വേങ്ങരയിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഉടൻ
വേങ്ങര: ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി സർക്കാർ നിർദേശിച്ചപ്രകാരമുള്ള കോവിഡ് പ്രാഥമികപരിചരണകേന്ദ്രം ഉടൻ ആരംഭിക്കും. വേങ്ങര ബ്ലോക്ക്പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും തമ്മിലുള്ള ചർച്ചയ്ക്കുശേഷമാണ് തീരുമാനം.
സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെയും തൊട്ടടുത്തുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെയും വൈമനസ്യമാണ് ചികിത്സാകേന്ദ്രം തുടങ്ങുന്നതിന് തടസ്സമെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തു വന്നിരുന്നു. ഇതിനിടെ ചികിത്സാകേന്ദ്രം തുടങ്ങുന്നത് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽനിന്ന് വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി ഇറങ്ങിപ്പോവുകയുമുണ്ടായി.
വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതുതായി ഉദ്ഘാടനംചെയ്ത മൂന്നുനിലക്കെട്ടിടത്തിലാണ് ചികിത്സാകേന്ദ്രം ഒരുങ്ങുന്നത്. സാമൂഹികാരോഗ്യകേന്ദ്രത്തിനായി ഉദ്ഘാടനംചെയ്ത മൂന്നുനില കെട്ടിടത്തിലേക്ക് ഇതുവരെയും ആശുപത്രിസംവിധാനം മാറ്റിയിട്ടില്ല. ഒ.പിയും ഫാർമസിയും എല്ലാം പഴയകെട്ടിടത്തിൽത്തന്നെയാണ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലേക്ക് കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രം തുടങ്ങണമെങ്കിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തേണ്ടിവരും.
കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ സജ്ജീകരണത്തിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുകളിൽനിന്ന് കിട്ടുന്ന നിർദേശപ്രകാരം തുക ചെലവഴിക്കുമെന്നും വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കുഞ്ഞാലൻകുട്ടി അറിയിച്ചു.
ഗ്രാമപ്പഞ്ചായത്താണ് സജ്ജീകരണം ഒരുക്കേണ്ടതെന്നും വേങ്ങര ബ്ലോക്ക്പഞ്ചായത്ത് എല്ലാവിധ പിന്തുണയും നൽകുമെന്നും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽഹഖ് അറിയിച്ചു. കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം തുടങ്ങാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും പ്രവർത്തനം ഏറെ ശ്രമകരമാണെന്നും വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. അജിത് ഖാൻ അറിയിച്ചു.