Labels

28 September 2020

ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും

 ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും


1. ശബരിമല സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായതിനാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനം പ്രതീകാത്മകമായി ചുരുക്കാതെ പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തുന്നതിന് തീരുമാനിച്ചു.


2. ഓരോ സംസ്ഥാനത്ത് നിന്നും ദിനം പ്രതി എത്ര തീർത്ഥാടകരെ വരെ പ്രവേശിപ്പിക്കാം എന്നത് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടതാണ്. കൂടുതൽ വകുപ്പ് സെക്രട്ടറിമാരെ സമിതിയിൽ ഉൾപ്പെടുത്തുന്ന കാര്യം ചീഫ് സെക്രട്ടറി തീരുമാനിക്കുന്നതാണ്. മറ്റു സംസ്ഥാനങ്ങളിൽ ആവശ്യമെങ്കിൽ പ്രചരണാർത്ഥം ഉദ്യോഗസ്ഥരെ അയച്ച് ചർച്ചകൾ നടത്തേണ്ടതാണ്.


3. ശബരിമല തീർത്ഥാടനത്തിന് പൂർണ്ണമായും വെർച്വൽ ക്യൂ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യുന്ന പരിമിത എണ്ണം തീർത്ഥാടകർക്ക് മാത്രമായിരിക്കും ഈ വർഷത്തെ പ്രവേശനം. ഓരോ തീർത്ഥാടകനും എത്തിച്ചേരേണ്ട സമയക്രമം നിശ്ചയിച്ചു നൽകുന്നതാണ്.


4. ആന്ധ്ര, തെലങ്കാന, കർണ്ണാടക, തമിഴ് നാട്, പോണ്ടിച്ചേരി തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ദേവസ്വം മന്ത്രിതലത്തിൽ കത്ത് ഇടപാടോ വെർച്വൽ യോഗങ്ങളോ നടത്തുന്നതാണ്.


5. കോവിഡ് -19 രോഗ ബാധിതർ തീർത്ഥാടനത്തിന് എത്താത്ത സാഹചര്യം ഉറപ്പ് ഉറപ്പു വരുത്തും. ഇതിനായി വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തും.


6. തീർഥാടകർക്ക് ശബരിമലയിൽ എത്തി ദർശനം നടത്തി ഉടനെ തിരികെ മല ഇറങ്ങാനുള്ള രീതിയിൽ തീർത്ഥാടനം ക്രമീകരിക്കും. പമ്പയിലും സന്നിധാനത്തും തീർത്ഥാടകരെ വിരിവയ്ക്കാനോ തങ്ങാനോ അനുവദിക്കുന്നതല്ല. നിലയ്ക്കലിൽ പരിമിതമായ രീതിയിൽ വിരിവയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.


7. കുടിവെള്ള വിതരണത്തിന് 100 രൂപ അടച്ച് സ്റ്റീൽ പാത്രത്തിൽവെള്ളം വാങ്ങാവുന്നതും മടങ്ങി വന്ന് പാത്രം ഏൽപ്പിക്കുമ്പോൾ തുക തിരികെ നൽകുന്നതുമാണ്.


8. തീർത്ഥാടകർക്ക് നേരത്തെ ഉള്ളത് പോലെ വലിയ തോതിലുള്ള അന്നദാനം നടത്തേണ്ടതില്ല. നിശ്ചിത സമയത്ത് വരുന്നവർക്ക് മാത്രം പേപ്പർ പ്‌ളേറ്റിൽ അന്നദാനം നൽകും.


9. സാനിറ്റേഷൻ സൊസൈറ്റി വഴി തമിഴ് നാട്ടിലെ തൊഴിലാളികളെ വിന്യസിച്ചായിരുന്നു മുൻ വർഷങ്ങളിൽ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തീർത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നതിന് അനുസരിച്ച് തമിഴ്‌നാട്ടിൽ നിന്നും എത്ര തൊഴിലാളികളെ ലഭ്യമാക്കണം എന്ന കാര്യം തീരുമാനിക്കുന്നതാണ്.


9. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് കടകളുടെ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറഞ്ഞതിനാൽ കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും.


10. കെ.എസ്.ആർ.ടിസി ബസിൽ തീർത്ഥാടകർക്ക് സാമൂഹ്യ അകലം പാലിക്കുന്ന തരത്തിൽ കൂടുതൽ എണ്ണം ബസുകൾ വിന്യസിക്കും.


11. ഭക്തർ മല കയറുമ്പോൾ മാസ്‌ക്ക് നിർബന്ധമാക്കുന്നതിന്റെ ആരോഗ്യ വശം ആരോഗ്യവകുപ്പ് പരിശോധിക്കും. 


12. നെയ്യഭിഷേകത്തിനുള്ള നെയ്യ് പമ്പയിലോ സന്നിധാനത്തോ ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാൻ പ്രത്യേക ക്രമീകരണം നടത്തുന്ന കാര്യം പരിശോധിക്കുന്നതാണ്.


13. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂർണ്ണമായും കോവിഡ് പ്രോട്ടോക്കാൾ പാലിച്ചുമാത്രം നടത്തുന്നതാണ്.


14. പമ്പ എരുമേലി എന്നിവിടങ്ങളിൽ സ്‌നാനഘട്ടങ്ങളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ സ്പ്രിംഗ്‌ളർ/ഷവർ സംവിധാനം ഏർപ്പെടുത്തും.


15. തീർത്ഥാടനത്തിന് മുമ്പ് പമ്പയിലേയ്ക്കുള്ള വിള്ളൽ വീണ റോഡ് അടിയന്തിരമായി പുതുക്കിപ്പണിയും.


16. ശബരിമല തന്ത്രിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് ഉചിതമായ ക്രമീകരണങ്ങൾ നടത്തുന്നതാണ്.


17. 10 വയസ്സിന് താഴെയും 65 വയസ്സിനും മുകളിലുമുള്ളവർക്ക് ദർശനം അനുവദിക്കില്ല. 


ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, വെദ്യുത വകുപ്പ് മന്ത്രി എം.എം. മണി, ഇറിഗേഷൻ വകുപ്പ് മന്ത്രി എ.കെ. കൃഷ്ണൻ കുട്ടി, എം.എൽ.എമാരായ പി.സി.ജോർജ്, രാജു എബ്രഹാം, ഇ.എസ് ബിജിമോൾ, ജിനേഷ് കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, റവന്യു(ദേവസ്വം) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, പത്തനംതിട്ട ജില്ലാകളക്ടർ നൂഹ് ബാവ, ശ്രീ.ജയദേവ്. ജി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, ജന പ്രതിനിധികൾ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെയും വിവിധ വകുപ്പുകളിലെയും ഉന്നതോദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധം; കല്യാണത്തിന് 50 പേര്‍ മാത്രം; നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

 കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധം; കല്യാണത്തിന് 50 പേര്‍ മാത്രം; നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍



സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് സർക്കാർ. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. പോലീസിന് ക്രമസമാധാനപാലനത്തിന് സമയം ചെലവഴിക്കേണ്ടി വന്നപ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൽ തടസ്സമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.



കടകളിൽ സാമൂഹ്യ അകലം പാലിച്ചില്ലെങ്കിൽ കടയുടമകൾക്ക് എതിരെ നടപടി

കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഉടമയ്ക്കെതിരെ നടപടിയുണ്ടാകും. കടയുടെ വിസ്തീർണ്ണമനുസരിച്ചുള്ള ആളുകൾ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവ ഉറപ്പുവരുത്തണം. ഒരേ സമയം പരിധിയിലപ്പുറം ആളുകൾ വന്നാൽ പുറത്ത് ക്യൂവായി നിൽക്കണം. അതിന് അടയാളം മാർക്ക് ചെയ്ത് നൽകണം. ഇതെല്ലാം കടയുടമയുടെ ഉത്തരവാദിത്തമാണ്. നേരത്തെയുള്ള തീരുമാനങ്ങളാണ് ഇതെങ്കിലും ഇനി മുതൽ ഇത് പാലിച്ചില്ലെങ്കിൽ കടയുടമയ്ക്കെതിരെ നടപടിയും കട അടച്ചിടുകയും വേണ്ടി വരും.

വിവാഹത്തിന് 50 ഉം മരണാനന്തര ചടങ്ങുകൾക്ക് 20 പേരും എന്ന തീരുമാനം കർശനമാക്കും.വിവാഹത്തിന് 50 പേരാണ് സാധാരണ നിലയിൽ പങ്കെടുക്കാവുന്നത്. മരണാനന്തര ചടങ്ങുകൾക്ക്20 പേരിൽ കൂടാൻ പാടില്ല. ഇത് അതേ രീതിയിൽ നടപ്പാക്കണം.

രോഗ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും.ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കി, പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷനുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നേൽനോട്ടം നൽകും. പ്രത്യേകമായ ചില അധികാരങ്ങളും ഇവർക്ക് നൽകും. സംസ്ഥാനത്തെ എല്ല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും.

മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ വർധിപ്പിക്കും ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സംസ്ഥാനത്ത് ആകമാനം നിലവിൽ 225 കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 32,979 ബെഡുകളാണ് ഇവിടങ്ങളിലായി ഉള്ളത്. അതിൽ 19,478 ബെഡുകളിൽ ഇപ്പോൾ രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

കോവിഡ്മുക്തരായവർക്ക് ചില രോഗങ്ങൾ വരുന്നതായി പറയുന്നുണ്ട്. ഇത്തരക്കാർക്ക് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നത് പരിഗണനയിലാണ്.

രോഗികളെ ചികിത്സിക്കാനാവശ്യമായ 38 കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. 18 ഇടങ്ങളിൽ 689 രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

തിരൂരില്‍ ഓട്ടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടി

 തിരൂരില്‍ ഓട്ടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടി


മലപ്പുറം: തിരൂരില്‍ ഓട്ടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടിയതോടെ വന്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. ഇന്നു രാവിലെ 11.30ഓടെയാണ് സംഭവം. തിരൂര്‍ തെക്കുമുറി അബ്ദുല്‍ ഹമീദിന്റെ കാറാണ് കത്തിയത്. ഹമീദിന്റെ മകന്‍ മുഹമ്മത് സുഹൈലാണ് കാര്‍ ഓടിച്ചിരുന്നത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. കാറിനകത്ത് ചെറിയ രീതിയില്‍ ഉയര്‍ന്നു വന്ന പുക പൊടിപടലമാണെന്ന് കരുതി അവഗണിച്ചെ ങ്കിലും അഗ്‌നി നാളങ്ങള്‍ കണ്ടതോടെ പെട്ടെന്നു നിര്‍ത്തി കാറില്‍ നിന്നും സുഹൈല്‍ പുറത്തേക്കോടുകയായിരുന്നു. ബോണറ്റ് തുറന്ന് നിസ്സഹായാവസ്ഥയില്‍ മാറി നിന്നതും കാര്‍ അഗ്‌നിഗോളമായി.ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ച് പുകയൊന്ന് അടങ്ങിയപ്പോള്‍ കണ്ടത് കാറിന്റെ അസ്ഥികൂടം. തിരൂരി

ഓടിക്കൊണ്ടിരുന്നകാറിനു തീപിടിച്ചത്.തെക്കുമുറി സ്വദേശി മുഹമ്മത് സുഹൈല്‍ ഓടിച്ചകാറാണ് കത്തിനശിച്ചത്. വര്‍ക്ക്‌ഷോപ്പില്‍ നിന്നും കാറോടിച്ചു വരുമ്പോള്‍ ഡാഷ് ബോ

ര്‍ഡിന്റെ അടിയില്‍ നിന്നും പുക ഉയരുന്നത് കണ്ടു. പൊടിപറക്കുകയാണെന്ന് ആദ്യം തോന്നി. തുടര്‍ന്ന് തീ കണ്ടതോടെ കാര്‍ നിര്‍ത്തുകയായിരുന്നു. എ.സി.ഓണ്‍ചെയ്തു കിടന്നിരുന്നതായി മുഹമ്മത് സു

ഹൈല്‍ പറഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്‌സ് യൂണിറ്റുമാണ് തീയണച്ചത്.

