Labels

17 December 2017

ലഹരി ഉപയോഗത്തിനെതിരെ ഒതുക്കുങ്ങല്‍ പഞ്ചായത്ത്

ലഹരി ഉപയോഗത്തിനെതിരെ ഒതുക്കുങ്ങല്‍ പഞ്ചായത്ത്‌

ഒതുക്കുങ്ങല്‍: വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി സമഗ്രപദ്ധതിയുമായി ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത്‌ രംഗത്ത്‌. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ വിപുലമായ ബോധവത്‌ക്കരണം, പരിശോധന എന്നിവ സംഘടിപ്പിക്കാനാണ്‌ പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനിച്ചിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി രാഷ്ര്‌ടീയ പാര്‍ട്ടികള്‍, മതസംഘടനകള്‍, വിദ്യാര്‍ഥിയുവജന സംഘനകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവയുടെ പഞ്ചായത്ത്‌തല നേതാക്കളുടെ യോഗം ഇന്ന്‌ രാവിലെ 10.30ന്‌ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും നിയമവിരുദ്ധമിയി നടക്കുന്ന ലഹരി വില്‍പനയും ഉപയോഗവും തടയുക, ലഹരി ഉപയോഗംമൂലമുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ബോധവല്‍ക്കരിക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീഫാത്തിമ പറഞ്ഞു.

മാസ്റ്റർ പീസിൽ ഓടിയൻസായി വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികൾ

വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികള്‍ ഓഡിയന്‍സായി ചിത്രീകരിച്ച മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് എന്ന സിനിമയുടെ പാട്ട് റിലീസായി.കോളേജ് സ്റ്റോറിയില്‍ കോളേജ് ഹാളില്‍ നടക്കുന്ന കലാപരിപാടികളുമായി ബന്ധപ്പെട്ട ഭാഗം കോഴിക്കോട് വെച്ച് രണ്ട് മാസം മുമ്പ് ചിത്രീകരിച്ചപ്പോഴാണ് വേങ്ങര കോ ഓപ്പറേറ്റീവ് കോളേജിലെ പെണ്‍ കുട്ടികള്‍ക്ക് ഓഡിയന്‍സാവാന്‍ ക്ഷണം ലഭിച്ചിരുന്നത്.എല്ലാ ചിലവുകളും നിര്‍മ്മാതാവ് തന്നെ വഹിച്ചാണ് സൗകര്യ മേര്‍പ്പെടുത്തി വേങ്ങരയിലെ കുട്ടികളെ ഷൂട്ടിങ്ങിന്റെ ഭാഗമാക്കിയത്.
ചരിത്രത്തിലാദ്യമാണ് വേങ്ങരയിലെ വിദ്യാര്‍ഥികള്‍ക്ക് ഷൂട്ടിംങ് കാണുന്നതിനോടൊപ്പം ചിത്രത്തിന്റെ ഭാഗമാവാനും അവസരം ലഭിക്കുന്നത് .ചിത്രം 21 ന് റിലീസാവും

16 December 2017

അപകട ഭീതിയിൽ മനാട്ടി - കച്ചേരിപ്പടി റോഡ് ഗതാഗതം ദുരിതത്തിൽ

അപകട ഭീതിയിൽ മനാട്ടി - കച്ചേരിപ്പടി റോഡ്
ഗതാഗതം ദുരിതത്തിൽ

വേങ്ങര : മനാട്ടി- കച്ചേരിപ്പടി റോഡ് അരികിലുള്ള തോട്ടിലേക്ക് ഇടിഞ്ഞു വീണ് അതിലൂടെയുള്ള ഗതാഗതം ദുരിതപൂർണമായി കൊണ്ടിരിക്കുന്നു.
അപരിചിതരാരുടെയെങ്കിലും അതിലൂടെ ഉള്ള യാത്ര അപകടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്
രാത്രിയുള്ള ഗതാഗതം അതിലേറെ ദുഷ്കരമാണ് കാര്യമായ Street Light സൗകര്യമോ ആ ഭാഗത്ത് എവിടെയും ഇല്ല.
ഇത് അതികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല എന്ന് കരുതുന്നു. വേണ്ടപെട്ടവരിൽ ഇതെത്തി എത്രയും വേഗം തന്നെ ഇതിനൊരു നടപടി ഉണ്ടാക്കി റോഡ് ഗതാഗത പൂർണമാക്കണം എന്നാണ് നാട്ടുകാരുടെ ആവിശ്യം

