Labels

22 September 2019

ദുരന്തം ഒളിപ്പിച്ച് ചിങ്കക്കല്ല് പുഴ; വിറങ്ങലിച്ച് വേങ്ങര

ദുരന്തം ഒളിപ്പിച്ച് ചിങ്കക്കല്ല് പുഴ; വിറങ്ങലിച്ച് വേങ്ങര

വേങ്ങര:ഏഴുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ ഒഴുക്കിൽപ്പെട്ട് മരിക്കാനിടയായ സംഭവത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് വേങ്ങര. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് വേങ്ങര പറമ്പിൽപ്പടി മങ്ങാടൻ വീട്ടിൽനിന്ന് നിലമ്പൂരിലെ ബന്ധുവീട്ടിലേക്ക് വിരുന്നുപോയ പത്തംഗസംഘത്തിലെ അഞ്ചുപേർ ചോക്കാടൻ പുഴയുടെ ചിങ്കക്കല്ല് ഭാഗത്ത് അപ്രതീക്ഷിതമായുണ്ടായ ഒഴുക്കിൽപ്പെട്ടത്.

നിലമ്പൂരിലെ ബന്ധുവീട്ടിൽനിന്നു മടങ്ങി കാളികാവ് ഭാഗത്തെ മറ്റൊരു ബന്ധുവീട്ടിലെത്തിയ ഇവർ പുഴ കാണാൻ എത്തിയപ്പോഴാണ് ഒഴുക്കുണ്ടായത്. മങ്ങാടൻ അബൂബക്കറിന്റെ മകൻ യൂസഫ് (25), പിതൃസഹോദരപുത്രൻ അവറാൻകുട്ടിയുടെ ഭാര്യ ജുവൈരിയ, ജുവൈരിയയുടെ ഏഴുമാസം മാത്രം പ്രായമായ മകൾ അബീഹ എന്നിവരാണ് മരണത്തിനു കീഴടങ്ങിയത്. അരമണിക്കൂറോളം നീണ്ട മലവെള്ളപ്പാച്ചിലിൽ വലിയ ഉരുളൻകല്ലുകളും മണ്ണും വന്നടിയുകയും വെള്ളം പൊങ്ങുകയും ചെയ്തിനാൽ ഇവർക്ക് നീന്തി രക്ഷപ്പെടാനായില്ല. പുറത്തുനിന്നവരുടെ ബഹളംകേട്ട് സമീപത്തെ ചിങ്കക്കല്ല് ആദിവാസിക്കോളനിയിൽ നിന്നുള്ളവരും നാട്ടുകാരും ഓടിക്കൂടി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഫലമായാണ് യൂസഫിന്റെ ഭാര്യ ഷഹീദ (19), ജുവൈരിയയുടെ മകൻ അഖ്മൽ (7) എന്നിവരെ രക്ഷപ്പെടുത്താനായത്. രക്ഷപ്പെട്ട യൂസഫിന്റെ ഭാര്യ ഷഹീദ, ജുവൈരിയയുടെ മകൻ അഖ്മൽ എന്നിവർക്കുപുറമെ യൂസഫിന്റെ ഉമ്മ സുഹ്‌റാബി, സഹോദരങ്ങളായ മുഹമ്മദ് ഹസ്സൻ, ഫായിസ തസ്‌നിയ, ഫാത്തിമ നസ്‌റിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അപകടത്തിൽ രക്ഷപ്പെട്ട് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷഹീദ, അഖ്മൽ എന്നിവരെ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ബന്ധുക്കൾ വീട്ടിലെത്തിച്ചു. വൈകുന്നേരം മൂന്നേമുക്കാലോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു.
വിവാഹംകഴിഞ്ഞ് ഒരുമാസംപോലും തികയുംമുമ്പേ വിടപറഞ്ഞ യൂസഫിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാനാവാതെ കണ്ടുനിന്ന നാട്ടുകാരും തേങ്ങി. യൂസഫിന്റെ മൃതദേഹം ഒരു ആംബുലൻസിലും ജുവൈരിയയുടെയും മകളുടെയും മൃതദേഹം മറ്റൊരു ആംബുലൻസിലുമാണ് എത്തിച്ചത്. നാലു മണിയോടെത്തന്നെ ഖബറടക്കത്തിനായി മൃതദേഹങ്ങൾ എടുത്തു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കച്ചേരിപ്പടി തുമ്മരത്തി ഖബർസ്ഥാനിൽ ഖബറടക്കി. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി തങ്ങൾ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വംനൽകി.
അഡ്വ. കെ.എൻ.എ. ഖാദർ, സി.പി.എം. കോട്ടയ്ക്കൽ ഏരിയാസെക്രട്ടറി തയ്യിൽ അലവി, സയ്യിദ് ജാഫർ തുറാബ് തങ്ങൾ, സി.ടി. ഉബൈദ് സഖാഫി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽകലാം തുടങ്ങിയവർ അപകടത്തിൽപ്പെട്ടവരുടെ വീട് സന്ദർശിച്ചു.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������