽ ആവശ്യത്തിനാണ് ഇത്തരത്തിൽ വണ്ടികൾ പോയിരുന്നത്. എന്നാലിപ്പോൾ അതിലും കുറവു വന്നിട്ടുണ്ടെന്ന് ആൾ കേരള പ്രവറ്റ് ബസ് മെമ്പേഴ്സ് സെക്രട്ടറിയും മുഹബ്ബത്ത് ബസ് ഓണറുമായ ആഷിഖ് മച്ചിഞ്ചേരി വേങ്ങര പറഞ്ഞു.
20 ശതമാനം സ്വകാര്യ ബസുകൾ മാത്രമാണിപ്പോൾ സർവീസ് നടത്തുന്നത്. ഡീസൽ ചെലവും ജീവനക്കാർക്കുള്ള ശമ്പളവും കൊടുക്കാനുള്ള വരുമാനം സർവീസിൽനിന്ന് ലഭിക്കാതെ വന്നതോടെയാണ് മിക്ക ബസുകളും സർവീസ് നിർത്തിയത്. നിലവിൽ 400 മുതൽ 700 രൂപ വരെയാണ് പ്രതിദിനം ഒരു ബസിൽനിന്ന് ലഭിക്കുന്നത്. അതിനാൽ ജീവനക്കാരും തങ്ങളുടെ വേതനത്തിന്റെ പകുതിയിലാണ് ജീവിക്കുന്നത്.
വണ്ടിയെടുത്തപ്പോൾമുതലുള്ള ബാധ്യതകൾ പലർക്കും നിലനിൽപ്പുണ്ട്, ദിവസവും കൊടുക്കുന്ന രീതിയിലാണ് പലരും ഈ തുക ക്രമീകരിച്ചിരിക്കുന്നത്. പക്ഷേ, ഇപ്പോൾ അതുപോലും അടച്ചുതീർക്കാൻ കഴിയാത്ത സാഹചര്യമാണ്. റോഡിൽ യാത്രക്കാരുണ്ടെങ്കിലും ബസിലേക്ക് ആളുകൾ കയറുന്നത് കുറവാണ്, രാവിലെയും വൈകീട്ടും മാത്രമാണ് ബസിൽ പേരിനെങ്കിലും യാത്രക്കാരുള്ളതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.പി. സത്യൻ.
റോഡ് ടാക്സ് അടയ്ക്കാനുള്ള ദിവസം അടുത്തിരിക്കുകയാണ്, എന്നാൽ, നിരത്തിലോടുന്ന ബസുകളിൽനിന്ന് വരുമാനം ലഭിക്കാത്തതിനാൽ അത് എങ്ങനെ അടയ്ക്കുമെന്ന ടെൻഷനിലാണ് ഉടമകൾ. ഇത്തവണത്തെ ടാക്സ് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും സത്യൻ പറഞ്ഞു.
വണ്ടി വിറ്റ് പിന്മാറുന്നവർ കുറവാണ്, കാരണം വണ്ടി വാങ്ങാനും ആളുകുറവാണെന്ന് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി അനിൽ വർഗീസ്. സർവീസ് ഇനി വേണ്ട എന്നു വയ്ക്കുന്ന ചുരുക്കം ചിലർ പെർമിറ്റ് നിലനിർത്തി വണ്ടി വിൽക്കുന്നുണ്ട്.
പെർമിറ്റിന്റെ കാലാവധിയായ അഞ്ചു വർഷത്തിനിടയ്ക്ക് പുതിയ ബസ് വാങ്ങാമെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്യുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള ബസ് വാങ്ങിയാൽ മാത്രമേ അതിന് വിലയുള്ളു. അല്ലെങ്കിൽ ബസിന്റെ മോഡലിനുള്ള ചെറിയൊരു തുക മാത്രമെ ലഭിക്കുകയുള്ളു. ഇൻസ്റ്റിറ്റിയൂഷണൽ ആവശ്യത്തിനാണ് ഇത്തരത്തിൽ വണ്ടികൾ പോയിരുന്നത്. എന്നാലിപ്പോൾ അതിലും കുറവു വന്നിട്ടുണ്ടെന്ന് അനിൽ വർഗീസ് പറഞ്ഞു.