Labels

25 November 2017

അഗതിമന്ദിരത്തിൽ സഹായവുമായി കുട്ടി പോലീസ്

വേങ്ങര: ചേറൂര്‍ പി.പി.ടി.എം.വൈ ഹയര്‍സെക്കന്‍ഡറിയിലെ കുട്ടിപ്പോലീസ് കേഡറ്റുകള്‍ വേങ്ങര വലിയോറയിലെ റോസ് മാനാര്‍ അഗതിമന്ദിരം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്ക് സൈക്കിളുകള്‍ നല്‍കി. ഇരുപതോളം അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്. തുടര്‍ച്ചയായി മൂന്നാംവര്‍ഷമാണ് വിദ്യാര്‍ഥികള്‍ ഇവിടെയെത്തി സഹായം നല്‍കുന്നത്. മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാജു കെ.അബ്രഹാം, പ്രഥമാധ്യാപകന്‍ കെ.ജി. അനില്‍കുമാര്‍, അബ്ദുല്‍മജീദ് പറങ്ങോടത്ത്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ കെ.വി. നിസാര്‍ അഹമ്മദ്, കെ. ശ്രീലക്ഷ്മി, റോസ് മാനാര്‍ സൂപ്രണ്ട് ധന്യ, അബ്ദുല്‍ അസീസ് ചെറുകോട്ടയില്‍, ഷാജി പൂതേരി, ജാഫര്‍ ഷെരീഫ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

18 November 2017

സി പി എം വേങ്ങര ലോക്കൽ പ്രീതിനിതി സമ്മേളനം പാകടാപുറയയിൽ നടന്നു

വേങ്ങര: വലിയോറ ചാലിതോട്‌ ഭൂവസ്‌ത്രം നല്‍കിയും മറ്റു പരമ്പരാഗത ജലസ്രോതസ്സുകളും സംരക്ഷിക്കണമെന്ന്‌ സി.പി.എം വേങ്ങര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പാക്കടപ്പുറായയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. മുതിര്‍ന്ന പാര്‍ടി അംഗം കെ.കുഞ്ഞാലന്‍ പതാക ഉയര്‍ത്തി. പി.അച്യുതന്‍, സി.ഷക്കീല, എ.സനല്‍കുമാര്‍ എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.എം.കൃഷ്‌ണന്‍കുട്ടി രക്‌തസാക്ഷി പ്രമേയവും കെ.എം.ഗണേശന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.പത്മനാഭന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.ടി.അലവിക്കുട്ടി, തയ്യില്‍ അലവി, സി.വിശ്വനാഥന്‍, ടി.കെ.മുഹമ്മദ്‌, ഒ.കെ.അനില്‍കുമാര്‍ പ്രസംഗിച്ചു. 14 അംഗ ലോക്കല്‍ കമ്മിറ്റിയേയും സെക്രട്ടറിയായി പി.പത്മനാഭനേയും തെരഞ്ഞെടുത്തു. ബാലന്‍ പീടികയില്‍ നിന്നും റെഡ്‌ വളണ്ടിയര്‍ മാര്‍ച്ചോടു കൂടി നടന്ന പ്രകടനാനന്തരം പൂവഞ്ചേരി അലവി നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം കോട്ടയ്‌ക്കല്‍ ഏരിയാ സെക്രട്ടറി കെ.ടി.അലവിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഇ.ജയന്‍, വി.ടി.സോഫിയ, കെ.പി.സുബ്രഹ്‌മണ്യന്‍ പ്രസംഗിച്ചു


വേങ്ങര : മുട്ട വിലയില്‍ വന്‍ വര്‍ദ്ധന. 6 രൂപ മുതല്‍ 7 രൂപ വരെയാണ് കടകളില്‍ മുട്ടകള്‍ക്ക് വില  ഈടാക്കുന്നത്. നാലു രൂപയും 4.30 രൂപയുമുണ്ടായിരുന്ന മുട്ടയുടെ വിലയാണ് ഇങ്ങനെ ഉയര്‍ന്നിരിക്കുന്നത്. മുട്ടയുടെ റെക്കോര്‍ഡ് വിലയാണിത്. നാള്‍ക്കുനാള്‍ മുട്ട വില വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

മുട്ട ഉത്പാദനം കുറഞ്ഞതോടെയാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. മുട്ട വില ഉയര്‍ന്നതോടെ ബേക്കറി സാധനങ്ങള്‍ക്കും മറ്റു മുട്ട ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ക്കൊക്കെ വില ഉയരാന്‍ കാരണമായിരിക്കുകയാണ്. ക്രിസ്മസ് സീസണ്‍ വരുന്നതോടെ കേക്കിന്റെ വിലയിലും വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.

