Labels

20 October 2020

മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഏറെ പ്രയാസം തിരൂരങ്ങാടിയിൽ കൂടുതൽ ഫ്രീസറുകൾ വേണമെന്ന് ആവശ്യം

 മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഏറെ പ്രയാസം തിരൂരങ്ങാടിയിൽ കൂടുതൽ ഫ്രീസറുകൾ വേണമെന്ന് ആവശ്യം



മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഏറെ പ്രയാസം തിരൂരങ്ങാടിയിൽ കൂടുതൽ ഫ്രീസറുകൾ വേണമെന്ന് ആവശ്യം


തിരൂരങ്ങാടി: താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആകെയുള്ളത് രണ്ടു ഫ്രീസറുകൾ. കൂടുതൽ മൃതദേഹങ്ങൾ ഒരുദിവസം മോർച്ചറിയിൽ എത്തിയാൽ സൂക്ഷിക്കാൻ ഏറെ പ്രയാസപ്പെടുന്ന സ്ഥിതിയാണുള്ളത്.


കോവിഡ് സാഹചര്യത്തിൽ പല മൃതദേഹങ്ങളും കോവിഡ് പരിശോധനയ്ക്കായും മോർച്ചറിയിൽ സൂക്ഷിക്കുന്നുണ്ട്. ദേശീയപാതയടക്കമുള്ള തിരൂരങ്ങാടിക്ക് സമീപത്തെ റോഡപകട മരണങ്ങളിലെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിൽ മണിക്കൂറുകളോളം സൂക്ഷിക്കേണ്ടി വരാറുണ്ട്. കൂടുതൽ മൃതദേഹങ്ങൾ എത്തുന്ന ദിവസങ്ങളിൽ 2,500-രൂപ നൽകി ഫ്രീസർ വാടകയ്ക്കെടുത്താണ് മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്.


പി.കെ. അബ്ദുറബ്ബ്. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 50-ലക്ഷം ചെലവഴിച്ച് അടുത്തിടെ മോർച്ചറി നവീകരിച്ചിരുന്നെങ്കിലും ഫ്രീസറുകൾ ആവശ്യത്തിനില്ലാത്തത് പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. കൂടുതൽ ഫ്രീസറുകൾ സ്ഥാപിക്കുന്നതിന് നടപടികളെടുക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംയൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് നിവേദനവും നൽകി.

കോവിഡ് പോസിറ്റീവാകുന്നവര്‍ മറ്റ് ലാബുകളില്‍ പോയി വീണ്ടും പരിശോധന നടത്തരുത് ഡി.എം.ഒയുടെ മുന്നറിയിപ്പ്

 കോവിഡ് പോസിറ്റീവാകുന്നവര്‍ മറ്റ് ലാബുകളില്‍ പോയി വീണ്ടും പരിശോധന നടത്തരുത് ഡി.എം.ഒയുടെ മുന്നറിയിപ്പ്



മലപ്പുറം: ഒരു ലാബില്‍ നിന്നും കോവിഡ് ടെസ്റ്റ് ചെയ്തതിന് ശേഷം പോസിറ്റീവാകുന്ന രോഗികള്‍ മറ്റു ലാബുകളില്‍ പോയി വീണ്ടും പരിശോധന നടത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ഇത് ഗുരുതരമായ കോവിഡ് പ്രോട്ടോകോള്‍ ലംഘനവും സര്‍ക്കാരിന് നഷ്ടം വരുത്തുകയും പരിശോധനാ വിവരങ്ങളില്‍ പിഴവുകള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. കോവിഡ് പരിശോധനയില്‍ ഒരാളുടെ സ്രവം പരിശോധിച്ചാല്‍ രോഗാണുവിന്റെ പ്രത്യേകത കൊണ്ട് എല്ലാ തവണയും പോസിറ്റീവാകണമെന്നില്ല. കോവിഡ് രോഗാണുവിന്റെ സാന്നിധ്യം ഇടവിട്ട സമയങ്ങളിലാണ് രോഗിയുടെ സ്രവങ്ങളില്‍ കാണപ്പെടുക. അതിനാല്‍ സ്രവത്തില്‍ രോഗാണുവിന്റെ സാന്നിധ്യമുള്ള സമയത്ത് മാത്രമേ പരിശോധനാ ഫലം പോസിറ്റീവ് ആവുകയുള്ളൂ. ആദ്യ പരിശോധനയില്‍ പോസിറ്റീവാവുകയാണെങ്കില്‍ ആ ഫലംതന്നെ എടുക്കുകയും മറ്റ് ലാബുകളില്‍പോയി പരിശോധനാഫലം സ്ഥിരീകരിക്കുന്നത് തെറ്റായ പ്രവണതയുമാണ്. ആദ്യം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ തന്നെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് പത്ത് ദിവസം വീട്ടില്‍ സുരക്ഷിതമായി ഇരിക്കുകയും പത്ത് ദിവസത്തിന് ശേഷം മാത്രം പുന:പരിശോധന നടത്തണം.

ഒരു ലാബില്‍ നിന്നുള്ള പരിശോധനയില്‍ കോവിഡ് ടെസ്റ്റ് ഫലം പോസിറ്റീവായ വ്യക്തി പൊതു വാഹനത്തില്‍ വന്ന് മറ്റു ലാബുകളില്‍ വീണ്ടും കോവിഡ് പരിശോധന നടത്തുന്നതുമൂലം ഈ വാഹനം ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്കും ലാബിലുള്ളവര്‍ക്കും മറ്റു പരിശോധനക്ക് വരുന്നവര്‍ക്കും എല്ലാം കോവിഡ് ബാധിക്കാനിടയാകും. ഇത് പൊതുജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനവുമാണ്. ലാബുകളില്‍ അനാവശ്യ തിരക്ക് ഉണ്ടാക്കുന്നതിനും യഥാര്‍ഥ രോഗികള്‍ക്ക് പരിശോധനാ സൗകര്യം കുറയുന്നതിനും കാരണമാകുന്നു. വീണ്ടും കോവിഡ് പരിശോധന നടത്തുന്നതുമൂലം ഇവരുടെ പരിശോധനക്ക് ചെലവഴിക്കുന്ന തുക സര്‍ക്കാരിന് നഷ്ടം വരുത്തി വയ്ക്കുന്നുണ്ട്. ഇങ്ങനെ അനാവശ്യമായി പലതവണ പരിശോധന നടത്തുന്നവരുടെ വിവരങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സ്വകാര്യ ആശുപത്രിയിലും ലാബിലും ചെയ്യുന്ന എല്ലാ കോവിഡ് പരിശോധനകളും സര്‍ക്കാര്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ഇങ്ങനെ രേഖപ്പെടുത്തുമ്പോള്‍ ഒരു വ്യക്തി പലതവണ പരിശോധന നടത്തുന്നതുമൂലം സര്‍ക്കാര്‍ പോര്‍ട്ടലില്‍ ഈ വ്യക്തിയുടെ വിവരങ്ങള്‍ പലതവണയായി കാണപ്പെടും. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും കോവിഡ് കണക്കുകള്‍ ക്രോഡീകരിക്കുന്നതിലും ഇതുമൂലം അപാകതകള്‍ സംഭവിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സവാള കരയിക്കുന്നു; വില നൂറിലേക്ക്

