Labels

30 September 2017

പിണറായി വിജയനോടുള്ള അമര്‍ഷം ജനങ്ങള്‍ രേഖപ്പെടുത്തും -ഉമ്മന്‍ചാണ്ടി


പിണറായി വിജയനോടുള്ള അമര്‍ഷം ജനങ്ങള്‍ രേഖപ്പെടുത്തും -ഉമ്മന്‍ചാണ്ടി ....
വേങ്ങര: ഉപതിരഞ്ഞെടുപ്പില്‍ ജനദ്രോഹ പരിപാടികളുമായി മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാരിനോടുള്ള അമര്‍ഷം ജനങ്ങള്‍ രേഖപ്പെടുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജി.എസ്.ടിയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുമായിരുന്ന പെട്രോളും ഡീസലും ഇവരെന്തേ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തതെന്നും അദ്ദേഹം ചോദിച്ചു. വേങ്ങര ലീഗ് ഹൗസ്, കണ്ണമംഗലം മേമാട്ടുപാറ, വലിയോറ മുണ്ടക്കപറമ്പ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കെ.പി. അബ്ദുല്‍മജീദ്, പി.എം.എ. സലാം, ടി.വി. ഇബ്രാഹിം എം.എല്‍.എ, അഡ്വ. എം. റഹ്മത്തുള്ള, പി.വി. അബ്ദുല്‍വഹാബ് എം.പി, കെ.പി.എ. മജീദ്, എം.എല്‍.എമാരായ ടി.എ. അഹമ്മദ്കബീര്‍, പി. ഉബൈദുള്ള, ജില്ലാ ഐ.എന്‍.ടി.യു.സി. പ്രസിഡന്റ് കരീം, വി.എ.കെ. തങ്ങള്‍, വി.വി. പ്രകാശ്, യു.എ. ലത്തീഫ്, കല്ലായി മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.

ഷാർജ ജയിലിലെ ഇന്ത്യക്കാരുടെ മോജനം പിണറായിയുടെ ഇടപെടൽ ചൂണ്ടികാട്ടി വേങ്ങരയിൽ എൽ ഡി എഫ് പ്രജരണം


മുഖ്യമന്ത്രി പിണറായിയുടെ ഇടപെടല്‍ മൂലം ഷാര്‍ജ ജയിലുകളില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കപ്പെട്ട സംഭവം വേങ്ങരയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്ന വേങ്ങര മണ്ഡലത്തില്‍ ഈ പ്രചരണം ഏശുമെന്നുതന്നെയാണു എല്‍.ഡി.എഫ് ക്യാമ്പുകള്‍ കണക്ക്കൂട്ടുന്നത്. 149 ഇന്ത്യന്‍തടവുകാരെ മോചിപ്പിക്കുമെന്നാണു ഷാര്‍ജ ഭരണാധികാരി പിണറായിക്കു വാക്കു നല്‍കിയത്. ഇതിനെ തുടര്‍ന്നു തടവറയിലുള്ളവരുടെ മോചനം ആരംഭിച്ചതായും ഷാര്‍ജയില്‍നിന്നുള്ള ഇന്ത്യന്‍മാധ്യമ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തില്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പ്പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് 149 ഇന്ത്യക്കാര്‍ക്ക് മോചനം സാധ്യമാകുന്നത്.
ഇവരുടെ 36 കോടിയോളം വരുന്ന സാമ്പത്തിക ബാധ്യതകള്‍ ഷാര്‍ജ ഭരണാധികാരി തന്നെ അടച്ചുതീര്‍ത്തു. കൂടാതെ തന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുളള ക്ഷേമകാര്യങ്ങള്‍ ഷാര്‍ജയില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാനുളള തന്റെ ആഗ്രഹവും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുളള തീരുമാനവും മന്ത്രിമാരുമായുളള ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പങ്കുവെച്ചിരുന്നു. ഈ നിര്‍ണായക തീരുമാനം ഷാര്‍ജയില്‍ ജോലിചെയ്യുന്ന വലിയവിഭാഗം കേരളീയര്‍ക്ക് പ്രയോജനം ചെയ്യും.
ഷാര്‍ജയില്‍ ജോലിക്ക് പോകുന്നവര്‍ക്ക് കേരളത്തില്‍ത്തന്നെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുളള നിര്‍ദേശം ഷാര്‍ജ ഭരണാധികാരി തത്വത്തില്‍ അംഗീകരിച്ചു. യുഎഇ നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും.
ശൈഖ് സുല്‍ത്താന്റെ ചരിത്രപ്രധാനമായ കേരള സന്ദര്‍ശനത്തിനുളള നന്ദി സൂചകമായി തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെയും ഷാര്‍ജയിലെയും ജനങ്ങളുടെ താല്‍പര്യത്തിന് വേണ്ടി പരസ്പരബന്ധം ശക്തിപ്പെടുത്താന്‍ ഇരുകൂട്ടരും തീരുമാനിച്ചതായും ശൈഖ് സുല്‍ത്താന്റെ സന്ദര്‍ശനം കേരള ജനതയ്ക്ക് ലഭിച്ച വലിയ ആദരവാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാല ഡി-ലിറ്റ് നല്‍കി ആദരിച്ചിരുന്നു.
മുസ്ലിംലീഗും യു.ഡി.എഫും ഭരിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്തിടത്തു പിണറായിയുടെ ഈ നീക്കം ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ഇക്കാര്യം ഉയര്‍ത്തിക്കാട്ടി വേങ്ങരയില്‍ പ്രചരണം നടത്താനാണു എല്‍.ഡി.എഫ് തീരുമാനം.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ:പി.പി ബഷീര്‍ 01 -10 -2017 ഞായറാഴ്ച്ച വേങ്ങര പഞ്ചായത്തില്‍ പര്യടനം നടത്തും.പര്യടന വിശദാംശങ്ങള്‍
സ്വീകരണ കേന്ദ്രം സമയം
1 താഴെ പാക്കടപ്പുറായ 3.00
2 ബാലന്‍ പീടിക 3.15
3 ഗാന്ധിക്കുന്ന് 3.30
4 കണ്ണാട്ടി പടി 3.45
5 പറമ്പില്‍പടി 4.00
6 ചേറ്റിപ്പുറം 4.15
7 മണ്ണില്‍പ്പിലാക്കല്‍ 4.30
8 പാണ്ടികശാല 4.45
9 കാളികടവ് 5.00
10 പാറമ്മല്‍ 5.15
11 അരീക്കപള്ളിയാളി 5.30
12 മനാട്ടി 5.45
13 ചുള്ളിപ്പറമ്പ് 6.00
14 തറയിട്ടാല്‍ 6.15
15 അരീക്കുളം 6.30
16 വരിവെട്ടിച്ചാല്‍ 6.45
17 വേങ്ങര ടൗണ് 7.00

കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ മുസ്ലിംലീഗിന്


വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ മുസ്ലിംലീഗിനെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി തിരുവനന്തപുരത്ത് വെച്ചു മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിംലീഗുമായി പാര്‍ട്ടി അടുത്ത ബന്ധമാണുള്ളതെന്നും ഇതിനാലാണു ലീഗിന് പിന്തുണ പ്രഖ്യാപിക്കുന്നത്.
എന്നാല്‍ ഇതു മുന്നണി പ്രവേശനത്തിനുള്ള പാലമായി ആരും വ്യാഖ്യാനിക്കേണ്ട, യു.ഡി.എഫിലേക്ക് പോകാന്‍ കേരളാ കോണ്‍ഗ്രസിന് ഇപ്പോള്‍ തീരുമാനമില്ല, തങ്ങളുടെ മുന്നണി പ്രവേശനം ചൂണ്ടിക്കാട്ടി ഇനി അപമാനിക്കരുത്, ഇതു സംബന്ധിച്ചു കേരളാ കോണ്‍ഗ്രസ് ആരുടെ മുന്നിലും അപേക്ഷ നല്‍കിയിട്ടില്ല, രണ്ടു മാസത്തിനുള്ളില്‍ മുന്നണി പ്രവേശനം സംബന്ധിച്ചു കൂടുതല്‍ വ്യക്തത വരുമെന്നും കെ.എം മാണി പറഞ്ഞു.
അതേ സമയം കുഞ്ഞാലിക്കുട്ടിക്കു കെ.എം മാണിയുമായുള്ള അടുത്ത ബന്ധംകാരണമാണു ലീഗിന് കേരളാ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതെന്ന സൂചനയുണ്ട്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്ന കേരളാ കോണ്‍ഗ്രസ് മലപ്പുറത്തുവെച്ചു പ്രചരണ കണ്‍വെന്‍ഷനും നടത്തിയിരുന്നു. അന്നും ഇതെ നിലപാടാണു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞിരുന്നത്.