15 November 2017

ഐ എസ് എല്ലിൽ തിളങ്ങാൻ എം എസ് പിയുടെ അഭിമാന താരങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിന് നാളെ പന്തുരുളുമ്പോള്‍ മലപ്പുറം എം.എസ്.പി സ്‌കൂളിന് അഭിമാനിക്കാനേറെ. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് സ്‌കൂളിന്റെ കളിമുറ്റത്ത് പന്തുതട്ടി വളര്‍ന്ന നാലു പേര്‍ ഇക്കുറി വിവിധ ഐ.എസ്.എല്‍ ടീമുകളില്‍ ഇടം പിടിച്ചിരിക്കുന്നു . ആഷിഖ് കുരുണിയന്‍, ജിഷ്ണു ബാലകൃഷ്ണന്‍, എം.എസ്.സുജിത്ത്, ബിബിന്‍ ബോബന്‍ എന്നിവരാണ് എം.എസ്.പി വളര്‍ത്തിയെടുത്ത ആ യുവ താരങ്ങള്‍. ആഷിഖ് പൂനെ സിറ്റിക്കും ബോബന്‍ ചെന്നൈയിന്‍ എഫ്.സിക്കും ജിഷ്ണുവും സുജിത്തും കേരള ബ്ലാസ്റ്റേഴ്‌സിനുമാണ് ജഴ്‌സിയണിയുന്നത്.
മലപ്പുറത്തിനടുത്ത പട്ടര്‍ക്കടവുകാരനായ ആഷിഖ് 2012ലെ സുബ്രതോ കപ്പിലൂടെയാണ് ശ്രദ്ധേയനായത്. അന്ന് ആ ടൂര്‍ണമെന്റില്‍ എം.എസ്.പിയുടെ എണ്ണം പറഞ്ഞ കളിക്കാരനായിരുന്നു ആഷിഖ്.ഡല്‍ഹി ഡൈനാമോസില്‍ ചേരാനിരുന്ന ആഷിഖിനെ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ തന്നെ പൂനെ സ്വന്തമാക്കിയിരുന്നു.എന്നാല്‍ , സ്‌പെയിനിലെ വിയ്യാ റയല്‍ ജൂനിയര്‍ അക്കാദമിയിലെപരിശീലനം മൂലം പൂനെക്കു കളിക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി ആഷിഖ് കളിക്കുകയും ഗോള്‍ നേടുകയുമുണ്ടാകുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികളുടെ കണക്ക് കൂട്ടല്‍. നാലു വര്‍ഷത്തേക്കാണ് പുനെ സിറ്റിയുമായുമായുള്ള ആഷിഖിന്റെ കരാര്‍.
മലപ്പുറം കാവുങ്ങല്‍ സ്വദേശിയായ ജിഷ്ണു ബാലകൃഷ്ണന്‍ കേരളത്തിന്റെ മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി മൂന്നു വര്‍ഷത്തെകരാറിലാണൊപ്പിട്ടിരിക്കുന്നത്. എം.എസ്.പി യിലൂടെ വളര്‍ന്ന ജിഷ്ണു ,ഗോകുലം എഫ്.സിക്കു കളിച്ചിട്ടുണ്ട്.ഇന്ത്യന്‍ അണ്ടര്‍ 23 ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജിഷ്ണു കാലിക്കറ്റ് സര്‍വകലാശാല ടീമില്‍ അംഗമായിരുന്നു. അര്‍ജന്റീനയിലെ ബൊക്ക ജൂനിയേഴ്‌സ് ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള ജിഷ്ണു ഇരുവിംഗുകളിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള താരമാണ്. ഈ വര്‍ഷം സന്തോഷ് ട്രോഫി കളിച്ച ജിഷ്ണു കേരളത്തിനു വേണ്ടി മികച്ച കളി കാഴ്ചവെച്ചിരുന്നു.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ ബിബിന്‍ ബോബന്റെ ചെന്നൈയിന്‍ എഫ്.സിയുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്കാണ്. എറണാകുളം ജില്ലാ സബ് ജൂനിയര്‍ ടീമിലൂടെ അരങ്ങേറ്റം കുറിച്ച ബിബിന്റെ വലിയ മോഹമായിരുന്നു എം.എസ്.പിക്ക് കളിക്കുക എന്നത്.2015ല്‍ ബിബിന്റെ ആഗ്രഹം സഫലമായി.ആ വര്‍ഷം സുബ്രതോ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള ബിബിന്റെ വലിയ മോഹം സീനിയര്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയണിയണമെന്നാണ്. ചെന്നൈയിന്‍ എഫ്.സി.യുടെ ഇംഗ്ലണ്ടുകാരനായ പുതിയ കോച്ച് ജോണ്‍ ഗ്രിഗറിയുടെ കീഴില്‍ കളിയുടെ പുതിയ അടവുകളുമായി നീലക്കുപ്പായത്തില്‍ ബിബിന്‍ തകര്‍ത്ത് കളിക്കുമെന്നു തന്നെയാണ് ഫുട്ബാള്‍ പ്രേമികള്‍ കരുതുന്നത്.
എം.എസ്.സുജിത്ത് മലപ്പുറം എടക്കര സ്വദേശിയാണ്. ജിഷ്ണുവും ആഷിഖും ബിബിനും സ്‌ട്രൈക്കര്‍മാരാണെങ്കില്‍ സുജിത്ത് ഗോള്‍കീപ്പറാണ്. ബ്ലാസ്റ്റേഴ്‌സില്‍ ഒരു വിദേശിയടക്കം മൂന്ന് ഗോള്‍കീപ്പര്‍ മാര്‍ക്കു പിറകിലാണ് സുജിത്തിന്റെ നിലവിലെ സ്ഥാനം.(പോള്‍റച്ചുബ്ക, സുഭാഷിക് റോയ് ചൗധരി, സന്ദീപ് നന്ദി, എം.എസ്.സുജിത്ത് ) കളിക്കാനവസരം കിട്ടുകയാണങ്കില്‍ പോസ്റ്റ് ബാറിനു കീഴില്‍ സുജിത്ത് വിസ്മയം തീര്‍ക്കുക തന്നെ ചെയ്യുമെന്നാണ് സുബ്രതോ കപ്പ് ഫൈനലില്‍ സുജിത്തിന്റെ പ്രകടനം കണ്ടവര്‍ വിലയിരുത്തുന്നത്.
എം.എസ്.പിയും ബ്രസീലും തമ്മില്‍ നടന്ന സുബ്രതോ കപ്പിന്റെ കലാശപ്പോരില്‍ പതിനഞ്ചോളം മികച്ച സേവുകളാണ് സുജിത്ത് നടത്തിയത്.ബ്ലാസ് റ്റേഴ്‌സുമായി ഒരു വര്‍ഷത്തെകരാറിലാണ് സുജിത്ത് ഒപ്പിട്ടിരിക്കുന്നത്.പത്തൊന്‍പതുകാരനും അപാര പൊക്കത്തിനുടമയുമായ സുജിത്തിന് ഗോള്‍വല കാക്കാന്‍ അവസരം ലഭിക്കേണമേ എന്നാണ് മഞ്ഞപ്പട ആരാധകരുടെ പ്രാര്‍ത്ഥന. എം.എസ്.പിയുടെ സന്താനങ്ങളായ നാലു പേരുടെയും ലക്ഷ്യം ഭാവിയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലൊരിടമാണ്. അവരുടെ ആഗ്രഹ സഫലീകരണം ഐ.എസ്.എല്ലിലെ അവരുടെ പ്രകടനത്തെ ആശ്രയിച്ചാണിരികുന്നത്. ആ യുവ ഫുട്ബാളര്‍മാരുടെ അരങ്ങേറ്റം ഗംഭീരമാകട്ടെ.

