Labels

23 August 2019

പ്രളയം വിളക്കണച്ച വീടുകളില്‍ വീണ്ടും പ്രതീക്ഷയുടെ തിരി തെളിയിച്ച് EWSCES

പ്രളയം വിളക്കണച്ച വീടുകളില്‍ വീണ്ടും പ്രതീക്ഷയുടെ തിരി തെളിയിച്ച് EWSCES

EWSCES ന്റെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ നൂറുക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ ദിവസങ്ങളുടെ പ്രയത്നങ്ങളാല്‍ വേങ്ങര പ്രദേശത്തെ  വെള്ളം കയറിയിറങ്ങിയ വീടുകളിലെ താറുമാറായ വയറിങ്ങുകള്‍ ശരിയാക്കി വൈദ്യുതീകരണ പ്രവര്‍ത്തികള്‍  പൂര്‍ത്തികരിച്ചു.

ഇലക്ട്രിക്കല്‍ വയര്‍മാന്‍,സൂപ്പര്‍ വൈസര്‍ കോണ്‍ട്രാക്ടേഴ്സ് ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനാര്‍ത്ഥം ജില്ലയിലെ പ്രളയം ബാധിച്ച ആയിരക്കണക്കിന് വീടുകളിലെ താറുമാറായ വയറിങ് കേടുപാടുകള്‍ തീര്‍ത്ത് വൈദ്യുതീകരണ പ്രവൃത്തി നടത്തി  കൊണ്ടിരിക്കുന്നതിന്‍റെ ഭാഗമായാണ് ഇവര്‍ വേങ്ങര കൂരിയാട്, മാതാട്,പാണ്ഡിക ശാല,,മണ്ണംപിലാക്കല്‍,കാളിക്കടവ്,മുതലമാട്,മഞ്ഞമാട് എന്നീ പ്രദേശങ്ങളിലെ നാനൂറില്‍ പരം വീടുകളിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.  

സംഘടനയുടെ ശ്രദ്ധേയമായ പ്രളയാനന്തര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട്   തിരുവനന്തപുരം റിട്ടേഡ് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എന്‍.പി വിജയകുമാര്‍ കഴിഞ്ഞ ദിവസം വേങ്ങരയിലെത്തി സംഘടന നേതാക്കളെയും  പ്രവര്‍ത്തകരെയും അനുമോദിക്കുകയും തുടര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതും ഏറെ ശ്രദ്ധേയമായി.

വേങ്ങര മേഖലയിലെ പ്രളയാനന്തര വീടുകളില്‍ വെളിച്ചം നല്‍കാന്‍ നേതൃത്വം നല്‍കിയ  സംഘടന നേതാക്കളെയും പ്രവര്‍ത്തകരെയും
വേങ്ങര പഞ്ചായത്ത് സ്റ്റാന്‍റീങ് കമ്മറ്റി ചെയര്‍മാന്‍ പറങ്ങോടത്ത് അസീസും മറ്റു ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് അനുമോദിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം ഹംസ,കെ.എസ്.ഇ.ബി വേങ്ങര അസിസ്റ്റന്‍റ് എഞ്ചിനിയര്‍ വിജയകുമാര്‍,വെന്നിയൂര്‍അസിസ്റ്റന്‍റ് എഞ്ചിനിയര്‍ സനോജ്,സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ജാഫര്‍ ചേളാരി,ജില്ലാ പ്രസിഡണ്ട് കെ.എം.മൊയ്തീന്‍ കരിമ്പില്‍,ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.വിശ്വനാഥന്‍ തിരൂര്‍,എം.നസീര്‍ തിരൂര്‍,ജയചന്ദ്രന്‍ കുന്നുംപുറം,അബ്ദുല്‍ ഗഫൂര്‍ പുത്തൂര്‍,അഷ്റഫ് ആതവനാട്
അലി വേങ്ങര,പ്രശാന്ത് വള്ളിക്കുന്ന്,സുബീഷ് മലപ്പുറം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മണികണഠന്‍ വേങ്ങര ,ഷാജഹാന്‍ താനൂര്‍,ഷൈജുജാന്‍ തിരൂര്‍,വേണു വേങ്ങര,ഗഫൂര്‍ വേങ്ങര,അബ്ദു പരപ്പനങ്ങാടി  എന്നിവര്‍ നേതൃത്വം നല്‍കി.

എങ്ങനെ നികത്തും ഇനി ഈ നഷ്ടം

എങ്ങനെ നികത്തും ഇനി ഈ നഷ്ടം

വേങ്ങര:വെള്ളപ്പൊക്കത്തിൽ ജീവനോപാധികൾ നഷ്ടമായി കുടുംബശ്രീ യൂണിറ്റുകൾ. ഗ്രാമപ്പഞ്ചായത്തിലെ 23-ാം വാർഡിൽ ഉൾപ്പെട്ട കൂരിയാട് കുസുമം, രാഗശ്രീകളിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പതിനഞ്ചോളം വനിതകൾക്കാണ് ദുരിതം.