15 December 2017

മോട്ടോര്‍ വാഹന നിയമ ഭേദഗതിബില്ല്‌ ചെറുത്ത്‌ തോല്‍പ്പിക്കണം: സംരക്ഷണ സമിതി

മോട്ടോര്‍ വാഹന നിയമ ഭേദഗതിബില്ല്‌ ചെറുത്ത്‌ തോല്‍പ്പിക്കണം: സംരക്ഷണ സമിതി
വേങ്ങര: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ല്‌ ചെറുത്ത്‌ പരാജയപ്പെടുത്തണമെന്ന്‌ വേങ്ങര മണ്ഡലം മോട്ടോര്‍ വാഹന സംരക്ഷണ സമിതി കണ്‍വന്‍ഷന്‍. നിയമ ഭേദഗതി നടപ്പിലാകുന്നതോടെ ഓട്ടോറിക്ഷകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന്‌ അപ്രത്യക്ഷമാവും, നിലവിലുള്ള ടാക്‌സി സംവിധാനം, ചരക്ക്‌ കടത്ത്‌ സംവിധാനം, പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട്‌-സ്വകാര്യ ബസ്‌ സംവിധാനം പൂര്‍ണ്ണമായും തകരും. ഡ്രൈവിംഗ്‌ സ്‌കൂളുകള്‍, സ്‌പെയര്‍ പാട്‌സ് സംഭരണ വിപണന ശാലകള്‍, വര്‍ക്കു ഷോപ്പുകള്‍ എന്നിവയും അടച്ചു പൂട്ടേണ്ടിവരും. ഈ ബില്ലിന്റെ അപകടം മുഴുവന്‍ തൊഴിലാളികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനാവശ്യമായ യോജിച്ച പ്രചാരണ പ്രവര്‍ത്തനത്തിനാവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കണ്‍വന്‍ഷന്‍ എ.ഐ.ടി.യു.സി സംസ്‌ഥാന വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം കെ.പി.ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. അസീസ്‌ പഞ്ചിലി അധ്യക്ഷത വഹിച്ചു.
സി.ഫൈസല്‍, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.എം.ഗണേശന്‍, ഐ.എന്‍.ടി.യു.സി വേങ്ങര മണ്ഡലം പ്രസിഡന്റ്‌ എം.എ അസീസ്‌, ഓട്ടോ വര്‍ക്ക്‌ഷോപ്പ്‌ കേരള വേങ്ങര യൂണിറ്റ്‌ പ്രസിഡന്റ്‌ എ.ഡി. ശ്രീകുമാര്‍, സി.വേലായുധന്‍ പ്രസംഗിച്ചു. യോഗത്തില്‍ മോട്ടോര്‍ വാഹന മേഖല സംരക്ഷണ സമിതി വേങ്ങര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി അസീസ്‌ പഞ്ചിലി (ചെയര്‍മാന്‍), സി.െൈഫസല്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വേങ്ങരയിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ പാമ്പുകടിയേറ്റു മരിച്ചു

വേങ്ങര: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ പാമ്പുകടിയേറ്റു മരിച്ചു. ഊരകം വെങ്കുളം പരേതനായ ശങ്കരന്റെ ഭാര്യ: മണ്ണില്‍ സരോജിനി (55) നാണ് കടിയേറ്റത്. ഇന്ന് വൈകുന്നേരം നാലു മണിയോടെ ഊരകം നെല്ലിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലിക്കിടെയാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല -ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ വെങ്കുളം കുടുംബശ്മശാനത്തില്‍ സംസ്‌കരിക്കും. മക്കള്‍: പ്രദീപ്, വിദ്യാര്‍ത്ഥികളായ സുഭാഷ്, പ്രബീഷ്.

13 December 2017

മലപ്പുറം വെസ്റ്റ് ജില്ല മനുഷ്യ ജാലിക ഫണ്ട് ഉദ്ഘാടനം ചെയ്തു

മലപ്പുറം വെസ്റ്റ് ജില്ല മനുഷ്യ ജാലിക
ഫണ്ട് ഉദ്ഘാടനം ചെയ്തു

വേങ്ങര : ജനുവരി 26 ന് വേങ്ങരയില്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലികയുടെ ഫണ്ട് ഉദ്ഘാടനം മല അലവി ഹാജിയില്‍ നിന്നും സ്വീകരിച്ച് കൊണ്ട് പാണക്കാട് സയ്യദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.  പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, ആശിഖ് കുഴിപ്പുറം,  മുസ്തഫ ബാഖവി ഊരകം, പുള്ളാട്ട് ശംസു, മുജീബ് പൂക്കുത്ത്, എം.എ ജലീല്‍ ചാലില്‍കുണ്ട്, ജാഫര്‍ ഓടക്കല്‍, മൂസക്കുട്ടി ചാലില്‍കുണ്ട്. ഹസീബ് ഓടക്കല്‍, അസൈനാര്‍ വാഫി, മുഹമ്മദ് കുട്ടി കുന്നുംപുറം, ശിഹാബ് അടക്കാപ്പുര, മുജീബു റഹ്മാന്‍ ബാഖവി, മുസ്തഫ എം.ടി, നിയാസ് വാഫി, ഇസ്മായീല്‍ മണ്ണില്‍പിലാക്കല്‍, നാസര്‍ കണ്ണമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു

ഊരകം കൊടലിക്കുണ്ട് തൻവീറുൽ അനാം മദ്രസ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു

മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഊരകം: മദ്‌റസകള്‍ നാടിന്റെ വിളക്കാണെന്നും സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരത്തോളം മദ്‌റസകളും മറ്റ് ദീനി സ്ഥാപനങ്ങളും മതപരമായും സാമൂഹ്യപരമായും കേരളത്തെ ഒരുപാട് മുന്നോട്ട് നയിച്ചെന്നും തങ്ങള്‍ പറഞ്ഞു. ഊരകം കൊടലിക്കുണ്ടില്‍ തന്‍വീറുല്‍ അനാം മദ്‌റസയുടെ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം . ഒ.കെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.
ബവാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം .കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, യു ശാഫി ഹാജി, സയ്യിദ് മന്‍സൂര്‍കോയ തങ്ങള്‍,, സയ്യിദ് അലി അക്ബര്‍ തങ്ങള്‍,, മുസ്തഫ ഫൈസി വടക്കുമുറി, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, ഇസ്മായീല്‍ ഫൈസി കിടങ്ങയം, അബ്ദുള്ള മുസ്‌ലിയാര്‍, ഹുസൈന്‍ ദാരിമി, കെ.ടി അബ്ദുസ്സമദ്, രായീന്‍കുട്ടി ഹാജി, കെ.ടി സിദ്ദീഖ് മരക്കാര്‍ മൗലവി, അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി, വി.ടി ബാവ മുസ്‌ലിയാര്‍, ഹാരിസ് ഫൈസി. എം.ടി അലവി, സിദ്ദീഖ് ഫൈസി, താജുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. എം.കെ ഹംസ ഹുദവി സ്വാഗതവും കെ.ടി സലാം നന്ദിയും പറഞ്ഞു.

