വായിച്ചു വളർന്നവർ മഴത്തുള്ളികളായി ക്യാമ്പസിൽ പെയ്തിറങ്ങി
വേങ്ങര: വേങ്ങര മലബാർ കോളേജിലേക്ക് രാവിലെ ഗേറ്റ് കടന്നുവന്ന കോളേജ് ബസിൽ നിന്ന് തോളിൽ തോർത്തുമുണ്ടും കയ്യിൽ കാലൻ കുടയും പിടിച്ച് ഇറങ്ങുന്ന പുതിയ പഠിതാക്കളെക്കണ്ട് ന്യൂജൻ വിദ്യാർഥികൾ അമ്പരന്നു .രണ്ടാം കുട്ടിക്കാലത്തിന്റെ നിഷ്കളങ്കമായ ചിരികളോടെ കാലൻ കുട കുത്തിപിടിച്ച് അവർ കോളേജ് സെമിനാർ ഹാളി ലേക്ക് നടന്നു .കോളേജ് എൻ .എസ് .എസ് യൂണിറ്റ് സംഘടിപ്പിച്ച 'മഴത്തുള്ളികൾ ' മൺസൂൺ ഫെസ്റ്റിലെ അതിഥിതികളായും ,മത്സരാർത്ഥികളായും എത്തിച്ചേർന്നതായിരിന്നു അവർ .വീടും പേരും വയസ്സും ചോദിച്ച് വളണ്ടിയർമാർ അവർക്ക് ചുറ്റും കൂടി .കോളേജിലെ ഭാഷാസമിതിയുടെയും തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗസിലിന്റെയും വേങ്ങര സായം പ്രഭ ഹോമിന്റെയും സഹകരണത്തോടെ നടത്തിയ വയോജന സൗഹൃദ വായന മത്സരത്തിൽ എല്ലാ കാരണവന്മാരും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. തുടർന്നു നടന്ന 'മഴയോർമ്മ പങ്കുവെക്കൽ' അനുഭവങ്ങളുടെ കെട്ടഴിക്കലായിരുന്നു. വറുതിയുടെയും ചേമ്പില ചൂടിയതിന്റെയും വെള്ളപ്പൊക്കത്തിന്റെയുമൊക്കെ ഓർമ്മകൾ പങ്കുവെച്ച് അവർ ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചഉം ഗൃഹാതുരത്വത്തിന്റെ തീചൂളയിലേക്ക് വളണ്ടിയർമാരെയും അധ്യാപകരെയും കൈ പിടിച്ച് നടത്തി. സൗഹൃദ വായന മത്സരത്തിൽ ശങ്കരൻ ടി. പി, ഭാസകരൻ വി, എന്നിവർ യഥാക്രമം ഒന്ന് , രണ്ട് സ്ഥാനങ്ങളും അബു ഹാജി, അബ്ദുറഹ്മാൻ ഹാജി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് നടന്ന 'വായന മഴ' സെഷൻ പി.എസ്.എം.ഒ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശരീഫ്.പി ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി അധ്യക്ഷത വഹിച്ചു. മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, മാനേജ്‌മെന്റ് കമ്മിറ്റി അംഗം അലി അക്ബർ പി.കെ, ലൈബ്രറി കൗണ്സില് താലൂക്ക് സെക്രട്ടറി സോമനാഥൻ മാസ്റ്റർ, എൻ.എസ് .എസ് പ്രോഗ്രാം ഓഫിസർ സി. അബ്ദുൽ ബാരി, ഭാഷ സമിതി കോഡിനേറ്റർ ജിഷ.പി, മുഹമ്മദ് അലി ടി, സുജിത് മാസ്റ്റർ, ഇബ്രാഹീം അടക്കാപുര, സൽമാനുൽ ഫാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.