 സവാള കരയിക്കുന്നു; വില നൂറിലേക്ക്



സംസ്ഥാനത്ത് സവാള വില കുത്തനെ ഉയരുന്നു. ചൊവ്വാഴ്ച വിൽപ്പന വില 96 രൂപ വരെയെത്തി. ഒരാഴ്ചയ്ക്കിടെ ഒരു കിലോഗ്രാമിന് 52 രൂപയാണ് കൂടിയത്. 40-44 രൂപയായിരുന്നു ഒരാഴ്ച മുൻപത്തെ വില. കൊച്ചുള്ളിയുടെ വിൽപ്പന വിലയും 90-100 രൂപയായി ഉയർന്നിട്ടുണ്ട്.

അധികമഴയും വെള്ളപ്പൊക്കവുമാണ് വിലകൂടാൻ കാരണം. കൃഷിനാശംമൂലം ഉത്‌പാദനം കുത്തനെ കുറഞ്ഞു. തുടർച്ചയായുണ്ടായ മഴകാരണം സംഭരിച്ചുെവച്ചിരുന്ന സവാള നശിച്ചുപോവുകയും ചെയ്തു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വിളവെടുത്ത് സംഭരിച്ച, സവാളയുടെ 40 ശതമാനംവരെ നശിച്ചുപോയതായാണ് കണക്ക്.


പുണെ സവാള(വെള്ള)യുടെ ഉത്‌പാദനം കുറയുമ്പോൾ മുൻകാലങ്ങളിലും വില ഉയരാറുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് കർണാടകയിലെ റെഡ് സവാള വിളവെടുപ്പ് നടക്കുന്നതിനാൽ വില നിയന്ത്രിക്കാനാകുമായിരുന്നു. ഇക്കൊല്ലം കർണാടകയിൽ ഏതാണ്ട് പൂർണമായും കൃഷി നശിച്ചു. മഹാരാഷ്ട്രയിലും കൃഷിനാശമുണ്ടായി ഉത്‌പാദനം വളരെ കുറവാണ്.


നാസിക്, പുണെ, അഹമ്മദ് നഗർ മാർക്കറ്റുകളിൽനിന്നാണ് കേരളത്തിലേക്ക് വൻതോതിൽ സവാള എത്തുന്നത്. ചൊവ്വാഴ്ച അവിടങ്ങളിലെ മൊത്തവില 90 രൂപയായി ഉയർന്നു. ഇതിനുപുറമേ ഏഴ് ശതമാനം കമ്മിഷനും ഒരു ശതമാനം മാർക്കറ്റ് സെസ്സും കൊടുക്കേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു. ഇതുമൂലം അടുത്തദിവസങ്ങളിൽ കേരളത്തിലെ വിൽപ്പനവില നൂറുകടക്കും. വിലകൂടുന്ന പ്രവണതയുള്ളതിനാൽ മഹാരാഷ്ട്രയിലെ ഇടനിലക്കാർ പൂഴ്ത്തിവെപ്പ് തുടങ്ങിയതായും വിവരമുണ്ട്.

കോയമ്പത്തൂർ, മേട്ടുപ്പാളയം, ചുരണ്ട, പാവൂർ സത്രം മാർക്കറ്റുകളിലും 95-100 രൂപയാണിപ്പോൾ. നാഫെഡിന്റെ (നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ) മൊത്തവിലയിലും കിലോഗ്രാമിന് 20 രൂപ വർധനയുണ്ട്.

ഓണക്കാലത്ത് 25-28 രൂപയായിരുന്ന സവാളവില, പിന്നീട് പെട്ടെന്നുകൂടി 40-50 രൂപ വരെയായി. ഈ സമയത്ത് സവാള കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു.


വില പിടിച്ചുനിർത്താൻ ശ്രമിക്കും 

നാഫെഡിൽനിന്ന് രണ്ട് ലോഡ് സവാള ബുധനാഴ്ചയെത്തും. ഇത് കിലോഗ്രാമിന് 50 രൂപയിൽ താഴെ വിലയ്ക്ക് വിൽക്കാൻ കഴിയും. വില ഉയരുന്ന സാഹചര്യത്തിൽ സംഭരിച്ച വിലയ്ക്കുതന്നെ സവാള ലഭ്യമാക്കണമെന്നുകാട്ടി നാഫെഡിന് കത്തുനൽകും. അങ്ങനെ വന്നാൽ ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റുകളിൽ വിലകുറച്ച് വിൽക്കാൻ കഴിയും. ഇത് പൊതുവിപണിയിലെ വില പിടിച്ചുനിർത്താനാകും.

കേക്കുണ്ടാക്കിക്കോളൂ,രജിസ്‌ട്രേഷൻ എടുക്കാൻ മറക്കേണ്ട

 കേക്കുണ്ടാക്കിക്കോളൂ,രജിസ്‌ട്രേഷൻ എടുക്കാൻ മറക്കേണ്ട



വേങ്ങര: ലോക്ഡൗൺ കാലത്ത് രുചിയൂറും കേക്കുകളും പലഹാരങ്ങളുമായി വീട്ടമ്മമാർ അടുക്കളകളിൽ സജീവമായിരുന്നു. യുട്യൂബിന്റെ സഹായത്തോടെ കേക്ക് നിർമാണം പഠിച്ചെടുത്ത പലരും ആവശ്യക്കാർക്കനുസരിച്ച് കേക്കുണ്ടാക്കി നൽകാൻ തുടങ്ങി.


വാർഷികവിറ്റുവരവ് 12 ലക്ഷത്തിൽ താഴെയാണെങ്കിൽ രജിസ്‌ട്രേഷൻ എടുത്താൽ മതിയെന്നാണ് ഭക്ഷ്യസുരക്ഷാവിഭാഗം പറയുന്നത്. 100 രൂപ മാത്രമാണ് ഇതിന്റെ ചെലവ്. അക്ഷയ കേന്ദ്രങ്ങൾ വഴി അതത് സ്ഥലത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചാൽ മതിയാവും.