വിവിധതരം പൊടികൾ, അമൃതം തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ഇവരുടെ പൊടിമില്ലിലാണ് വെള്ളംകയറിയത്. അരി, മല്ലി, മുളക്, മഞ്ഞൾ പൊടികൾ, വെളിച്ചെണ്ണ എന്നിവയുടെ വിൽപ്പനയുമുണ്ട്. ‌
വേങ്ങര, എടരിക്കോട്, നന്നമ്പ്ര, ചേലേമ്പ്ര, ചെറിയമുണ്ടം പഞ്ചായത്തുകളിലെ അങ്കണവാടികൾക്കായി പോഷകാഹാരമായ അമൃതം പൊടി വിതരണംചെയ്യുന്നത് രാഗശ്രീ യൂണിറ്റാണ്. വെള്ളം വരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ 10 കുതിരശക്തിയുള്ള മോട്ടോർ കെട്ടിടത്തിനുമുകളിൽ കയറ്റിവെച്ചിരുന്നു. കഴിഞ്ഞതവണ വെള്ളംകയറിയതിന്റെ അടയാളം കണക്കാക്കിയായിരുന്നു മോട്ടോർ കയറ്റിവെച്ചത്. എന്നാൽ ഇത്തവണ കൂടുതൽ വെള്ളം ഉയർന്നു.
മോട്ടോറും ആട്ടുയന്ത്രവും പൊടിമില്ലും ദിവസങ്ങളോളം വെള്ളത്തിനടിയിലായി. പൊടിക്കാനായി സൂക്ഷിച്ചിരുന്ന അരി, മല്ലി, കൊപ്ര തുടങ്ങിയ സാധനങ്ങളും വെള്ളത്തിൽ കുതിർന്നു. യന്ത്രങ്ങളും മോട്ടോറും നന്നാക്കുന്നതിന്നായി കമ്പനികളിൽനിന്ന്‌ ആളുകളെത്തി അറ്റകുറ്റപ്പണി പൂർത്തിയാകാൻ ദിവസങ്ങളെടുക്കും. അതുവരെ ജീവിതം എങ്ങനെ തള്ളിനീക്കുമെന്ന ആശങ്കയിലാണിവർ.

കഴിഞ്ഞവർഷത്തെ പ്രളയത്തിലുണ്ടായ നഷ്ടങ്ങൾ ഏറെ പണിപ്പെട്ടാണ് ഇവർ നികത്തിയത്.

22 August 2019

മധുരിക്കും ഓർമ്മകൾ 96 PPTMYHS CHERUR 96 ബാച്ച് കുടിവെള്ള വിതരണം പത്ത് ദിനം പിന്നിട്ടു

മധുരിക്കും ഓർമ്മകൾ 96 PPTMYHS CHERUR 96 ബാച്ച് കുടിവെള്ള വിതരണം പത്ത് ദിനം പിന്നിട്ടു

ചേറൂർ PPTMYHS CHERUR 96 ബാച്ച് ലെ വാട്സ്ആപ്പ് ഗ്രൂപ്പ് ആയ മധുരിക്കും ഓർമ്മകൾ 96 ഗ്രൂപ്പിലെ അംഗങ്ങളുടെ സഹകരണത്തോടെ പ്രളയം ബാധിച്ച വീടുകളിലെ കിണറുകൾ മലിനമായതിനാൽ വേങ്ങര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്ന കുടിവെള്ളം വിതരണം  പത്താം ദിനം പിന്നിട്ടു.
 വേങ്ങരയുടെ തൊട്ടടുത്ത പ്രദേശമായ
മുതലമാട് ,പാണ്ടികശാല കാളിക്കടവ്, കൂരിയാട് പാലച്ചിറമാട്, മാതാട്, എന്നീ തുടങ്ങിയ വേങ്ങരയുടെ വിവിധ ഭാഗങ്ങളിൽ ദിവസവും 6000 ലിറ്റർ കുടിവെള്ളമാണ് വിതരണം നടത്തിയത് .
നൂറിലധികം വീടുകൾക്കാണ് ദിനംപ്രതി കുടിവെള്ളം എത്തുന്നത് ഇതിൻറെ ഔപചാരികമായ ഉദ്ഘാടന കർമ്മം  വേങ്ങര എസ് ഐ റഫീഖ് സർ നിർവഹിച്ചു.
ഈ പ്രദേശങ്ങളിൽ കുടിവെള്ളം ഒരു ശാശ്വത പരിഹാരം കാണുന്നവരെ കുടിവെള്ളവിതരണം തുടർന്നുകൊണ്ട് പോകും എന്ന് ഭാരവാഹികൾ അറിയിച്ചു 

21 August 2019

യൂണിയൻ തെരെഞ്ഞെടുപ്പ്

യൂണിയൻ തെരെഞ്ഞെടുപ്പ്

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന യൂണിയൻ തെരെഞ്ഞെടുപ്പ് കുട്ടികൾക്ക് ആവേശവും പഠനാത്മകവുമായി. ബാലറ്റ് ഉപയോഗിച്ച് നടന്ന തെരെഞ്ഞെടുപ്പിൽ എട്ട് സ്ഥാനങ്ങളിലേക്കായി ഇരുപത്തഞ്ചോളം സ്ഥാനാർത്ഥികൾ മത്സരിച്ചു. ചെയർമാനായി പി.കെ.മുഹമ്മദ് ഷാജഹാൻ വൈസ് ചെയർമാനായി എം. ആമിനാബി എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.

കെ.തഖിയുദ്ധീൻ, മുഹമ്മദ് നുസൈർ, കെ. സുഹൈർ ഉസ്മാൻ ,മുഹമ്മദ് ഹുബൈഷ്, കെ. വിപിഷ, അസീബ ജബിൻ എന്നിവർ വിവിധ പോസ്റ്റുറ്റുകളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 

തെരെഞ്ഞെപ്പിന് സ്കൂൾ പൊളിറ്റിക്കൽ സയൻസ് ക്ലബ്ബാണ് നേതൃത്വം കൊടുത്തത്. സോഷ്യോളജി ക്ലബ്ബ് നടത്തിയ എക്സിറ്റ് പോൾ ഫലം 95% വും യഥാർത്ഥ റിസൾട്ടുമായി  യോജിക്കുന്നതായിരുന്നു. 

ജി. ശ്രീജിത്ത്, യാസിർ പൂവിൽ എന്നിവർ നേതൃത്വം നൽകി. 