11 November 2017

വേങ്ങര സബ്ജില്ല ഹിന്ദി സാഹിത്യോത്സവ് 2017-18 ഹൈസ്കൂൾ വിഭാഗം ജേതാക്കളായി IUHSS PARAPPUR

വേങ്ങര സബ്ജില്ല ഹിന്ദി സാഹിത്യോത്സവ് 2017-18
ഹൈസ്കൂൾ വിഭാഗം ജേതാക്കളായി IUHSS PARAPPUR തുടർച്ചയായി രണ്ടാം വർഷവും.
കുളപ്പുറം GHS ൽ നവംബർ   11 ന് നടന്ന മത്സരത്തിൽ 7 ഇനങ്ങളിൽ അഞ്ചിലും A ഗ്രേഡോടുകൂടി ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നേടിയാണ് ജേതാക്കളായത്. കവിതാരചന, പ്രസംഗം, മോണോആക്ട്, കവിതാലാപനം, സ്കിറ്റ്, ദേശഭക്തിഗാനം എന്നീ ഇനങ്ങളിലാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്.

10 November 2017

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ആയിരക്കണത്തിന് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെയും നാടന്‍കലകളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെ പടയൊരുക്കത്തെ സ്വീകരിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കരുടെയും സേവാദള്‍ വളണ്ടിയര്‍മാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ജനക്കൂട്ടത്തിനിടയിലും ഗതാഗതക്കുരുക്കില്ലാതെ യാത്രയെ സ്വീകരിക്കാനായി.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു. എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, എംഎല്‍എമാരായ എ.പി. അനില്‍കുമാര്‍, ടി.വി. ഇബ്രാഹിം, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, മുസ്ലീം ജില്ലാ സെക്രട്ടറിമാരായ അഷ്‌റഫ് കോക്കൂര്‍, സലീം കുരുവമ്പലം, കെപിസിസി സെക്രട്ടറിമാരായ വി.എ. കരീം, കെ.പി. അബ്ദുള്‍ മജീദ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, സിഎംപി ജില്ലാ സെക്രട്ടറി കൃഷ്്ണന്‍ കോട്ടുമല, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കെ.പി. അനീസ്, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി. അഷ്‌റഫലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ യു.കെ. അഭിലാഷ്, രതീഷ് കൃഷ്ണ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തി. തുടര്‍ന്ന് കൊണ്ടോട്ടി നഗരത്തിലായിരുന്നു ആദ്യ യോഗം. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.പി. മൂസ അധ്യക്ഷനായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, ടി.വി. ഇബ്രാഹിം എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, പി. ഉബൈദുള്ള എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, ടി. ശരത്ചന്ദ്രപ്രസാദ്, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പടിക്കലിലായിരുന്നു പിന്നീട് സ്വീകരണം. വേങ്ങര മണ്ഡലത്തിലെ കൊളപ്പുറം, തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി എന്നിവിടങ്ങളിലായിരുന്നു അടുത്ത സ്വീകരണം. രാത്രിയിലും നിരവധി ജനങ്ങളാണ് ഓരോ സ്വീകരണ സ്ഥലത്തും പ്രതിപക്ഷ നേതാവിനെ കാത്തിരുന്നത്.
താനൂരിലാണ് പടയൊരുക്കും ഇന്നു ജില്ലയില്‍ പര്യടനമാരംഭിക്കുന്നത്. തിരൂര്‍, പൊന്നാനി, എടപ്പാള്‍, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഇന്നു പടയൊരുക്കം പര്യടനം നടത്തും. ദേശീയസംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ ഓരോ സ്ഥലത്തും സംഘടിപ്പിക്കുന്ന സ്വീകരണ യോഗങ്ങളില്‍ സംസാരിക്കും.