12 December 2017

മുജാഹിദ് സംസ്ഥാന സമ്മേളനം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

മുജാഹിദ് സംസ്ഥാന സമ്മേളനം: സംഘാടക സമിതി  ഓഫീസ് ഉദ്ഘാടനം ചെയ്തു.
വേങ്ങര: മതം:സഹിഷ്ണുത, സഹവർതിത്ത്വം, സമാധാനം എന്ന പ്രമേയത്തിൽ ഈ മാസം 28 മുതൽ 31 വരെ നടക്കുന്ന മുജാഹിദ് ഒൻപതാമത് സംസ്ഥാന സമ്മേളന പ്രവർത്തനങ്ങൾക്കായുള്ള സംഘാടക സമിതി ഓഫീസ് കൂരിയാട് സമ്മേളന നഗരിയിൽ തുറന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.കെ.എൻ.എം.സംസ്ഥാന സെക്രട്ടറി എം.അബ്ദുറഹ്മാൻ സലഫി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.അസ്ക്കറലി, കെ.ജെ.യു.നിർവാഹക സമിതി അംഗം കെ.സി.മുഹമ്മദ് മൗലവി, സലീം ചാലിയം, എം.കെ.ബാവ,  കെ.എൻ.എം. ജില്ലാ സംഘടനകാര്യ സമിതി ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ, എം.എസ്.എം.സംസ്ഥാന സെക്രട്ടറി സിറാജ് ചേലേമ്പ്ര, ഓഫീസ് സെക്രട്ടറി യാസർ അറഫാത്ത്,പ്രൊഫസർ അബ്ദു, എം.മുഹമ്മദ് കുട്ടി മുൻഷി, ഉബൈദുല്ല താനാളൂർ,കെ.കുഞ്ഞാലൻ കുട്ടി മദനി, ഇ.വി.മുസ്തഫ, ഹംസ മാസ്റ്റർ കരുമ്പിൽ, പി.കെ.അബ്ദുൽ വഹാബ് മാസ്റ്റർ, ടി .വി.അഹമ്മദ്,  പി.കെ.സി.ബീരാൻ കുട്ടി, ഐ.മുഹമ്മദ്, സി.ടി.ബഷീർ, ജാഫർ കൊയപ്പ, എ.പി. റാഫി, എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കൂരിയാട് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു.

10 December 2017

സദാചാര മൂല്യങ്ങൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം: മുജാഹിദ് വളണ്ടിയർ സംഗമം

സദാചാര മൂല്യങ്ങൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം: മുജാഹിദ് വളണ്ടിയർ സംഗമം.

വേങ്ങര: രാജ്യത്ത് സദാചാര മൂല്യങ്ങൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് കൂരിയാട് നടന്നമുജാഹിദ് സംസ്ഥാന വളണ്ടിയർ സംഗമം ആവശ്യപ്പെട്ടു. നന്മകളുടെ പ്രതീകങ്ങളായി പ്രവർത്തിക്കേണ്ട യുവ സമൂഹം നാട്ടിൽ നിലനിൽക്കുന്ന സംസ്കാരങ്ങളെ തകർക്കാൻ ശ്രമിക്കരുത്.പൊതു നിരത്തുകളിൽ കയറി പെൺകുട്ടിക്കൾ നൃത്തം ചെയ്യുന്നത്  എതിർക്കപ്പെടുന്നത് ഒരിക്കലും സ്ത്രീ സ്വാതന്ത്രത്തെ ഹനിക്കലല്ല. തീവ്രവാദവും,വർഗീയതയും രാജ്യത്ത് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇസ്ലാമിന്റെ സമാധാന സന്ദേശങ്ങൾ വ്യാപിപ്പിക്കുവാൻ യുവാക്കൾക്ക് കഴിയണം. സാമൂഹ്യപ്രതിബദ്ധതയും, രാഷ്ട്ര നന്മയും ലക്ഷ്യം വെച്ചുള്ള യുവതയാണ് രാജ്യത്തിന്റെ സമ്പത്തെന്നും സംഗമം അഭിപ്രായപ്പെട്ടു. ഡിസംബർ 28 മുതൽ 31 വരെ കൂരിയാട് നടക്കുന്ന  മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായാണ് സംഗമം സംഘടിപ്പിച്ചത്..കെ.എൻ.എം.സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ഉണ്ണീൻകുട്ടി മൗലവി  ഉദ്ഘാടനം ചെയ്തു.സംസ്ഥാന വളണ്ടിയർ വിഭാഗം ചെയർമാൻ കെ.സി. നിഅമത്തുള്ള ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ: ഹുസൈൻ മടവൂർ, ഹാഷിം ആലപ്പുഴ, ഓർഗനൈസിംഗ് സെക്രട്ടറി എ.അസ്ക്കറലി, എം.അബ്ദുറഹ്മാൻ സലഫി, വളണ്ടിയർ വിഭാഗം ജനറൽ കൺവീനർ പി.കെ.സക്കരിയ്യ സ്വലാഹി, അബ്ദുൽ ഖാദർ കടവനാട്, ഹമീദലി അരൂർ,എം.കെ.ബാവ ,മുഹമ്മദ് കുട്ടി മുൻഷി,മുൻ ഡി.വൈ.എസ്.പി.അബ്ദുൽ ഹമീദ്, എം.എസ്.എം.സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ജലീൽ മാമാങ്കര, അബ്ദു ഷുക്കൂർ സ്വലാഹി, സിറാജ് ചേലേമ്പ്ര, പി.കെ.നൗഫൽ അൻസാരി, സഗീർ കാക്കനാട്, റിയാസ് ബാവ കൊച്ചി, അനീസ് പുത്തൂർ, റഹ്മത്തുള്ള സ്വലാഹി, ടി.വി.അഹമ്മദ്, ജലീൽ മാസ്റ്റർ കുറ്റൂർ, പി.സി.മൻസൂർ എന്നിവർ പ്രസംഗിച്ചു.സംസ്ഥാനത്തിന്റെ വിവിധ യൂണിറ്റുകളിൽ നിന്നായി തെരഞ്ഞെടുത്ത വളണ്ടിയർമാരാണ് സംഗമത്തിൽ പങ്കെടുത്തത്. സമ്മേളന നഗരി പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമായിരിക്കും