27 September 2020

അബ്ദുസമദ് നൽകുന്ന ഭൂമിയിൽ ഇരുപത് കുടുംബങ്ങൾക്ക് വീടൊരുങ്ങും

 അബ്ദുസമദ് നൽകുന്ന ഭൂമിയിൽ ഇരുപത് കുടുംബങ്ങൾക്ക് വീടൊരുങ്ങും


വേങ്ങര: ചേറൂർ മുതുവിൽകുണ്ടിലെ കോട്ടുക്കാരൻ അബ്ദുസമദ് എന്ന അബ്ദുപ്പ സൗജന്യമായി വിട്ടുനൽകിയ ഭൂമിയിൽ 20 കുടുംബങ്ങൾക്ക് വീടൊരുങ്ങും. വീടുവെക്കാൻ മൂന്നുസെന്റ്‌വീതം ഭൂമിയാണ് വീടില്ലാത്തവർക്ക് വിട്ടുനൽകിയത്. ഊരകംമലയുടെ അടിവാരത്തായി മഞ്ഞേങ്ങരയിലുള്ള 63 സെന്റ് ഭൂമിയാണ് ഇദ്ദേഹം വീതിച്ചുനൽകിയത്. വീടിനുള്ള സ്ഥലം നൽകിയതിനുപുറമെ അവിടേക്ക് അഞ്ചടി വീതിയിൽ വഴിയും നൽകും.

പലയിടത്തായി വാടക ക്വാർട്ടേഴ്‌സുകളിൽ അന്തിയുറങ്ങുന്നവർ, ഭിന്നശേഷിക്കാർ, അവശർ, നിലാരംബർ എന്നിവരിൽനിന്ന് അപേക്ഷ സ്വീകരിച്ച് അതിൽനിന്ന് യോഗ്യരായി കണ്ടെത്തിയവർക്കാണ് ഭൂമി കൈമാറുന്നത്. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിൽനിന്നുള്ളവർക്ക് പുറമെ പരിസര പഞ്ചായത്തിൽനിന്നുള്ളവർക്കടക്കം ഭൂമി അനുവദിച്ചുണ്ട്. എങ്കിലും പരിസരപ്രദേശത്തുള്ളവർക്ക് പ്രത്യേക പരിഗണന നൽകിയതായും അബ്ദുപ്പ പറഞ്ഞു.

വേങ്ങര ജനമൈത്രി പോലീസ് പ്രത്യേക താത്പര്യമെടുത്താണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള എല്ലാവിധ പരിശോധനകൾക്കും പോലീസ് നേതൃത്വംനൽകി.

നേരത്തേ കവളപ്പാറയിൽ മണ്ണിടിഞ്ഞ് ദുരന്തമുണ്ടായ സമയത്താണ് അബ്ദുസമദിന് ഇത്തരമൊരാശയം മനസ്സിലുദിക്കുന്നത്. അന്ന് വീട് നഷ്ടപ്പെട്ടവർക്ക് ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചെങ്കിലും അവിടെയുള്ളവർ കവളപ്പാറ വിട്ടുപോരാൻ തയ്യാറാകാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു.


20 ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലോ അനുവദിച്ച പ്ലോട്ടിന്റെ സ്ഥാനം കണ്ടെത്തുന്നതിലോ പുറമെനിന്ന് യാതൊരു ഇടപെടലുകളുമുണ്ടായിട്ടില്ല. ഗുണഭോക്താക്കൾ ഓരോരുത്തരും നറുക്കെടുത്താണ് അവരവരുടെ ഭൂമി തിരഞ്ഞെടുത്തത്.


ഭൂമിനിർണയ നറുക്കെടുപ്പ് അബ്ദുറഹിമാൻ ഹാജിയുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. ഭൂമി ലഭിച്ച 20 കുടുംബങ്ങൾക്കും അത് യാഥാർഥ്യമാക്കാൻ ചടങ്ങിൽ പങ്കെടുത്ത വിവിധ വ്യക്തികൾ സഹായം വാഗ്‌ദാനംചെയ്തു.


മുഴുവൻ വീടുകളുടെയും മെയിൻ വാർപ്പിനാവശ്യമായ സിമന്റ് സൗജന്യമായി നൽകുമെന്ന് കുണ്ടുപുഴക്കൽ സിമന്റ്‌സ് ഉടമ കെ.പി. സബാഹും 20 ലോഡ് മെറ്റൽ നൽകുമെന്ന് സഫാ ക്രഷർ ഉടമയും 20 ലോഡ് ചെങ്കല്ല് നൽകുമെന്ന് ചുക്കൻ കുഞ്ഞുവും അറിയിച്ചു.


കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തംഗം പൂക്കുത്ത് മുജീബ് അധ്യക്ഷതവഹിച്ചു. മഹല്ല് പ്രസിഡന്റ് മമ്മുക്കുട്ടി മൗലവി, വേങ്ങര എസ്.ഐമാരായ എൻ. മുഹമദ് റഫീഖ്, എം.പി. അബൂബക്കർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ. നയീം, യു. സക്കീന, പോലീസ് വൊളന്റിയർമാരായ എ.ഡി. ശ്രീകുമാർ, കെ. ശരീഫ്, സക്കീർ വേങ്ങര, ഷാജി വാഴയിൽ, ടി. ഷിംജിത് കുഴിപ്പുറം, ടി.കെ. സഹദ് എന്നിവർ പ്രസംഗിച്ചു.

കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഊരകം മണ്ഡലം കിസാൻ കോൺഗ്രസ്

 കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഊരകം മണ്ഡലം കിസാൻ കോൺഗ്രസ്


ഊരകം മണ്ഡലം കിസാൻ കോൺഗ്രസിന്റ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചുള്ള യോഗം പറപ്പൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് നാസർ പറപ്പൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കിസാൻ കോൺഗ്രസ് പ്രസിഡണ്ട് കെ സി മുസ്തഫ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സമീർ കാമ്പ്രൻ കിസാൻ കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം പ്രസിഡണ്ട് മുസ്തഫ പുള്ളിശേരി,കെ കെ റാഫി,ഉണ്ണി പഴമഠം,കബീർ പനോളി,പ്രമോദ് മണ്ണിൽ,ഹംസ കുട്ടി കെ ടി,സൈദലവി പറമ്പൻ,കുനാരി മൊയ്‌ദീൻ (കുഞ്ഞാപ്പ )ഉമ്മർ കരിമ്പിലി,പി ജംഷീദ്,എം ആഷിഖ്,കുട്ടൻ പി കാരത്തോട്,പ്രവീൺ കാരാട്ട് എന്നിവർ സംസാരിച്ചു.തുടർന്ന്കർഷക ബില്ല് കത്തിക്കലിന് മുസ്തഫ പുള്ളിശേരി നേതൃത്വം നൽകി ഷാജഹാൻ കെ ടി നന്ദി പറഞ്ഞു.

കൃഷിഭൂമിയിൽ നരേന്ദ്രമോദിയുടെ കോലം നാട്ടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി

 കൃഷിഭൂമിയിൽ നരേന്ദ്രമോദിയുടെ കോലം നാട്ടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി


വേങ്ങര: കർഷകർക്ക് പ്രതികൂലമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നയത്തിൽ പ്രതിഷേധിച്ച് കർഷകരെ സംരക്ഷിക്കുന്നതിന് വേങ്ങര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയോറ അടക്കാപുരയിൽ നിന്ന് കർഷകരുടെ കൂടെ വലിയോറ പാടത്തേക്ക് കാൽനട ജാഥ സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാസെക്രട്ടറി കെകെ  നഹ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് വി കെ റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്  എം എം കുട്ടി മൗലവി, ട്രഷറർ പി കെ അലി അക്ബർ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം ടി ശരീഫ്, ഇ വി റഹീം, യു എം ഹംസ, ടി കെ റഷീദ്, കെ കെ നജീബ് സിദ്ദീഖ് ഒതുക്കുങ്ങൽ, ഇബ്രാഹിം അടക്കാപുര, പികെ അലവിക്കുട്ടി ഹാജി, എകെ അലവി, യൂസഫലി വലിയോറ, വി എ ഷാഫി, യൂസഫ്, എം ഇബ്രാഹിം, ഹമീദ് മാസ്റ്റർ, ഇ വി ജഹീർ, വി വി ഷമീർ അലി തുടങ്ങിയവർ സംസാരിച്ചു.

മലപ്പുറം ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ അതിരുകള്‍ പുന:ക്രമീകരിച്ചു

 മലപ്പുറം ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ അതിരുകള്‍ പുന:ക്രമീകരിച്ചു


മലപ്പുറം: മലപ്പുറം ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ തിരക്ക് കുറക്കുന്നതിനായി പുതുതായി ആരംഭിച്ച കൊണ്ടോട്ടി സബ് ആര്‍.ടി.ഒ ഓഫീസ് ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. ഇതിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഓഫീസുകളുടെ കീഴിലെ വില്ലേജുകള്‍ പുന ക്രമീകരിച്ചു. മലപ്പുറത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പെരിന്തല്‍മണ്ണ താലൂക്കില്‍ പെട്ട കോടൂരും കൂട്ടിലങ്ങാടിയും നേരത്തെ 18 കിലോമീറ്റര്‍ അകലെയുള്ള പെരിന്തല്‍മണ്ണ സബ് ആര്‍.ടി ഓഫീസിനു കീഴിലായിരുന്നു ഇവ മലപ്പുറത്തിന് കീഴിലാക്കിയും കോട്ടക്കല്‍, പെരുമണ്ണ വില്ലേജുകള്‍ തിരൂരില്‍ നിന്ന് തിരൂരങ്ങാടി ഓഫീസിലേക്കും പൊന്മള വില്ലേജ് തിരൂരിലേക്കും മാറ്റി . കോട്ടക്കല്‍ തിരൂരങ്ങാടിയിലേക്ക് മാറിയതോടെ ജില്ലയിലെ ഏറ്റവും വലിയ സബ് ആര്‍.ടി ഓഫീസായ തിരൂരിലെ തിരക്ക് കുറയും. ഏറനാട് താലൂക്കില്‍ പെട്ട ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ എന്നീ വില്ലേജുകള്‍ പുതുതായി രൂപീകരിച്ച കൊണ്ടോട്ടി ഓഫീസിന് കീഴിലേക്ക് മാറ്റി. തിരൂങ്ങാടി ഓഫീസിന് കീഴിലായിരുന്ന പള്ളിക്കല്‍, ചേലാമ്പ്ര എന്നീ സ്ഥലങ്ങള്‍ കൊണ്ടോട്ടിയുടെ പരിധിയിലാക്കി. തിരൂരില്‍ നിന്ന് പൊ പൊന്നാനി, നിലമ്പൂര്‍ ആര്‍.ടി ഓഫീസുകള്‍ക്ക് കീഴിലെ വില്ലേജുകള്‍ക്ക് മാറ്റമില്ലാതെ തുടരും. കോട്ടക്കല്‍ എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളടക്കമുള്ള വിവിധ ജനപ്രതിനിധികളുടെ നിരന്തര ആവശ്യപ്രകാരമാണ് പൊതു ജന താത്പര്യാര്‍ത്ഥം ഓഫീസിന് കീഴിലെ വില്ലേജുകള്‍ ക്രമീകരിച്ചത്. ഓഫീസുകളുടെ ക്രമീകരണം സംബന്ധിച്ച് സര്‍ക്കര്‍ ഗസറ്റില്‍ വിജ്ഞാപനമായി പ്രസിദ്ധീകരിച്ച് കഴിഞ്ഞു. കൊണ്ടോട്ടി ഓഫീസ് ചൊവ്വാഴ്ചയോടെ ഉദ്ഘാടനം ചെയ്യുന്നതോടെ നിയമം പ്രാപല്യത്തിലാകും.