വിജയികളെ പി.ടി.എ പ്രസിഡന്റ് കെ.കെ.മൊയ്തീൻ കുട്ടി ഹാരാർപ്പണം നടത്തി.പ്രിൻസിപ്രാൾ യൂസുഫ് കരുമ്പിൽ, എസ്.എസ് ജി ചെയർമാൻ കെ.പി. ദുർഗ്ഗാദാസ് എന്നിവർ വിജയികളെ അഭിനന്ദിച്ചു:


ചിത്രം.: വിജയിച്ച യൂണിയൻ ഭാരവാഹികളെ പി.ടി.എ പ്രസിഡന്റ് കെ.കെ.മൊയ്തീൻ കുട്ടി ഹാരാർപ്പണം നടത്തുന്നു.

20 August 2019

പഠന പ്രവർത്തനത്തിൽ ഗവൺമെന്റ് സ്ഥാപനങ്ങളെ അടുത്തറിയുന്നതിന്റെ ഭാഗമായി വിദ്യാത്ഥികൾ വേങ്ങര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

പഠന പ്രവർത്തനത്തിൽ ഗവൺമെന്റ് സ്ഥാപനങ്ങളെ അടുത്തറിയുന്നതിന്റെ  ഭാഗമായി വിദ്യാത്ഥികൾ വേങ്ങര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

പഠന പ്രവർത്തനത്തിൽ ഗവൺമെന്റ് സ്ഥാപനങ്ങളെ അടുത്തറിയുന്നതിന്റെ ഭാഗമായി AMLP സ്കൂൾ പറപ്പൂർ വെസ്റ്റിലെ വിദ്യാർത്ഥികളും, അധ്യാപകരും,ട്രൈനീസ് അധ്യാപകവിദ്യാർത്ഥികളും കൂടി വേങ്ങര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.വേങ്ങര സബ് ഇൻസ്‌പെക്ടർ ശ്രീ.മുഹമ്മദ് റഫീഖും മറ്റു പോലീസുകാരും സ്റ്റേഷനിലേക്ക് സ്വാഗതം ചെയ്തു.സ്റ്റേഷൻ ചരിത്രങ്ങൾ അടക്കം നിലവിലെ എല്ലാ കാര്യങ്ങളും SI വിവരിച്ചു തന്നു.കുട്ടികളുടെ കുഞ്ഞു സംശയങ്ങൾക്കും പരിഭവങ്ങൾക്കും കുട്ടികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് വളരെ ലാളിത്തത്തോടെ മറുപടികൊടുത്തു.പരിപാടിയിൽ AMLP സ്കൂൾ പറപ്പൂർ വെസ്റ്റിന്റെ ഹെഡ്മാസ്റ്റർ ദിനേശൻ നായർ,SRG കൺവീനർ R.രാജേഷ്,അധ്യാപകരായ  നജ്മുന്നീസ, മഹ്‌റൂഫ് കെ. ഹാഫിസ്.പി, TTKM ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിന്റെ  അധ്യാപക വിദ്യാർത്ഥികളായ റഹീസ്, ഇൻസാം,നിവിൻ മാത്യൂ,വിനീത് എന്നിവർ പങ്കെടുത്തു.

19 August 2019

മുസ്‌തഫ ഇവർക്ക്‌ മുത്താണ്‌

മുസ്‌തഫ ഇവർക്ക്‌ മുത്താണ്‌

വേങ്ങര: പാമ്പ്‌, പാമ്പ്‌... പ്രളയം കഴിഞ്ഞ്‌ ക്യാമ്പിൽനിന്ന്‌ വീട്ടിലെത്തിയ പലരേയും പേടിപ്പിച്ചത്‌ പുതിയ അതിഥിയായിരുന്നു. വീടുകളുടെ മൂലകളിൽ, പറമ്പിലെ മരക്കൊമ്പുകളിൽ, എല്ലായിടത്തും പാമ്പുകളെ കണ്ടതോടെ വീട്ടുകാർക്ക്‌ ആശ്വാസമായത്‌ മുസ്‌തഫ. ചേറൂർ തയ്യിൽ മുസ്‌തഫ  ഇവിടത്തുകാർക്കുമാത്രമല്ല, ജില്ലയിലുള്ളവർക്ക്‌ മുഴുവനുമാണ്‌ ആശ്വാസമേകിയത്‌. വിവിധ  വീടുകളിൽനിന്ന്‌ വിവിധയിനം പാമ്പുകളെ മുസ്‌തഫ പിടിച്ചു. പലതും ഉഗ്രവിഷമുള്ളവയായിരുന്നു. മുസ്‌തഫയുടെ  പാമ്പുപിടിത്തത്തെക്കുറിച്ചറിവുള്ളവർ അദ്ദേഹത്തെ ഫോണിൽ വിളിക്കുകയായിരുന്നു. എല്ലായിടത്തും മുസ്‌തഫയെത്തി.  കൂരിയാട്, മണ്ണിൽ പിലാക്കൽ, വലിയോറ, ഊരകം എന്നിവിടങ്ങളിൽനിന്ന്‌ മാത്രമല്ല, പുളിക്കൽ, കൊണ്ടോട്ടി, വളാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽനിന്നും വിളിവന്നതായി മുസ്‌തഫ പറഞ്ഞു. രാത്രിയും പകലുമെല്ലാം ഓടിയെത്തി പാമ്പിനെ പിടികൂടി. ശംഖുവരയൻ, മൂർഖൻ, അണലി എന്നിവക്കുപുറമെ മലമ്പാമ്പുകളടക്കം അമ്പതോളം പാമ്പുകളെയാണ്‌ പിടികൂടിയത്‌. ഇവയെ വനംവകുപ്പിനെ ഏൽപ്പിച്ചു. ഉപ്പ അബുവാണ് പാമ്പുപിടിത്തത്തിൽ മുസ്തഫയുടെ ഗുരു. 

പാമ്പുകളെ മാത്രമല്ല, കടന്നൽ, തേനീച്ച തുടങ്ങിയവയേയും മുസ്‌തഫ ‘ഒതുക്കും’.  എമർജൻസി റസ്ക്യൂ ഫോഴ്സ് അംഗമായ മുസ്തഫക്ക് സഹായത്തിന്‌ സദാസജ്ജരായി ഇവരുമുണ്ട്‌.