09 November 2017

രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം നാളെ വേങ്ങരയിൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം രാഷട്രീയ വിശദീകരണ ജാഥ വെള്ളിയാഴ്ച ജില്ലയിൽ പ്രവേശിക്കും.രാവിലെയു.ഡി.എഫ് ജില്ലാ നേതാക്കൾ ജില്ലാ തിർത്തിയായ ഐക്കരപ്പടിയിൽ വെച്ച് സ്വീകരിക്കും. തുടർന്ന് ആദ്യ സ്വീകരണം കൊണ്ടോട്ടിയിലും ,വള്ളിക്കുന്ന് മണ്ഡലത്തിലെ സ്വീകരണം ചേളാരിയിലും നടക്കും, വേങ്ങര മണ്ഡലത്തിലെ സ്വീകരണ പരിപാടികൾകൊളപ്പുറത്ത് നാലര മണിക്കാരംഭിക്കും കെ.സുധാകരൻ, അബ്ദുസമദ് സമദാനി, കെ.എം.ഷാജി പ്രസംഗിക്കും, ആറു മണിയോടെ ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തല, എം.കെ.മുനീർ, വി.ഡി.സതീശൻ, ഷിബു ബേബി ജോൺ,, സി.പി.ജോൺ തുടങ്ങി യു.ഡി.എഫ് നേതാക്കൾ ജാഥാ സ്വീകരണത്തിൽ പ്രസംഗിക്കും.മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ ബൂത്തുകളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ ചടങ്ങിൽ ജാഥാ ക്യാപ്റ്റനു കൈമാറുമെന്നും മണ്ഡലം യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അഡ്വ.സി.കെ.അബ്ദുറഹിമാൻ, ടി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.പി.അബ്ദുൾ മജീദ്, പി.കെ.അസ് ലു, എ.കെ.എ. നസീർ പങ്കെടുത്തു.

ഐ എസ് എൽ ടിക്കറ്റ് വില്പന ഇന്ന് മുതൽ

കൊച്ചി: ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോളിലെ ഓണ്ലൈന് ടിക്കറ്റ് വില്പ്പനയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. കേരളത്തിന്റെ ടീം ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്പ്പന ആരംഭിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം നാലു മണി മുതല് www.bookmyshow.com വഴി ഓണ്ലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയുമാകും ആരാധകര്ക്ക് ടിക്കറ്റുകള് ലഭ്യമാക്കുക.
17ന് വെള്ളിയാഴ്ച കൊച്ചിയില് നടക്കുന്ന സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്സും കൊല്ക്കത്തയും തമ്മിലുള്ള പോരാട്ടത്തിന്റെ ടിക്കറ്റുകളാണ് വ്യാഴാഴ്ച മുതല് ലഭിക്കുക. കലൂര് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മുമ്ബേ വര്ണശബളമായ ഉദ്ഘാടനച്ചടങ്ങുകളും അരങ്ങേറും.

കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ

വേങ്ങര നിയമസഭാ മണ്ഡലത്തില്‍നിന്നും വിജയിച്ചു കയറിയ കെ.എന്‍.എ ഖാദര്‍ അള്ളാഹുവിന്റെ നാമത്തില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍വെച്ചാണു ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെല്ലുംമുമ്പ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടശേഷമാണു കെ.എന്‍.എ ഖാദര്‍ വേദിയിലേക്ക് കയറിയത്്. ഇതിന് മുമ്പ് തന്നെ പ്രതിപക്ഷം നേതാവ് രമേശ്‌ചെന്നിത്തലയുടേയും മറ്റു പ്രമുഖ യു.ഡി.എഫ് നേതാക്കളെയും നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.
നിയമസഭയില്‍ ന്യൂനപക്ഷങ്ങളുടേയും ലീഗിന്റെ കരുത്തുറ്റ ശബ്ദമാകാന്‍ കെ.എന്‍.എ ഖാദറിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ലീഗ് പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും.

