കണ്ണമംഗലത്തെ മാലിന്യരഹിതമാക്കാൻ ‘ഹരിതം വിശുദ്ധം’ പദ്ധതി
കണ്ണമംഗലം:കണ്ണമംഗലം പഞ്ചായത്തിനെ അജൈവ മാലിന്യങ്ങളിൽനിന്ന് പൂർണമായും വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ’ഹരിതം വിശുദ്ധം മാലിന്യവിമുക്തം കണ്ണമംഗലം’ പദ്ധതി തുടങ്ങി.
വീടുകൾ, കടകൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ തുടങ്ങിയവയിൽനിന്ന് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾ സന്നദ്ധപ്രവർത്തകർ ശേഖരിക്കുകയും തരംതിരിച്ച് സംസ്‌കരണത്തിനായി കയറ്റി അയക്കുകയും ചെയ്യും. ഗുണഭോക്താക്കളിൽനിന്ന് ചെറിയ തുക ഈടാക്കി പദ്ധതി വിപുലമാക്കും. പിന്നീട് മാലിന്യങ്ങൾ കത്തിക്കുകയോ വലിച്ചെറിയുകയോ ജലാശയങ്ങളിൽ നിക്ഷേപിക്കുകയൊ ചെയ്യുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരേ കർശന നിയമനടപടികൾ സ്വീകരിക്കും.
വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൾഹഖ് പദ്ധതി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുള്ളാട്ട് സലീം അധ്യക്ഷനായി. നിറവ് റഷീദ്, ബേബി ചാലിൽ, ടി.കെ. അബ്ദുട്ടി, കെ.പി. സരോജിനി, നെടുമ്പള്ളി സെയ്തു, സി.എം. ആമിനക്കുട്ടി, കെ. ജയലത, പുള്ളാട്ട് ഷമീർ, കാമ്പ്രൻ നൗഷാദ് എന്നിവർ പ്രസംഗിച്ചു