പ്രളയത്തില്‍ കൈത്താങ്ങായവര്‍ക്ക് സാന്ത്വനത്തിന്റെ ആദരം

പ്രളയത്തില്‍ കൈത്താങ്ങായവര്‍ക്ക് സാന്ത്വനത്തിന്റെ ആദരം

വേങ്ങര : പ്രളയകാലത്ത് മികച്ച സേവനം ചെയ്തവരെ വേങ്ങര സോണ്‍ എസ് വൈ എസ് സാന്ത്വനം  ആദരിച്ചു . സോണ്‍ പരിധിയില്‍ സേവനം ചെയ്ത അറുനൂറിലധികം സാന്ത്വനം വളണ്ടിയര്‍മാര്‍, ദുരിതാശ്വാസ ക്യംപിന് നേതൃത്ത്വം നല്‍കിയ എം ആര്‍ രഘു പുഴച്ചാല്‍ , നൂറുദ്ദീന്‍ തട്ടാഞ്ചേരിമല, പി കെ ഹസീബ് കുററിത്തറ, മോളി അടക്കാപുര, വേങ്ങര എസ് ഐ മുഹമ്മദ് റഫീഖ് , സ്വന്തമായി ദുരിതാശ്വാസ ക്യാംപ് നടത്തിയ കൂരിയാട് പനമ്പുഴക്കല്‍ സൈതുമോന്‍ തങ്ങള്‍, പറപ്പൂര് , വേങ്ങര , ഊരകം 
വില്ലേജ് ഓഫീസര്‍മാരായ നവീര്‍
 സന്തോഷ് ബാബു, ശമീര്‍ ബാബു   തുടങ്ങിയവരെയാണ് ആദരിച്ചത്
. ചടങ്ങിന്റെ ഉദ്ഘാടനവും  വേങ്ങര സോണ്‍ എസ് വൈ എസ് ആരംഭിക്കുന്ന ആമ്പുലന്‍സ് സമര്‍പ്പണവും കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി പി എം മുസ്ഥഫ കോഡൂര് നിര്‍വ്വഹിച്ചു. പി പി ജബ്ബാര്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു . സയ്യിദ് ജഹ്ഫര്‍ തുറാബ് ബാഖവി , അബ്ദു റസാഖ് സഖാഫി വെള്ളിയാമ്പുറം, പി കെ എം സഖാഫി ഇരിങ്ങല്ലൂര് , പി പി സത്താര്‍, കെ കെ രാമകൃഷ്ണന്‍, എം കെ സൈനുദ്ദീന്‍ , പി അസീസ് ഹാജി, പി അബ്ദു ഹാജി, ഇബ്രാഹീം ബാഖവി
 എ കെ ഗഫൂര്‍ , മൊയ്തീന്‍ കണ്ണമംഗലം  പ്രസംഗിച്ചു. കെ കെ അലവികുട്ടി സ്വിഗതവും അതീഖ് വെങ്കുളം  ന്ദിയും പറഞ്ഞു

ശുദ്ധജലം വിതരണം ചെയ്യണം; പി ഡി പി

ശുദ്ധജലം വിതരണം ചെയ്യണം;
പി ഡി പി 
കൊളപ്പുറം:ഏ.ആർ.നഗർ പഞ്ചായത്തിലെ പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കരുത് എന്ന ആരോഗ്യ വകുപ്പ് ന്റെ കർശനമായ നിർദേശത്തിന്റെ അടിസ്ഥാനത്തില് ഈ പ്രദേശങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിന് വേണ്ട നടപടികൾ  പഞ്ചായത്ത് ഭരണസമിതി  അടിയന്തരമായി ഇടപെടണമെന്ന്  
പി ഡി പി ഏ. ആർ. നഗർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ യൂസുഫ് മമ്പുറം  അദ്ധ്യക്ഷത വഹിച്ചു റഫീഖ് പുതിയത്ത്പുറായ യോഗം ഉദ്ഘാടനംചെയ്തു . ഹമീദ് ചാലിൽ. മൻസൂർ യാറത്തുപടി. ഷൗക്കത്ത് വെട്ടം .
ലിംസാദ് പി.പി  മമ്പുറം. സുലൈമാൻപുതിയങ്ങാടി .ശിഹാബ് വി.കെ പടി . അഫ്സൽ വി എസ് മമ്പുറം എന്നിവർ പ്രസംഗിച്ചു 
ഉമ്മർകുട്ടി സ്വാഗതവും അശ്റഫ് കൊളപ്പുറം നന്ദിയും പറഞ്ഞു

17 August 2019

പ്രളയത്തിൽ ഏക്കറുകണക്കിന് കൃഷി നഷ്ടപ്പെട്ട വലിയോറ സ്വദേശി മുഹമ്മദ് കുട്ടിയ്ക്ക് സാന്ത്വനമേകി ചേറൂർ PPTMYHSS വിദ്യാർത്ഥികൾ

പ്രളയത്തിൽ ഏക്കറുകണക്കിന് കൃഷി നഷ്ടപ്പെട്ട വലിയോറ സ്വദേശി മുഹമ്മദ് കുട്ടിയ്ക്ക് സാന്ത്വനമേകി ചേറൂർ PPTMYHSS വിദ്യാർത്ഥികൾ