വേങ്ങര ഉപതിരഞ്ഞെടുപ്പും ബഹിഷ്കരണവും


*വേങ്ങര ഉപതിരഞ്ഞെടുപ്പും ബഹിഷ്കരണവും*
ഒക്ടോബർ പതിനൊന്നിന് വേങ്ങര മണ്ഡലം ഒന്നാകെ പോളിങ് ബൂത്തിലേക്ക് നടന്നടുക്കാൻ ഒരുങ്ങുമ്പോൾ പല കോണുകളിൽ നിന്നും വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി പലരും രംഗത്തിറങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഒരു ബഹിഷ്കരണ ചർച്ച മണ്ഡലത്തിലെ അമ്പത്തിയാറാം ബൂത്തിലും നടക്കുന്നുണ്ട്. അതായത് ഊരകം പഞ്ചായത്തിലെ ഏഴാം വാർഡ് ആയ പുല്ലൻചാലിലും പരിസര പ്രദേശങ്ങളിലും. ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് പ്രകാരം വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത് ക്രിമിനൽ നടപടിയാണ്. പക്ഷെ ഇവിടത്തുകാർക്ക് അതും പ്രശ്നമല്ല. കാരണമെന്താണെന്ന് വെച്ചാൽ, ഊരകം മലയുടെ താഴ്വരയിലുള്ള ഒരു കൊച്ചു മനോഹര ഗ്രാമം ആണ് പുല്ലൻചാൽ. ഈ ഗ്രാമത്തിന്റെ വടക്കു ഭാഗത്ത്  അതായത് ഊരകം മലയിൽ രണ്ടു ഭാഗത്ത് നിന്നും മല തുരന്ന് വിസ്ഫോടനകമാം വിധം പൊട്ടിച്ചെടുക്കന്നത് ഈ ഗ്രാമത്തെ മൊത്തം ബാധിച്ചിരിക്കുകയാണ്. ഈ ഗ്രാമത്തിലുള്ള എല്ലാ വീടുകളിലും ഒരു സർവ്വേ നടത്തിയാൽ മതി. പഴയതെന്നോ പുതിയതെന്നോ വ്യത്ത്യാസമില്ലാതെ എല്ലാ വീടുകൾക്കും വിള്ളലുകളും മറ്റുമായി കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. അത് പോലെത്തന്നെ ദിവസവും ആയിരക്കണക്കിന് വെടിയൊച്ചകൾ എല്ലാ ക്വാറികളിൽ നിന്നുമായി ഉൽഭവിക്കുമ്പോൾ സ്വസ്ഥത കിട്ടാതെ മലയിറങ്ങി വരുന്ന വാനരക്കൂട്ടവും മയിൽക്കൂട്ടവും ഈ പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയിട്ട് മാസങ്ങൾ ഏറെയായി. ഓടിട്ട വീടുകളുടെ ഓടിളക്കി പൊട്ടിച്ചും ഷീറ്റുകളിൽ കയറിയുള്ള അഭ്യാസ പ്രകടനങ്ങളും കാരണം ഒരുപാട് നാശ നഷ്ട്ടങ്ങൾ ഇവിടത്തുകാർക്ക് സംഭവിച്ചിരിക്കുന്നു. തെങ്ങുകളിൽ കയറി ഒരൊറ്റ മച്ചിങ്ങ പോലും ബാക്കി വെക്കാതെ നശിപ്പിച്ചു മനുഷ്യരോടുള്ള പക പോക്കുന്ന വാനരക്കൂട്ടത്തെ നോക്കി സഹതപിക്കാനേ ഇവിടത്തെ കർഷകർക്ക് നിർവാഹമുള്ളൂ. പുല്ലൻചാൽ പാടത്തും പറമ്പുകളിലും കയറിയിങ്ങി അവിടെ കൃഷി ചെയ്തിരിക്കുന്ന നെല്ലും മറ്റു പച്ചക്കറികളുമെല്ലാം തൂഫാനാക്കി ഓടിയൊളിക്കുന്ന മയിൽക്കൂട്ടത്തെ നോക്കി നെടുവീർപ്പിടാനേ ഇവിടത്തെ കർഷകനാകുന്നുള്ളു. എല്ലാറ്റിനുമുപരി സമീപ ഭാവിയിൽ തങ്ങളുടെ ഗ്രാമം തന്നെ ഒരു മഹാ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞേക്കുമെന്ന ഭീതിയിൽ അന്തിയുറങ്ങുന്ന പുല്ലൻചാലുകാരുടെയും കുണ്ടിൽ നിവാസികളുടെയും ചങ്കിടിപ്പ് കാണാതെ പോകുന്ന അധികാരികളുടെ കണ്ണിന്റെ ഒരു ചെറിയ അംശമെങ്കിലും തങ്ങളിലേക്ക് പതിയാൻ ക്രിമിനൽ കുറ്റമായ തെരെഞ്ഞെടുപ്പ് ബഹിഷ്കരണം തന്നെയാണ് ഒരു ചെറിയ മാർഗമെന്ന് ഇവിടത്തുകാർ ചിന്തിക്കുന്നു. അതെ, അവരെ തെറ്റ് പറയാൻ ആകില്ല. കാരണം അത്രക്കും ഭീതിയിൽ ആണിവർ. പണത്തിന്റെ ഹുങ്കിൽ എല്ലാ മേലാളന്മാരെയും വിലക്ക് വാങ്ങി തൻപ്രമാദത്വം കാണിക്കുന്ന മല മാഫിയക്കെതിരെ ഒരു ചെറു വിരലനക്കാൻ ശ്രമിക്കുന്ന ഇവർ ഊരകം പഞ്ചായത്തിന്റെയും വേങ്ങര മണ്ഡലത്തിന്റെയും മലപ്പുറം ജില്ലയുടെയും കേരളത്തിന്റെ മൊത്തം നല്ല പാവപ്പെട്ടവരായ ജനങ്ങളുടെ എല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു. ഇപ്പോൾ വേങ്ങരയിലെ ഓരോ മുക്കിലും മൂലയിലും ചായ മക്കാനികളിലും കയറിയിറങ്ങുന്ന കേരളത്തിലെ എല്ലാ വലുതും ചെറുതുമായ പത്ര - ദൃശ്യ - ശ്രാവ്യ വിഭാഗങ്ങളുടെയും പിന്തുണ ഇവർ ഇതിനായി ആവിശ്യപ്പെടുന്നു. ഇവിടത്തുകാർ ചില ചാനലുകാരുമായി ബന്ധപ്പെട്ടപ്പോൾ നിരാശാജനകമായ പ്രതികരണമാണവർക്ക് കിട്ടിയത്. അവർക്ക് വേണ്ടത് ഫ്ലാഷ് ന്യൂസുകൾ ആയിരിക്കാം. ചിലപ്പോൾ അവർ ഉദ്ദേശിച്ചിരിക്കുന്നത് ഉരുൾ പൊട്ടി ഗ്രാമം തകർന്നടിയുമ്പോൾ ഞങ്ങളെ വിളിക്കൂ, അപ്പോൾ ഉടൻ ഞങ്ങൾ പറന്നെത്താം എന്നായിരിക്കാം. ഏതായാലും തകർന്നടിയുന്നതിനു മുമ്പ് ഒരു വിളി കേൾക്കാൻ ഏഷ്യാനെറ്റോ മനോരമയോ മാതൃഭുമിയോ റിപ്പോർട്ടറോ മീഡിയ വണ്ണോ ജൈഹിന്ദോ കൈരളിയോ ജനം ടീവിയോ മംഗളമോ സുപ്രഭാതമോ മാധ്യമമോ സിറാജോ ചന്ദ്രികയോ ദേശാഭിമാനിയോ തേജസ്സോ കേരള കൗമുദിയോ ജന്മഭൂമിയോ ടൈംസ് ഓഫ് ഇന്ത്യയോ ഓൾ ഇന്ത്യ റേഡിയോയോ പോലോത്ത എല്ലാ പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും തയ്യാറാവണം. ഇവിടുത്തുകാരുടെ പരാതിയെ കുറിച്ചു മാധ്യമ ധർമം എന്ന നിലക്ക് അന്ന്വേഷണം നടത്തിയാൽ അവർക്ക് കിട്ടും ഇതിലെ സത്യാവസ്ഥ. ചോദിക്കുന്ന പണം ഓഫർ ചെയ്താലും പിന്തിരിയാത്ത മാധ്യമ ധർമം ആണ് ഇവിടത്തുകാർ ആവശ്യപ്പെടുന്നത്. അത് പോലെത്തന്നെ എല്ലാ രാഷ്ട്രീയക്കാരുടെയും  പിന്തുണയും ഈ കാര്യത്തിന് ഇവരോടൊപ്പം ഉണ്ടാകുമെന്ന് ഇവർ പ്രത്ത്യാശിക്കുന്നു. മനസ്സ് പണത്തിൽ മാത്രം ഒതുങ്ങിയിട്ടില്ലാത്ത എല്ലാ സാമൂഹിക പരിസ്ഥിതി പ്രവർത്തകരുടെയും പഞ്ചായത്ത്,വില്ലജ്, താലൂക്ക്, കളക്റ്ററേറ്, ജിയോളജി, ഫയർ ഫോഴ്സ്, പോലീസ്, ഹരിത ട്രിബുണൽ ഉദ്യോഗസ്ഥരുടെയും അംഗങ്ങളുടെയും മനസ്സറിഞ്ഞുള്ള സഹായവും പിന്തുണയും ഇവർ പ്രതീക്ഷിക്കുന്നു. ഒരു ഭൂപ്രദേശത്തിന്റെ നില നിൽപ്പിനായി എല്ലാവരും ഒത്തൊരുമിച്ചു നിൽക്കുമെന്ന പ്രത്ത്യാശയോടെ...... ഒരു പുല്ലൻചാലുകാരൻ... ഒരു ഊരകത്തുകാരൻ.. ഒരു വേങ്ങരക്കാരൻ... ഒരു മലപ്പുറത്തുകാരൻ.. ഒരു കേരള നിവാസി... ഒരു ഇന്ത്യൻ പൗരൻ.. അല്ല ഞങ്ങൾ എല്ലാവരും

.പാർട്ടി സെക്രട്ടറിയെ തിരുത്തി *യുവനേതാവ്..


