അൽ ഇർഷാദ് മാസിക പ്രകാശനം ചെയ്തു
തിരൂരങ്ങാടി: പെരുവള്ളൂർ കാളമ്പ്രാട്ടിൽ ചോലക്കൽ നുസ്റത്തുൽ ഇസ്ലാം മദ്റസ വിദ്യാർത്ഥി കൂട്ടായ്മയായ ഇർഷാദുത്ത്വലബ സാഹിത്യ സമാജത്തിനു കീഴിൽ
'അൽ ഇർഷാദ് മാസിക' പ്രകാശനം ചെയ്തു. ഇതുവരെ മദ്റസയിൽ 'അൽ ഇർഷാദ് 'എന്ന പേരിൽ കയ്യെഴുത്തു പതിപ്പുകളായിരുന്നു പുറത്തിറക്കിയിരുന്നത്. അതിൽ നിന്നും വ്യത്യസ്തമായി അറബി മാസ പ്രകാരം പുതുവർഷമായ 'മുഹർറം' മാസത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് 'അൽ ഇർഷാദ്' എന്ന പേരിൽ തന്നെ പുതുമകൾ നിറച്ച് വിദ്യാർത്ഥികളുടെ തൂലികക്ക് ജീവൻ പകർന്ന് മാസികയായി ഇറക്കാൻ തീരുമാനിച്ചത്. പ്രദേശത്തെ നാട്ടുകാരാണ് വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് മാസികക്കുള്ള പ്രിന്ററും മറ്റു ആധുനിക സംവിധാനങ്ങളും മദ്റസക്ക് സമ്മാനിച്ചത്.
ചടങ്ങിൽ ഇർഷാദുത്ത്വലബ സെക്രട്ടറി അജ്മൽ പ്രധാനാധ്യാപകൻ നിസാർ അസ്ഹരിക്ക് ആദ്യ കോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു. പൂർവ്വവിദ്യാർത്ഥി സംഘടനയായ നുസ്റത്തുൽ ഇസ്ലാം സംഘം സെക്രട്ടറി ശംസാദ് അധ്യാപകരായ നൗഷാദ് മുസ്ലിയാർ, സദഖത്തുള്ള ഫൈസി, ഫഹദ് മുസ്ലിയാർ അഫ്സൽ മുസ്ലിയാർ സംസാരിച്ചു.