വലിയോറ പാടത്തെ 300 ഏക്കറോളം കൃഷി പൂർണ്ണമായും നശിച്ച മാതൃകാ കർഷകൻ മുഹമ്മദ് കുട്ടിയ്ക്ക് കാർഷികോപകരണങ്ങൾ നൽകിയും പൊന്നാട അണിയിച്ചും സ്കൂൾ സാഹിത്യ വേദി വേറിട്ട അനുഭവം സമ്മാനിച്ചു. പ്രഥമാധ്യാപകൻ ബഹു.അബ്ദുൽ മജീദ് പറങ്ങോടത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാഹിത്യ വേദി കൺവീനർ സന്തോഷ് അഞ്ചൽ സ്വാഗതം പറഞ്ഞു. മാതൃകാ കർഷകൻ വലിയോറ മുഹമ്മദ് കുട്ടിയെ ഹെഡ്മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കാർഷികോപകരണങ്ങൾ  കർഷകന് സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഹക്കീം, കെ.പി.രാജേഷ്, കെ.ഇ.സലീം, സുരേഷ് .ടി, കുഞ്ഞഹമ്മദ് ഫറൂഖ് എന്നിവർ ആശംസകൾ നേർന്നു

16 August 2019

പാസ്‌വേഡ് ക്യാമ്പ് സംഘടിപ്പിച്ചു

പാസ്‌വേഡ് ക്യാമ്പ് സംഘടിപ്പിച്ചു 

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ഹയർ സെക്കന്ററി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പാസ്‌വേഡ് സൗജന്യ വ്യക്തിത്വ വികസന - കരിയർ ഗൈഡൻസ് ക്യാമ്പ് ട്യൂണിംഗ് സെഷൻ കുറ്റൂർ നോർത്ത് കെ.എം.എച്ച്എസ്.എസിൽ സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. 

കുട്ടികളിൽ ഉപരിപoന സാധ്യതകളും തൊഴിലവസരങ്ങളും പരിചയപ്പെടുത്താനും അവരിൽ ലക്ഷ്യബോധം വളർത്താനും ഉദ്ദേശിച്ച് സംഘടിപ്പിച്ചതാണ് ഈ പരിപാടി. നൂറ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

 മാനേജർ കെ.പി.ഹുസൈൻ ഹാജി അധ്യക്ഷനായിരുന്നു. കോച്ചിംഗ് സെൻറർ പ്രിൻസിപ്പാൾ മുഹമ്മദ് ഇഖ്ബാൽ പി.കെ.എം ക്യാമ്പ് വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് മൊയ്തീൻ കുട്ടി കെ.കെ., സ്കൂൾ പ്രിൻസിപ്പാൾ യൂസുഫ് കരുമ്പിൽ, എന്നിവർ സംസാരിച്ചു. മൈനോരിറ്റി കോച്ചിം സെന്റർ സ്റ്റാഫ് ഷിബിൽ,  മിസ്ഹബ് എന്നിവർ നേതൃത്വം നൽകി.. 

അഷ്ഫ് സി.പി., അബ്ദുന്നാസർ ടി.കെ. എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

ക്യാമ്പ് കോ-ഓർഡിനേറ്റർ അസ്‌ലം കെ.പി.എം സ്വാഗതവും യാസിർ പൂവിൽ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം SSG ചെയർമാൻ ദുർഗ്ഗാദാസ് കെ പി ഉദ്ഘാടനം ചെയ്തു.  പൂർവ്വ വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ്  സീഹൻ പി.കെ, ഹാഷിം സി., റഷീദ് അരീക്കാട്ട് എന്നിവർ പങ്കെടുത്തു.

15 August 2019

ദുരിതാശ്വാസ കിറ്റ് കൈമാറി ഊരകം നെല്ലിപ്പറമ്പ് നെച്ചിക്കാട്ടിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രളയ ബാധിത പ്രദേശത്തേക്കുള്ള ദുരിതാശ്വാസ കിറ്റുകൾ ഹരിത തീരം വാട്സാപ്പ് കൂട്ടായ്മ പ്രവർത്തകർക്ക് കൈമാറി

ദുരിതാശ്വാസ കിറ്റ് കൈമാറി
ഊരകം നെല്ലിപ്പറമ്പ്നെച്ചിക്കാട്ടിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രളയ ബാധിത പ്രദേശത്തേക്കുള്ള ദുരിതാശ്വാസ കിറ്റുകൾ ഹരിത തീരം വാട്സാപ്പ് കൂട്ടായ്മ പ്രവർത്തകർക്ക് കൈമാറി
പ്രളയ ബാധിതരായ ഇരുന്നൂറിൽ പരം കുടുംബങ്ങൾക്കുള്ള   കിറ്റുകൾ ട്രസ്റ്റ് ചെയർമാൻ നെച്ചിക്കാട്ടിൽ മുഹമ്മദ്‌ കുട്ടി കൈമാറി. കിറ്റുകളുടെ വിതരണോദ്ഘാടനം വേങ്ങര സബ് ഇൻസ്‌പെക്ടർ ശ്രീ. മുഹമ്മദ്‌ റഫീഖ് നിർവഹിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  കെ. ടി അബൂബക്കർ മാസ്റ്റർ,  എം. കെ. സി മുഹമ്മദ്‌,  മുള്ളൻ കുഞ്ഞാപ്പ, എം. കെ മുസ്തഫ, ഹുസൈൻ ഊരകം,  വി. കെ മൂസാപ്പു,  വി. പി മുഹമ്മദ്‌ കുട്ടി, എൻ. കെ കുട്ടിപ്പ, വി. കെ അമീർ, നെച്ചിക്കാട്ടിൽ മുഹമ്മദ്‌, വി. കെ മമ്മുദു,  വി. കെ കുഞ്ഞിമൂസ, നെച്ചിക്കാട്ടിൽ ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു.

ക്യാമ്പിലെ സ്വാതന്ത്ര്യദിനാഘോഷം കൊളപ്പുറം പ്രളയ ദുരിതാശ്വാസ ക്യാംപിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം കൗതുകകരമായി

ക്യാമ്പിലെ സ്വാതന്ത്ര്യദിനാഘോഷം
കൊളപ്പുറം പ്രളയ ദുരിതാശ്വാസ ക്യാംപിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം കൗതുകകരമായി

ഏ.ആർ നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിയാസ് കല്ലൻ, മെമ്പർ ഇബ്രാഹിംകുട്ടി കൊളക്കാട്ടിൽ, ഹെഡ്മിസ്ട്രസ് ഇന്ദിര.ടി. എന്നിവർ ചേർന്ന് പതാക ഉയർത്തി. 

