ജ
വേങ്ങര > സെപ്തംബര്‍ 24ന് ഐക്യരാഷ്ട്രസഭാ ആഭിമുഖ്യത്തില്‍ ലോകത്തെങ്ങുമുള്ള നദികളുടെ സംരക്ഷണം ഓര്‍മപ്പെടുത്തുന്ന ദിനം. ഓരോ നദികളിലെയും നീരൊഴുക്ക് കുറഞ്ഞുകൊണ്ടിരിക്കുക മാത്രമല്ല, നദീജലം ഭീതിതമായ നിലയില്‍ മലിനമായിക്കൊണ്ടിരിക്കുകയുംചെയ്യുന്നു. കേരളത്തിലെ നദികളുടെ വലുപ്പത്തില്‍ ആറാംസ്ഥാനത്ത് നില്‍ക്കുന്ന കടലുണ്ടിപ്പുഴയും ഏറെ മലിനമായിക്കൊണ്ടിരിക്കയാണ്.
മലപ്പുറം ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നാണ് കടലുണ്ടിപ്പുഴ. ചേരക്കൊമ്പന്‍ മലനിരകളില്‍ കരുവാരക്കുണ്ടിന് സമീപത്തുനിന്ന് ഉത്ഭവിക്കുന്ന കരിമ്പുഴയും എരട്ടക്കൊമ്പന്‍ മലനിരകളില്‍ തിരുവിഴാംകുന്നില്‍നിന്ന് ഉത്ഭവിക്കുന്ന വെള്ളിയാറും ചേര്‍ന്നതാണ് 120 കിലോമീറ്റര്‍ നീളമുള്ള കടലുണ്ടിപ്പുഴ. കടലുണ്ടിപ്പുഴ അറബിക്കടലില്‍ പതിക്കുന്നത് കടലുണ്ടിയിലാണ്. ഇത് മലിനമാക്കുന്നതോടെ നശിച്ചുകൊണ്ടിരിക്കുന്നത് കടലുണ്ടി പക്ഷിസങ്കേതവും.
നവംബര്‍മുതല്‍ ഏപ്രില്‍വരെയുള്ള സമയത്ത് സൈബീരിയ അടക്കം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറുപത്തിനാലിനങ്ങളിലുള്ള പക്ഷികളാണ് ഇവിടെയെത്തുന്നത്. സമീപകാലത്ത് പക്ഷികളുടെ വരവ് കുറഞ്ഞുകൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു പ്രജനനകാലത്തിനുവേണ്ടിയാണ് ആയിരക്കണക്കിന് കിലോമീറ്റര്‍ പറന്ന് ഇവിടെ പക്ഷികള്‍ എത്തുന്നത്. പുഴ മലിനമാകുന്നതോടെ ഇവയുടെ ആവാസവ്യവസ്ഥക്ക് കോട്ടംതട്ടും. ....