ലോക്ഡൗണിൽ വരുമാനം നിലച്ച പല കുടുംബങ്ങൾക്കും അതൊരു ഉപജീവനമാർഗം കൂടിയായിരുന്നു. എന്നാൽ ഇത്തരത്തിൽ കേക്ക്, അച്ചാർ, ബിരിയാണി തുടങ്ങിയവ വീടുകളിൽ ഉണ്ടാക്കി വിൽപ്പന നടത്തുന്നതിന് രജിസ്‌ട്രേഷനോ ലൈസൻസോ എടുക്കണമെന്ന് പലർക്കും അറിയില്ല.

രജിസ്‌ട്രേഷനില്ലാതെ ഇത്തരത്തിൽ വിൽപ്പന നടത്തുന്നത് ശിക്ഷാർഹമാണ്. വഴിയോരങ്ങളിൽ വീട്ടിലുണ്ടാക്കിയ പൊതിച്ചോറുകളും ബിരിയാണികളും വിൽപ്പന നടത്തുന്നവർക്കും ഈ രജിസ്‌ട്രേഷൻ മതിയാവും.

ഉപജീവനമാർഗമായി വീട്ടമ്മമാർ ചെയ്യുന്ന ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ശ്രമിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്‌ കമ്മീഷണർ ജി. ജയശ്രീ പറഞ്ഞു.

വീട്ടമ്മമാരുണ്ടാക്കുന്ന ഗുണനിലവാരമുള്ള ഭക്ഷണം മായംചേർക്കാതെ രുചിയോടെ കിട്ടുമെന്നതിനാൽ ഇതിനുള്ള ആവശ്യക്കാരും കൂടുതലാണ്. താരതമ്യേന വില കുറവാണെന്നതും ആകർഷണീയമാണ്

ടൂറിസം പാർക്ക് ഉദ്ഘാടനം നാളെ : ഹരിതാഭമായി കോട്ടക്കുന്ന്

 ടൂറിസം പാർക്ക് ഉദ്ഘാടനം നാളെ : ഹരിതാഭമായി കോട്ടക്കുന്ന്



മലപ്പുറം: നീണ്ട ഇടവേളയ്ക്കുശേഷം കൂടുതൽ അണിഞ്ഞൊരുങ്ങി കോട്ടക്കുന്ന് തയ്യാറെടുക്കുകയാണ്. കാഴ്ചക്കാർക്ക് പുതിയ അനുഭവങ്ങളും കാഴ്ചകളും തയ്യാറാക്കിയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. പാർക്കിന്റെ നവീകരണം പൂർത്തിയായതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും. ലോക്‌ഡൗൺ കാരണം മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു കോട്ടക്കുന്ന്.

വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. രണ്ടുകോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടത്തിയിരിക്കുന്നത്. മിറാക്കിൾ ഗാർഡനാണ് ഏറെ ആകർഷണീയം. വ്യത്യസ്തങ്ങളായ പൂച്ചെടികൾ, ഡ്രിപ്പ് ഇറിഗേഷൻ, സൈക്കിൾ ട്രാക്ക്, പാർട്ടി ഡക്ക്, ലാൻഡ്സ്‌കേപ്പിങ് തുടങ്ങിയ പ്രവൃത്തികളാണ് പൂർത്തീകരിച്ചത്.സംസ്ഥാന നിർമിതി കേന്ദ്രയ്ക്കായിരുന്നു നവീകരണ പ്രവർത്തനങ്ങളുടെ ചുമതല.

19 October 2020

മൈത്രിഗ്രാമത്തിൽ മൈത്രിഗാർമെന്റ്സ് എന്നപേരിൽ ആദ്യത്തെവനിതാസംരംഭത്തിന് തുടക്കമായി

 മൈത്രിഗ്രാമത്തിൽ മൈത്രിഗാർമെന്റ്സ് എന്നപേരിൽ ആദ്യത്തെവനിതാസംരംഭത്തിന് തുടക്കമായി



വേങ്ങര: ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ ആദ്യത്തെ വനിതാ സംരംഭമായ മൈത്രി ഗാർമെന്റ്സ് മൈത്രി ഗ്രാമത്തിലെ നിരവധിവനിതകളുടെ സാന്നിധ്യത്തിൽ മുതിർന്ന വനിതാ അംഗമായ പക്കിയൻ നഫീസഹജ്ജുമ്മ ഉദ്ഘാടനം ചെയ്തു.ഗാർമെന്റ്സിൽ നിന്നും വാങ്ങുന്ന മാക്സി,ചുരിദാർ,ടോപ്പ്,ലഗിൻസ്,കുഞ്ഞുടുപ്പുകൾ തുടങ്ങിയ എല്ലാഡ്രസ്സുകളും ഹോൾസെയിൽ വിലയിൽ ചില്ലറയായും വിൽക്കപ്പെടുന്നു.ഉദ്ഘാടന ചടങ്ങിൽ മൈത്രി വനിതാവിംഗ്പ്രവർത്തകരായ സി കെ റഷീദ,സിഎം ഫിറോസ,ശോഭ,ജസ്ന വടകര,ആഫിദ ചാലിയം,സിഎം സുലൈഖ,കെ റസീന,മാളുസലീം,സീനത്ത്,സിഎം സജ്ല,മൈത്രിമെമ്പർമാരായ കെ.ഹുസൈൻ,സിഎം ഇഖ്ബാൽ,എം ടി.ശരീഫ്,കെ വി അബ്ദുൽ അസീസ്,മൈത്രിവിദ്യാർത്ഥികളായസിഎം നവാസ്,കെവി.ജസീൽ,കെ സുഹൈബ് തുടങ്ങിയവർ പങ്കെടത്തു.മൈത്രിയുടെ രണ്ടാം പദ്ധതിയായ മൈത്രിഫുഡ് പ്രോഡക്റ്റ് എന്നപേരിൽ നിത്യോപയോക സാധനങ്ങൾ,ഫുഡ്ഐറ്റംസ്,മൈത്രി ഹോംമേഡ്അച്ചാറുകൾ എന്നിവയുടെ വിപണനം ഉടൻആരംഭിക്കും ഇതിനുള് ളഫുഡ്സേഫ്റ്റി ലൈസൻസ് ലഭിച്ചതായും മൈത്രിഗ്രാമം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു; പ്രവേശനം 23 വരെ

 പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു; പ്രവേശനം 23 വരെ 



പ്ലസ്​ വൺ സപ്ലിമെൻററി അലോട്ട്​്​മെൻറ്​ പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ ശേഷിച്ച 44,281 സീറ്റുകളിൽ 39,870 എണ്ണത്തിലേക്കാണ്​ അലോട്ട്​മെൻറ്​​. സപ്ലിമെൻററി അലോട്ട്​മെൻറിന്​ അപേക്ഷ പുതുക്കുകയോ പുതിയ അപേക്ഷ സമർപ്പിക്കുകയോ ചെയ്​തത്​ 1,07,915 പേരായിരുന്നു.