സ്വാതന്ത്ര്യദിനത്തിൽ ക്യാംപിലെ പായസവിതരണവും ഭക്ഷണ വിതരണവും കുറ്റൂർ നോർത്ത് കെ.എം എച്ച് എസ് എസ് ഏറ്റെടുത്തു . 

കൊളപ്പുറം ഭാഗത്തെ 15 വീടുകൾ കെ.എം.എച്ച് എസ് എസ്. ശുചീകരിച്ചു. നൂറോളം NSS, സ്കൗട്ട് ആന്റ് ഗൈഡ്സ് വളണ്ടിയർമാർ ക്ലീനിംഗിൽ പങ്കെടുത്തു.  ക്ലീനിംഗ് മെറ്റീരിയൽസ് അടങ്ങിയ കിറ്റുകൾ ക്യാംപിലെത്തിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന് റഷീദ് പി.കെ. , റഷീദ് കല്ലൻ, ഡോ.സുധീരൻ ചീരക്കുട, ഇന്ത്യൻ സൈനികൻ റിനൂപ്, മുനീർ വിലാശ്ശേരി, ശ്രീജിത്ത് ജി. യാസിർ പൂവിൽ, അസ് ലം കെ.പി.എം. എന്നിവർ നേതൃത്വം നൽകി.

14 August 2019

വേങ്ങര മണ്ഡലത്തിലെ പ്രളയബാധിത മുഴുവൻ അഭയാർഥി ക്യാമ്പുകളും എംഎൽഎ കെ എൻ എ കാദർ സന്ദർശിച്ചു

വേങ്ങര മണ്ഡലത്തിലെ പ്രളയബാധിത മുഴുവൻ അഭയാർഥി ക്യാമ്പുകളും എംഎൽഎ കെ എൻ എ കാദർ സന്ദർശിച്ചു

വേങ്ങര നിയോജക മണ്ഡലത്തിലെ  പ്രളയ ബാധിത പ്രദേശങ്ങളായ ഊരകം വേങ്ങര പറപ്പൂർ ഒതുക്കുങ്ങൽ എ ആർ നഗർ എന്നീ പഞ്ചായത്തുകളിലായി 12 ക്യാമ്പുകളിലായി 1121 കുടുംബങ്ങൾ 2262 അഭയാർത്ഥികളും ഉണ്ട്. മുഴുവൻ ക്യാമ്പുകളിലും വേങ്ങര എംഎൽഎ  കെ എൻ എ കാദർ സന്ദർശിച്ചു.
വേങ്ങര നിയോജക മണ്ഡലത്തിലെ വേങ്ങര ഊരകം പറപ്പൂർ എആർ നഗർ ഒതുക്കുങ്ങൽ കണ്ണമംഗലം ഗ്രാമ പഞ്ചായത്തുകളിലായി പ്രളയക്കെടുതി മൂലം ദുരിതത്തിലായ ആയിരങ്ങളെ കാമ്പുകൾ സംഘടിപ്പിച്ചും ചികിത്സിച്ചും ആഹാരവും വസ്ത്രങ്ങളും നൽകിയും മനുഷ്യ സാധ്യമായ എല്ലാ വിധത്തിലും അനേകം സുമനുസ്സുകൾ സഹായിച്ചു കൊണ്ടിരിക്കുന്നു. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ സകലരും ഒരുമിച്ചു നിന്നു.ഉദ്യോഗസ്ഥർ ജന പ്രതിനിധികൾ വിവിധ സംഘടനകൾ എല്ലാവരും രാപകൽ സേവനങ്ങൾ ചെയ്യുന്നു. വേങ്ങര തിരൂരങ്ങാടി കോട്ടക്കൽ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥൻ വില്ലേജ് ഓഫീസർ മാർ പഞ്ചായത്ത് സെക്രട്ടറിമാർ ഡോക്ടർമാർ പാരാമെഡിക്കൽ സ്റ്റാഫ് സ്കൂൾ അദ്ധ്യാപകർ എഇഒമാർ കച്ചവടക്കാർ കൃഷിക്കാർ സൈനികർ പ്രവാസികൾ വിദ്യാർഥികൾ കുടുംബ ശ്രീ,അംഗൻ വാടി,ക്ലബ്ബ്കൾ,രാഷ്ട്രീയ പാർട്ടികൾ,യുവജന സംഘടനകൾ,മഹിളകൾ തുടങ്ങിയവർ തുല്യത ഇല്ലാത്ത സേവനം നൽകി.എണ്ണമറ്റ മനുഷ്യ സ്നേഹികളെ കാണാൻ കഴിഞ്ഞു. പേരു പരാമർശിക്കുവാൻ ആഗ്രഹിക്കുന്നവരല്ല അവർ.ജില്ലാ കലക്ടർ ജില്ലാ പോലീസ് സൂപ്രണ്ട് ഉൾപ്പെടെ എല്ലാവർക്കും എംഎൽഎ അഭിനന്ദനങ്ങൾ അറിയിച്ചു

07 August 2019

ഔഷധക്കഞ്ഞി വിതരണം നടത്തി

ഔഷധക്കഞ്ഞി വിതരണം നടത്തി

കുറ്റൂർ നോർത്ത് കെ.എം.എച്ച് എസ്എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധ കഞ്ഞിയുണ്ടാക്കി സ്കൂളിൽ വിതരണം ചെയ്തു. കർക്കിടക മാസത്തിലെ പരമ്പരാഗത ഔഷധക്കൂട്ടുകൾ ചേർത്താണ് കഞ്ഞിയുണ്ടാക്കിയത്. കുട്ടികളിൽ ആയുർവേദ ചിന്തയും ശീലവും വളർത്താൻ വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.    മറന്നു പോയ  സംസ്കാരങ്ങളും ആരോഗ്യ രംഗത്തെ പഴമക്കാരുടെ കരുതലുകളും  ഓർമ്മപെടുത്താൻ കഞ്ഞി വിതരണം സഹായകമായി 
ഹെഡ് മാസ്റ്റർ പി.ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബേബി ജോൺ ആശംസകൾ നേർന്നു. .സ്കൗട്ട്മാസ്റ്റർ ശംസുദ്ദീൻ, ഗൈഡ്സ് ക്യാപ്റ്റന്മാരായ മജ്ഞുശ്റീ, സ്മിത, ആർ.അനുസ്മിത, പി. ശോഭന എന്നിവർ നേതൃത്വം നൽകി.  

വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സന്ദർശിച്ച് പരിസരശുചീകരണവും രോഗി പരിചരണവും നടത്തി വിദ്യാർത്ഥികൾ

വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സന്ദർശിച്ച് പരിസരശുചീകരണവും രോഗി പരിചരണവും നടത്തി വിദ്യാർത്ഥികൾ 

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസിലെ  കേഡറ്റുകൾ വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സന്ദർശിച്ച് പരിസരശുചീകരണവും രോഗി പരിചരണവും നടത്തി. വിദ്യാർത്ഥികളിൽ ആതുര സേവന മനോഭാവം വളർത്തുന്നതിന് അതിന് ഏറെ പ്രയോജനകരമായ പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പറങ്ങോടത്ത്  അബ്ദുൽമജീദ് അധ്യക്ഷത  വഹിച്ചു. വേങ്ങര ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ എ കെ മുഹമ്മദലി കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ഡോക്ടർ സെലീന മുക്താർ മഹൽ, വേങ്ങര എസ് ഐ അബൂബക്കർ, പിടിഎ പ്രസിഡൻറ് മുജീബ്, ഡോക്ടർ സഞ്ജു, ഹെൽത്ത് സൂപ്പർവൈസർ ബാബു, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ നിസാർ അഹമ്മദ് കെവി, സബ്ന വി എം എന്നിവർ സംസാരിച്ചു.

03 August 2019

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

പെരുവള്ളൂർ: ലോക സൗഹൃദ ദിനത്തിൽ വ്യത്യസ്തമായൊരു ചങ്ങാത്തവുമായി ഒളകര ഗവ:എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കൗതുകമായി. 'ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട' എന്ന സന്ദേശമുൾക്കൊണ്ട് പുസ്തകങ്ങളെ കൂട്ടുകാരായി മാറ്റിയിരിക്കുകയാണ് കുരുന്നുകൾ.പുസ്തകങ്ങൾക്കെല്ലാം  ലച്ചു,കിച്ചു,മിന്നു,പൊന്നു എന്നിങ്ങനെ ചെല്ലപ്പേര് നൽകി തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ.ഇതോടൊപ്പം
ഇനിമുതൽ തങ്ങളുടെ ജന്മദിനങ്ങളിൽ സ്കൂൾ ലൈബ്രറി യിലേക്ക് പുസ്തകമാകുന്ന ഓരോ ചങ്ങാതി മാരെ സംഭാവന ചെയ്യാനും    ഈ കുട്ടിക്കൂട്ടം തീരുമാനിച്ചു കഴിഞ്ഞു.പ്രതിജ്ഞ ചൊല്ലി സ്വാഗത ഗാനവും ആലപിച്ച് അവരോരോരുത്തരും തങ്ങളുടെ നിഷ്കളങ്കരായ
ചങ്ങാതി മാരെ വരവേറ്റു.പ്രവർത്തനങ്ങൾക്ക് അധ്യാപകരായ പി.കെ  ഷാജി, സദഖത്തുള്ള പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകി.

30 July 2019

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന് എല്ലാ പിന്തുണയും നൽകും - കെ.എൻ.എ.ഖാദർ എംഎൽഎ

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന് എല്ലാ പിന്തുണയും നൽകും - കെ.എൻ.എ.ഖാദർ എംഎൽഎ

വേങ്ങര നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്‌ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളുടെ ശാക്തീകരണത്തിനും അക്കാദമിക മുന്നേറ്റത്തിനും പൂർണ പിന്തുണ നൽകുമെന്ന് കെ.എൻ.എ.ഖാദർ എംഎൽഎ എമർജിങ് വേങ്ങര എന്ന പേരിൽ നടത്തിയ വിദ്യാഭ്യാസ അവലോകന സംഗമത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. 
മണ്ഡലത്തിൽ നടപ്പാക്കുന്ന
സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ വിവിധ പരിപാടികൾക്ക് അംഗീകാരം നൽകി. എംഎൽഎ നടത്തുന്ന ക്രിയാത്മക ഇടപെടലുകൾക്ക് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പൂർണ സഹകരണം വാഗ്ദാനം ചെയ്തു.
80 വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ, പിടിഎ, എസ്എംസി ഭാരവാഹികൾ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ കലക്ടർ ജാഫർ മാലിക് ഐഎഎസ്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം ഐപിഎസ്, ഡിഇഒ കെ.സി.അബ്ദുൽ ഹമീദ്, എഇഒ വി.കെ.ബാലഗംഗാധരൻ, കെ.ടി.അമാനുള്ള എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ പ്രതിനിധികൾ വിവിധ ആശയങ്ങൾ അവതരിപ്പിച്ചു.

ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഒളകരയിലെ കുരുന്നുകളും

ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഒളകരയിലെ കുരുന്നുകളും

പെരുവള്ളൂർ: ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി.പൊതു തെരഞ്ഞെടുപ്പിന്റെ സമസ്ത മേഖലകളെയും സ്പർശിച്ചു കൊണ്ട് ,
സ്കൂൾ ലീഡർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.നാമ നിർദ്ദേശ
പത്രിക സമർപ്പണം മുതൽ സ്കൂൾ അങ്കണത്തെ പുളകം കൊള്ളിച്ചു കൊണ്ട് ' കൊട്ടിക്കലാശം' വരെ .