06 November 2017

skssf മലപ്പുറം വെസ്റ്റ് ജില്ലാ മനുഷ്യജാലിക സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു

skssf മലപ്പുറം വെസ്റ്റ് ജില്ലാ
മനുഷ്യജാലിക
സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു

വേങ്ങര : ജനുവരി 26 ന് വേങ്ങരയില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.,എഫ്  വെസ്റ്റ് ജില്ലാ മനുഷ്യജാലികയുടെ സ്വാഗത സംഘരൂപീകരണ *യോഗം സയ്യിദ് മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു*.പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ഖാദര്‍ ഫൈസി കുന്നുംപുറം, എം.എം കുട്ടിമൗലവി, സഹീര്‍ അന്‍വരി പുറങ്ങ്, ഒ.കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, നൗഷാദ് ചെട്ടിപ്പടി, ഒ.കെ.എം കുട്ടി ഉമരി, മുസ്തഫ ബാഖവി ഊരകം, പി.കെ.സി മുഹമ്മദ്,  റാസി ബാഖവി, മുഹമ്മദലി മാസ്റ്റര്‍, കെ.പി ചെറീദ് ഹാജി, എം.എ ജലീല്‍ ചാലില്‍കുണ്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍ : *കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍* (മുഖ്യ രക്ഷാധികാരി) *പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍* (ചെയര്‍മാന്‍) *എം.എ ജലീല്‍ ചാലില്‍കുണ്ട്* (ജനറല്‍ കണ്‍വീനര്‍)
*മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍* (ട്രഷറര്‍) *ശിഹാബ് അടക്കാപ്പുര* (വര്‍ക്കിംഗ്  ചെയര്‍മാന്‍) *ഹസീബ് ഓടക്കല്‍*  (വര്‍ക്കിംഗ് കണ്‍വീനര്‍) എന്നിവരേയും വിവിധ സബ് കമ്മറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി *ഒ.കെ.എ കുട്ടി ഉമരി, ആശിഖ് കുഴിപ്പുറം* (പ്രോഗ്രാം കമ്മറ്റി)  *ഇസ്മായീല്‍ ഫൈസി കിടങ്ങയം, നിയാസ് വാഫി* (പബ്ലിസിറ്റി) *മുസ്തഫ ബാഖവി ഊരകം, ശംസു പുള്ളാട്ട്* (ഫിനാന്‍സ് കമ്മറ്റി) *ഇഖ്ബാര്‍ ടി.വി, നദീര്‍ ഹുദവി* (ലൈറ്റ് & സൗണ്ട്) *ഹസ്ബുള്ള ബദ്‌രി, ഹുസൈന്‍ ദാരിമി* (സ്വീകരണ കമ്മറ്റി) *മുഹമ്മദ് കുട്ടി കുന്നുംപുറം, മുസ്തഫ എം.ടി* (വളണ്ടിയര്‍ കമ്മറ്റി) *ജാഫര്‍ ഓടക്കല്‍, സത്താര്‍ കുറ്റൂര്‍* (സപ്ലിമെന്റ് കമ്മറ്റി) *അമാനുള്ള റഹ്മാനി, സാദിഖ് കോട്ടുമല* (മീഡിയ) *പൂക്കു തങ്ങൾ അരികുളം, മുത്തു അരിക്കുളം* ( ട്രാഫിക് കമ്മറ്റി )എന്നിവരേയും തിരഞ്ഞെടുത്തു.
ബഷീര്‍ നിസാമു മുട്ടുംപുറം സ്വാഗതവും മുഹമ്മദ് ചിനക്കല്‍ നന്ദിയും പറഞ്ഞു.

എന്ന്
എം.എ ജലീല്‍ ചാലില്‍കുണ്ട്
ജനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം

