ആവേശം വിതറി കുറുക സ്കൂൾ തെരഞ്ഞെടുപ്പ്
വേങ്ങര: ജനാധിപത്യത്തിലേക്ക് ഒരു ചുവട് എന്ന ആശയമുയർത്തി വലിയോറ ചെനക്കൽ കുറുക ഗവ.ഹൈസ്കൂളിൽ നടന്ന സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ആവേശമായി.പൊതു തെരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടമായ മൽസരം വിവിധ തെരഞ്ഞെടുപ്പ് ഘട്ടങ്ങൾ പൂർത്തീകരിച്ച് ഫലപ്രഖ്യാപനത്തോടെയാണ് സമാപിച്ചത്. കൈറ്റിന്റെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് എട്ട് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. 31 ക്ലാസ്സ് ലീഡർമാരെയും 31 ഡെപ്യുട്ടി ലീഡർമാരെയും കുട്ടികൾ തെരഞ്ഞെടുത്തു.ഇവരിൽ നിന്ന് പൊതു സീറ്റിലേക്ക് നാല് പേർ തെരഞ്ഞെടുക്കപ്പെട്ടു.സ്കൂൾ ലീഡറായി കെ.മുഹമ്മദ് അഫ് ലഹും ഉപ ലീഡറായി കെ.റാഹിബ തസ്നിയെയും സ്പീക്കറായി കെ ജസീമിനെയും ഉപ സ്പീക്കറായി പി.ഫാത്തിമ സൻഹയും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ എച്ച്.എം പി.ആർ ശ്രീകുമാർ, നിരീക്ഷകൻ പി.ടി.എ പ്രസിഡന്റ് കെ.അലവിക്കുട്ടി, റിട്ടേണിംഗ് ഓഫീസർ ബെറ്റി ജോൺ, പ്രിസൈഡിംഗ് ഓഫീസർമാരായ കെ.റജീഷ്, ജി.രഞ്ജിത്ത്, ടി. ഷിഫാനത്ത്, പി.ആയിഷാബി എന്നിവർ നേതൃത്വം നൽകി. ഫലപ്രഖ്യാപനത്തിന് ശേഷം വാദ്യഘോഷത്തോടെ വിജയാഘോഷവും നടന്നു

















































