Labels

17 October 2020

തൊടാതെ, തലോടാതെ എന്ത് പരിചരണം...; കൈകൂപ്പിത്തൊഴണം ഈ പാലിയേറ്റീവ് പ്രവർത്തകരെ

തൊടാതെ, തലോടാതെ എന്ത് പരിചരണം...; കൈകൂപ്പിത്തൊഴണം ഈ പാലിയേറ്റീവ് പ്രവർത്തകരെ



എല്ലാ മേഖലയിലും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുമ്പോഴും ഇതൊന്നും കാര്യമായി ബാധിക്കാത്ത ഒരു മേഖലയുണ്ട്. ഒരു പക്ഷേ ഒരേയൊരു മേഖല, അതാണ് പാലിയേറ്റീവ് കെയർ.

അവരോട് അടുത്തുപോകരുത്, തൊടരുത്, പിടിക്കരുത് എന്നൊന്നും പറയാനാവില്ല.


അവർ സാമൂഹിക അകലം പാലിച്ചാൽ വലയുന്നത് കിടന്നുപോയ ആയിരങ്ങളാണ്. കോവിഡ് കാലത്ത് ഡോക്ടർമാർപോലും ടെലിമെഡിസിൻ മേഖലയിലേക്ക് തിരിഞ്ഞപ്പോൾ അന്നും ഇന്നും ഒരേരീതിയിൽ പ്രവർത്തിക്കുന്നവരാണ് ഈ കാരുണ്യപ്രവർത്തകർ.


ജില്ലയിൽ നിരന്തരപരിചരണം ആവശ്യമുള്ള പതിനാലായിരത്തിലേറെ കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. പലരേയും ശാസ്ത്രീയമായി പരിചരിക്കാൻ വീട്ടുകാർക്ക് കഴിയില്ല. ആ സാഹചര്യത്തിലാണ് മലപ്പുറം ഇനീഷ്യേറ്റീവ് പാലിയേറ്റീവ് വൊളന്റിയർമാർ ആശ്വാസമാകുന്നത്.

രാജ്യത്തുതന്നെ വേറെയെവിടെയും കാണാത്ത ഒരു പാലിയേറ്റീവ് ശൃംഖലയാണ് മലപ്പുറത്തുള്ളത്. രണ്ട് ജില്ലാ സമിതികളിലായി 90 പാലിയേറ്റീവ് ക്ലിനിക്കുകളുണ്ടിവിടെ. ഓരോ ക്ലിനിക്കിലും സജീവമായി പ്രവർത്തിക്കുന്ന അമ്പത് വൊളന്റിയർമാരെങ്കിലും ഉണ്ട്. ഈസ്റ്റ് സമിതിയുടെ കേന്ദ്രം മഞ്ചേരിയും വെസ്റ്റിന്റേത് തിരൂരുമാണ്. രണ്ടിനെയും നിയന്ത്രിക്കുന്ന ഒരു കേന്ദ്രസമിതിയുമുണ്ട്. സ്വന്തമായി ഡോക്ടർമാരും പരിശീലനം സിദ്ധിച്ച നഴ്‌സുമാരുമുണ്ട്.


കോവിഡ് ഭീഷണി തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഇവർ ഒരു ദിവസംപോലും വീട്ടിലിരുന്നിട്ടില്ല. ഒരു രോഗിക്കുപോലും ഇവരുടെ പരിചരണം നഷ്ടപ്പെട്ടിട്ടില്ല. ഏത് കൺടെയ്ൻമെന്റ് മേഖലയായാലും അവർ എത്തും.


കുളിപ്പിക്കൽ, മുറിവ് കഴുകൽ, മൂത്രംപോകാനുള്ള ട്യൂബിടൽ, മലം ടാപ്പ് ചെയ്ത് എടുക്കൽ, നീരുകുത്തിയെടുക്കൽ തുടങ്ങി പലരും ചെയ്യാൻമടിക്കുന്ന പ്രവൃത്തികളാണ് ഈ വൊളന്റിയർമാർ ചെയ്യുന്നത്. വെറും പരിചരണം മാത്രമല്ല, മറിച്ച് അവരുടെ പ്രശ്‌നങ്ങൾ തുറന്നുപറയാൻ പറ്റിയ കൂട്ടുകാരായും ചിലപ്പോൾ വീട്ടുകാരായും ഈ വൊളന്റിയർമാർ കൂടെയുണ്ടാവും. കുടുംബങ്ങളിലെ മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാൻ ഇവർ മുൻകൈയെടുക്കും. പുതിയ സാഹചര്യത്തിൽ എല്ലാ സുരക്ഷാ തയ്യാറെടുപ്പുകളും സ്വീകരിച്ചാണ് പരിചരണം.



മാസ്ക്, സാനിറ്റൈസർ, അത്യാവശ്യഘട്ടങ്ങളിൽ പി.പി വസ്ത്രങ്ങൾ എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലത്തെ ഓരോ ചെറിയ സേവനങ്ങളും ആഘോഷിക്കപ്പെടുമ്പോൾ നിശ്ശബ്ദമായി ആരുമറിയാതെ ഇവർ സേവനംതുടരുകയാണ്.

1 comment:

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������