ഫാസിസത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം കലയും സഹിത്യവും: പ്രഫ.എ പി അബ്ദുൽ വഹാബ്
വേങ്ങര. ഫാസിസത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സാഹിത്യവും കലയുമാണെന്ന് കേരള ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ പ്രഫ.എ പി അബ്ദുൽ വഹാബ് പറഞ്ഞു. ജർമനിയിൽ ഹിറ്റ്ലറുടെയും ഇറ്റലിയിൽ മുസോളിനിയുടെയും കാലത്ത് ഇത് തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് നമ്മുടെ രാജ്യത്ത് കലാസാഹിത്യ പ്രവര്‍ത്തകര്‍ക്കെതിരെ വന്‍ തോതില്‍ അസഹിഷ്ണുതയും അക്രമവും വളരുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് ഇരുപത്താഞ്ചാമത് ജില്ലാ സാഹിത്യോത്സവിന്റെ പ്രോജക്റ്റ് കൗൺസിൽ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ഗാത്മക രചനകള്‍ ചുട്ടെരിക്കാന്‍, എഴുത്തുകാരുടെ കൈകള്‍ ഛേദിക്കാന്‍, ചിന്തിക്കുന്നവരുടെ തലച്ചോറ് വെടിയുണ്ടയാല്‍ ചിതറിക്കാന്‍ ചിലര്‍ തയാറാവുന്നതും ഇതുകൊണ്ടാണ്. കലബുര്‍ഗിയും നരേന്ദ്രധബോല്‍ക്കറും ഗോവിന്ദ പന്‍സാരെയുമൊക്കെ നമ്മുടെ ഓര്‍മകളില്‍നിന്ന് മായാന്‍ പാടില്ല. പെരുമാള്‍ മുരുകന് സംഭവിച്ചതും ഓര്‍ക്കണം. അക്ഷരങ്ങളെയും കലയെയും ഫാസിസ്റ്റുകള്‍ക്ക് എന്നും ഭയമാണ്. ഇതിനെതിരെ അതര്‍ഹിക്കുന്ന ഗൌരവത്തില്‍ പ്രതികരണം നമ്മുടെ സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്നതിന് എസ് എസ് എഫിന്റെ സാഹിത്യോത്സവ് ഏറെ ശ്രമങ്ങൾ നടത്തുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് രണ്ടു മുതൽ അഞ്ചു വരെ വേങ്ങരയിലാണ് സാഹിത്യോത്സവിന് വേദിയൊരുങ്ങുന്നത്.
ഉദ്ഘാടന ചടങ്ങിൽ പ്രോജക്റ്റ് കൗൺസിൽ ജനറൽ കൺവീനർ പി കെ എം സഖാഫി ഇരിങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിണ്ടന്റ് ടിടി അഹമ്മദ് കുട്ടി സഖാഫി പ്രാർത്ഥന നിർവഹിച്ചു. എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി എം ജുബൈർ, സാഹിത്യോത്സവ് പ്രോഗ്രാം ചെയർമാൻ മുഹമ്മദ് ബുഖാരി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ വേങ്ങര അബ്ദു ഹാജി, ജനറൽ സെക്രട്ടറി എ അലിയാർ, സുന്നി യുവജന സംഘം സോൺ പ്രസിണ്ടന്റ് പി പി അബ്ദുൽ ജബ്ബാർ ബാഖവി, പ്രോഗ്രാം കൺവീനർ മുഹമ്മദ് ഫളൽ സഖാഫി, ജില്ലാ സെക്രട്ടറി ശുക്കൂർ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. സാഹിത്യോത്സവ് കോഡിനേറ്റർ പി പി അബ്ദുൽ നസിർ സഖാഫി സ്വാഗതവും കൺവീനർ മുഹമ്മദ് ഫൈറൂസും നന്ദിയും പറഞ്ഞു.