Labels

24 September 2020

കോവിഡ് ഇളവുകള്‍ ദുരുപയോഗിക്കരുത് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ഡി.എം.ഒ: ഡോ.കെ.സക്കീന

കോവിഡ് ഇളവുകള്‍ ദുരുപയോഗിക്കരുത് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ഡി.എം.ഒ: ഡോ.കെ.സക്കീന


മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന. ജില്ലയില്‍ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം 700 പിന്നിടുന്നത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 763 പേരില്‍ ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 750 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നത് ആശങ്കാജനകമാണ്. ഇതര രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗബാധിതരാകുന്ന സ്ഥിതി ജില്ലയില്‍ കുറഞ്ഞു വരികയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരാകുന്നവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി വര്‍ധിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. വൈറസ് ബാധയ്ക്കുള്ള സാഹചര്യം സജീവമായിരിക്കെ സ്വയമുള്ള പ്രതിരോധമാണ് ഓരോരുത്തരും ഉറപ്പാക്കേണ്ടത്. അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയില്‍ ഇടക്കിടെ വൃത്തിയാക്കണം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വം ഉറപ്പാക്കി മാത്രമെ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ.

മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വീട്ടിലുള്ള മറ്റുള്ളവരും തിരിച്ചറിഞ്ഞ് പരമാവധി ജാഗ്രത പുലര്‍ത്തണം. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ അവശ്യം വേണ്ടവര്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������