Labels

11 October 2020

ചൊവ്വ തിളങ്ങും ഈ ചൊവ്വാഴ്ച

 ചൊവ്വ തിളങ്ങും ഈ ചൊവ്വാഴ്ച


വേങ്ങര: ചൊവ്വയെ ഇനി ഇത്രയും തിളക്കത്തോടെ കാണണമെങ്കിൽ പതിനഞ്ച് വർഷമെടുക്കും. വരുന്ന ചൊവ്വാഴ്ച (ഒക്ടോബർ 13-ന് ) രാത്രി ചൊവ്വാഗ്രഹത്തെ അത്യപൂർമായ ശോഭയോടെ കാണാം. ഓപ്പസിഷൻ എന്ന പ്രതിഭാസം സംഭവിക്കുന്നതുകൊണ്ടാണിത്.



ഭൂമി മധ്യത്തിലും സൂര്യനും ഏതെങ്കിലും ഒരു ഗ്രഹവും എതിർദിശകളിലും നേർരേഖയിൽ വരുന്നതാണ് ഓപ്പസിഷൻ. ഈ ദിവസം ഓപ്പസിഷൻ സംഭവിക്കുന്ന ഗ്രഹം സൂര്യാസ്തമയത്തോടെ കിഴക്കുദിക്കും. പാതിരാത്രിയോടെ ഉച്ചിയിലെത്തും. പിറ്റേന്ന് പുലർച്ചെ സൂര്യോദയസമയത്ത് പടിഞ്ഞാറ്്‌ അസ്തമിക്കുകയും ചെയ്യും. അതിനാൽ രാത്രി മുഴുവൻ അതിനെ കാണാം.


ഓപ്പസിഷനിൽ വരുന്നതിനാൽ 13-ന് രാത്രി മുഴുവൻ അത്യധിക ശോഭയിൽ ചൊവ്വയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുമെന്ന് അധ്യാപകനും വാനനിരീക്ഷകനായ ഇല്യാസ് പെരിമ്പലം പറഞ്ഞു.


സൂര്യാസ്തമയത്തോടെ കിഴക്ക് ഉദിക്കുമെങ്കിലും ചക്രവാളശോഭ മായുകയും ചൊവ്വ അൽപ്പം ഉയരുകയും ചെയ്താലേ നഗ്നനേത്രങ്ങൾകൊണ്ട് ഇത് കാണാനാകൂ. ഒരു മണിക്കൂറിൽ ഏകദേശം 15 ഡിഗ്രി വീതം ഉയരുന്ന ചൊവ്വ, രാത്രി 12 മണിയോടെ ഉച്ചിയിലെത്തും. അന്ന് രാത്രി ചൊവ്വയോളം തിളക്കമുള്ള ഒരു വസ്തു ആകാശത്തുണ്ടാവില്ല. ചൊവ്വയുടെ ചോരനിറവും വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും.



ഗോളാകൃതിയുള്ള ഗ്രഹങ്ങളുടെ ഒരു പകുതിയിൽ എല്ലായ്പോഴും സൂര്യപ്രകാശം വീഴും. എന്നാൽ സൂര്യപ്രകാശംവീഴുന്ന ഭാഗം എല്ലായ്പോഴും പൂർണമായും ഭൂമിക്ക് അഭിമുഖമാവണമെന്നില്ല. ഓപ്പസിഷൻ ദിനങ്ങളിൽ ഗ്രഹങ്ങളുടെ സൂര്യപ്രകാശം ഏൽക്കുന്നഭാഗം പൂർണമായും ഭൂമിക്കഭിമുഖമായി വരുന്നു.


അതുകൊണ്ടാണ് അവയെ അന്ന് കൂടിയതിളക്കത്തിൽ കാണുന്നത്. ഓപ്പസിഷനോടടുത്തുള്ള ദിവസങ്ങളിലും സാമാന്യം നല്ലശോഭയിലാണ് ഗ്രഹങ്ങളെ കാണുക. അതിനാൽ ഒക്ടോബർ രണ്ട്, മൂന്ന് ആഴ്ചകൾ മുഴുവൻ ചൊവ്വയെ നല്ല തിളക്കത്തിൽ കാണാം.


1.88 വർഷംകൊണ്ടാണ് ചൊവ്വ സൂര്യനെ ചുറ്റുന്നത്. അതിനാൽ ചൊവ്വയുടെ ഓപ്പസിഷൻ ഒരു അത്യപൂർവ പ്രതിഭാസമല്ല. എന്നാൽ ചൊവ്വ സൂര്യനെ ചുറ്റുന്ന തലവും ഭൂമി സൂര്യനെ ചുറ്റുന്ന തലവും തമ്മിലുള്ള ചരിവുകാരണം കൃത്യമായ ഓപ്പസിഷൻ വിരളമായേ വരൂ. അതിനാൽ ഇത്രയും തിളക്കമേറിയ ചൊവ്വയെ ഇനി 2035 -ലേ കാണാനൊക്കൂ.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������