അലോട്ട്​മെൻറ്​ പൂർത്തിയായപ്പോൾ ശേഷിക്കുന്ന 68,045 പേർക്കായി ബാക്കിയുള്ളത്​ 4620 സീറ്റുകളാണ്​. ബാക്കി സീറ്റുകൾ കൂടി പരിഗണിച്ചാൽ 63,425 പേർക്ക്​ സീറ്റില്ല. സപ്ലിമെൻററി അലോട്ട്​മെൻറിൽ കൂടുതൽ അപേക്ഷ മലപ്പുറം ജില്ലയിലായിരുന്നു; 26,582. 5722 സീറ്റിൽ സപ്ലിമെൻററി അലോട്ട്​മെൻറിന്​ ശേഷം ബാക്കിയുള്ളത്​ രണ്ട്​ സീറ്റ്​ മാത്രമാണ്​. മലപ്പുറത്ത്​ സീറ്റില്ലാത്തത്​ 20,822 പേർക്കാണ്​.

തിങ്കൾ രാവിലെ 10​ മുതൽ വിദ്യാർഥി പ്രവേശനം നടക്കും. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ 23വരെ പ്രവേശനം നേടാം. അലോട്ട്‌മെൻറ്​ വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login - SWS ലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്‌മെൻറ്​ ലെറ്ററിലെ നിർദിഷ്​ട തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.


അലോട്ട്‌മെൻറ്​ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ജില്ല/ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെൻറിനായി ഒഴിവ് ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിൽ മെറിറ്റ് ​േക്വാട്ടയിലോ സ്‌പോർട്‌സ് ​േക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാൻസ്ഫറിന് അപേക്ഷിക്കാം.

ജില്ലക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കിൽ അപേക്ഷിക്കാം. ട്രാൻസ്ഫർ അലോട്ട്‌മെൻറിനെ സംബന്ധിച്ച വിശദനിർദേശങ്ങൾ 27ന് പ്രസിദ്ധീകരിക്കും

18 October 2020

നിയമസഭാ തിരഞ്ഞെടുപ്പ്: ലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകൾ

 നിയമസഭാ തിരഞ്ഞെടുപ്പ്: ലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകൾ



മലപ്പുറം:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകൾ. കഴിഞ്ഞതവണ 24 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. അതിൽ 19 എണ്ണത്തിലും ജയിക്കാനായി. ഇത്തവണ ആറ് സീറ്റുകളെങ്കിലും കൂടുതൽ കിട്ടണമെന്നാണ് ലീഗിന്റെ ആവശ്യം.



ലോക് താന്ത്രിക് ജനതാദളിന് (എൽ.ജെ.ഡി.) ശേഷം കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗംകൂടി യു.ഡി.എഫ്. വിട്ടതോടെയാണ് കൂടുതൽ സീറ്റെന്ന അവകാശവാദത്തിന് ബലം കൂടിയത്. ഈയിനത്തിൽ 14 സീറ്റുകളെങ്കിലും ഒഴിവുവരും. അതിൽ മിക്കതും കോൺഗ്രസും ലീഗും പങ്കിട്ടെടുക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്.


2016-ൽ കേരളാ കോൺഗ്രസ് (എം.) 15 സീറ്റുകളിലും എൽ.ജെ.ഡി. ഏഴിടത്തുമാണ് മത്സരിച്ചത്. ഈ 22 സീറ്റുകളിൽ എട്ടെണ്ണംവരെ ഇക്കുറി പി.ജെ. ജോസഫ് വിഭാഗത്തിന് കൊടുക്കേണ്ടിവരും. ബാക്കിവരുന്ന 14 സീറ്റുകളിലാണ് കോൺഗ്രസിനൊപ്പം ലീഗും നോട്ടമിട്ടിരിക്കുന്നത്. ആർ.എസ്.പി., കേരള കോൺഗ്രസ് ജേക്കബ് വിഭാഗം, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ ഘടകകക്ഷികളും താത്പര്യമറിയിച്ചതായാണ് വിവരം.


യു.ഡി.എഫിന് പൊതുവിൽ പ്രതികൂല രാഷ്ട്രീയ സാഹചര്യമുള്ളപ്പോഴടക്കം പാർട്ടി മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ജയം തുടരാനാകുന്നതാണ് ലീഗിന് ആത്മവിശ്വാസം പകരുന്നത്. അധികമായി കിട്ടുന്ന സീറ്റുകളിലും ജയിച്ചുകയറാനാകുമെന്ന് അവർ അവകാശപ്പെടുന്നു. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന കാര്യത്തിൽ കോൺഗ്രസടക്കമുള്ള കക്ഷികൾക്കും എതിരഭിപ്രായമില്ല.മലബാറിൽ ഒതുങ്ങരുതെന്ന വികാരം മലബാറിൽ ഒഴിവുവരുന്ന സീറ്റുകൾക്കാണ് ലീഗ് മുൻഗണന നൽകുന്നത്. എന്നാൽ, മലബാറിൽ ഒതുങ്ങിക്കൂടാതെ തെക്കൻകേരളത്തിലും മധ്യകേരളത്തിലും കൂടുതൽ സാന്നിധ്യം വേണമെന്ന വികാരം പാർട്ടിയിലുണ്ട്. ആ നിലയ്ക്ക് തിരുവനന്തപുരത്തെ കഴക്കൂട്ടം, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും ലീഗിന് താത്പര്യമുണ്ട്. കഴക്കൂട്ടം, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ പാർട്ടി നേരത്തേ മത്സരിച്ചതുമാണ്.