ഫോട്ടോ: കൂരിയാട് ഒൻപതാമത് സംസ്ഥാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച വളണ്ടിയർ സംഗമം കെ എൻ.എം.സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ഉണ്ണീൻ കുട്ടി മൗലവി ഉദ്ഘാടനം ചെയ്യുന്നു.

ഊരകം കൊടലിക്കുണ്ട് തന്‍മിയത്തുല്‍ ഇസ്‌ലാം മദ്രസ ഉദ്ഘാടനം ഇന്ന്

മദ്‌റസ ഉദ്ഘാടനം ഇന്ന്
ഊരകം:  ഊരകം കൊടലിക്കുണ്ട് തന്‍മിയത്തുല്‍ ഇസ്‌ലാം സംഘത്തിന് കീഴില്‍ നിര്‍മ്മിച്ച തന്‍വീറുല്‍ അനാം മദ്‌റസയുടെ ബില്‍ഡിംഗ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും ഒ,കെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ബവാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, യു. ഷാഫി ഹാജി, സയ്യിദ് മന്‍സൂര്‍കോയ തങ്ങള്‍, മുസ്തഫ ഫൈസി വടക്കുമുറി, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും തുടര്‍ന്ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് ജില്ലാ അമീര്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും

06 December 2017

മുസ്ലീം ലീഗ് വേങ്ങര പഞ്ചായത്ത്:വർഗീയ വിരുദ്ധ ദിനം ആചരിച്ചു

വേങ്ങരയിൽ മുസ്ലീം ലീഗ് ഭീകര ,വർഗീയ വിരുദ്ധ ദിനം ആചരിച്ചു.
വേങ്ങര: മുസ്ലീം ലീഗ് വേങ്ങര പഞ്ചായത്ത് കമ്മിറ്റി വേങ്ങര ബസ്റ്റാന്റ് പരിസരത്ത് ഭീകര, വർഗീയ വിരുദ്ധ ദിനം ആചരിച്ചു. ഡി.സി.സി.അംഗം കെ.എം.ഗിരിജ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുഹമ്മദലി ഹാജി അദ്ധ്യക്ഷത വഹിച്ചു.കുറ്റാളൂർ ബദ് രിയ്യ മസ്ജിദ് ഖത്തീബ് ഇസ്മായിൽ ഫൈസി, ഐ.എസ്.എം.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആദിൽ ആതിഫ് സ്വലാഹി, മുസ്ലീം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് കുറ്റൂർ ,എൻ.ടി.മുഹമ്മദ് ഷരീഫ്, എം.എ.അസീസ്, എം.സൈതലവി ഹാജി, ടി.വി. ഇഖ്ബാൽ, എം.എൻ.കെ.ഫിറോസ് ബാബു, എ.കെ.സലീം, ഹാരിസ് മാളിയേക്കൽ, സഹീർ അബ്ബാസ് നടക്കൽ പ്രസംഗിച്ചു.

26 November 2017

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ മിഷൻ ഗ്രീൻ ശബരിമല കാമ്പയിന്റെ ഭാഗമായി സ്വാമിമാരെ കണ്ട് കുറ്റൂർ നോർത്ത് KMHSS ലെ NSS യൂണിറ്റ് വളണ്ടിയൻ മാർ