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യന്‍/സിഖ്/ബുദ്ധ/പാര്‍സി/ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ മുതല്‍ പി എച്ച് ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2020-21 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്ത, തൊട്ട് മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്ററി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം.എഫില്‍/പി.എച്ച്.ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍ സി വി ടി യില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ഐ.ടി.സികളില്‍ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള ടെക്നിക്കല്‍/വൊക്കേഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

വിദ്യാര്‍ഥികള്‍ മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. മുന്‍പ് സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്ട്രേഷന്‍ ഐ.ഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ www.scholarships.gov.in ല്‍ ഒക്ടോബര്‍ 31നകം സമര്‍പ്പിക്കണം. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.in ലും www.collegiateedu.kerala.gov.in ലും ലഭിക്കും. ഫോണ്‍: 9446096580, 9446780308, 0471-2306580. 

ഇ-മെയില്‍:postmatricscholarship@gmail.com.

26 September 2020

കോവിഡ് പരിശോധന: ജില്ലാ ആശുപത്രിയിൽ ട്രൂനാറ്റ് യന്ത്രം നാളെ മുതൽ പ്രവർത്തിക്കും

 കോവിഡ് പരിശോധന: ജില്ലാ ആശുപത്രിയിൽ ട്രൂനാറ്റ് യന്ത്രം നാളെ മുതൽ പ്രവർത്തിക്കും


ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി ട്രൂനാറ്റ് യന്ത്രത്തിന്റെ പ്രവർത്തനം തിങ്കളാഴ്ച തുടങ്ങും. ഇതോടൊപ്പം മറ്റ് സർക്കാർ ആശുപത്രികളിൽനിന്നും ഇവിടേക്ക് അയക്കുന്നവരുടെ കോവിഡ് പരിശോധനയും നടത്താനാവുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ശ്രീവിഷ്ണു അറിയിച്ചു.



കോവിഡ് വ്യാപനം വർധിക്കുകയും പരിശോധനാഫലം വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യന്ത്രം പ്രവർത്തനം തുടങ്ങുന്നത്. യന്ത്രത്തിന്റെ സജ്ജീകരണങ്ങൾ പൂർത്തിയാക്കാനുണ്ടായതിനാലാണ് വൈകിയത്. കോവിഡ് പരിശോധനയ്ക്ക് പുറമേ ചിക്കുൻഗുനിയ, ഡെങ്കിപ്പനി, എച്ച്.ഐ.വി., എച്ച് വൺ എൻ വൺ, മലേറിയ, ടി.ബി. തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളും ഈ യന്ത്രത്തിൽ നടത്താനാവും. രണ്ട് മണിക്കൂറിനുള്ളിൽ ഫലം അറിയാനാകും. നേരത്തെ പെരിന്തൽമണ്ണയിലെത്തിച്ച യന്ത്രം നിലമ്പൂരിലേക്ക് കൊണ്ടുപോയത് വിവാദമായിരുന്നു. പിന്നീടാണ് പെരിന്തൽമണ്ണയിലേക്ക് പുതിയ യന്ത്രം എത്തിച്ചത്. ആശുപത്രിയോടുചേർന്ന രക്തബാങ്കിൽ നിശ്ചിത തുക ഈടാക്കി കോവിഡ് പരിശോധന നേരത്തെ നടത്തുന്നുണ്ട്. കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമായ മഞ്ചേരി മെഡിക്കൽകോളേജിൽ തിരക്കേറുന്നത് കണക്കിലെടുത്ത് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മാതൃ -ശിശു വിഭാഗം കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

സൈലൻസർ ‘ഒച്ചപ്പാടാക്കി’ ഫ്രീക്കൻമാർ; പിഴയിനത്തിൽ ഈടാക്കിയത് എട്ടുലക്ഷം

 സൈലൻസർ ‘ഒച്ചപ്പാടാക്കി’ ഫ്രീക്കൻമാർ; പിഴയിനത്തിൽ ഈടാക്കിയത് എട്ടുലക്ഷം


ഒതുക്കുങ്ങൽ: വാഹനങ്ങൾ മോടികൂട്ടി നിരത്തിൽ ‘പ്രകടനം’ കാണിക്കുന്നവർ കരുതിയിരിക്കുക. മോട്ടോർവാഹന വകുപ്പ് പിറകിലുണ്ട്.

രൂപമാറ്റം വരുത്തിയ വാഹനങ്ങളിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ റോഡിലിറങ്ങിയതിന്  ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷം വാഹനവകുപ്പ് പിഴ ചുമത്തിയത് 1808 പേർക്ക്. ഇരുചക്രവാഹനങ്ങളുടെ സൈലൻസർ മാറ്റി അമിതശബ്ദത്തിൽ വാഹനമോടിച്ചതിനും അന്തരീക്ഷമലിനീകരണമുണ്ടാക്കിയതിനുമാണ് 1500 പേർക്കെതിരേ നടപടി. പിഴയിനത്തിൽ ഈടാക്കിയത് എട്ടുലക്ഷത്തോളം രൂപ.

കുറഞ്ഞ മുടക്കിൽ എല്ലാം സുലഭം

മുതൽ 1000 രൂപവരെ മുടക്കിൽ വിവിധ വലുപ്പത്തിലും ശബ്ദത്തിലുമുള്ള സൈലൻസറുകൾ വിപണിയിൽ സുലഭമാണ്. കടകളിൽ ഇത്തരം സൈലൻസറുകളുടെ വിൽപ്പന തടയാൻ മോട്ടോർ വാഹനവകുപ്പിന് അധികാരമില്ല. ഇവ നിരത്തിലിറക്കിയാൽ പിഴചുമത്തി നിയമനടപടിയെടുക്കുകയാണിപ്പോൾ.

