കോവിഡ് പരിശോധന: ജില്ലാ ആശുപത്രിയിൽ ട്രൂനാറ്റ് യന്ത്രം നാളെ മുതൽ പ്രവർത്തിക്കും
ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി ട്രൂനാറ്റ് യന്ത്രത്തിന്റെ പ്രവർത്തനം തിങ്കളാഴ്ച തുടങ്ങും. ഇതോടൊപ്പം മറ്റ് സർക്കാർ ആശുപത്രികളിൽനിന്നും ഇവിടേക്ക് അയക്കുന്നവരുടെ കോവിഡ് പരിശോധനയും നടത്താനാവുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ശ്രീവിഷ്ണു അറിയിച്ചു.
കോവിഡ് വ്യാപനം വർധിക്കുകയും പരിശോധനാഫലം വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യന്ത്രം പ്രവർത്തനം തുടങ്ങുന്നത്. യന്ത്രത്തിന്റെ സജ്ജീകരണങ്ങൾ പൂർത്തിയാക്കാനുണ്ടായതിനാലാണ് വൈകിയത്. കോവിഡ് പരിശോധനയ്ക്ക് പുറമേ ചിക്കുൻഗുനിയ, ഡെങ്കിപ്പനി, എച്ച്.ഐ.വി., എച്ച് വൺ എൻ വൺ, മലേറിയ, ടി.ബി. തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളും ഈ യന്ത്രത്തിൽ നടത്താനാവും. രണ്ട് മണിക്കൂറിനുള്ളിൽ ഫലം അറിയാനാകും. നേരത്തെ പെരിന്തൽമണ്ണയിലെത്തിച്ച യന്ത്രം നിലമ്പൂരിലേക്ക് കൊണ്ടുപോയത് വിവാദമായിരുന്നു. പിന്നീടാണ് പെരിന്തൽമണ്ണയിലേക്ക് പുതിയ യന്ത്രം എത്തിച്ചത്. ആശുപത്രിയോടുചേർന്ന രക്തബാങ്കിൽ നിശ്ചിത തുക ഈടാക്കി കോവിഡ് പരിശോധന നേരത്തെ നടത്തുന്നുണ്ട്. കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമായ മഞ്ചേരി മെഡിക്കൽകോളേജിൽ തിരക്കേറുന്നത് കണക്കിലെടുത്ത് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മാതൃ -ശിശു വിഭാഗം കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.