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ മിഷൻ ഗ്രീൻ ശബരിമല കാമ്പയിന്റെ ഭാഗമായി സ്വാമിമാരെ കണ്ട് ബേധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി കുറ്റൂർ നോർത്ത് KMHSS ലെ NSS യൂണിറ്റ് വളണ്ടിയൻ മാർ ഇന്ന് അതിരാവിലെ എ.ആർ നഗർ കൊടുവായൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി.സ്വാമിമാരും ബന്ധപ്പെട്ടവരും വിദ്യാർത്ഥികളെ സ്വീകരിച്ചു മുതിർന്ന സ്വാമിമാർ, പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് വിദ്യാർത്ഥികളോട് വാചാലരായി. പ്ലാസ്റ്റിറ്റ് ഉൽപന്നങ്ങളുടെ ഉപയോഗം തടയാൻ സർക്കാരുകൾ കൈക്കൊള്ളേണ്ട നടപടിയെ കുറിച്ചും അവർ സംസാരിച്ചു.
മഫ്തയിട്ട പെൺകുട്ടികൾ ഉൾപ്പെടെയുള്ള വളണ്ടിയർമാർ ക്ഷേത്ര പരിസരത്തെ സ്വാമിമാരുമായി വിഷയം സംസാരിച്ചു. നമ്മുടെ നാട്ടിലെ മതസൗഹാർദ്ദത്തിന്റെ ചന്തമുള്ള കാഴ്ച!

 തീർത്ഥാടനത്തിന് പോകുമ്പോൾ പമ്പയും ശബരിമലയും ഉൾപ്പെടെയുള്ള പുണ്യ സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ഗൗരവത്തെ കുറിച്ചും ചർച്ച ചെയതു. തോട്ടശേരിയറയിൽ നിന്നുള്ള ബാലൻ ഗുരുസ്വാമി, അറുമുഖൻ സ്വാമി, ബാങ്ക് സെക്രട്ടറി ശ്രീ. ഹരി കുമാർ, പത്മനാഭൻ സ്വാമി,
രവി , മലയിൽ മുരളീകൃഷ്ണൻ സ്വാമി  തുടങ്ങിയവരും മറ്റു സ്വാമിമാരും ഞങ്ങൾക്ക് പിന്തുണയുമായി കൂടെ നിന്നു. NSS വളണ്ടിയർമാരായ അഫ്സൽ , മന്നാ സൽവ കെ.പി, ഫാത്തിമ രസ്മിന വി.ടി, ആതിര ടി, , വിമൽ കുമാർ, ജിബിൻ ,പൃഥ്വിൻ ഗോപി ,യൂനുസ് തുടങ്ങിയവർ സ്വാമിമാരുമായി സംസാരിച്ചു.
 സ്വാമിമാർക്കുണ്ടാക്കിയ പ്രഭാത ഭക്ഷണം വളണ്ടിയന്മാരെ കഴിപ്പിക്കാതെ അവർ വിട്ടില്ല. നല്ല വറവിട്ട കപ്പയും കട്ടൻ ചായയും മാത്രമല്ല ,ആറാം തിയ്യതി നടക്കുന്ന അഖണ്ഡനാമയജ്ഞത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

25 November 2017

അഗതിമന്ദിരത്തിൽ സഹായവുമായി കുട്ടി പോലീസ്

വേങ്ങര: ചേറൂര്‍ പി.പി.ടി.എം.വൈ ഹയര്‍സെക്കന്‍ഡറിയിലെ കുട്ടിപ്പോലീസ് കേഡറ്റുകള്‍ വേങ്ങര വലിയോറയിലെ റോസ് മാനാര്‍ അഗതിമന്ദിരം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്ക് സൈക്കിളുകള്‍ നല്‍കി. ഇരുപതോളം അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്. തുടര്‍ച്ചയായി മൂന്നാംവര്‍ഷമാണ് വിദ്യാര്‍ഥികള്‍ ഇവിടെയെത്തി സഹായം നല്‍കുന്നത്. മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാജു കെ.അബ്രഹാം, പ്രഥമാധ്യാപകന്‍ കെ.ജി. അനില്‍കുമാര്‍, അബ്ദുല്‍മജീദ് പറങ്ങോടത്ത്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ കെ.വി. നിസാര്‍ അഹമ്മദ്, കെ. ശ്രീലക്ഷ്മി, റോസ് മാനാര്‍ സൂപ്രണ്ട് ധന്യ, അബ്ദുല്‍ അസീസ് ചെറുകോട്ടയില്‍, ഷാജി പൂതേരി, ജാഫര്‍ ഷെരീഫ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

18 November 2017

സി പി എം വേങ്ങര ലോക്കൽ പ്രീതിനിതി സമ്മേളനം പാകടാപുറയയിൽ നടന്നു

വേങ്ങര: വലിയോറ ചാലിതോട്‌ ഭൂവസ്‌ത്രം നല്‍കിയും മറ്റു പരമ്പരാഗത ജലസ്രോതസ്സുകളും സംരക്ഷിക്കണമെന്ന്‌ സി.പി.എം വേങ്ങര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പാക്കടപ്പുറായയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. മുതിര്‍ന്ന പാര്‍ടി അംഗം കെ.കുഞ്ഞാലന്‍ പതാക ഉയര്‍ത്തി. പി.അച്യുതന്‍, സി.ഷക്കീല, എ.സനല്‍കുമാര്‍ എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.എം.കൃഷ്‌ണന്‍കുട്ടി രക്‌തസാക്ഷി പ്രമേയവും കെ.എം.ഗണേശന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.പത്മനാഭന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.ടി.അലവിക്കുട്ടി, തയ്യില്‍ അലവി, സി.വിശ്വനാഥന്‍, ടി.കെ.മുഹമ്മദ്‌, ഒ.കെ.അനില്‍കുമാര്‍ പ്രസംഗിച്ചു. 14 അംഗ ലോക്കല്‍ കമ്മിറ്റിയേയും സെക്രട്ടറിയായി പി.പത്മനാഭനേയും തെരഞ്ഞെടുത്തു. ബാലന്‍ പീടികയില്‍ നിന്നും റെഡ്‌ വളണ്ടിയര്‍ മാര്‍ച്ചോടു കൂടി നടന്ന പ്രകടനാനന്തരം പൂവഞ്ചേരി അലവി നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം കോട്ടയ്‌ക്കല്‍ ഏരിയാ സെക്രട്ടറി കെ.ടി.അലവിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഇ.ജയന്‍, വി.ടി.സോഫിയ, കെ.പി.സുബ്രഹ്‌മണ്യന്‍ പ്രസംഗിച്ചു