രൂപമാറ്റം വരുത്തുന്ന വാഹനത്തിന്റെ ഓരോഭാഗത്തിനും 5000 രൂപയാണ് പിഴ. ശബ്ദമലിനീകരണത്തിനും സൈലൻസർ മാറ്റിയതിനും അധിക പിഴയും അടയ്ക്കണം. വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കാം.

പുകയാണ് പ്രശ്‌നം

വാഹനങ്ങളിൽനിന്ന് വരുന്ന ശബ്ദത്തേക്കാൾ പ്രശ്നം പുറത്തുവരുന്ന പുകയാണ്. വാഹനങ്ങൾ നിർമിക്കുമ്പോൾ മലിനീകരണവും വിഷവാതകങ്ങളുടെ ബഹിർഗമനവും നിയന്ത്രിക്കുന്നതിനായി സൈലൻസറിനുള്ളിൽ കാറ്റലിറ്റിക് കൺവേർട്ടർ ഘടിപ്പിക്കാറുണ്ട്. ഇതിൽ മാറ്റം വരുത്തുന്നതോടെ വിഷവാതകം പുറന്തള്ളുന്നതിന് നിയന്ത്രണമില്ലാതാകുന്നു.

സൈലൻസറുകൾ മാറ്റുന്നതോടെ വാഹനങ്ങളുടെ ശബ്ദവും ക്രമാതീതമായി വർധിക്കുന്നു. ഒരു ഇരുചക്രവാഹനത്തിന്റെ ശബ്ദം 80 ഡെസിബലിൽ കൂടാൻ പാടില്ല. എന്നാൽ, സൈലൻസർ മാറ്റുന്നതോടെ ഇത് 120 ഡെസിബലിൽ കൂടുതലാകും.

സ്‌കൂള്‍ പാചക തൊഴിലാളികള്‍ മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തും

 സ്‌കൂള്‍ പാചക തൊഴിലാളികള്‍ മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തും


മലപ്പുറം: കോവിഡ് മൂലം അടഞ്ഞു കിടക്കുന്ന സകൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് ജൂണ്‍ മാസം മുതല്‍ വേതനം ലഭിക്കാത്തതുമൂലം ദാരിദ്യത്തിലും പട്ടിണിയിലുമാണെന്ന് സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്എംഎസ്) മലപ്പുറം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.2017 മുതലുള്ള വേതചന വര്‍ദ്ധനവിന്റെ കുടിശ്ശിക സംഖ്യ സര്‍ക്കാര്‍ നല്‍കാന്‍ ഉത്തരവിട്ടിട്ടും അത് അനുവദിക്കാന്‍ തയ്യാറാവുന്നില്ല. പ്രതിമാസം 10 ദിവസത്തെ വേതനമെങ്കിലും 5500 രൂപ ഉടന്‍ അനുവദിക്കുക, വേതന വര്‍ദ്ധനവിന്റെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഒക്ടോബര്‍ 12 മുതല്‍ മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തും. ഇതിന്റെ ഭാഗമായി ഭരണപക്ഷത്തെ എല്ലാ എം എല്‍ മാര്‍ക്കും ജില്ലാ കമ്മിറ്റികള്‍ നിവേദനം നല്‍കി. പി. വി. അന്‍വര്‍ എം എല്‍ എ ക്ക് മലപ്പുറം ജില്ലാ കമ്മിറ്റി നിവേദനം നല്‍കി. ജില്ലാ പ്രസിഡന്റ് കെ എം സുശീല, അബ്ദുള്ളക്കുട്ടി മമ്പാട്, പാറക്കല്‍ ശരീഫ്, ഹംസ എടക്കര, സുലൈഖ ഓടായിക്കല്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു

കൊളപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിൽ വിജയോത്സവം - 20 സംഘടിപ്പിച്ചു

 കൊളപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിൽ വിജയോത്സവം - 20 സംഘടിപ്പിച്ചു


ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ. പി. ഉണ്ണുകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി എ പ്ലസ് ജേതാക്കളെയും എൻ എം എം എസ്,യു എസ് എസ്, എൽ എസ് എസ് നേടിയവരെയും ആധരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുബൈദ കുപ്പേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ റിയാസ് കല്ലൻ, മെമ്പർ ശൈലജ പുനത്തിൽ, PTA പ്രസിഡന്റ്‌ കല്ലൻ റഷീദ്,  വൈസ് പ്രസിഡന്റ്‌ പികെ. റഷീദ്, MTA പ്രസിഡന്റ്‌ റസിയ എന്നിവർ ഉപഹാരങ്ങൾ നൽകി.

അഞ്ചാംതവണയും 100%വിജയം നേടിയ സ്‌കൂളിനുള്ള വ്യാപാരി വ്യവസായി കൊളപ്പുറം യൂണിറ്റ് ഏകോപന സമിതിയുടെ ഉപഹാരം യൂണിറ്റ് ഭാരവാഹികളായ ചോലക്കൽ മൂസ, സി. കെ. അയ്യപ്പൻ, അഭിലാഷ് സേവന, കെ. മുസമ്മിൽ, വി.ഫഖ്റുദ്ധീൻ എന്നിവർ ചേർന്ന് നൽകി.

HM ഇന്ദിര. ടി സ്വാഗതവും വിജയഭേരി കോർഡിനേറ്റർ പി. അബ്ദുൽഗഫൂർ നന്ദിയും പറഞ്ഞു.

