ഊരകത്തെ കടലുണ്ടിപ്പുഴയോരം മാലിന്യമുക്തമാക്കി
പ്രളയം ഒരു നാടിന്റെ മുഖഛായ മാറ്റിയപ്പോൾ ഗ്രാമവാസികളുടെ നൊമ്പരങ്ങളും പകർച്ചവ്യാധി ഭീഷണിയും ഏറ്റുവാങ്ങി ഗ്രാമപഞ്ചായത്ത് മുഴുവൻ ഇന്ന് പുഴയോരത്തേക്കൊഴുകി.
സന്നദ്ധ സേവനത്തിന്റെ മറ്റൊരു ഉദാത്ത മാതൃകയാകുകയായിരുന്നു ഊരകം നിവാസികൾ.
പ്രളയാനന്തരം ഒഴുകിയെത്തിയ വൈവിധ്യമാർന്ന അജൈവ മാലിന്യങ്ങൾ പുഴയോരം മലീമസമാക്കിയപ്പോൾ ഒരു പ്രദേശത്തിന്റെ കുടിവെള്ള പ്രശ്നവും പൊതുജനാരോഗ്യരംഗവും കലുഷിതമാകുമെന്ന മുന്നറിയിപ്പിനെ മുഖവിലക്കെടുത്തു കൊണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വഛതാ ഹെ സേവ പരിപാടിയിലൂടെ മുന്നിട്ടിറങ്ങുകയായിരുന്നു.
ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മുഴുവൻ ശുചിത്വ സമിതികളും കുടുംബശ്രീ സമിതിയും വിളിച്ചു ചേർക്കുകയും വിവിധ മേഖലയിലെ സന്നദ്ധ പ്രവർത്തകരെ ഏകോപിപ്പിക്കുകയും ചെയ്തു. 29/09/2018 നു രാവിലെ 8 മണിക്ക് കുറ്റാളൂർ ഗവ.എൽ.പി.സ്കൂളിൽ സംഗമിച്ച ആയിരത്തോളം വരുന്ന സന്നദ്ധ പ്രവർത്തകരെ മുൻനിർത്തി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ജമീല അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. സഫ്രീന അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ.കെ .ടി. അബ്ദുസമദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രി. അസ്ലു പി.കെ, ശ്രീ. ഹസ്സൻ പി.പി.,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ശ്രീ. കെ.ടി.അബൂബക്കർ, ശ്രീമതി. വി.കെ. മൈമൂന, ശ്രീമതി. സൗദ അബൂത്വാഹിർ മറ്റു ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. വാർഡ് മെമ്പർ ശ്രീ. പി.കെ.അഷ്റഫ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.മുഹമ്മദ് അബ്ദുൾ ലത്തീഫ്, ഹരീഷ് കെ വി, അസി.സെക്രട്ടറി ശ്രീ. വിവേകാനന്ദൻ എന്നിവർ പദ്ധതി വിശദീകരിച്ചു. തുടർന്നു അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ചു. ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ, അങ്കൺവാടി പ്രവർത്തകർ, ആഷമാർ, കുടുംബശ്രീ അംഗങ്ങൾ,
തൊഴിലുറപ്പ് അംഗങ്ങൾ, ജാമിഅ അൽ ഹിന്ദ് വിദ്യാർത്ഥികൾ, എം യു.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്, ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്, മാലാപറമ്പ് മലബാർ കോളേജ് എൻ.എസ്.എസ്, യുവജന ക്ലബ് പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ പ്രദേശവാസികൾ തുടങ്ങിയവർ ഓരോ ഗ്രൂപ്പിലുമുണ്ടായിരുന്നു.
അഞ്ചു ടീമുകളെയും വിവിധ വാഹനങ്ങളിലാക്കി പുഴയോരങ്ങളിലെത്തിച്ചു. മുൻകൂട്ടി നിശ്ചയിച്ച പുഴയോര പ്രദേശത്ത് കൂട്ടമായി സഞ്ചരിച്ച്
ലഭിക്കുന്ന അജൈവ മാലിന്യങ്ങൾ തരം തിരിച്ച് വ്യത്യസ്ത ചാക്കുകളാക്കി റോഡരികിലെത്തിച്ചിരിക്കുകയാണ്. തുടർന്ന് വലിയ വാഹനങ്ങളിലാക്കി പുന:ചംക്രമണത്തിനയക്കും.
ഈ മഹത് സംരംഭത്തിൽ സഹകരിച്ച മുഴുവൻ സന്നദ്ധ പ്രവർത്തകരെയും പ്രസിഡൻറ് അഭിനന്ദിച്ചു.