വേങ്ങര : മുട്ട വിലയില്‍ വന്‍ വര്‍ദ്ധന. 6 രൂപ മുതല്‍ 7 രൂപ വരെയാണ് കടകളില്‍ മുട്ടകള്‍ക്ക് വില  ഈടാക്കുന്നത്. നാലു രൂപയും 4.30 രൂപയുമുണ്ടായിരുന്ന മുട്ടയുടെ വിലയാണ് ഇങ്ങനെ ഉയര്‍ന്നിരിക്കുന്നത്. മുട്ടയുടെ റെക്കോര്‍ഡ് വിലയാണിത്. നാള്‍ക്കുനാള്‍ മുട്ട വില വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

മുട്ട ഉത്പാദനം കുറഞ്ഞതോടെയാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. മുട്ട വില ഉയര്‍ന്നതോടെ ബേക്കറി സാധനങ്ങള്‍ക്കും മറ്റു മുട്ട ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ക്കൊക്കെ വില ഉയരാന്‍ കാരണമായിരിക്കുകയാണ്. ക്രിസ്മസ് സീസണ്‍ വരുന്നതോടെ കേക്കിന്റെ വിലയിലും വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.

15 November 2017

ഐ എസ് എല്ലിൽ തിളങ്ങാൻ എം എസ് പിയുടെ അഭിമാന താരങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിന് നാളെ പന്തുരുളുമ്പോള്‍ മലപ്പുറം എം.എസ്.പി സ്‌കൂളിന് അഭിമാനിക്കാനേറെ. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് സ്‌കൂളിന്റെ കളിമുറ്റത്ത് പന്തുതട്ടി വളര്‍ന്ന നാലു പേര്‍ ഇക്കുറി വിവിധ ഐ.എസ്.എല്‍ ടീമുകളില്‍ ഇടം പിടിച്ചിരിക്കുന്നു . ആഷിഖ് കുരുണിയന്‍, ജിഷ്ണു ബാലകൃഷ്ണന്‍, എം.എസ്.സുജിത്ത്, ബിബിന്‍ ബോബന്‍ എന്നിവരാണ് എം.എസ്.പി വളര്‍ത്തിയെടുത്ത ആ യുവ താരങ്ങള്‍. ആഷിഖ് പൂനെ സിറ്റിക്കും ബോബന്‍ ചെന്നൈയിന്‍ എഫ്.സിക്കും ജിഷ്ണുവും സുജിത്തും കേരള ബ്ലാസ്റ്റേഴ്‌സിനുമാണ് ജഴ്‌സിയണിയുന്നത്.
മലപ്പുറത്തിനടുത്ത പട്ടര്‍ക്കടവുകാരനായ ആഷിഖ് 2012ലെ സുബ്രതോ കപ്പിലൂടെയാണ് ശ്രദ്ധേയനായത്. അന്ന് ആ ടൂര്‍ണമെന്റില്‍ എം.എസ്.പിയുടെ എണ്ണം പറഞ്ഞ കളിക്കാരനായിരുന്നു ആഷിഖ്.ഡല്‍ഹി ഡൈനാമോസില്‍ ചേരാനിരുന്ന ആഷിഖിനെ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ തന്നെ പൂനെ സ്വന്തമാക്കിയിരുന്നു.എന്നാല്‍ , സ്‌പെയിനിലെ വിയ്യാ റയല്‍ ജൂനിയര്‍ അക്കാദമിയിലെപരിശീലനം മൂലം പൂനെക്കു കളിക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി ആഷിഖ് കളിക്കുകയും ഗോള്‍ നേടുകയുമുണ്ടാകുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികളുടെ കണക്ക് കൂട്ടല്‍. നാലു വര്‍ഷത്തേക്കാണ് പുനെ സിറ്റിയുമായുമായുള്ള ആഷിഖിന്റെ കരാര്‍.
മലപ്പുറം കാവുങ്ങല്‍ സ്വദേശിയായ ജിഷ്ണു ബാലകൃഷ്ണന്‍ കേരളത്തിന്റെ മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മൂന്നു വര്‍ഷത്തെകരാറിലാണൊപ്പിട്ടിരിക്കുന്നത്. എം.എസ്.പി യിലൂടെ വളര്‍ന്ന ജിഷ്ണു ,ഗോകുലം എഫ്.സിക്കു കളിച്ചിട്ടുണ്ട്.ഇന്ത്യന്‍ അണ്ടര്‍ 23 ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജിഷ്ണു കാലിക്കറ്റ് സര്‍വകലാശാല ടീമില്‍ അംഗമായിരുന്നു. അര്‍ജന്റീനയിലെ ബൊക്ക ജൂനിയേഴ്‌സ് ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള ജിഷ്ണു ഇരുവിംഗുകളിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള താരമാണ്. ഈ വര്‍ഷം സന്തോഷ് ട്രോഫി കളിച്ച ജിഷ്ണു കേരളത്തിനു വേണ്ടി മികച്ച കളി കാഴ്ചവെച്ചിരുന്നു.