യൂത്ത്ലീഗ് സമ്മർദ്ദവും

കൂടുതൽ സീറ്റുകൾ വാങ്ങണമെന്ന യൂത്ത് ലീഗിന്റെ സമ്മർദ്ദവും ലീഗിലുണ്ട്. 28 മുതൽ 30 വരെ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ്. വിടുന്നതിന് മുമ്പുതന്നെ യൂത്ത് ലീഗ് ബോധ്യപ്പെടുത്തിയതാണ്. യുവാക്കൾക്ക് 25 ശതമാനം സീറ്റുകൾ ആവശ്യപ്പെടുന്ന ഫോർമുല അവർ അവതരിപ്പിച്ചിട്ടുണ്ട്

കോവിഡ് മഹാമാരിക്കിടയിലും രക്തദാനം രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് വ്യത്യസ്തരാവുകയാണ് മലപ്പുറം ജില്ലാ ബി.ഡി.കെ

കോവിഡ് മഹാമാരിക്കിടയിലും രക്തദാനം രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് വ്യത്യസ്തരാവുകയാണ് മലപ്പുറം ജില്ലാ ബി.ഡി.കെ



മലപ്പുറം: ഏറനാട് താലൂക്ക് കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിൽ, രക്തദാനമേഖലയിൽ സ്ത്രീ സാന്നിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി വനിതാക്യാമ്പും 101 ദിനം നീണ്ടു നിൽക്കുന്ന ജീവൻ രക്ഷാ ചാലഞ്ച് ഉദ്ഘാടനത്തിന്റെയും ഭാഗമായി  നടത്തിയ inhouse campൽ 40 പേർ രക്തദാനം ചെയ്‌തു.

ഏറനാട് താലൂക്ക് കോഓർഡിനേറ്റർമാരായ സൗദമുട്ടിപ്പാലം,പ്രസീത മഞ്ചേരി,ജ്യോതി അറവങ്കര,ഫൈസൽ അറവങ്കര,ഷിജിൻ അറവങ്കര,ഫാത്തിമാ നിഷാത് പുളിക്കൽ, അനീറ്റ കാരക്കുന്ന്,ദിബേഷ് അറവങ്കര എന്നിവർ നേതൃത്വം നൽകി.

കോവിഡ് ബാധിച്ചയാളെ പത്താം ദിവസം ഡിസ്ചാർജ് ചെയ്യാം; സർക്കാരിന് വിദഗ്ധ സമിതിയുടെ ശുപാർശ

 കോവിഡ് ബാധിച്ചയാളെ പത്താം ദിവസം ഡിസ്ചാർജ് ചെയ്യാം; സർക്കാരിന് വിദഗ്ധ സമിതിയുടെ ശുപാർശ



കേരളത്തിലെ കോവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. രോഗമുക്തരായോ എന്നറിയാൽ വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് ശുപാര്‍ശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളില്‍ തങ്ങാനുള്ള നിര്‍ദേശവും ഇനി വേണ്ടെന്നാണ് വിദഗ്ധസമിതി നിലപാട്.


സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഈ സാഹചര്യത്തിലാണ് രോഗ മുക്തരെ കണ്ടെത്താനുള്ള പരിശോധന ഒഴിവാക്കണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാം. ലക്ഷണങ്ങളുളളവരുടെ കാര്യത്തില്‍ ലക്ഷണങ്ങള്‍ മാറുന്ന മുറയ്ക്ക് ഡിസ്ചാര്‍ജ്. ഗുരുതരാവസ്ഥയില്‍ ഉള്ള രോഗിയാണെങ്കിലും ലക്ഷണങ്ങള്‍ മാറിയാൽ പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം. പത്ത് ദിവസം കഴിഞ്ഞാൽ രോഗം പടര്‍ത്താനുളള സാധ്യത തീരെ ഇല്ല. അതുകൊണ്ട് നെഗറ്റീവായി എന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്.


ദിനംപ്രതി അയ്യായിരത്തിനുമുകളില്‍ പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആയോ എന്നറിയാനുള്ള പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന കൂടി പുതിയ രോഗികളെ കണ്ടെത്താൻ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഓഗസ്റ്റില്‍ വിദഗ്ധ സമിതി ഈ നിര്‍ദേശം നല്‍കിയെങ്കിലും ഡിസ്ചാര്‍ജിനായുള്ള പിസിആര്‍ പരിശോധന ഒഴിവാക്കി ആന്‍റിജൻ പരിശോധനയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

17 October 2020

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കൂടെനിൽക്കും - ടി.എൻ. പ്രതാപൻ

 സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കൂടെനിൽക്കും - ടി.എൻ. പ്രതാപൻ



മലപ്പുറം: യു.പി. പോലീസ് കരിനിയമങ്ങൾ ചുമത്തി അന്യായമായി തുറങ്കിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഏതുഘട്ടം വരെയും കൂടെയുണ്ടാകുമെന്ന് ടി.എൻ. പ്രതാപൻ എം.പി. സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് നടത്തിയ ഓപ്പൺഫോറം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


കേരളസർക്കാരിന്റെ സജീവ ഇടപെടൽ അടിയന്തരമായി വിഷയത്തിലുണ്ടാകണം. പത്രസ്വാതന്ത്ര്യവും പൗരാവകാശങ്ങളും തല്ലിക്കെടുത്തി രാജ്യത്തെ ഇരുണ്ടയുഗത്തിലേക്കാണ് ബി.ജെ.പി. നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കെ.പി.സി.സി. സെക്രട്ടറി കെ.പി. നൗഷാദ് അലി അധ്യക്ഷതവഹിച്ചു.


മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി, വി.ആർ. അനൂപ്, അഡ്വ. കെ.സി. അഷ്‌റഫ്, അനീസ് കക്കാട്ട്, നൗഫൽ ബാബു, എം.കെ. മുഹസിൻ, മുജീബ് ആനക്കയം, പി.പി.എ. ബാവ തുടങ്ങിയവർ പ്രസംഗിച്ചു. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തും മക്കളായ മുസമ്മിൽ, മുഹമ്മദ് സിദാൻ, സഹോദരൻ കാപ്പൻ ഹംസ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്

 യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ 



അബുദാബി : ഷാര്‍ജ അന്തരാഷ്‍ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുകളുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും.

അബുദാബിയില്‍ താമസിക്കുന്നവര്‍ ഷാര്‍ജ വിമാനത്താവളത്തിലേക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം.

പുതിയ നിര്‍ദേശം ഉടനടി പ്രാബല്യത്തില്‍ വന്നതായും എയര്‍ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ഫേസ്‍ബുക്ക് പേജിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു.

അല്‍ഐനിലും അബുദാബിയിലും ഇഷ്യൂ ചെയ‍്ത താമസ വിസയുള്ളവര്‍ ഷാര്‍ജയിലേക്കാണ് വരുന്നതെങ്കില്‍ ഐ.സി.എ അനുമതി വാങ്ങിയിരിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം അബുദാബി, അല്‍ ഐന്‍ വിസയുള്ളവര്‍ ഷാര്‍ജയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്ബ് https://uaeentry.ica.gov.ae/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ സ്ഥിതി പരിശോധിക്കണമെന്നാണ് ഷാര്‍ജയുടെ ഔദ്യോഗിക വിമാനക്കമ്ബനിയായ എയര്‍ അറേബ്യ അറിയിച്ചിരിക്കുന്നത്.

