മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടികയറ്റം
മലപ്പുറം: മലബാറിലെ ആത്മീയാചാര്യനും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ ഊര്‍ജ്ജവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181-ാം ആണ്ടുനേര്‍ച്ചക്ക് ഞായറാഴ്ച്ച കൊടിയേറ്റം.ജാതി-മത ഭേദമന്യേ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നേര്‍ച്ചയുടെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമയുള്ള 21-ാമത് നേര്‍ച്ച കൂടിയാണിത്.ഞായറാഴ്ച്ച അസ്വര്‍ നമസ്‌കാരാനന്തരം മഖാമില്‍ കൂട്ട സിയാറത്ത് നടക്കും. കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടികയറ്റുന്നതോടെ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന 181-ാം ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും.
മഗ്‌രിബ് നമസ്‌കാരാനന്തരം മജ്്‌ലിസുന്നൂര്‍ ആത്മീയ സംഗമം നടക്കും. സമസ്ത കേന്ദ്ര മുശാവറാംഗം എ. മരക്കാര്‍ മുസ്്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അബ്ദുസ്സലാം ബാഖവി കിഴിശ്ശേരി പ്രഭാഷണം നടത്തും.
2,3,4 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയ്യതികളില്‍ രാത്രി മൗലിദ് പാരായണവും ഉദ്‌ബോധന ക്ലാസുകളും നടക്കും. 5-ന് രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് മജ്്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. 6-ന് രാത്രി മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണപ്രഭാഷണം നടത്തും. 7-ന് ശനി രാത്രി പ്രാര്‍ത്ഥന സമ്മേളനവും മമ്പുറം സയ്യിദ് മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനവും നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പ്രാര്‍ത്ഥനാ സദസ്സിന് വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ സനദ് ദാനം നിര്‍വഹിക്കും.
നേര്‍ച്ചയുടെ സമാപന ദിനമായ എട്ടിന് ഞായറാഴ്ച്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, പ്രമുഖ സാദാത്തീങ്ങളും ആലിമീങ്ങളും സംബന്ധിക്കും.
ഉച്ചക്ക് ളുഹ്ര് നമസ്‌കാരാനന്തരം നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച്ചത്തെ മമ്പുറം ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാവും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. അന്നദാനത്തിനായി ഒരു ലക്ഷത്തിലധികം പാക്കറ്റുകള്‍ തയ്യാറാക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.