പാർട്ടി സെക്രട്ടറിയെ തിരുത്തി  *യുവനേതാവ്..
*വേങ്ങര ഉപതിരഞ്ഞെടുപ്പ് സർക്കാറിന്റെ വിലയിരുത്തലാവുമെന്ന് DYFI നേതാവ് മുഹമ്മദ് റിയാസ്...*

വേങ്ങര: ഒക്ടോബർ 11 ന് നടക്കാനിരിക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് DYFI നേതാവ് മുഹമ്മദ് റിയാസ്.
ഇന്ന് രാവിലെ വേങ്ങരയിൽ നടന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പോർക്കളം പരിപാടിയിൽ ആയിരുന്നു റിയാസ് പറഞ്ഞത്.
മുസ്ലിം ലീഗ് ദേശീയ നേതാവ് ഇ ടി മുഹമ്മദ് ബഷീറും ബി ജെ പി സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുത്തു.o

28 September 2017

സി പി ഐ എം സംസ്ഥാന നേതാക്കള്‍ അടുത്തദിവസങ്ങളില്‍ വേങ്ങരയിൽ എത്തും


വേങ്ങര > എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംസ്ഥാന നേതാക്കള്‍ അടുത്തദിവസങ്ങളില്‍ എത്തും. വിവിധ പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലും പഞ്ചായത്ത് റാലികളിലും നേതാക്കള്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുള്‍വഹാബ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി വേങ്ങരയിലെത്തും.
മന്ത്രി ഡോ. കെ ടി ജലീല്‍ വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പ്രചാരണത്തിനെത്തും. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വേങ്ങര പഞ്ചായത്തിലും ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഒതുക്കുങ്ങല്‍ പഞ്ചായത്തിലും ഒക്ടോബര്‍ ഒന്നിന് എആര്‍ നഗര്‍, കണ്ണമംഗലം, രണ്ടിന് വേങ്ങര, ഊരകം പഞ്ചായത്തുകളിലും ജലീല്‍ പര്യടനം നടത്തും.

വികസന കാര്യത്തിൽ കുഞ്ഞാലികുട്ടിയുടെ പാത പിന്തുടരും:കെ എൻ എ ഖാദർ


വേങ്ങര : വികസന കാര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പാത പിന്തുടരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍. മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടി തുടക്കമിട്ട വികസന പ്രവര്‍ത്തനങ്ങള്‍ പിന്തുടരുമെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു. ആരോഗ്യ രംഗത്തും, അടിസ്ഥാന സൗകര്യ രംഗത്തും വേങ്ങര ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര, പറപ്പൂര്‍ പഞ്ചായത്തുകളിലായിരുന്നു സ്ഥാനാര്‍ഥി ഇന്ന്‌ പര്യടനം നടത്തിയത്.
വേങ്ങര സ്‌കൂളില്‍ പിടിഎ യുടെ നേതൃത്വത്തില്‍ നടത്തിയ മുഖാമുഖത്തോടെയാണ് സ്ഥാനാര്‍ഥിയുടെ പര്യാടനത്തിന് തുടക്കമായ്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന മുന്‍ എം.എല്‍.എ പി.കെ കുഞ്ഞാലികുട്ടി എം.പി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യമാരംഭിച്ചത്. പി.കെ കുഞ്ഞാലികുട്ടി നടപ്പിലാക്കിയ പോലെ വികസനങ്ങള്‍ സ്‌കൂളിന് നല്‍കാന്‍ വിജയിച്ചു വരുന്നവര്‍ക്കാവുമോ. സ്‌കൂളിന് പുതിയ ഹയര്‍സെക്കന്ററി ബാച്ചുകള്‍ അനുവദിക്കുമോ, പി.കെ കുഞ്ഞാലികുട്ടിയുടെ കുടുംബ ട്രസ്റ്റ് അനുദിച്ച ഒരു ബസ് മാത്രമാണ് മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഈ കലാലയത്തില്‍ ഉള്ളത്. ഇവിടേക്ക് പുതിയ ബസുകള്‍ അനുവദിക്കുമോ, അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ട് വേങ്ങര സ്വപ്നമാണ്. അത് യാഥാര്‍ത്ഥ്യമാക്കുമോ, പുതിയ ഓഡിറ്റോറിയം സ്‌കൂളിനായി അനുവദിക്കുമോ തുടങ്ങി ട്ടനവധി ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികളെത്തി.
മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ത്ഥി വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തി. പ്രഖ്യാപനങ്ങള്‍ ആര്‍ക്കുമാവാമെന്നും അതു നടപ്പിലാക്കുന്നവരെയാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ജയിച്ചു വന്നാല്‍ നിങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതികളെ കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു. കുഞ്ഞുനാളില്‍ പഠിച്ച കവിതകളും പാഠ ഭാഗങ്ങളും ഒര്‍ത്തെടുത്ത് അവതരിപ്പിച്ചതും പഠിപ്പിച്ച അധ്യാപകരെ സ്മരിച്ച് പ്രസംഗം അവസാനിപിച്ചതും വിദ്യാര്‍ത്ഥികളില്‍ വലിയ ആവേശമാണ് സമ്മാനിച്ചത്.

വാശിമറന്ന് ആത്മീയ വേദിയില്‍ സ്ഥാനാര്‍ഥികള്‍ ...


വാശിമറന്ന് ആത്മീയ വേദിയില്‍ സ്ഥാനാര്‍ഥികള്‍ ...
തിരൂരങ്ങാടി: ഉപതിരഞ്ഞെടുപ്പിന്റെ വാശിയേറിയ പ്രചാരണച്ചൂടില്‍നിന്ന് മാറി വേങ്ങരയിലെ സ്ഥാനാര്‍ഥികള്‍ ആത്മീയവേദിയില്‍ ഒന്നിച്ചിരുന്നു. മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 179-ാം ആണ്ടുനേര്‍ച്ചയുടെ സമാപനദിനത്തിലെ അന്നദാനച്ചടങ്ങിനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദറും എല്‍ഡി.എഫ്. സ്ഥാനാര്‍ഥി പി.പി. ബഷീറും എത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ചടങ്ങ്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കിയ പ്രാര്‍ഥനയില്‍ ഇരുസ്ഥാനാര്‍ഥികളും ഒന്നിച്ചിരുന്ന് പങ്കുചേര്‍ന്നു. ഒരു ലക്ഷം പേര്‍ക്കായിരുന്നു അന്നദാനം നടത്തിയത്. രാവിലെ എട്ടരയ്ക്ക് ആരംഭിച്ച അന്നദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനംചെയ്തത്. നേര്‍ച്ചയ്‌ക്കെത്തിയ വിശ്വാസികളെ നേരില്‍ക്കണ്ടാണ് ഇരുസ്ഥാനാര്‍ഥികളും വ്യാഴാഴ്ചയിലെ പ്രചാരണത്തിനായി മഖാമില്‍നിന്ന് മടങ്ങിയത്.

27 September 2017

സ്ഥാനാര്‍ഥികള്‍ ആറ്; നാലും അഭിഭാഷകര്‍ ....