വോട്ടിംഗ് യന്ത്രത്തിനെതിരെ വ്യാപക പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ വോട്ടിംഗ് ബാലറ്റ് പേപ്പറിൽ ആയിരുന്നു. വിദ്യാലയത്തിലെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ യുള്ള 250 ൽ പരം വിദ്യാർത്ഥികൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.
കന്നി വോട്ടവകാശം വിനിയോഗിച്ച കുട്ടിവോട്ടർമാരിൽ അമ്പരപ്പിലേറെ ജിഞാസ
പ്രകടമായിരുന്നു.
ക്രമസമാധാന പാലകരായി കുട്ടിപ്പോലീസുകാരും അരങ്ങുവാണു. ഒടുവിൽ ഫലപ്രഖാപനത്തോടെ ദിവസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയ ക്ക് വിരാമമായി.

ഫലം പ്രഖ്യാപിച്ചപ്പോൾ പാർവ്വതി നന്ദ സ്കൂൾ ലീഡറായും,അനാമിക വിദ്യാഭ്യാസ മന്ത്രിയായും, റിഫ ജബിൻ ആരോഗ്യ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രവർത്തനങ്ങൾക്ക് അധ്യാപകരായ പി.കെ . ഷാജി, സദഖത്തുള്ള പെരുവള്ളൂർ, ഫഹ്മിദ എന്നിവർ നേതൃത്വം നൽകി.

29 July 2019

സ്വന്തം ജീവൻ പണയം വെച്ച് ലത ടീച്ചർ രക്ഷിച്ചത് മൂന്ന് ജീവനുകൾ:

സ്വന്തം ജീവൻ പണയം വെച്ച് ലത ടീച്ചർ രക്ഷിച്ചത് മൂന്ന് ജീവനുകൾ:

പെരുവള്ളൂർ: ഇന്നലെ (28-07-2019)തന്റെ വീടിനടുത്തുള്ള കുളത്തിൽ മുങ്ങി താഴ്ന്ന് മരണത്തോട് മല്ലടിക്കുകയായിരുന്ന മൂന്ന് മനുഷ്യ ജീവനുകൾ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച ലത ടീച്ചർക്ക് അഭിനന്ദന പ്രവാഹം. പെരുവള്ളൂർ ഇല്ലത്ത് മാട്ടിലാണ് സംഭവം.  സഹോദരി മാരായ സഫറീന, സജ നഷ്റി, ഇവരുടെ കൂട്ടുകാരിയായ റെസ് ല എന്നീ മൂന്നു പെൺകുട്ടികളെയാണ് ലത ടീച്ചർ കുളത്തിലേക്കെടുത്തുചാടി രക്ഷപ്പെടുത്തിയത്.
വിവാഹം കഴിച്ച് ചേലേമ്പ്രയിൽ താമസിക്കുന്ന ടീച്ചർ ശനിയാഴ്ച സ്വദേശമായ പെരുവള്ളൂർ ഇല്ലത്തുമാട്ടിലെ വീട്ടിലേക്ക് വന്നതായിരുന്നു. വീടിന്റെ തൊട്ടടുത്തുള്ള കുളത്തിൽ കുളിക്കാൻ വന്ന സമയത്താണ് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ദയിൽ പെട്ടത്. രക്ഷപ്പെടുത്തലിനിടെ
അവശയായ ടീച്ചറെ അതുവഴി വന്ന  സഹോദരൻ പിടിച്ചു കരക്കെത്തിക്കുകയും കുട്ടികളെ രക്ഷിതാക്കളെ ഏൽപ്പിക്കുകയും ചെയ്തു. ടീച്ചർ തക്ക സമയത്ത് അവസരോചിതമായി പ്രവർത്തിച്ചതിനാൽ നാടിനെ കണ്ണീരിൽ ആഴ്ത്തുമായിരുന്ന വൻ ദുരന്തം ഒഴിവായി. വേങ്ങര അൽ ഇഹ്സാൻ സ്കൂൾ അധ്യാപിയാണ് ലത ടീച്ചർ.

ലത ടീച്ചർക്ക് അഭിനന്ദനങ്ങൾ

18 July 2019

കണ്ണമംഗലത്ത് കുളം നന്നാക്കി; ഇനി നീന്താം

കണ്ണമംഗലത്ത് കുളം നന്നാക്കി; ഇനി നീന്താം

കണ്ണമംഗലം:പടപ്പറമ്പിലെ ഇരിങ്ങാലത്തൂർ കുളം കുളിക്കാനും നീന്താനും പറ്റുന്ന തരത്തിലാക്കി. കുളം വലുതാക്കി വൃത്തിയാക്കി ചുറ്റും സുരക്ഷാഭിത്തികളും ഇറങ്ങാനുള്ള പടവുകളും പണിതിട്ടുണ്ട്.

ജില്ലാപഞ്ചായത്ത് സുവർണ ജൂബിലി സ്മാരകമായാണ് കുളം പണിതീർത്തത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്തു. പടപ്പറമ്പ് എൽ.പി. സ്‌കൂൾ വിദ്യാർഥികൾക്ക് നീന്തൽ കുപ്പായം വിതരണംചെയ്തു. കുളത്തിൽവെച്ച് നീന്തൽ മത്സരവും നടന്നു. ജില്ലാപഞ്ചായത്തംഗം സലിം കുരുവമ്പലം അധ്യക്ഷനായി. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ്, കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സരോജിനി, പുള്ളാട്ട് സലീം, പൂക്കുത്ത് മുജീബ്, കാമ്പ്രൻ നൗഷാദ്, നെടുമ്പള്ളി സൈത്, ജാഫർ, പുളിക്കൽ അബൂബക്കർ, കൊമ്പത്തിയിൽ റസാഖ് എന്നിവർ പ്രസംഗിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������