വേങ്ങരയിൽ രക്ത ശാലി വിപ്ലവം

വേങ്ങരയിൽ രക്ത ശാലി വിപ്ലവം
വേങ്ങര കൃഷി ഭവന്റ കീഴിൽ വരുന്ന കുറ്റൂർ സൗത്ത് പാടശേഖത്തിൽ ശ്രീ ജാഫർ ചെമ്പൻ എന്ന യുവ കർഷകന്റെ ഒരേക്കർ വരുന്ന പാടത്ത് രക്ത‌ ശാലി നെല്ലിന്റെ നടീൽ ഉൽഘാടനം വേങ്ങര കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീ അബ്ദു സലാം ടി കെ. നിർവഹിച്ചു.ചടങ്ങിൽ വേങ്ങര കൃഷി ഓഫിസർ ശ്രീ . നജീബ് എം അസിസ്റ്റൻറ് കൃഷി ഓഫിസർ ശ്രീമതി .വിജിത കെ കർഷകരായ ശ്രീ ചെമ്പൻ ജാഫർ, സനൽകുമാർ, അയ്യപ്പൻ, നാരായണൻ, മുജീബ്, അബ്ദുറിയാസ്, ' എന്നിവർ പങ്കെടുത്തു .
പരപ്പനങ്ങാടി ചന്ദ്രഗിരി മിൽ ഉടമ.ശ്രീ ചന്ദ്ര ശേഖരന്റ കൃഷിയിടത്തിൽ നിന്നും ഒരു കിലോ വിത്ത് 100/-  .രു പ പ്രകാരം ശ്രീ ജാഫർ  വാങ്ങിയത് ഇരുമ്പു സത്തും ധാതുലവണങ്ങളും ധാരാളം അടങ്ങിയ ര ക്ത ശാലി അരി കൊളസ്ട്രോൾ കുറക്കുന്നതിനും രക്തത്തിലെ ഹീമോ  ഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കും ഇതിന്റെ ഒരു കിലോ അരിക്ക് 210 /- രൂപയാണ് വില നിത്യ യൗവനവും അകാലവാർദ്ധക്യവും അകറ്റാനും ആരോഗ്യ സംരക്ഷണത്തിനുo പൂർവ്വികർ ഉപയോഗിച്ചിരുന്ന അരിയാണ് രക്ത ശാലി. കീമോ തറാപ്പി മൂലം ശരീരം ശോഷിച്ച ക്യാൻസർ രോഗികൾക്കും ശരീരം പുഷ്ടി വീണ്ടെടുക്കുന്നതിന് വളര ഫലപ്രദമാണ് ഈ ഔഷധ നെൽച്ചെടി
വേങ്ങര യിൽ വലിയോറ പാടശേഖര സെക്രട്ടറി ചെള്ളി ബാവയും ഒരേക്കർ സ്ഥലത്ത് ഈ നെൽ കൃഷി ചെയ്തിട്ടുണ്ട് അദേഹത്തിന്റെ പാടം ഈ കഴിഞ്ഞ ദിവസം  വയനാട്ടിൽ നിന്നും വന്ന പ്രശസ്ത   വയനാടൻ പൈതൃക നെൽ വിത്ത് സംരക്ഷകൻ ചെറു വയൽ രാമൻ സന്ദർശിക്കുകയുണ്ടായി

05 November 2017

ഫാം സ്‌കൂൾ '' പഠന ക്ലാസ്

വേങ്ങര കൃഷിഭവനും വേങ്ങര ബ്ലോക്ക്‌ പഞ്ചായത്തും പാടശേഖര സമിതിയും വലിയോറ എ.എം.യു.പി  സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബും  സംയുക്തമായി കർഷകർക്ക് ഇന്നലെ (04 /11 /2017.നു) മൂന്നാമത് " ഫാം സ്‌കൂൾ '' പഠന ക്ലാസ് ( വലിയോറ ഈസ്റ്റ് AMUP സ്ക്കൂളിൽ വച്ചു നടത്തപ്പെടുകയുണ്ടായി .ശ്രി.അബ്ദുസ്സലാം TK (കൃഷി അസി .ഡയറക്ടർ കൃഷിഭവൻ വേങ്ങര)ഉദ്ഘാടനം ചെയ്തു . ശ്രീ . മുഹ മ്മദ് നജീബ് (കൃഷി ഓഫിസർ കൃഷിഭവൻ വേങ്ങര) മറ്റു കൃഷി വകുപ്പ്  ഉദ്യോഗസ്ഥരും സ്ക്കൂൾ അ ദ്ധ്യാപകരും കർഷകരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിയിൽ പ്രശസ്‌ത വയനാടൻ പൈതൃകനെൽവിത്ത് സംരക്ഷിത കർഷകൻ " ചെറുവയൽ രാമൻ " വയനാട് മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. 40ൽ പരം ധാന്യങ്ങൾ അദ്ദേഹത്തിൻറെ കൃഷി യിടത്തിൽ ജൈവ രീതിയിലൂടെ മാത്രം ഉത്പാദിപ്പി ക്കുന്നുണ്ടെന്നും , കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിരവധി  പുരസ്‌ക്കാരളും, പ്രശസ്തി പത്രവും  അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നുമാണ് അറിയാൻ സാധിച്ചത് . പാദരക്ഷ യില്ലാതെയുള്ള അദ്ദേഹത്തിൻറെ നടപ്പ് എല്ലാവരും  കൗതുകത്തോ ടെയാണ് വീക്ഷിച്ചത് ..! പാദരക്ഷയില്ലാതെ ഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്നത് ആയൂരാരോഗ്യത്തിന് വളരെ ഗുണകരമാണെന്നും അദ്ദേഹം പറയുകയുണ്ടായി . DECCAN Chrornicle എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ 31 /10 /2017നു അദ്ദേഹത്തെക്കുറിച്ചു വന്ന റിപ്പോർട്ട് കാണുക .!!

