വേങ്ങരയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു
വേങ്ങര സിനിമാഹാൾ ജങ്ഷനിലും പരിസരങ്ങളിലും (ചേറൂർ റോഡ് - മിനി ബസാർ, കോട്ടയ്ക്കൽ റോഡ്, ഹൈസ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിലടക്കം) തെരുവുനായ്ക്കൾ വർദ്ധിച്ച് വരുന്നത് ജനജീവിതത്തെ ബാധിയ്ക്കുന്നു. വേങ്ങര വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ അടക്കം ചെറുതും വലുതുമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും, ബി.എസ്.എൻ.എൽ ഓഫീസ്, പോലീസ് സ്റ്റേഷൻ, ഫെഡറൽ ബാങ്ക്, തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കും, നിരവധിയായ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്കും വരുന്ന ജീവനക്കാർക്കും നാട്ടുകാർക്കും ഇവ ഭീഷണിയാകുന്നു..ഈയടുത്ത കാലത്തായി രാപകൽ ഭേദമില്ലാതെ നായ്ക്കൾ റോഡിൽ അലഞ്ഞുനടക്കുന്നത് വാഹനഗതാഗതത്തെയും ബാധിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ബൈക്കുകളുടെ ചക്രങ്ങൾക്കിടയിൽ കുടുങ്ങി അപകടം സംഭവിയ്ക്കുന്നുണ്ട്.
ഇങ്ങനെ അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ബാധിയ്ക്കാനുള്ള സാധ്യതയും ഏറെയാണ്.
ഒരാഴ്ചയോളമായി തലയുടെ ഒരു വശം മുഴുവൻ മുറിവു പറ്റി ചീഞ്ഞളിഞ്ഞ് വേദന സഹിയ്ക്കാൻ കഴിയാതെ ദുർഗന്ധം വമിപ്പിച്ച് വഴിയാത്രക്കാരിൽ ഭീതി പടർത്തി റോഡിലൂടെ പരക്കം പായുന്ന ഒരു നായ സ്ഥിരം കാഴ്ചയാണ്.
ഇത്തരത്തിൽ ജനങ്ങളിൽ ഭീതി പരത്തുന്ന നായ്ക്കളിൽ നിന്നും ജനജീവിതം സ്വൈര്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിയ്ക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്രയും വേഗം ഇടപെടണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.