സ്ഥാനാര്‍ഥികള്‍ ആറ്; നാലും അഭിഭാഷകര്‍ ....
മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആറുപേര്‍. മുഖ്യ എതിരാളികളടക്കം നാല് സ്ഥാനാര്‍ഥികളും അഭിഭാഷകരാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വേങ്ങരയില്‍ ആറുപേരാണ് ജനവിധി തേടിയിരുന്നത്. 2011-ല്‍ എട്ടുപേരും മത്സരിച്ചു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ബുധനാഴ്ചയാണ് അവസാനിച്ചത്. സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നവും ബുധനാഴ്ച അനുവദിച്ചു. സ്ഥാനാര്‍ഥികളും ചിഹ്നവും വോട്ടുയന്ത്രത്തില്‍ നോട്ടയടക്കം ഏഴ് പേരാണുണ്ടാകുക. യന്ത്രത്തില്‍ വരുന്ന പേരും ചിഹ്നങ്ങളും താഴെ: 1. അഡ്വ. കെ.എന്‍.എ. ഖാദര്‍-മുസ്ലിംലീഗ്-കോണി 2. കെ. ജനചന്ദ്രന്‍മാസ്റ്റര്‍ - ബി.ജെ.പി- താമര 3. അഡ്വ. പി.പി. ബഷീര്‍- അരിവാള്‍ ചുറ്റിക നക്ഷത്രം 4. അഡ്വ. കെ.സി. നസീര്‍- എസ്.ഡി.പി.ഐ. - ടെലിവിഷന്‍ 5. ശ്രീനിവാസ് - സ്വതന്ത്രന്‍- കുടം 6. അഡ്വ. ഹംസ കറുമണ്ണില്‍- സ്വതന്ത്രന്‍ - ടെലിഫോണ്‍

വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മുഖ്യവിഷയം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയമാണെന്ന്:കുഞ്ഞാലി കുട്ടി


വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മുഖ്യവിഷയം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ അസംതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഭൂരിപക്ഷം വര്‍ധിക്കുന്നതാണ് വേങ്ങരയുടെ ചരിത്രം. ഇത്തവണയും ഭൂരിപക്ഷം വര്‍ധിക്കും. വേങ്ങരക്കാര്യം എന്ന വിഷയത്തില്‍ കേസരി ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. ജനജീവിതം ദുസ്സഹമായ സ്ഥിതിയാണ്. ഇതിന് രണ്ട് സര്‍ക്കാരുകളും ഒരുപോലെ ഉത്തരവാദികളാണ്. സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സംസ്ഥാനത്ത് പ്രതിപക്ഷം ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാശ്രയ പ്രശ്‌നത്തിലുള്‍പ്പെടെ സര്‍ക്കാറിന്റെ തെറ്റായ നിലപാടുകള്‍ തിരുത്തിക്കാന്‍ പ്രതിപക്ഷത്തിനായി. രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. പ്രതിപക്ഷത്തിന്റെ വിജയം രാജ്യം സ്തംഭിപ്പിക്കലാണെന്ന ധാരണയുണ്ട്. അത് യു.ഡി.എഫിന്റെ രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയതലത്തില്‍ ബി.ജെ.പിയാണ് പ്രധാന എതിരാളി. എന്നാല്‍ സംസ്ഥാനത്ത് ബി.ജെ.പി ദുര്‍ബലമാണ്. ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. കെ.എം മാണിയുടെ കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ നിലനിര്‍ത്തണമെന്ന അഭിപ്രായമാണ് മുസ്‌ലിം ലീഗിന് എപ്പോഴുമുണ്ടായിരുന്നത്. ബി.ഡി.ജെ.എസ് വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായം പറയും.
വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ അത്ഭുതമാണ് സൃഷ്ടിച്ചതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. വസ്തുതയുടെ കണിക പോലുമില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വന്നത്. മികച്ച സ്ഥാനാര്‍ത്ഥിയാണ് യു.ഡി.എഫിന്റേത്. യുവജനങ്ങള്‍ക്ക് അതാത് ഘട്ടങ്ങളില്‍ നല്ല പ്രാതിനിധ്യം മുസ്‌ലിം ലീഗ് നല്‍കിയിട്ടുണ്ട്. ഇനിയും ഉചിതമായ സമയത്ത് യുവാക്കളെ പരിഗണിക്കും. വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പിച്ചതാണെന്ന് പറയുന്നത് മണ്ടത്തരമാണ്. അവിടെ ഉപതെരഞ്ഞെടുപ്പ് വന്ന സാഹചര്യം വേങ്ങരക്കാര്‍ക്കറിയാം. വേങ്ങരയില്‍ മുസ്‌ലിം ലീഗിന് റിബല്‍ ഉണ്ടെന്നത് മാധ്യമങ്ങള്‍ പറയുന്നതാണ്. ഇങ്ങനെ ഒരാള്‍ ഉണ്ടെന്ന് അറിയുന്നത് തന്നെ പത്രങ്ങളില്‍ വന്നപ്പോഴാണ്. ഒരു പ്രസക്തിയും ഇല്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡണ്ട് സുരേഷ് വെള്ളിമംഗലം സ്വാഗതവും സെക്രട്ടറി കിരണ്‍ബാബു നന്ദിയും പറഞ്ഞു.

വേങ്ങരയിൽ 170009 വോട്ടർമാർ


വേങ്ങര : വേങ്ങര മണ്ഡലത്തില്‍ സെപ്തംബര്‍ 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 1,70,009 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 87,750 പുരുഷവോട്ടര്‍മാരും 82,259 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ഇതില്‍ മൂന്ന് സര്‍വ്വീസ് വോട്ടുകളും ഉള്‍പ്പെടും. ഇതിന് പുറമെ വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന 178 പ്രവാസി വോട്ടുകളും വേങ്ങരയിലുണ്ട്. ഇതില്‍ 169 പുരുഷന്മാരും ഒമ്പത് വനിതകളുമാണ്. 2017 ജനുവരിയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ കണക്കനുസരിച്ച്മണ്ഡലത്തില്‍ 1,68,475 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 86,934 പുരുഷന്മാരും 81,541 സ്ത്രീകളുമായിരുന്നു.
148 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടാവുക. ഇതില്‍ 28 കേന്ദ്രങ്ങളില്‍ രണ്ട് പോളിങ് സേ്റ്റഷനുകളും മൂന്ന് കേന്ദ്രങ്ങളില്‍ 12 പോളിങ് സേ്റ്റഷനുകളും നാല് കേന്ദ്രങ്ങളില്‍ രണ്ട് പോളിങ് സേ്റ്റഷനുകളും പ്രവര്‍ത്തിക്കും. ഇതില്‍ 99 ബുത്തുകള്‍ക്കും റാബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നു. മണ്ഡലത്തില്‍ 14 രാഷ്ട്രീയ പ്രശ്‌ന ബാധിത ബൂത്തുകളുള്ളതായി കണക്കാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനായി 236 വി.വി പാറ്റ് മെഷീനുകളും 400 വീതം കണ്‍ട്രോള്‍, പോളിങ് യൂണിറ്റുകളും സജ്ജീകരിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ജോലിക്കായി ആകെ 990 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനായി മൂന്ന് വീതം ഫ്‌ളയിങ്, സ്റ്റാറ്റിക്‌സ് സര്‍വ്വലന്‍സ്, വീഡിയോ സ്‌ക്വാഡുകളെ തയ്യാറാക്കിയിട്ടുണ്ട്. ഇവ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.അഞ്ച് മാത്യക പോളിങ് സേ്റ്റഷനുകളും അഞ്ച് വനിതാ പോളിങ് സേ്റ്റഷനുകളും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കും.

ഗോളടിച്ചു ഖാദർ സാഹിബും


വേങ്ങര: യുവാക്കളെ മനസ്സുണര്‍ത്തിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിന്റെ പര്യാടനം. ഊരകം പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലബ്ബുകളിലുമായിരുന്നു സ്ഥാനാര്‍ഥിയുടെ പ്രധാന പ്രചരണം. വഴിയില്‍ കവലകളിലെല്ലാം ഇറങ്ങി നാട്ടുകാരോടൊപ്പം കൂടി. ഊരകം പഞ്ചായത്തിലെ മുതിര്‍ന്ന വോട്ടര്‍മാരെ വീട്ടിലെത്തിയും പിന്തുണ തേടി. രാവിലെ പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ക്ക് ശേഷമാണ് പര്യടനത്തിനിറങ്ങിയത്. കാരാത്തോട് അങ്ങാടിയില്‍ വോട്ടഭ്യാര്‍ത്ഥിച്ചു. പിന്നീട് കോട്ടുമലയിലെ വീട്ടില്‍ കാരണവരെ കണ്ടു. പ്രാര്‍ത്ഥനയും പിന്തുണയും ഉറപ്പിച്ച് മടങ്ങി. പിന്നെ ഊരകം മര്‍ക്കസുല്‍ ഉലൂം ഹയര്‍സെക്കന്ററി സ്‌കൂളിലേക്കാണ് സ്ഥാനാര്‍ത്ഥി എത്തിയത്. ഇടവേള സമയമായതിനാല്‍ വിദ്യാര്‍ത്ഥികളെല്ലാം പുറത്തുതന്നെ ഉണ്ടായിരുന്നു. ആര്‍പ്പുവിളികളോടെയാണ് അവര്‍ സ്ഥാനാര്‍ത്ഥിയെ എതിരേറ്റത്. അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും കണ്ടു പിന്തുണ തേടി.
ജവഹര്‍ നവോദയ കേന്ദ്രീയ വിദ്യാലയത്തിലേക്കാണ് പിന്നീട് സ്ഥാനാര്‍ത്ഥി പോയത്. പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഉച്ചക്ക് ശേഷം ഊരകം, ജാറംപടി, പൂളാപ്പീസ്, കരിയാരം, പുള്ളിക്കല്ല്, വേങ്ങര എന്നിവിടങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥിയെത്തി. ഉച്ചയോടെ വേങ്ങര മലബാര്‍ കോളേജില്‍ എത്തിയ സ്ഥാനാര്‍ഥിയെ ആവേശത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ച്. യുഡിഎഫ് സര്‍ക്കാര്‍ വേങ്ങരക്ക് സമ്മാനിച്ച കോളേജ് കൂടിയാണിത്.
ഒതുക്കുങ്ങല്‍ പഞ്ചായത്ത് കണ്‍വെന്‍ഷനിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ഇന്ത്യയില്‍ വിരുന്നെത്തുന്ന അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോളിന് സ്വാഗതമോതികൊണ്ട് സംസ്ഥാനത്ത് നടത്തുന്ന വണ്‍മില്യാന്‍ ഗോള്‍ പരിപാടിയില്‍ ഗോളടിച്ചും സ്ഥാനാര്‍ത്ഥി കയ്യടി നേടി. വേങ്ങര ബസ്റ്റാന്റിലായിരുന്നു കെഎന്‍എ ഖാദറിന്റെ ഗോള്‍. ബസ്റ്റാന്റില്‍ തടിച്ചുകൂടിയവരെല്ലാം സ്ഥാനാര്‍ത്ഥിയുടെ കൈപിടിച്ച് വോട്ടുകളെല്ലാ കോണിക്ക് തന്നെയെന്ന് ഉറപ്പിച്ചു.