തൊടാതെ, തലോടാതെ എന്ത് പരിചരണം...; കൈകൂപ്പിത്തൊഴണം ഈ പാലിയേറ്റീവ് പ്രവർത്തകരെ

തൊടാതെ, തലോടാതെ എന്ത് പരിചരണം...; കൈകൂപ്പിത്തൊഴണം ഈ പാലിയേറ്റീവ് പ്രവർത്തകരെ



എല്ലാ മേഖലയിലും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുമ്പോഴും ഇതൊന്നും കാര്യമായി ബാധിക്കാത്ത ഒരു മേഖലയുണ്ട്. ഒരു പക്ഷേ ഒരേയൊരു മേഖല, അതാണ് പാലിയേറ്റീവ് കെയർ.

അവരോട് അടുത്തുപോകരുത്, തൊടരുത്, പിടിക്കരുത് എന്നൊന്നും പറയാനാവില്ല.


അവർ സാമൂഹിക അകലം പാലിച്ചാൽ വലയുന്നത് കിടന്നുപോയ ആയിരങ്ങളാണ്. കോവിഡ് കാലത്ത് ഡോക്ടർമാർപോലും ടെലിമെഡിസിൻ മേഖലയിലേക്ക് തിരിഞ്ഞപ്പോൾ അന്നും ഇന്നും ഒരേരീതിയിൽ പ്രവർത്തിക്കുന്നവരാണ് ഈ കാരുണ്യപ്രവർത്തകർ.


ജില്ലയിൽ നിരന്തരപരിചരണം ആവശ്യമുള്ള പതിനാലായിരത്തിലേറെ കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. പലരേയും ശാസ്ത്രീയമായി പരിചരിക്കാൻ വീട്ടുകാർക്ക് കഴിയില്ല. ആ സാഹചര്യത്തിലാണ് മലപ്പുറം ഇനീഷ്യേറ്റീവ് പാലിയേറ്റീവ് വൊളന്റിയർമാർ ആശ്വാസമാകുന്നത്.

രാജ്യത്തുതന്നെ വേറെയെവിടെയും കാണാത്ത ഒരു പാലിയേറ്റീവ് ശൃംഖലയാണ് മലപ്പുറത്തുള്ളത്. രണ്ട് ജില്ലാ സമിതികളിലായി 90 പാലിയേറ്റീവ് ക്ലിനിക്കുകളുണ്ടിവിടെ. ഓരോ ക്ലിനിക്കിലും സജീവമായി പ്രവർത്തിക്കുന്ന അമ്പത് വൊളന്റിയർമാരെങ്കിലും ഉണ്ട്. ഈസ്റ്റ് സമിതിയുടെ കേന്ദ്രം മഞ്ചേരിയും വെസ്റ്റിന്റേത് തിരൂരുമാണ്. രണ്ടിനെയും നിയന്ത്രിക്കുന്ന ഒരു കേന്ദ്രസമിതിയുമുണ്ട്. സ്വന്തമായി ഡോക്ടർമാരും പരിശീലനം സിദ്ധിച്ച നഴ്‌സുമാരുമുണ്ട്.


കോവിഡ് ഭീഷണി തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഇവർ ഒരു ദിവസംപോലും വീട്ടിലിരുന്നിട്ടില്ല. ഒരു രോഗിക്കുപോലും ഇവരുടെ പരിചരണം നഷ്ടപ്പെട്ടിട്ടില്ല. ഏത് കൺടെയ്ൻമെന്റ് മേഖലയായാലും അവർ എത്തും.


കുളിപ്പിക്കൽ, മുറിവ് കഴുകൽ, മൂത്രംപോകാനുള്ള ട്യൂബിടൽ, മലം ടാപ്പ് ചെയ്ത് എടുക്കൽ, നീരുകുത്തിയെടുക്കൽ തുടങ്ങി പലരും ചെയ്യാൻമടിക്കുന്ന പ്രവൃത്തികളാണ് ഈ വൊളന്റിയർമാർ ചെയ്യുന്നത്. വെറും പരിചരണം മാത്രമല്ല, മറിച്ച് അവരുടെ പ്രശ്‌നങ്ങൾ തുറന്നുപറയാൻ പറ്റിയ കൂട്ടുകാരായും ചിലപ്പോൾ വീട്ടുകാരായും ഈ വൊളന്റിയർമാർ കൂടെയുണ്ടാവും. കുടുംബങ്ങളിലെ മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാൻ ഇവർ മുൻകൈയെടുക്കും. പുതിയ സാഹചര്യത്തിൽ എല്ലാ സുരക്ഷാ തയ്യാറെടുപ്പുകളും സ്വീകരിച്ചാണ് പരിചരണം.



മാസ്ക്, സാനിറ്റൈസർ, അത്യാവശ്യഘട്ടങ്ങളിൽ പി.പി വസ്ത്രങ്ങൾ എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലത്തെ ഓരോ ചെറിയ സേവനങ്ങളും ആഘോഷിക്കപ്പെടുമ്പോൾ നിശ്ശബ്ദമായി ആരുമറിയാതെ ഇവർ സേവനംതുടരുകയാണ്.

16 October 2020

ഇരിങ്ങാളത്തൂർ കനാലിന്റെ പണി തുടങ്ങി

 ഇരിങ്ങാളത്തൂർ കനാലിന്റെ പണി തുടങ്ങി



കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ ഇരിങ്ങാളത്തൂർ പാടത്ത് കനാലിന്റെ പണി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഇരിങ്ങാളത്തൂർ പാടത്ത് 25 ലക്ഷം രൂപ ചിലവഴിച്ച് കനാൽ നിർമിക്കുന്നത്.ജില്ലാപഞ്ചായത്തംഗം സലീം കുരുവമ്പലം അധ്യക്ഷതവഹിച്ചു. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചാകീരി അബ്ദുൽ ഹഖ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ, നെടുമ്പള്ളി സൈതു, പി.പി. സോഫിയ,അലുങ്ങൽ മൊയ്ദീൻ ഹാജി,പുള്ളാട്ട് അഷ്‌റഫ്, ശിഹാബ് കാപ്പൻ,എം.ദേവദാസൻ, എന്നിവർ പ്രസംഗിച്ചു.

വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകണം; അഡ്വ. കെ. എൻ. എ ഖാദർ എം. എൽ. എ

 വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകണം; അഡ്വ. കെ. എൻ. എ ഖാദർ എം. എൽ. എ



വേങ്ങര: വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തനമാരംഭിച്ച അന്ന് മുതൽ വാടകകെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലകളിലൊന്നായ വേങ്ങര ഉപജില്ലയിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിന് സ്വന്തമായ കെട്ടിടം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടു വരികയാണ്. ഇതോടൊപ്പം വാടകകെട്ടിടത്തിന്റെ ഉടമ നൽകിയ കേസും നടന്നു വരികയാണ്. ഒരു മാതൃകാ ഓഫീസായി വേങ്ങര ഉപജില്ലാവിദ്യാഭ്യാസ ഓഫീസിനെ മാറ്റിയെടുക്കുന്നതിന് നിലവിലുള്ള പ്രധാന തടസ്സം സ്വന്തമായ കെട്ടിട സൗകര്യങ്ങൾ ഇല്ലാത്തതാണ്. 

ഇപ്പോൾ ഊരകം ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ഊരകം കീഴ്മുറി ജി. എൽ. പി സ്കൂളിന്റെ സ്ഥലത്ത് സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കുന്നതിനാവശ്യമായ സ്ഥലം അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി തയ്യാറാക്കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള പഞ്ചായത്ത് തീരുമാനം എടുത്തിട്ടുള്ളതായി പഞ്ചായത്ത് സെക്രട്ടറിയും സ്കൂളിന്റെ സ്ഥലത്ത് ഇപ്രകാരം ഓഫീസ് തുടങ്ങുന്നതിന് സമ്മതമാണെന്ന സ്കൂൾ പ്രധാനധ്യാപകന്റെയും പി. ടി. എ യുടെയും സ്റ്റാഫ് കൗൺസിലിന്റെയും തീരുമാനങ്ങൾ തുടർനടപടിക്കായി വേങ്ങര ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അറിയിച്ചിട്ടുണ്ട്. ആയതിനാൽ അങ്ങ് ഈ കത്ത് പരിഗണിച്ച് വേങ്ങര നിയോജകമണ്ഡലത്തിലെ ഊരകം ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ഊരകം കീഴ്മുറി ജി. എൽ. പി സ്കൂളിന്റെ സ്ഥലത്ത് വേങ്ങര ഉപജില്ലാവിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കുന്നതിനുള്ള അനുമതി നൽകി എത്രയും വേഗം കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശം നൽകാൻ  സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. രവീന്ദ്രനാഥിന് അഡ്വ. കെ. എൻ എ ഖാദർ എം. എൽ.എ കത്ത് നൽകി ആവശ്യപ്പെട്ടു.

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

 വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി



വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. കോടതികളുടെ മറിച്ചുള്ള വിധികള്‍ക്ക് മുകളിലാണ് സുപ്രീംകോടതിയുടെ ഈ വിധി.ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.


വിവാഹ മോചനം നേടിയ സ്ത്രീയ ഭര്‍ത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്നും ആ വീട്ടില്‍ തന്നെ താമസം തുടരാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. വെള്ളിയാഴ്ചയാണ് സുപ്രീംകോടതിയുടെ ഈ നിര്‍ണായക വിധി ഉണ്ടായത്.

2019 ലെ ഡെല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സതീഷ് ചന്ദര്‍ അഹൂജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. സതീഷിന്റെ മരുമകള്‍ സ്നേഹ അഹൂജയ്ക്ക് ഈ വീട്ടില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡെല്‍ഹി ഹൈക്കോടതി വിധി. ഭര്‍ത്താവ് രവീണ്‍ അഹൂജയില്‍ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമനടപടികളുമായി സ്നേഹ മുമ്പോട്ട് പോകവേയായിരുന്നു ഹൈക്കോടതി വിധി.


എന്നാല്‍ തന്റെ സ്വന്തം അധ്വാനത്താല്‍ പണികഴിപ്പിച്ച വീട്ടില്‍ മകന്‍ രവീണ്‍ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെ ഭാര്യ സ്നേഹയ്ക്ക് അവകാശമുണ്ടാകുമെന്നും കാണിച്ച് കൊണ്ട് സതീഷ് ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

15 October 2020

ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു

 ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു



പാലാണി: പാലാണി യൂണിറ്റ് മഴവിൽ സംഘത്തിന്റെ മീലാദ് വിളംബരം ഇഅ്ലാനെ സുറൂർ പ്രൗഢമായി സമാപിച്ചു. പരിപാടിയിൽ മഴവിൽ സംഘം സെക്രട്ടറി ഷഹബാസ് അഹ്‌മദ്‌ സ്വാഗതം പറഞ്ഞു. എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ്‌ ആഷിഖ് മുസ്‌ലിയാർ. എ.കെ യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി 

കേരളാ മുസ്ലിം ജമാഅത്ത്

വേങ്ങര സോൺ ഉപാധ്യക്ഷൻ ഒ.കെ കുഞ്ഞാപ്പു ഖാസിമി ഉദ്ഘാടനം ചെയ്തു.മഴവിൽ സംഘം മീലാദ് സമ്മേളനം വുലിദൽ ഹബീബ് SSF നാഷണൽ ജനറൽ സെക്രട്ടറി ഡോ: പി.എ മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം പ്രഖ്യാപിച്ചു. SSF വേങ്ങര ഡിവിഷൻ  സെക്രട്ടറി സുഹൈൽ സഖാഫി വിഷയാവതരണം നടത്തി.മഴവിൽ സംഘം യൂണിറ്റ് പ്രസിഡന്റ്‌ മുസ്വദിഖ്. ഒ.കെ മഴവിൽ ഗാനം ആലപിച്ചു. 

പരിപാടിയിൽ  മഴവിൽ സംഘം വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.SSF യൂണിറ്റ് ജനറൽ സെക്രട്ടറി ഇർഫാൻ എ.പി പരിപാടിക്ക് നന്ദിയും പറഞ്ഞു.

ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു

ഇഅ്ലാനെ സുറൂർ മീലാദ് വിളംബര പ്രോഗ്രാം സംഘടിപ്പിച്ചു



വേങ്ങര: കോട്ടപ്പറമ്പ് യൂണിറ്റ് മഴവിൽ സംഘത്തിന്റെ കീഴിൽ സംഘടിപ്പിച്ച മീലാദ് വിളംബരം 'ഇഅ്ലാനെ സുറൂർ' പ്രൗഢമായി സമാപിച്ചു.  

