- വിദ്യാര്‍ഥികളെ കയറ്റുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കണം
മലപ്പുറം:സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന വാഹനങ്ങളിലെല്ലാം പ്രത്യേക സ്റ്റിക്കര്‍ പതിക്കണമെന്ന് മോട്ടോര്‍വാഹന വകുപ്പ്. സ്‌കൂള്‍ ബസ്സുകളല്ലാത്ത കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന ജീപ്പ്, ഓട്ടോറിക്ഷ തുടങ്ങിയ മറ്റു വാഹനങ്ങളിലാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതിനായി 'സ്‌കൂള്‍ വാഹനം' എന്ന ബോര്‍ഡ് നിര്‍ബന്ധമായും വേണം. കൂടാതെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസ്, ചൈല്‍ഡ്‌ലൈന്‍ തുടങ്ങിയവയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും വ്യക്തമായി കാണാവുന്ന രീതിയില്‍ പതിക്കണം. കുട്ടികളെ കയറ്റുന്ന വാഹനങ്ങളുടെ വേഗനിയന്ത്രണം പരിശോധിച്ച് അതത് ജില്ലകളിലെ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കണം. ഡ്രൈവറുടെ യോഗ്യതയും അന്വേഷിക്കണം. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. ഇത്തരം വാഹനങ്ങള്‍ കണ്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വിവരങ്ങള്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അടുത്ത അധ്യയനവര്‍ഷം മുതല്‍ ഈ രീതിയിലേക്ക് മാറും. വാഹനങ്ങളുടെ വേഗം സംബന്ധിച്ചോ ഡ്രൈവറുടെ പെരുമാറ്റത്തിലോ പ്രശ്‌നങ്ങളുണ്ടെങ്കില്‍ കുട്ടികള്‍ക്ക് തന്നെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാം. ഇതിനാണ് പോലീസ് , ചൈല്‍ഡ്‌ലൈന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ പതിക്കുന്നത്. കൂടാതെ വാഹനത്തിനു പുറത്ത് 'സ്‌കൂള്‍വാഹനം' എന്ന ബോര്‍ഡ് പതിക്കുന്നതോടെ കുട്ടികളെയുംകൊണ്ട് അശ്രദ്ധമായി വാഹനമോടിക്കുന്നത് വേഗത്തില്‍ കണ്ടെത്താനാകും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഡ്രൈവറുടെ ഉത്തരവാദിത്വം ഓര്‍മപ്പെടുത്തുക കൂടിയാണ് ലക്ഷ്യം.