കുടുംപയോഗങ്ങളിൽ ശ്രദ്ധ കേന്ത്രീകരിച് ബി ജെ പി


വേങ്ങര: എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വേങ്ങര നിയോജകമണ്ഡലത്തില്‍ 300 കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ വേങ്ങരയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മറ്റി യോഗം തീരുമാനിച്ചു. മണ്ഡലത്തിലെ ഓരോ വോട്ടറെയും നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി. പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ കുടുംബയോഗങ്ങളില്‍ പങ്കെടുക്കുവാനാണ് കൂടുതല്‍ സമയം കണ്ടെത്തുന്നത്.
ഇതിനോടകം 50 കുടുംബയോഗങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ നടക്കുന്ന വിവിധ കുടുംബയോഗങ്ങളില്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള, പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വണ്‍ മില്യണ്‍ ഗോള്‍ പദ്ധതിയില്‍ പങ്കെടുക്കുവാനും, വോട്ടര്‍മാര്‍ക്കൊപ്പം ഗോലി കളിക്കാനും അദ്ദേഹം സമയം കണ്ടെത്തി.

മമ്പുറം ആണ്ടുനേർച്ച .അന്നദാനം ഇന്ന്


മമ്പുറം ആണ്ടുനേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന് രാവിലെ 8.30 മുതല്‍ മഖാമില്‍ നടക്കും. ഒരു ലക്ഷത്തിലേറെ നെയ്‌ച്ചോര്‍ പാക്കറ്റുകളാണ് ഇത്തവണ അന്നാദനത്തിനായി തയ്യാറാക്കുന്നത്.
പാചകത്തിനായി ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ വിശാലമായ ഊട്ടുപുര ഒരുക്കിയിട്ടുണ്ട്. അമ്പതിലേറെ തൊഴിലാളികളുടെ നേതൃത്വത്തിലാണ് പാചകപ്പുര . പ്രത്യേക കണ്ടെയ്‌നര്‍ പാക്കറ്റുകളാക്കി വാഹനങ്ങളില്‍ മമ്പുറത്തെത്തിച്ചാണ് നേര്‍ച്ചയുടെ പുണ്യ ചോറ് വിതരണം ചെയ്യും.
. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനാകും.
വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. വി.പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, എ. മരക്കാര്‍ മുസ് ലിയാര്‍, കാളാവ് സൈതലവി മുസ് ലിയാര്‍, ഹാജി കെ അബ്ദുല്‍ ഖാദിര്‍ മു സിലിയാര്‍, സൈതാലിക്കുട്ടി ഫൈസി കോറാട് തുടങ്ങിയവര്‍ സംബന്ധിക്കും.ഇന്ന്  ഉച്ചക്ക് രണ്ടിന് നടക്കുന്ന ഖത്മ് ദുആയോടെ ഒരാഴ്ചക്കാലമായി നടക്കുന്ന 179മത് ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
രാവിലെ 8.30 മുതല്‍ ഒരു ലക്ഷം പേര്‍ക്കുള്ള അന്നദാന വിതരണം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും.

26 September 2017

ജിഫ്രി തങ്ങളുടെ അനുഗ്രഹം വാങ്ങി കെ എൻ എ ഖാദർ


വേങ്ങര : സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങളുടെ അനുഗ്രഹം വാങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെഎന്‍എ ഖാദര്‍. കൂരിയാട് വച്ചാണ് സ്ഥാനാര്‍ഥി ജിഫ്‌രി തങ്ങളെ അപ്രതീക്ഷിതമായി കണ്ടത്. മരണ വീട് സന്ദര്‍ശിച്ചു മടങ്ങും വഴിയായിരുന്നു സംഗമം. വിജയത്തിനായി പ്രാര്‍ഥനയും പിന്തുണ വേണമെന്നും കെ.എന്‍.എ ഖാദര്‍ തങ്ങളോട് അഭ്യാര്‍ത്ഥിച്ചു. സൗഹൃദം പങ്കിട്ടു തെരഞ്ഞെടുപ്പ വിശേഷങ്ങളും പങ്കുവെച്ചു. കെ.എന്‍.എ ഖാദറിനായി വിജയത്തിനായി ജിഫ്‌രി തങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്തു.
രാവിലെ എട്ട് മണിക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്റെ പ്രചരണത്തിന് തുടക്കമിട്ടത്. വേങ്ങരയിലും കൂരിയാടും മരണ വീടു സന്ദര്‍ശിച്ചു. കണ്ണമംഗലം പഞ്ചായത്തിലായിരുന്നു ഇന്നലെ രാവിലെ സന്ദര്‍ശനം. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം അച്ചനമ്പലത്തെത്തി അങ്ങാടിയിലെ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യാര്‍ച്ചു. ചെങ്ങാനിയിലും തോട്ടശ്ശേരിയറയിലും വോട്ടഭ്യാര്‍ത്ഥിച്ച പ്രദേശത്തെ രോഗികളുടേയും കാരണവന്‍മാരുടേയും രാഷ്ട്രീയ പ്രമുഖരുടേയും വീടുകളിലെത്തി പിന്തുണ അഭ്യാര്‍ഥിച്ചു. ഊരകം സെന്റ് അല്‍ഫോണ്‍സ പബ്ലിക് സ്‌കൂളിലെ പരിപാടിയിലും സ്ഥാനാര്‍ഥി പങ്കെടുത്തു. സ്‌കൂളിലെത്തിയ സ്ഥാനാര്‍ഥി താമരശ്ശേരി ബിഷപ് മാര്‍ റമിജിയോസ് ഇഞ്ചനാനിയേലുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

വേങ്ങര ഉപതിരഞ്ഞെടുപ്പ്:രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു


വേങ്ങര ഉപതിരഞ്ഞെടുപ്പ്:രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിന് ഒരു ദിവസം കൂടി ബാക്കിയിരിക്കെ രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്ന അബ്ദുൽ മജീദ്, എം.വി. ഇബ്രാഹീം എന്നിവരാണ് പത്രിക പിൻവലിച്ചത്.
പി.പി. ബഷീർ (സി.പി.എം), കെ.എൻ.എ ഖാദർ (ഐ.യു.എം.എൽ), ജനചന്ദ്രൻ (ബി.ജെ.പി), നസീർ (എസ്.ഡി.പി.ഐ), ശ്രീനിവാസ് (സ്വത), കെ. ഹംസ (സ്വത) എന്നിവരാണ് സ്ഥാനാർത്ഥികളായി ബാക്കിയുള്ളത്. ഇന്ന് പത്രിക പിൻവലിക്കുന്ന സമയം പൂർത്തിയാൽ വൈകിട്ട് നാലിന് റിട്ടേണിംഗ് ഓഫിസർ സ്വതന്ത്രർക്ക് ചിഹ്നം അനുവദിക്കും.