02 November 2017

വാടക വീട്ടിൽ നിന്ന് മോചനം കാത്തു ഇരുപത് കുടുംബങ്ങൾ

വേങ്ങര: സ്വന്തമായി ലഭിച്ച വീടുകളില്‍ എന്നു താമസിക്കാന്‍ സാധിക്കുമെന്നറിയാതെ ആശങ്കയില്‍ കഴിയുന്നത്‌ 20 കുടുംബങ്ങള്‍. അരിക്കുളം ലക്ഷംവീട്‌ കോളനിയിലെ 20 വീട്ടുകാരാണ്‌ സ്വന്തമായി കിട്ടിയ വീട്ടില്‍ എന്നു താമസിക്കാനാകുമെന്നറിയാതെ 21 മാസമായി വാടക വീടുകളില്‍ കഴിയുന്നത്‌. 1972ല്‍ എം.എന്‍ ഗോവിന്ദന്‍ നായര്‍ ഭവന വകുപ്പ്‌ മന്ത്രിയായിരിക്കെയാണ്‌ പാര്‍പ്പിട പ്രശ്‌നത്തിന്‌ പരിഹാരമായി ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചത്‌. അന്ന്‌ ആയിരത്തി ഇരുനൂറ്‌ രൂപ മുതല്‍ ആയിരത്തി അഞ്ഞുറ്‌ രൂപ വരെയാണ്‌ ഒരു വീടിന്‌ ചെലവ്‌ കണക്കാക്കിയിരുന്നത്‌. തുടര്‍ന്ന്‌ ആ മേല്‍ക്കൂരക്കു കീഴെ ഇരുവശങ്ങളിലായി രണ്ടു വീടുകളാണ്‌ നിര്‍മിക്കപ്പെട്ടത്‌. നീണ്ട കാലത്തെ പരാതികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാറിന്റെ അവസാന കാലത്താണ്‌ അരിക്കുളം ലക്ഷംവീട്‌ ഒറ്റ വീടാക്കി 20 വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്‌. ഒരു വീടിന്‌ അഞ്ചുലക്ഷം രൂപ എന്ന കണക്കില്‍ ഒരു കോടി രൂപയാണ്‌ ഇതിനായി വകയിരുത്തിയത്‌. 2016ല്‍ ഗ്രാമപഞ്ചായത്തിന്റെ മുന്‍ കയ്യില്‍ പഴയ വീട്‌ പൊളിച്ച്‌ പുതിയ വീടുകള്‍ക്കായുള്ള പ്രവൃത്തിയും തുടങ്ങി. ഇതില്‍ താമസിച്ചിരുന്ന 20 കുടുംബങ്ങളും ഇതോടെ ലഭ്യമായ വാടക വീടുകളിലേക്കും ക്വാട്ടേഴ്‌സുകളിലേക്കും മാറി താമസിച്ചു. ആദ്യ മാസങ്ങളില്‍ വാടക ഇനത്തില്‍ ചെറിയ ധനസഹായം പഞ്ചായ ത്തു നല്‍കിയിരുന്നെങ്കിലും ഇത്‌ തുടരാനായില്ല. അതിനിടെ ഫണ്ടിന്റെ അപര്യാപ്‌തതയുടെ പേരില്‍ പണി പൂര്‍ത്തീകരിക്കുന്നതിനു മുമ്പേ നിര്‍മാണം നിലച്ചു. കുറച്ചു നാളുകളായി പ്രവൃത്തി പുനരാരംഭിച്ചെങ്കിലും ഏതാനും വീടുകളുടെ തേപ്പ്‌ കൂടി പൂര്‍ത്തീകരിച്ച്‌ നിലം ടൈല്‍ വിരിക്കാനും ശുചി മുറികളടക്കമുള്ള ജോലിയും ബാക്കി നില്‍ക്കുകയാണ്‌. നിത്യജീവിതത്തിന്‌ തന്നെ പാടുപെടുന്ന കുടുംബങ്ങളാണ്‌ ഇവിടുത്തെ താമസക്കാരിലധികവും. ജീവിതചെലവിനൊപ്പം വാടക കൂടി വന്നു ചേരുന്നത്‌ ഇവര്‍ക്ക്‌ ഏറെ പ്രയാസമായി മാറിയിരിക്കുകയാണ്‌. ഏറെ വിഷമം സഹിച്ചും സ്വന്തം വീട്ടില്‍ താമസിക്കാമെന്ന വലിയ മോഹവുമായി കാത്തിരിക്കയാണിവര്‍. അതിനിടെ വീടുകളുടെ പണി ഉടന്‍ പൂര്‍ത്തികരിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌.

01 November 2017

മമ്മൂട്ടി മലപ്പുറത്തെത്തും.