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് നടത്തി

 അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് നടത്തി


അബ്ദുറഹിമാൻ നഗർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ദുറഹിമാൻ നഗർ പോസ്റ്റാഫീസിലേക്ക് ട്രാക്ടർ മാർച്ച് നടത്തി.ഹംസതെങ്ങിലാൻ, കെ.കെ.രാധാകൃഷ്ണൻ, പി.സി.ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, പി.കെ.മൂസഹാജി, സി.കെ.ആലസ്സൻ കുട്ടി, സി.പി മൊയ്ദീൻ കുട്ടി.കെ.എം.ശ്രീധരൻ.അഷ്ക്കറലി പി.പി,സക്കീർ ഹാജി,മൊയ്ദീൻ കുട്ടി മാട്ടറ.ഷമീർ കാബ്രൻ.സുലൈഖ മജീദ്.ഹസ്സൻ പി.കെ,അശോകൻ .സി, മജീദ് പൂളക്കൽ, രാജൻ വാക്കയിൽ, ഷൈലജ പുനത്തിൽ, ചാത്തമ്പാടൻ സൈദലവി,പ്രമോദ് ചാലിൽ,സുരേഷ് മമ്പുറം, ജാഫർ മമ്പുറം ,അസീസ് കാബ്രൻ ,ചന്ദ്രൻ സി, സമദ് പുകയുർ, അഫ്സൽ ചെണ്ടപ്പുറായ,സവാദ് സലിം, മുഹമ്മദ് ബാവ, കുഞ്ഞാത്തൻ പുതിയത് പുറായ, അഹമ്മദ് തിരുത്തി,അബ്ദുപ്പ എൻ കെ, ചെമ്പൻ മുഹമദലി, എന്നിവർ നേതൃത്വം നൽകി.

25 September 2020

കൊറോണ പോളിസിയെടുക്കാം, ചികിത്സിച്ച് പാപ്പരാവാതിരിക്കാൻ

 കൊറോണ പോളിസിയെടുക്കാം, ചികിത്സിച്ച് പാപ്പരാവാതിരിക്കാൻ



വേങ്ങര: സർക്കാർ ആശുപത്രികളിലാണ് ചികിത്സയെങ്കിൽ കോവിഡ് രോഗിക്ക് ഭക്ഷണമടക്കം എല്ലാം സൗജന്യം. സ്വകാര്യ ആശുപത്രികളിൽ ഭക്ഷണം മുതൽ നഴ്‌സുമാരും ഡോക്ടർമാരും ധരിക്കുന്ന പി.പി.ഇ. കിറ്റിന്റെ പണംവരെ രോഗി നൽകണം. ഒരാൾക്ക് 60,000 മുതൽ നാലും അഞ്ചും ലക്ഷംവരെ രൂപ ചെലവുവരാം.

സംസ്ഥാനത്ത് കോവിഡ് ബാധിതർ കൂടിവരുമ്പോഴും അപൂർവംചിലർ മാത്രമാണ് കൊറോണ ഇൻഷുറൻസ് എടുത്തവർ. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചതനുസരിച്ച് രാജ്യത്തെ പ്രമുഖ ജനറൽ -ആരോഗ്യ ഇൻഷുറൻസ് കമ്പനികളെല്ലാം കൊറോണ ഇൻഷുറൻസ് പോളിസികൾ തുടങ്ങിയിട്ടുണ്ട്. 500 രൂപമുതൽ 5000 രൂപവരെ പ്രീമിയം അടച്ചാൽ അമ്പതിനായിരംമുതൽ അഞ്ചുലക്ഷംവരെ ആനുകൂല്യം ലഭിക്കുന്നതാണ് പോളിസികൾ.അജ്ഞതയാണ് പ്രശ്‌നം


കൊറോണ ഇൻഷുറൻസ് പോളിസി സംബന്ധിച്ച അജ്ഞതയാണ് ഇതിന് വേണ്ടത്ര പ്രചാരം കിട്ടാത്തതിന് കാരണം. രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പോളിസി അനിവാര്യമാണ്.

സമസ്ത പൊതുപരീക്ഷാ തിയതി പ്രഖ്യാപിച്ചു

 സമസ്ത പൊതുപരീക്ഷാ തിയതി പ്രഖ്യാപിച്ചു


സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ പൊതുപരീക്ഷ 2021 ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ നടക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത പൊതുപരീക്ഷ നടത്തുന്നത്. 2020 നവംബർ രണ്ടുമുതൽ ഡിസംബർ ഒന്നുവരെ ഫീസ് അടയ്ക്കാം. അപേക്ഷയും ഫീസും ഓൺലൈൻ മുഖേനയാണ് സ്വീകരിക്കുക. www. online.samastha.info സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

ചേളാരി സമസ്താലയത്തിൽ ചേർന്ന സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ പരീക്ഷാബോർഡ് യോഗത്തിൽ ചെയർമാൻ എം.ടി. അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനംചെയ്തു.


ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ്‌ലിയാർ, ഡോ. എൻ.എ.എം. അബ്ദുൽഖാദിർ, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, കെ. മോയിൻകുട്ടി എന്നിവർ പ്രസംഗിച്ചു.

കര്‍ഷക ദ്രോഹ ബില്ലിനെതിരെ പിഡിപി പ്രതിഷേധ റാലി

 കര്‍ഷക ദ്രോഹ ബില്ലിനെതിരെ പിഡിപി പ്രതിഷേധ റാലി


പറപ്പൂര്‍: രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും കാത്തു സൂക്ഷിക്കുന്ന നാടിന്റെ നട്ടെല്ലായ കര്‍ഷകരെയും കൃഷിയെയും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനും കര്‍ഷക സമൂഹത്തെ ഒറ്റു കൊടുക്കാനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ഷക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പിഡിപി പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറപ്പൂര്‍ പാലാണിയില്‍ പ്രതിഷേധ റാലി നടത്തി. കുറ്റിത്തറ പെട്രോള്‍ പമ്പിന് സമീപത്തു നിന്നും ആരംഭിച്ച റാലി പാലാണിയില്‍ സമാപിച്ചു.