അന്തിമപട്ടികയിൽ വേങ്ങരയിൽ
1.70 ലക്ഷം വോട്ടർമാർ
മലപ്പുറം: വേങ്ങര മണ്ഡലത്തിൽ സെപ്തംബർ 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 1,70,009 വോട്ടർമാരാണുള്ളത്. 148 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ഉണ്ടാവുക. ഇതിൽ 28 കേന്ദ്രങ്ങളിൽ രണ്ട് പോളിംഗ് സ്റ്റേഷനുകളും മൂന്ന് കേന്ദ്രങ്ങളിൽ 12 പോളിംഗ് സ്റ്റേഷനുകളും നാല് കേന്ദ്രങ്ങളിൽ രണ്ട് പോളിംഗ് സ്റ്റേഷനുകളും പ്രവർത്തിക്കും. ഇതിൽ 99 ബുത്തുകൾക്കും റാമ്പ്സൗകര്യം ഒരുക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. മണ്ഡലത്തിൽ 14 രാഷ്ട്രീയ പ്രശ്‌ന ബാധിത ബൂത്തുകളുള്ളതായി കണക്കാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പിനായി 236 വി.വി പാറ്റ് മെഷീനുകളും 400 വീതം കൺട്രോൾ, പോളിംഗ് യൂണിറ്റുകളും സജ്ജീകരിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പ് ജോലിക്കായി ആകെ 990 പോളിംഗ് ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവ് നൽകി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിരീക്ഷണത്ത

വോട്ട് വേങ്ങരക്കാർക് മാത്രമെങ്കിലും പ്രചാരണത്തിന് എല്ലാവരും


വേങ്ങര നിയയസഭാ മണ്ഡലത്തില്‍ മാത്രമേ വോട്ടെടുപ്പ് ഉള്ളൂവെങ്കിലും പ്രചാരണത്തിന് എല്ലാവരുമെത്തും. കെ.എന്‍.എ ഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കുന്നതിനായി  സംസ്ഥാനജില്ലാമണ്ഡലം ഭാരവാഹികള്‍ക്കു പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്.
മുന്നണി അടിസ്ഥാനത്തില്‍ പഞ്ചായത്ത്, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടി നടക്കും. ഇതിനു പുറമേയാണ് ലീഗിന്റെയും ഘടകകക്ഷികളുടെയും സംസ്ഥാന ഭാരവാഹികളായ കെ.പി മുഹമ്മദ്കുട്ടി, ഡോ. സി.പി ബാവ ഹാജി, അഡ്വ. പി.എം.എ സലാം, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, അഡ്വ. നാലകത്ത് സൂപ്പി, കുറുക്കോളി മൊയ്തീന്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഡ്വ. എം. റഹ്മത്തുല്ല, കെ. മുഹമ്മദുണ്ണിഹാജി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി തുടങ്ങിയവര്‍ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക.
സി.പി.എം സംസ്ഥാന നേതാക്കളായ എം.എന്‍ കൃഷ്ണദാസ്, എം. ചന്ദ്രന്‍ എന്നിവര്‍ ഇതിനകം ഇടതു സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തിക്കഴിഞ്ഞു. തെരഞ്ഞടുപ്പ് കഴിയുംവരെ ഇരുവരും മണ്ഡലത്തിലുണ്ടാകും.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കാണ് മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല. ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്കു പ്രത്യേക ചുമതല നല്‍കി ബൂത്തുതല പ്രവര്‍ത്തനത്തിനും ഇടതുപക്ഷം കര്‍മപദ്ധതി തയാറാക്കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് ഇടതുഭരണത്തിന്റെ വിലയിരുത്തലാവും: കെഎൻഎ ഖാദർ

 
: വേങ്ങര ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷ സർക്കാരിന്റെ വിലയിരുത്തലാവുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദർ. ഇടതുസർക്കാരിന്റെ ജനവിരുദ്ധ നയത്തിന് വേങ്ങരയിലെ ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ മദ്യനയം അട്ടിമറിച്ച് കേരളമെങ്ങും മദ്യമൊഴുക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിസരത്ത് വരെ മദ്യശാലകൾ അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിലെ ലക്ഷകണക്കിന് വീട്ടമ്മമാരുടെ കണ്ണീർ വീഴ്ത്തുന്ന തീരുമാനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിതരണ സമ്പ്രദായം താറുമാറായിരിക്കുകയാണ്. ചരിത്രത്തിൽ കേട്ടുകൾവി പോലുമില്ലാത്ത റേഷൻ സ്തംഭനമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. അരി നൽകാൻ സർക്കാരിന് കഴിയുന്നില്ല. അഞ്ച് വർഷം വിലകയറ്റം ഉണ്ടാകില്ലെന്ന് പറഞ്ഞ അധികാരത്തിലെത്തിയ സർക്കാരിന് അവശ്യ സാധനങ്ങളുടെ വില പോലും നിയന്ത്രിക്കാനാവുന്നില്ലെന്നും കെഎൻഎ ഖാദർ പറഞ്ഞു.
വിദ്യാഭ്യാസ രംഗവും കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളത്. മെഡിക്കൽ വിദ്യാർഥികളുടെ ഫീസ് കുത്തനെ ഉയർത്തുക വഴി സ്വകാര്യ ലോബികളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. പാവപ്പെട്ട വിദ്യാർഥികളുടെ മെഡിക്കൽ സ്വപ്നം അട്ടിമറിച്ച സർക്കാർ തിരഞ്ഞെടുപ്പിൽ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

25 September 2017

*ഫാസിസത്തെ ചെറുക്കാന്‍ ഇടതിനും വലതിനും തന്റേടമില്ല; അഡ്വ. കെ സി നസീർ


*ഫാസിസത്തെ ചെറുക്കാന്‍ ഇടതിനും വലതിനും തന്റേടമില്ല; അഡ്വ. കെ സി നസീർ*

വേങ്ങര: രണ്ടുതരം പൗരന്‍മാരെ സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാര ഫാസിസത്തെ പ്രതിരോധിക്കാന്‍ കേരളത്തിലെ ഇടത്‌വലത് മുന്നണികള്‍ക്ക് തന്റേടമില്ലെന്ന് വേങ്ങര മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍. സംഘപരിവാരത്തേക്കാള്‍ കേമമായി ന്യൂനപക്ഷ-മുസ്ലിംവിരുദ്ധ നിലപാടുകള്‍ നടപ്പാക്കാനാണ് ഇടത് മുന്നണി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മതംമാറ്റ ഇടിമുറികള്‍ സൃഷ്ടിച്ച് പൗരസ്വാതന്ത്ര്യം നിഷേധിക്കുകയും യുവതികളെ പീഡിപ്പിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ് കേന്ദ്രങ്ങളെ വെള്ള പൂശാനുള്ള ശ്രമം ഭരണഘടനാ വിരുദ്ധമാണ്.
ഫാസിസത്തെ ചെറുത്തു തോല്‍പിക്കുമെന്നു വീമ്പുപറയുന്ന യു.ഡി.എഫ് ആര്‍.എസ്.എസിനു മുമ്പില്‍ മുട്ടു വിറച്ചു നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് ആര്‍.എസ്.എസ് ക്രിമിനല്‍ കൊല്ലപ്പെട്ടപ്പോള്‍ കോഴിക്കോട് ഉപവാസം നടത്തിയ പ്രതിപക്ഷ നേതാവിന് കൊടിഞ്ഞിയിലെ ഫൈസല്‍ കൊല്ലപ്പെട്ടപ്പോള്‍ ഉപവസിക്കാന്‍ തോന്നാതിരുന്നത് ആര്‍.എസ്.എസിനോടുള്ള ഭയം മൂലമാണ്. ആര്‍.എസ്.എസ് നേതാക്കളെ വിരുന്നൂട്ടി സല്‍ക്കരിച്ചാല്‍ ഫാസിസത്തെ ഇല്ലായ്മ ചെയ്യാമെന്ന മൂഡവിശ്വാസമാണ് യു.ഡി.എഫിനെ നയിക്കുന്നത്.
സംഘപരിവാരത്തെ അമര്‍ച്ച ചെയ്യാന്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയല്ല പ്രതിരോധ രാഷ്ട്രീയമാണ് വേണ്ടതെന്ന സന്ദേശമാണ് എസ്.ഡി.പി.ഐ വേങ്ങരയിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേങ്ങര, ഊരകം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് അഡ്വ. കെ സി നസീര്‍ തിങ്കളാഴ്ച പര്യടനം നടത്തിയത്. ഉച്ചക്ക് നാമനിര്‍ദേശ പത്രികയുടെ സൂഷ്മപരിശോധനയിലും അദ്ദേഹം പങ്കെടുത്തു. ചൊവ്വാഴ്ച കണ്ണമംഗലം, എ.ആര്‍.നഗര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

നിങ്ങള്‍ മുട്ടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണോ?


നിങ്ങള്‍ മുട്ടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? എങ്കില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ ഒഴിവാക്കി കൂടുതല്‍ വെളളം കുടിക്കുക. ദിനേന 12 ഗ്ലാസെങ്കിലും വെള്ളം കുടിക്കണം. മുളപ്പിച്ച ചെറുപയര്‍,കടല,വന്‍ പയര്‍ എന്നിവയെല്ലാം ഒഴിവാക്കി പഴവര്‍ഗങ്ങള്‍,പച്ചക്കറികള്‍,ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് പഴങ്ങള്‍,പച്ചകറികള്‍,ഇലക്കറികള്‍ എന്നിവ. ഇവ കോശങ്ങളെ സംരക്ഷിക്കാനും നീര്‍വീക്കം തടയാനും പല ആന്റി ഓക്‌സിഡന്റുകള്‍ക്കും കഴിവുണ്ട്.


