വലിയോറ ബാക്കിക്കയം റെഗുലേറ്റര്‍ ഷട്ടറിന്റെ ഉയരകുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം
മലപ്പുറം: പ്രളയ സമയത്ത് വേങ്ങര, വലിയോറ, പാണ്ടികശാല പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിന് കാരണമായ ബാക്കിക്കയം റെഗുലേറ്റര്‍ ഷട്ടറിന്റെ ഉയരകുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. മലപ്പുറം കലക്ട്രേറ്റ് ആസൂത്രണ സമിതി ഓഡിറ്റോറിയത്തില്‍ വേങ്ങര മണ്ഡലം പ്രളയ കെടുതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വേങ്ങര കൂരിയാട് ജംഗ്ഷന്‍ പ്രളയകാലത്ത് ഒറ്റപ്പെടുന്നതിനാല്‍ ഈ പ്രദേശത്തെ റോഡ് ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. വേങ്ങര നിയോജക മണ്ഡലത്തിലെ കുഴിപ്പുറം പാലത്തിന് തകരാര്‍ സംഭവിക്കും വിധം സൈഡ് തകര്‍ന്നിട്ടുണ്ട്. ഇവിടെ പ്രൊട്ടക്ഷന്‍ വര്‍ക്ക് നടത്തണമെന്നും നിയോജക മണ്ഡല തകര്‍ന്ന് പോയ സൈറ്റുകള്‍ കെട്ടി വീടുകള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും, പ്രളയത്തില്‍ സഞ്ചാര യോഗ്യമല്ലാതായ പറപ്പൂര്‍ പഞ്ചായത്തിനെയും ഒതുക്കുങ്ങല്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കാഞ്ഞിരക്കടവ് തൂക്കുപാലം ഗതാഗത യോഗ്യമാക്കണമെന്നും, പുത്തൂര്‍ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിലുണ്ടായ വിള്ളല്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കി.
എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ 40 വീടുകള്‍ക്ക് നമ്പര്‍ കിട്ടാതെ കഷ്ടപ്പെടുന്നുണ്ട് ഇവര്‍ക്ക് എത്രയും പെട്ടെന്ന് നമ്പര്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണം. പുത്തൂര്‍പാടത്ത് സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ പ്രളയത്തില്‍ വെള്ളത്തില്‍ മുങ്ങുകയും യാതൊരു പ്രൊട്ടക്ഷന്‍ ഇല്ലാത്തത് കാരണം അപകടങ്ങള്‍ സംഭവിക്കാന്‍ കാരണം ഉള്ളതിനാല്‍ ആവശ്യമായ പ്രൊട്ടക്ഷന്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണം. പ്രളയ ബാധിതരായ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വരും ചെയ്യാത്തവരും ആയ എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുക, ഭാഗികമായും പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ആവശ്യമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നല്‍കാന്‍ നടപടി സ്വീകരിക്കുക, പ്രളയത്തില്‍ തകര്‍ന്ന മുഴുവന്‍ റോഡുകളും നന്നാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക, നിയോജകമണ്ഡലത്തില്‍ പ്രളയം മൂലം തകരാറിലായ ശുദ്ധജല വിതരണ പദ്ധതി കേടുപാടുകള്‍ നികത്തി ജലം എത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക, തകരാറിലായ വൈദ്യുതിയില്‍ പമ്പ് സെറ്റുകള്‍ എന്നിവ എത്രയും പെട്ടെന്ന് കേടുപാടുകള്‍ തീര്‍ക്കുക തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ അരുണ്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ വില്ലേജ് ഓഫീസര്‍മാര്‍ വിവിധ വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.