കുരുണിയന്‍ ചേക്കു, ത്വാഹ പൂന്തിരുത്തി ,നസീര്‍ ചെമ്പകശ്ശേരി ,ഷാജഹാന്‍ ,അബ്ദു റഹൂഫ് പാലാണി ,പി ടി കുഞ്ഞുമുഹമ്മദ് ,സിദ്ധീഖ് കുരിക്കള്‍ ബസാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വരണിക്കുളങ്ങര - വാളക്കുട റോഡ് കെ എൻ എ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു

 വരണിക്കുളങ്ങര - വാളക്കുട റോഡ്  കെ എൻ എ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു


കണ്ണമംഗലം ഗ്രാമപഞ്ചായത്  വരണിക്കുളങ്ങര - വാളക്കുട റോഡ് 2018 -19 വർഷത്തെ കെ എൻ എ  ഖാദർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവിൽ പ്രവൃത്തി പൂർത്തിയാക്കിയ റോഡ് എം എൽ എ ഉദ്ഘാടനം ചെയ്തു.ചാക്കീരി അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.ബ്ലോക് പ്രസി ,ചാലിൽ ബേബി (പ്രസി. പഞ്ചായത്ത്), സലീം മാസ്റ്റർ പുള്ളാട്ട് ( വൈസ് : പ്രപഞ്ചായത്ത് ) , പുളിക്കൽ അബൂബക്കർ മാസ്റ്റർ, റസാഖ് കൊമ്പത്തിയിൽ , ഷരിഫ PE, ബേബി ശ്രീ , അരീക്ക കുങ്ങുട്ടി, c കുട്ട്യാലി , പുള്ളാട്ട് കുഞ്ഞിപ്പാ, ചുക്കൽ കലാം, മനാട്ടിൽ സൈതലവി, പുള്ളാട്ട് അബ്ദൂ, പൂള്ളാട്ട് ആപ്പ,  പുള്ളാട്ട് മുസ്ഥഫ, പുള്ളാട്ട് മുജീബ്, cm.വിശ്വഭരൻ , അരീൻ സംഷുമാസ്റ്റർ, മുഹമ്മദ് കുട്ടി KT,

PP കുഞ്ഞി മൊയ്തീൻ കുട്ടി മാസ്റ്റർ, കുഞ്ഞഹമ്മദ് PT, മുഹമ്മദ് റാഫി , EK, മൂജീബ്, വേലായുധൻ സിദ്ദീഖ് M. കുട്ടൻ എം തുങ്ങിയവർ സംബന്ധിച്ചു.

മുപ്പത് വർഷത്തിലേറെ ട്ടാറിടാതെ കിടന്ന പൂച്ചോലമാട്-പുള്ളാട്ട്തൊടു റോഡിന് ഒടുവിൽ ശാപമോക്ഷം

 മുപ്പത് വർഷത്തിലേറെ ട്ടാറിടാതെ കിടന്ന പൂച്ചോലമാട്-പുള്ളാട്ട്തൊടു റോഡിന് ഒടുവിൽ ശാപമോക്ഷം


കണ്ണമംഗലം: കഴിഞ്ഞ 30 വർഷത്തിലേറെ ട്ടാറിടാതെ കിടന്ന പൂച്ചോലമാട്-പുള്ളാട്ട്തൊടു റോഡിന് ഒടുവിൽ ശാപമോക്ഷം. നൂറിലധികം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ഈ റോഡ് പ്രദേശ വാസികളായ പുള്ളാട്ട്, വടക്കീൽ കുടുംബങ്ങൾ 50 ലക്ഷത്തിലധികം വിലവരുന്ന ഭൂമി സൗജന്യമായി ഗവൺമെന്റിന് വിട്ടുനൽകിയതിലൂടെ KNA കാദർ MLA യുടെ 2018-2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു.

ഉൽഘാടനം:KNA KADHER MLA

അദ്ധ്യക്ഷൻ: ചാക്കീരി കുഞുട്ടി

സ്വാഗതം: പുള്ളാട്ട് റാഫി

നന്ദി: പുള്ളാട്ട് കുഞ്ഞിപ്പ.

പങ്കെടുത്തവർ: പുള്ളാട്ട് ഷാഫി, പുള്ളാട്ട് അഹമ്മദ് കുട്ടി പുള്ളാട്ട് മുസ്തഫറസാഖ് കൊബത്തിയിൽ, സൈതലവി, വിശ്വംഭരൻ, മുജീബ്

24 September 2020

കോവിഡ് ഇളവുകള്‍ ദുരുപയോഗിക്കരുത് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ഡി.എം.ഒ: ഡോ.കെ.സക്കീന

കോവിഡ് ഇളവുകള്‍ ദുരുപയോഗിക്കരുത് ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ഡി.എം.ഒ: ഡോ.കെ.സക്കീന


മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന. ജില്ലയില്‍ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം 700 പിന്നിടുന്നത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 763 പേരില്‍ ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 750 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നത് ആശങ്കാജനകമാണ്. ഇതര രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗബാധിതരാകുന്ന സ്ഥിതി ജില്ലയില്‍ കുറഞ്ഞു വരികയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരാകുന്നവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി വര്‍ധിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. വൈറസ് ബാധയ്ക്കുള്ള സാഹചര്യം സജീവമായിരിക്കെ സ്വയമുള്ള പ്രതിരോധമാണ് ഓരോരുത്തരും ഉറപ്പാക്കേണ്ടത്. അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയില്‍ ഇടക്കിടെ വൃത്തിയാക്കണം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വം ഉറപ്പാക്കി മാത്രമെ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ.

മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വീട്ടിലുള്ള മറ്റുള്ളവരും തിരിച്ചറിഞ്ഞ് പരമാവധി ജാഗ്രത പുലര്‍ത്തണം. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ അവശ്യം വേണ്ടവര്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

 ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി


തിരൂരങ്ങാടി: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കക്കാട് ദേശീയപാതയോരത്തുള്ള ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

മാലിന്യസംസ്‌കരണ സംവിധാനങ്ങളൊരുക്കാത്ത സ്ഥാപനങ്ങൾക്കെതിരേയും നടപടിയെടുത്തു

കക്കാട്ടെ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ആരോഗ്യവിഭാഗം അറിയിച്ചു.


പരിശോധനയ്ക്ക് മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. ചന്ദ്രൻ, ജെ.എച്ച്.ഐമാരായ എം. സന്തോഷ്‌കുമാർ, കെ.വി. അൻവർ, പി.വി. അനുപമ തുടങ്ങിയവർ നേതൃത്വംനൽകി.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������