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ ബിബിന്‍ ബോബന്റെ ചെന്നൈയിന്‍ എഫ്.സിയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്കാണ്. എറണാകുളം ജില്ലാ സബ് ജൂനിയര്‍ ടീമിലൂടെ അരങ്ങേറ്റം കുറിച്ച ബിബിന്റെ വലിയ മോഹമായിരുന്നു എം.എസ്.പിക്ക് കളിക്കുക എന്നത്.2015ല്‍ ബിബിന്റെ ആഗ്രഹം സഫലമായി.ആ വര്‍ഷം സുബ്രതോ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള ബിബിന്റെ വലിയ മോഹം സീനിയര്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയണിയണമെന്നാണ്. ചെന്നൈയിന്‍ എഫ്.സി.യുടെ ഇംഗ്ലണ്ടുകാരനായ പുതിയ കോച്ച് ജോണ്‍ ഗ്രിഗറിയുടെ കീഴില്‍ കളിയുടെ പുതിയ അടവുകളുമായി നീലക്കുപ്പായത്തില്‍ ബിബിന്‍ തകര്‍ത്ത് കളിക്കുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികള്‍ കരുതുന്നത്.
എം.എസ്.സുജിത്ത് മലപ്പുറം എടക്കര സ്വദേശിയാണ്. ജിഷ്ണുവും ആഷിഖും ബിബിനും സ്‌ട്രൈക്കര്‍മാരാണെങ്കില്‍ സുജിത്ത് ഗോള്‍കീപ്പറാണ്. ബ്ലാസ്റ്റേഴ്‌സില്‍ ഒരു വിദേശിയടക്കം മൂന്ന് ഗോള്‍കീപ്പര്‍ മാര്‍ക്കു പിറകിലാണ് സുജിത്തിന്റെ നിലവിലെ സ്ഥാനം.(പോള്‍റച്ചുബ്ക, സുഭാഷിക് റോയ് ചൗധരി, സന്ദീപ് നന്ദി, എം.എസ്.സുജിത്ത് ) കളിക്കാനവസരം കിട്ടുകയാണങ്കില്‍ പോസ്റ്റ് ബാറിനു കീഴില്‍ സുജിത്ത് വിസ്മയം തീര്‍ക്കുക തന്നെ ചെയ്യുമെന്നാണ് സുബ്രതോ കപ്പ് ഫൈനലില്‍ സുജിത്തിന്റെ പ്രകടനം കണ്ടവര്‍ വിലയിരുത്തുന്നത്.
എം.എസ്.പിയും ബ്രസീലും തമ്മില്‍ നടന്ന സുബ്രതോ കപ്പിന്റെ കലാശപ്പോരില്‍ പതിനഞ്ചോളം മികച്ച സേവുകളാണ് സുജിത്ത് നടത്തിയത്.ബ്ലാസ് റ്റേഴ്‌സുമായി ഒരു വര്‍ഷത്തെകരാറിലാണ് സുജിത്ത് ഒപ്പിട്ടിരിക്കുന്നത്.പത്തൊന്‍പതുകാരനും അപാര പൊക്കത്തിനുടമയുമായ സുജിത്തിന് ഗോള്‍വല കാക്കാന്‍ അവസരം ലഭിക്കേണമേ എന്നാണ് മഞ്ഞപ്പട ആരാധകരുടെ പ്രാര്‍ത്ഥന. എം.എസ്.പിയുടെ സന്താനങ്ങളായ നാലു പേരുടെയും ലക്ഷ്യം ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലൊരിടമാണ്. അവരുടെ ആഗ്രഹ സഫലീകരണം ഐ.എസ്.എല്ലിലെ അവരുടെ പ്രകടനത്തെ ആശ്രയിച്ചാണിരികുന്നത്. ആ യുവ ഫുട്ബാളര്‍മാരുടെ അരങ്ങേറ്റം ഗംഭീരമാകട്ടെ.

11 November 2017

വേങ്ങര സബ്ജില്ല ഹിന്ദി സാഹിത്യോത്സവ് 2017-18 ഹൈസ്കൂൾ വിഭാഗം ജേതാക്കളായി IUHSS PARAPPUR

വേങ്ങര സബ്ജില്ല ഹിന്ദി സാഹിത്യോത്സവ് 2017-18
ഹൈസ്കൂൾ വിഭാഗം ജേതാക്കളായി IUHSS PARAPPUR തുടർച്ചയായി രണ്ടാം വർഷവും.
കുളപ്പുറം GHS ൽ നവംബർ   11 ന് നടന്ന മത്സരത്തിൽ 7 ഇനങ്ങളിൽ അഞ്ചിലും A ഗ്രേഡോടുകൂടി ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടിയാണ് ജേതാക്കളായത്. കവിതാരചന, പ്രസംഗം, മോണോആക്ട്, കവിതാലാപനം, സ്കിറ്റ്, ദേശഭക്തിഗാനം എന്നീ ഇനങ്ങളിലാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്.