കേരളാ മുസ്ലിം ജമാഅത്ത്സെ ക്രട്ടറി എ കെ അബ്ദുറഹിമാൻ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ മഴവിൽ സെക്രട്ടി ലബീബ് പി സി എച്ച് സ്വാഗതം പറഞ്ഞു.യൂണിറ്റ് പ്രസിഡന്റ് സി പി സഈദ് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.മഴവിൽ സംഘം മീലാദ് സമ്മേളനം വുലിദൽ ഹബീബ് എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി ഡോ: ഫാറൂഖ് നഈമി കൊല്ലം പ്രഖ്യാപിച്ചു. വേങ്ങര ഡിവിഷൻ  സെക്രട്ടറി അനസ് നുസ്വ്രി വിഷയാവതരണം നടത്തി.

പരിപാടിയിൽ  മഴവിൽ സംഘം വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി ഇ കെ അർഷദ് നന്ദിയും പറഞ്ഞു.

കോവിഡ് - 19 ന്റെ പേരിലുള്ള അശാസ്ത്രീയമായ കട അടപ്പ് അവസാനിപ്പിക്കുക;

കോവിഡ് - 19 ന്റെ പേരിലുള്ള അശാസ്ത്രീയമായ കട അടപ്പ് അവസാനിപ്പിക്കുക;



തെരുവ് കച്ചവടക്കാർക്ക് സൗകര്യം ചെയ്യുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധം അറിയിച്ചു

വേങ്ങര: ഗവണ്‍മെന്റ് പറയുന്ന എല്ലാ ലൈസന്‍സും എടുത്തു കൊണ്ടും എല്ലാവിധ ടാക്സും അടച്ചു കൊണ്ടും കച്ചവടം ചെയ്യുന്ന കച്ചവടക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധം അറിയിച്ചു.യോഗത്തിൽ പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ എ ആർ നഗർ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എംകെ സൈനുദ്ദീൻ ഹാജി സ്വാഗതം പറഞ്ഞു.പുള്ളിശേരി ഗഫൂർ കൊളപുറം,മജീദ് അച്ചനമ്പലം,കുഞ്ഞിമുഹമ്മദ് കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.കെ കെ അഷ്റഫ് തങ്ങൾ വി കെ പടി നന്ദിയും പറഞ്ഞു.

രേഖകൾ കൈയിലുണ്ട്; : പരിവാഹനിലില്ല

 രേഖകൾ കൈയിലുണ്ട്; : പരിവാഹനിലില്ല



കോട്ടയ്ക്കൽ: മോട്ടോർ വാഹനവകുപ്പ് പരിശോധന ഡിജിറ്റലാക്കിയതോടെ വാഹനരേഖകൾ കൈയിലുണ്ടായിട്ടും പിഴ അടയ്ക്കേണ്ടി വരുന്നതായി വാഹന ഉടമകൾ. ഇൻഷുറൻസ് അടച്ചതിന്റെ രേഖ വാഹന പരിശോധനയ്ക്കിടെ കാണിച്ചിട്ടും മഞ്ചേരി സ്വദേശിയോട് പിഴ അടയ്ക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടൂവെന്നാണ് പരാതി. എം. പരിവാഹൻ വെബ് സൈറ്റിൽ ഇൻഷുറൻസ് അടച്ചതായി കാണിക്കാതിരുന്നതിനാൽ കൈയിലുള്ള പോളിസി വ്യാജമാണെന്ന് പറഞ്ഞാണ് പിഴ


അടപ്പിച്ചത്. കുടുംബമായി യാത്രചെയ്ത മഞ്ചേരി സ്വദേശിയെ ഒരു മണിക്കൂറിനുശേഷം 200 രൂപ പിഴ അടച്ചതോടെയാണ് പോകാൻ അനുവദിച്ചത്. കോട്ടയ്ക്കലിലും സമാന സംഭവം ഉണ്ടായി. ഇൻഷുറൻസ് അടച്ചതായി വെബ് സൈറ്റിൽ കാണിക്കാതിരുന്നതിനാൽ 2,000 രൂപ കോട്ടയ്ക്കൽ സ്വദേശിക്കും പിഴയിട്ടു.


വിവരങ്ങൾ പുതുക്കുന്നില്ല



ഇൻഷുറൻസ് കമ്പനികൾ പോളിസി വിവരങ്ങൾ വെബ് സൈറ്റിൽ നൽകുമ്പോൾ ചില പോളിസികൾ അപ്‌ഡേറ്റ് ആവാത്തതാണ് പ്രശ്നം. പരിവാഹനിൽ വാഹനത്തിന്റെ വിവരങ്ങൾ കിട്ടുന്നില്ലെങ്കിൽ വാഹമുടമയുടെ കൈയിലുള്ള രേഖകൾ പരിശോധിക്കണമെന്ന് വെബ്‌സൈറ്റിൽത്തന്നെ പറയുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചിട്ടും വ്യാജമാണെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എട്ട് മാസം മുൻപുള്ള ചില പോളിസികളാണ് സൈറ്റിൽ അപ്‌ഡേറ്റ് ആവാത്തതെന്നും ഇൻഷുറൻസ് ഏജന്റുമാർ പറയുന്നു. രണ്ട്‌ ദിവസത്തിനുള്ളിൽ പോളിസി സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുമെന്ന് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി പി.ആർ.ഒ. പറഞ്ഞു.


അപ്പീൽ നൽകാം


വാഹനപരിശോധനയും പിഴയും ഡിജിറ്റലായതോടെ റോഡ് നിയമം തെറ്റിക്കുന്ന വാഹനത്തിന്റെ ചിത്രം എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടെ മൊബൈലിലെ ആപ്പിൽ പതിഞ്ഞാൽ പിഴ വാഹൻ സോഫ്റ്റ് വെയറാണ്‌ നിശ്ചയിക്കുക. പിഴ ഓൺലൈനായി അടയ്ക്കാം. മൂന്ന് ദിവസം കഴിഞ്ഞും അടച്ചില്ലെങ്കിൽ വീണ്ടും സന്ദേശമെത്തും. നിശ്ചിത സമയത്തിന് ശേഷവും പിഴ അടച്ചില്ലെങ്കിൽ ഇ- കോടതിയിലേക്കു വിവരങ്ങൾ കൈമാറും. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ വാഹനത്തെ കരിമ്പട്ടികയിൽപ്പെടുത്തും. വാഹനക്കൈമാറ്റവും ഇൻഷുറൻസ് പുതുക്കലുമൊന്നും പിന്നെ സാധിക്കില്ല. വാഹനത്തിന്‌ പിഴ ചുമത്തി സന്ദേശം വന്നാൽ ഉടമയ്ക്ക് ആർ.ടി.ഒയ്ക്ക് അപ്പീൽ നൽകാം. എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥൻ രേഖകൾ പരിശോധിച്ച് നിയമപ്രകാരമല്ല പിഴ എങ്കിൽ ശിക്ഷയിളവ് നൽകാം.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������