ഗ്ലൈക്കോസമിനൊ ഗ്ലൈക്കന്‍സ് കൂടുതലായുള്ള പച്ചക്കറിയാണ് വെണ്ടക്ക. അത് കൊണ്ട് വെണ്ടക്ക ധാരാളമായി കഴിക്കണം. ഈ കുടുംബത്തില്‍ തന്നെ പെട്ടതാണ് കുറുന്തോട്ടിയും ചെമ്പരത്തിപ്പൂവും. ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചുകൊണ്ടുണ്ടാക്കുന്ന രസവും മുട്ടിന് നല്ലതാണ്. കാല്‍സ്യം ധാരാളമായി കഴിക്കണം. പ്രത്യേകിച്ചും പ്രായമായവര്‍. പാല്‍,തൈര്,വെണ്ണ എള്ള്,മുതിര എന്നിവയെല്ലാം കാല്‍സ്യത്തിന്റെ നല്ല സ്രോതസുകളാണ്.

ചെമ്മീന്‍ മുതലായ തോടുള്ള കടല്‍ ജീവികളുടെ മാംസവും മുട്ടിന് നല്ലതാണ്.
സന്ധികളുടെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ വൈറ്റമിന്‍-സി സഹായിക്കും. നെല്ലിക്ക,മുസമ്പി,ഓറഞ്ച്,മുന്തിരി എന്നിവയൊക്കെ കഴിക്കുന്നത് മുട്ടുവേദനയില്ലാതാക്കാന്‍ സഹായിക്കും.

മുട്ടുവേദനയുള്ളവര്‍ ആഹാരത്തിന്റെ കാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. തടിയും തൂക്കവും കൂടാതെ നോക്കണം. സമീകൃതമായ ഒരു ആഹാര രീതി പിന്തുടരുകയും ചെയ്താല്‍ മുട്ടുവേദന പമ്പ കടക്കും.

മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി എ സി മൊയ്തീന്റെ വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചരണം.


വേങ്ങര: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി എ സി മൊയ്തീന്റെ വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചരണം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ ലീഗ് എംപിമാര്‍ വിട്ടുനിന്നത് പഴയ കോലീബി സഖ്യത്തിന്റെ ഓര്‍മയിലാണൊയെന്ന് അവര്‍ വ്യക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പറപ്പൂര്‍, ഒതുക്കുങ്ങല്‍ എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമാനം വൈകിയെന്ന കാരണം നിരത്തി വോട്ട് ചെയ്യാതിരുന്നതെന്ന് ആരെ ബോധിപ്പിക്കാനാണെന്ന് മന്ത്രി ചോദിച്ചു. മതനിരപേക്ഷ കക്ഷിയുടെ സ്ഥാനാര്‍ഥിക്ക് വോ്ട്ട് ചെയ്യുക എന്ന പ്രാഥമിക ചുമതല പോലും നിര്‍വഹിക്കാത്തവരെ എങ്ങനെ വിശ്വസിക്കുമെന്ന് അദ്ദേഹം ചോദിച്ചു. കച്ചവടലാഭത്തിനായി ആര്‍എസ്എസ് അടക്കം ആരുടെ തോളിലും കൈയ്യിടാമെന്ന് തെളിയിച്ച രാഷ്ട്രീയപ്രസ്ഥാനത്തില്‍ നിന്ന് മറ്റൊന്നും
പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് നാള്‍ക്കുനാള്‍ ജനപിന്തുണയേറുന്നു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന
എല്ലാ ഉപതെരഞ്ഞെടുപ്പ് ഫലവും അതാണ് തെളിയിക്കുന്നത്. എന്നാല്‍ യുഡിഎഫ് മുന്നണി അതീവ ദുര്‍ബലമാണ്. ഇതൊക്കെ വ്യക്തമായി അറിയുന്നത് കൊണ്ടാണ് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി വിസമ്മതിച്ചത്. ഇപ്പോള്‍ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും കെപിസിസി പ്രസിഡന്റാവാതെ ഒഴിഞ്ഞുമാറുന്നതും വെറുതേയല്ല. ഇല്ലാത്ത രോഗത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം സുധീരന്‍ ഉപേക്ഷിച്ചതിനും വേറെ കാരണം തേടേണ്ടതില്ല.
യുഡിഎഫിന്റെ ഘടകകക്ഷികള്‍ക്ക് കൂടി സ്വീകാര്യമായ മതനിരപേക്ഷ നിലപാടാണ് എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിജയവും സൗഹൃദവും പുതുക്കി വേങ്ങരയിൽ ഖാദറിന്റെ പ്രജരണം


വേങ്ങര ടൗണിലെ ആഫിയ മെഡിക്കല്‍ ഷോപ്പ് ഉടമ കുഞ്ഞാണിക്ക് ആ ശബ്ദം കേട്ട് നല്ല പരിചയമുണ്ടായിരുന്നു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ കുഞ്ഞാണി തിരിച്ചറിഞ്ഞു വന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഖാദറാണെന്ന്. അടുത്തെത്തി കൈപിടിച്ച് സംസാരിക്കുമ്പോള്‍ കുഞ്ഞാണിയുടെ മുഖത്ത് തെളിഞ്ഞ സന്തോഷത്തിന് പത്തരമാറ്റായിരുന്നു. കാഴ്ചയുണ്ടായിരുന്ന സമയത്ത് ഖാദര്‍ സാഹിബിനെ വീട്ടിലെത്തി കാണാന്‍ ചെന്നിരുന്നതും എല്ലാം ഓര്‍മകള്‍ പുതുക്കി. അന്ന് പക്ഷെ കുഞ്ഞാണിക്ക് കാഴ്ചയുണ്ടായിരുന്നു. പ്രാവസത്തിനിടക്ക് അസുഖംബാധിച്ച് എട്ടു വര്‍ഷം മുമ്പാണ് കാഴ്ച നഷ്ടപ്പെട്ടത്. വൈകല്യമുണ്ടെങ്കിലും നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചൊക്കെ കൃത്യമായ ബോധ്യമുണ്ട് കുഞ്ഞാണിക്ക്.

സ്ഥാനാര്‍ത്ഥിയായ വിവരമറിഞ്ഞതുമുതല്‍ വേങ്ങരയിലെത്തുമ്പോള്‍ നേരിട്ട് സംസാരിക്കാന്‍ കാത്തിരിക്കുകയായിരുന്നു കുഞ്ഞാണി. തന്റെ സൗഹൃദ വലയത്തിലുള്ള മുഴുവന്‍ പേരുടെയും പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുണ്ടാവുമെന്ന് ഉറപ്പ് നല്‍കി. പിന്തുണതേടി വേങ്ങര മണ്ഡലത്തിലെ മുക്കിലും മൂലയിലും സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറെത്തുമ്പോള്‍ അവിടെ സൗഹൃദത്തിന്റെയും സ്‌നേഹോഷ്മള സ്വീകരണത്തിന്റെയും നിമിഷങ്ങളായി അത് മാറുന്നു. വേങ്ങര മാര്‍ക്കറ്റിലും പരിസരങ്ങളിലും ഇന്നലെ കച്ചവടക്കാരെയും ഇവിടെ സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു.

വിലക്കയറ്റവും നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും കച്ചവട സ്ഥാപനങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്ന തരത്തിലേക്കെത്തിയെന്നും കച്ചവടക്കാര്‍ വേവലാതിപ്പെട്ടു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ വേങ്ങരയിലെ സാധാരണക്കാരുടെയും സര്‍ക്കാറുകളുടെ തലതിരിഞ്ഞ നയങ്ങള്‍കൊണ്ട് ജീവിതമാര്‍ഗം വഴിമുട്ടിയ ചെറുകിട കച്ചവടക്കാരുടെയും പിന്തുണ തങ്ങളുടെ ക്ഷേമത്തിന് എന്നും കൂടെ നിന്നിട്ടുള്ള യു.ഡി.എഫിനാണെന്ന് അവര്‍ വ്യക്തമാക്കി. വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടി നടപ്പാക്കിയ തുല്യതയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കായി താന്‍ അര്‍പ്പണ ബോധത്തോടെ വേങ്ങരക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന് സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി. ഇന്നലെ രാവിലെ 8 മണിയോടെയാണ് സ്ഥാനാര്‍ത്ഥി പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഇതിനിടയില്‍ പറപ്പൂര്‍ ഇരിങ്ങല്ലൂരിലെ മരണവീട്ടില്‍ സന്ദര്‍ശനം നടത്തി. ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്ത ശേഷം 10 മണിയോടടുത്ത് കുറ്റാളൂരിലെ ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായിരുന്നു ഉദ്ഘാടകന്‍. പിന്നീട് വേങ്ങര നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉച്ചയോടെ പറപ്പൂര്‍, വേങ്ങര, ഒതുക്കുങ്ങല്‍, ഊരകം, എ.ആര്‍ നഗര്‍ പഞ്ചായത്തുകളിലായി ഒമ്പത് കല്യാണ വീടുകളിലെത്തി സല്‍ക്കാരത്തിനെത്തിയവരെയും വധൂവരന്മാരെയും നേരില്‍ കണ്ട് പിന്തുണ തേടി. പിന്നീട് കണ്ണമംഗലത്തെ മരണവീട്ടിലും സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കുഴിപ്പുറം, മൂലപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലടക്കം ബൂത്ത് തല കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അന്തിമ ചിത്രം തെളിഞ്ഞു


വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അന്തിമ ചിത്രം തെളിഞ്ഞു. സൂക്ഷ്മ പരിശോധനയില്‍ പ്രധാന മുന്നണികളുടേതുള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു..ആറു പേരുടെ പത്രികകള്‍ തള്ളി.ഈ മാസം 27 വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം.
മലപ്പുറം കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ആയിരുന്നു നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന..അഞ്ച് ഡമ്മി സ്ഥാനാര്ത്ഥികളുടേതടക്കം ആറ് പേരുടെ പത്രികകളാണ് തള്ളിയത്.പ്രചാരണ രംഗത്ത് മികച്ചമുന്നേറ്റം നടത്താനായത് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എ ന്‍ എ ഖാദര്‍ പറഞ്ഞു.
ഇടത് സ്ഥാനാര്‍ത്ഥി പിപി ബഷീറും മികച്ച പ്രതീക്ഷയിലാണ്. മികച്ച പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നതെന്നയാരിന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രന്‍റെ പ്രതികരണം.സമ്മര്‍ദങ്ങളുണ്ടെങ്കിലും മത്സര രംഗത്ത് ഉറച്ച് നില്‍ക്കുമെന്ന് മുസ്ലീം ലീഗ് വിമതന്‍ കെ ഹംസ പറഞ്ഞു.