10 November 2017

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ആയിരക്കണത്തിന് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെയും നാടന്‍കലകളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെ പടയൊരുക്കത്തെ സ്വീകരിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കരുടെയും സേവാദള്‍ വളണ്ടിയര്‍മാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ജനക്കൂട്ടത്തിനിടയിലും ഗതാഗതക്കുരുക്കില്ലാതെ യാത്രയെ സ്വീകരിക്കാനായി.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു. എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, എംഎല്‍എമാരായ എ.പി. അനില്‍കുമാര്‍, ടി.വി. ഇബ്രാഹിം, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, മുസ്ലീം ജില്ലാ സെക്രട്ടറിമാരായ അഷ്‌റഫ് കോക്കൂര്‍, സലീം കുരുവമ്പലം, കെപിസിസി സെക്രട്ടറിമാരായ വി.എ. കരീം, കെ.പി. അബ്ദുള്‍ മജീദ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, സിഎംപി ജില്ലാ സെക്രട്ടറി കൃഷ്്ണന്‍ കോട്ടുമല, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കെ.പി. അനീസ്, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി. അഷ്‌റഫലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ യു.കെ. അഭിലാഷ്, രതീഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തി. തുടര്‍ന്ന് കൊണ്ടോട്ടി നഗരത്തിലായിരുന്നു ആദ്യ യോഗം. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.പി. മൂസ അധ്യക്ഷനായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, ടി.വി. ഇബ്രാഹിം എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, പി. ഉബൈദുള്ള എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, ടി. ശരത്ചന്ദ്രപ്രസാദ്, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പടിക്കലിലായിരുന്നു പിന്നീട് സ്വീകരണം. വേങ്ങര മണ്ഡലത്തിലെ കൊളപ്പുറം, തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി എന്നിവിടങ്ങളിലായിരുന്നു അടുത്ത സ്വീകരണം. രാത്രിയിലും നിരവധി ജനങ്ങളാണ് ഓരോ സ്വീകരണ സ്ഥലത്തും പ്രതിപക്ഷ നേതാവിനെ കാത്തിരുന്നത്.
താനൂരിലാണ് പടയൊരുക്കും ഇന്നു ജില്ലയില്‍ പര്യടനമാരംഭിക്കുന്നത്. തിരൂര്‍, പൊന്നാനി, എടപ്പാള്‍, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഇന്നു പടയൊരുക്കം പര്യടനം നടത്തും. ദേശീയസംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ ഓരോ സ്ഥലത്തും സംഘടിപ്പിക്കുന്ന സ്വീകരണ യോഗങ്ങളില്‍ സംസാരിക്കും.

09 November 2017

രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം നാളെ വേങ്ങരയിൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം രാഷട്രീയ വിശദീകരണ ജാഥ വെള്ളിയാഴ്ച ജില്ലയിൽ പ്രവേശിക്കും.രാവിലെയു.ഡി.എഫ് ജില്ലാ നേതാക്കൾ ജില്ലാ തിർത്തിയായ ഐക്കരപ്പടിയിൽ വെച്ച് സ്വീകരിക്കും. തുടർന്ന് ആദ്യ സ്വീകരണം കൊണ്ടോട്ടിയിലും ,വള്ളിക്കുന്ന് മണ്ഡലത്തിലെ സ്വീകരണം ചേളാരിയിലും നടക്കും, വേങ്ങര മണ്ഡലത്തിലെ സ്വീകരണ പരിപാടികൾകൊളപ്പുറത്ത് നാലര മണിക്കാരംഭിക്കും കെ.സുധാകരൻ, അബ്ദുസമദ് സമദാനി, കെ.എം.ഷാജി പ്രസംഗിക്കും, ആറു മണിയോടെ ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തല, എം.കെ.മുനീർ, വി.ഡി.സതീശൻ, ഷിബു ബേബി ജോൺ,, സി.പി.ജോൺ തുടങ്ങി യു.ഡി.എഫ് നേതാക്കൾ ജാഥാ സ്വീകരണത്തിൽ പ്രസംഗിക്കും.മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ ബൂത്തുകളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ ചടങ്ങിൽ ജാഥാ ക്യാപ്റ്റനു കൈമാറുമെന്നും മണ്ഡലം യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അഡ്വ.സി.കെ.അബ്ദുറഹിമാൻ, ടി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.പി.അബ്ദുൾ മജീദ്, പി.കെ.അസ് ലു, എ.കെ.എ. നസീർ പങ്കെടുത്തു.

ഐ എസ് എൽ ടിക്കറ്റ് വില്പന ഇന്ന് മുതൽ

കൊച്ചി: ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോളിലെ ഓണ്ലൈന് ടിക്കറ്റ് വില്പ്പനയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. കേരളത്തിന്റെ ടീം ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്പ്പന ആരംഭിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം നാലു മണി മുതല് www.bookmyshow.com വഴി ഓണ്ലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയുമാകും ആരാധകര്ക്ക് ടിക്കറ്റുകള് ലഭ്യമാക്കുക.
17ന് വെള്ളിയാഴ്ച കൊച്ചിയില് നടക്കുന്ന സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്സും കൊല്ക്കത്തയും തമ്മിലുള്ള പോരാട്ടത്തിന്റെ ടിക്കറ്റുകളാണ് വ്യാഴാഴ്ച മുതല് ലഭിക്കുക. കലൂര് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മുമ്ബേ വര്ണശബളമായ ഉദ്ഘാടനച്ചടങ്ങുകളും അരങ്ങേറും.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������