കുട്ടി ഐ ടി വിദഗ്ദ്ധർ ഒരുക്കിയ ഹൈ ടെക് വീഡിയോ കോൺഫറൻസ് ക്ലാസ്സ് തല പി ടി എ ശ്രദ്ധേയമാവുന്നു
വിവര സാങ്കേതിക വിദ്യാ രംഗത്ത് പുത്തൻ ഉണർവ്വുമായി കേരളത്തിലെ പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുമ്പോൾ കുട്ടി ഐ ടി വിദഗ്ദ്ധർ ഒരുക്കിയ ഹൈ ടെക് വീഡിയോ കോൺഫറൻസ് ക്ലാസ്സ് തല പി ടി എ ശ്രദ്ധേയമാവുന്നു. ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് സ്കൂളിലെ 77 ക്ലാസ് മുറികളിലേക്കും ഐ ടി അറ്റ് സ്കൂൾ നൽകിയ ലാപ്‌ടോപ്, പ്രൊജക്ടർ, സ്ക്രീൻ, എന്നിവ ഉപയോഗിച്ച് പ്രധാനാധ്യാപകന്റെ വീഡിയോ കോൺഫറൻസ് രക്ഷിതാക്കൾക്ക് മുന്നിൽ തത്സമയം സംപ്രേക്ഷണം ചെയ്ത് വേറിട്ട പ്രവർത്തനത്തിന് മാതൃകയായത്. 3500 ഓളം വരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും 130 അധ്യാപകരെയും അവരവരുടെ ക്ലാസുകളിൽ ഇരുത്തി ഇ റിസോഴ്സുകളുടെയും ഹൈ ടെക് സാങ്കേതിക വിദ്യയുടെയും സഹായത്താൽ നടത്തിയ പി ടി എ മീറ്റിങ്ങ് പൊതു വിദ്യാലയ മികവിന്റെ നേർക്കാഴ്‌ച്ചയായി. ഇത്രയധികം സ്കൂൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒന്നിച്ചിരുത്തി നടത്തിയ സംപ്രേഷണം കേരളത്തിലെ വിദ്യാലയങ്ങളിൽ ആദ്യമായാണ് നടക്കുന്നത്. നേരത്തെ വിദ്യാർത്ഥികൾക്കായി ഐ ടി അറ്റ് സ്കൂൾ നടത്തിയ ഡോക്യൂമെന്റേഷൻ ക്യാമ്പ്, കാമറ സാങ്കേതിക വിദ്യ, അനിമേഷൻ, റോബോട്ടിക്‌സ്, ഹാർഡ്‌വേയർ, ഇലക്ട്രോണിക്സ് പരിശീലനം എന്നിവ ഈ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാവുകയും ചെയ്തു. വിദ്യാലയ പഠന മികവും, വിദ്യാഭ്യാസ ഗുണനിലവാര നേട്ടവും രക്ഷിതാക്കൾക്ക് വീഡിയോ കോൺഫറൻസിലൂടെ നേരിട്ട് മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചു. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് തത്സമയ സംപ്രേഷണം നടത്തിയത്. ഇത് വഴി വിദ്യാലയത്തിലെ പകുതിയിലധികം വരുന്ന വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് കൂടി നേരിട്ട് കാണാൻ അവസരമൊരുക്കിയതാണ് ഇത്തരമൊരു ആശയത്തിന് വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത് എന്ന് പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തുന്നു. പരസ്പര വ്യവഹാരത്തിനും രക്ഷിതാക്കൾക്ക് ടെക്സ്റ്റ് ടൈപ്പ് ചെയ്ത് തത്സമയം ആശയ വിനിമയത്തിന് സൗകര്യമൊരുക്കിയിരുന്നു. വിദ്യാർത്ഥികളായ യദു കൃഷ്ണ, അബ്ദുൽ ബാസിത്ത്, ഷാഹിൻ, അശ്വിൻ, കെൻസ ഫാത്തിമ, മുഹമ്മദ്, റിഫ തുടങ്ങിയവരാണ് ഈ നൂതന സാങ്കേതിക വിദ്യ ഒരുക്കി മാതൃകയായത്. പ്രധാനാധ്യാപകൻ അബ്ദുൽ മജീദ് പറങ്ങോടത്ത്, എസ് ഐ ടി സി അംഗങ്ങളായ മൊയ്‌ദീൻ കുട്ടി പി കെ, എ കെ നൗഫൽ, ഹസീന പി കെ, ആലസ്സൻ കുട്ടി, എ പി നൗഫൽ, ജില്ലാ ഐ ടി മാസ്റ്റർ ട്രെയിനർ കുട്ടി ഹസ്സൻ പി കെ എന്നിവർ നേതൃത്വം നൽകി.