കെ.എന്‍.എ. ഖാദര്‍ എന്തുപറഞ്ഞാണ് പാണക്കാട് തങ്ങളെ ഭീഷിപ്പെടുത്തിയത് -എ.സി. മൊയ്തീന്‍ .....


കെ.എന്‍.എ. ഖാദര്‍ എന്തുപറഞ്ഞാണ് പാണക്കാട് തങ്ങളെ ഭീഷിപ്പെടുത്തിയത് -എ.സി. മൊയ്തീന്‍ .....
വേങ്ങര: എന്ത് പറഞ്ഞാണ് കെ.എന്‍.എ. ഖാദര്‍ സ്ഥാനാര്‍ഥിത്വം നേടാന്‍ പാണക്കാട് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് പറയാന്‍ ലീഗ് നേതൃത്വത്തിന് ബാധ്യതയുണ്ടെന്ന് മന്ത്രി എ.സി. മൊയ്തീന്‍. വേങ്ങര പറപ്പൂര്‍ പാലാണിയില്‍ വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള എല്‍.ഡി.എഫ്. കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തില്‍ 2008-ലെ വന്‍ സാമ്പത്തികപ്രതിസന്ധിയെ അതിജീവിച്ച രാജ്യം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. നോട്ട് നിരോധനവും ചരക്കുസേവനനികുതി നടപ്പാക്കുകയുംവഴി കൃഷിക്കാരും സാധാരണ ജനങ്ങളും അനുഭവിക്കുന്ന ദുരിതത്തിനെതിരേ എന്തു പ്രതികരണമാണ് ലീഗിനുള്ളതെന്നും അദ്ദേഹം ചോദിച്ചു. പഞ്ചിളി കബീര്‍ അധ്യക്ഷതവഹിച്ചു. എം. സ്വരാജ് എം.എല്‍.എ, കെ.പി. രാജേന്ദ്രന്‍, സി.പി.കെ. കുരിക്കള്‍, സി.പി. അബ്ദുല്‍വഹാബ്, ജോര്‍ജ് തോമസ്, സി.പി. രാധാകൃഷ്ണന്‍, എം. മുഹമ്മദ്, വി.ടി. സോഫിയ, വി.പി. സക്കറിയ എന്നിവര്‍ പ്രസംഗിച്ചു....

സമ്മതിദാന പ്രതിജ്ഞയും ക്വിസ് മത്സരവും....


സമ്മതിദാന പ്രതിജ്ഞയും ക്വിസ് മത്സരവും.....


 വേങ്ങര > മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് വിഭാഗം സ്കൂളുകള്‍ കേന്ദ്രീകരിച്ച് സമ്മതിദാന പ്രതിജ്ഞയും ക്വിസ് മത്സരവും നടത്തും.  25ന് രാവിലെ പത്തിന് പറപ്പൂര്‍ ഐവിഎച്ച്എസ്എസില്‍ സമ്മതിദാന പ്രതിജ്ഞ അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനംചെയ്യും. പകല്‍ 11ന് ഐവി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും 12ന് ജിഎച്ച്എസ്എസ് ഒതുക്കുങ്ങലിലും പരിപാടി നടത്തും. 26ന് പകല്‍ 11ന് കുന്നുംപുറം എഎം കോ-ഓപറേറ്റീവ് കോളേജിലും 12ന് ചേറൂര്‍ പിപിടിഎംവൈഎച്ച്എസ്എസിലും നടക്കും. 28ന് പകല്‍ 11ന് ഒതുക്കുങ്ങല്‍ കോ-ഓപറേറ്റീവ് കോളേജില്‍ സമ്മതിദാന പ്രതിജ്ഞ നടക്കും. മണ്ഡലത്തിലെ 25 വയസുവരെയുള്ളവരെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  ക്വിസ് മത്സരം  ഒക്ടോബര്‍ നാലിന് രാവിലെ പത്തിന് വേങ്ങര ജിവിഎച്ച്എസ്എസില്‍ നടത്തും. 3000, 2000, 1000 എന്ന ക്രമത്തില്‍ ക്യാഷ് പ്രൈസ് നല്‍കും.

24 September 2017

ചെറുത്തുനില്‍പ്പ് രാഷ്ട്രീയസന്ദേശം പകര്‍ന്ന് അഡ്വ. കെ സി നസീറിന്റെ പര്യടനം


ചെറുത്തുനില്‍പ്പ് രാഷ്ട്രീയസന്ദേശം പകര്‍ന്ന് അഡ്വ. കെ സി നസീറിന്റെ പര്യടനം -പടം
വേങ്ങര: സംഘപരിവാരം ഉയര്‍ത്തുന്ന വിധ്വംസക രാഷ്ട്രീയത്തിനെതിരെ ചെറുത്തുനില്‍പ്പ് രാഷ്ട്രീയ സന്ദേശവുമായി എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീറിന്റെ രണ്ടാം ഘട്ട പര്യടനം തുടങ്ങി. നേരത്തെ വിവിധ പഞ്ചായത്തുകളിലെ പ്രധാന വ്യക്തികളെയും മറ്റും നേരില്‍ കണ്ടുള്ള പര്യടനം നടത്തിയിരുന്നു.
പ്രധാന കവലകളിലും അങ്ങാടികളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് സഹകരണം ഉറപ്പു വരുത്തിയാണ് രണ്ടാംഘട്ട പര്യടനം. ഒതുക്കുങ്ങല്‍, പറപ്പൂര്‍ പഞ്ചായത്തുകളിലായിരുന്നു ഞായറാഴ്ചത്തെ പര്യടനം. തിങ്കളാഴ്ച വേങ്ങര, ഊരകം പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വനിതാകമ്മീഷന്‍ ഹാദിയയുടെ വീട് സന്ദര്‍ശിക്കണം; അഡ്വ. കെ സി നസീര്‍


ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വനിതാകമ്മീഷന്‍ ഹാദിയയുടെ വീട് സന്ദര്‍ശിക്കണം; അഡ്വ. കെ സി നസീര്‍
വേങ്ങര: ഹാദിയക്കു നീതി ലഭ്യമാക്കണമെന്ന കാര്യത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഹാദിയയുടെ വീട് സന്ദര്‍ശിക്കാന്‍ തന്റേടം കാണിക്കണമെന്ന് വേങ്ങര മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ സി നസീര്‍. ഹാദിയയുടെ വീട് സന്ദര്‍ശിക്കുന്നതിന് സുപ്രീംകോടതി അനുമതി തേടുമെന്ന വനിതാകമ്മീഷന്‍ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഹാദിയയുടെ കേസിന് മേല്‍നോട്ടം വഹിക്കുന്ന അഭിഭാഷകന്‍ കൂടിയായ നസീര്‍.
ഹാദിയയെ സന്ദര്‍ശിക്കുന്നതിന് ആര്‍ക്കും കോടതി വിലക്ക് ഇല്ലെന്നിരിക്കെ സുപ്രീംകോടതിയുടെ അനുമതി തേടി പോകുന്ന വനിതാകമ്മീഷന്‍ നടപടി സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങര സബ്ജില്ലാ ജൂനിയർ ഫുട്ബോൾ കിരീടം പറപ്പൂർ ഐ.യു.എച്ച്.എസ്.എസിന്


വേങ്ങര സബ്ജില്ലാ ജൂനിയർ ഫുട്ബോൾ കിരീടം പറപ്പൂർ ഐ.യു.എച്ച്.എസ്.എസിന്
പറപ്പൂർ: വേങ്ങര സബ്ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ പറപ്പൂർ ഐ.യു.എച്ച്.എസ്.എസ് വിജയികളായി. ഫൈനൽ മത്സരത്തിൽ കെ.എച്ച്.എം.എച്ച്.എസ്.എസ് വാളക്കുളത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പറപ്പൂർ ഐ.യു.എച്ച്.എസ്.എസ് വിജയികളായത്.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������