വള്ളുവനാടിന്റെ പോരാട്ടവീര്യം പറയുന്ന മാമാങ്കം സിനിമയാകുമ്പോള്‍ നായകന്‍ മമ്മൂട്ടി മലപ്പുറത്തെത്തും. തിരുന്നാവായ മണപ്പുറത്ത് നടിന്നിരുന്ന മാമാങ്കം മഹോത്സവത്തിന്റെ ചിത്രീകരണവും ഭാരതപ്പുഴയുടെ തീരങ്ങളില്‍ തന്നെയാവും.
നവാഗതനായ സജീവ് പിള്ള 12 വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ കരിയറിലെ മികച്ച ചിത്രമായിരിക്കും ഇതെന്ന് മമ്മൂട്ടി അഭിപ്രായപ്പെടുന്നു. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പള്ളിയാണ് നിര്‍മിക്കുന്നത്.
ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) നീുനിന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്.
ചേരസാമ്രാജ്യത്തിന്റെ അധ:പതനത്തോടെ ഉത്സവത്തിന്റെ നടത്തിപ്പവകാശം വള്ളുവനാട്ടിലെ ഭരണാധിപന്‍മാരായിരുന്ന വള്ളുവക്കോനാതിരിമാര്‍ക്ക് ലഭിച്ചു. മാമാങ്കത്തിന് ആതിഥ്യം നല്‍കുന്നത് അന്തസ്സിന്റെ ചിഹ്നമായതിനാല്‍ രാജാക്കന്‍മാര്‍ പരസ്പരം മത്സരിച്ചു. കോഴിക്കോട് സാമൂതിരി തിരുനാവായ ആക്രമിച്ച് കീഴടക്കിയപ്പോള്‍ അദ്ദേഹമായി മാമാങ്കത്തിന്റെ നേതാവ്. സാമൂതിരിയുടെ മേല്‍ക്കോയ്മയോടുള്ള പ്രതിഷേധ സൂചകമായി വള്ളുവക്കോനാതിരി ചാവേറു പടയെ തിരുനാവായയിലേക്ക് അയച്ചിരുന്നു. പൂര്‍വികന്‍മാര്‍ക്ക് വേണ്ടി പ്രതികാരം നിര്‍വഹിക്കാനായി ചാവേറു പട സാമൂതിരിയോട് പടപൊരുതിപ്പോന്നു. എ.ഡി 1755 ലാണ് അവസാനമായി മാമാങ്കം നടന്നതെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.

ആരോഗ്യ സംരക്ഷണം ശക്‌തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന്‌ പി.കെ അബ്‌ദുറബ്ബ്‌ എം.എല്‍.എ

ആരോഗ്യ സംരക്ഷണം ശക്‌തിപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങണമെന്ന്‌ പി.കെ അബ്‌ദുറബ്ബ്‌ എം.എല്‍.എ പറഞ്ഞു. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ പാനീയ ചികിത്സാ വാരാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്‌.എസ്‌ യൂണിറ്റും ആരോഗ്യ വകുപ്പും സംയുക്‌തമായാണ്‌ പരിപാടി നടത്തിയത്‌. പ്രിന്‍സിപ്പല്‍ ഡോ. എ.പി. അബ്‌ദുള്ള അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ മുഹമ്മദ്‌ ഇസ്‌മയില്‍ മുഖ്യപ്രഭാഷണം നടത്തി. ശിശുരോഗ വിദഗ്‌ദന്‍ ഡോ. ഷാജി അറക്കല്‍ ക്ലാസെടുത്തു. എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പി.എസ്‌. ധന്യ, ടി. മുഹമ്മദ്‌ ഷാഫി, ജില്ലാ മാസ്‌ മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍, ഹെല്‍ത്ത്‌ എജ്യുക്കേഷന്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കെ.പി സാദിഖ്‌ അലി, ഡെപ്യൂട്ടി മാസ്‌ മീഡിയ ഓഫീസര്‍ എം.പി. മണി, കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ പി. മന്‍സൂര്‍, ഹെല്‍ത്ത്‌ സൂപ്പര്‍ വൈസര്‍ അനില്‍കുമാര്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ വി.പി. ദിനേഷ്‌ പ്രസംഗിച്ചു.

30 October 2017

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോളിൽ കെ.പി എംബസാർ ജേതാക്കളായി

             

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ ടൂർണ്ണമെൻറിൽ സിറ്റിയുണൈറ്റഡ് കെ.പി.എം ബസാർ ജേതാക്കളായി. യുണൈറ്റഡ് മുണ്ടക്കപ്പറമ്പ് രണ്ടാംസ്ഥാനം നേടി വിജയികൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഫസൽട്രോഫി നൽകി.എൻ.സഹീർ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റ് വിതരണം സംഘാടക സമിതി വൈസ് ചെയർമാൻ ഇബ്രാഹിം വലിയോറ നിർവ്വഹിച്ചു.ജലീൽ, സഫ്വാൻ എന്നിവർ സംസാരിച്ചു.                    
ഷട്ടിൽ ടൂർണ്ണമെൻറിൽ പരപ്പിൽ പാറ പി.വൈ.എ സി നു വേണ്ടി എ.കെ.നാസർ, അഭിരാമ് ടീം ജേതാക്കളായി, ചാലഞ്ച് മുതലമാടിന് വേണ്ടി ഹംസ ബാബു - മുഹമ്മദ് നിയാസ് ടീം രണ്ടാം സ്ഥാനം നേടി.വിജയികൾക് വേ'ങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രോഫി നൽകി.

29 October 2017

ആറു വയസ്സായ കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.

വേങ്ങര, കണ്ണമംഗലം അച്ചനമ്പലത്തും ,ചുലന്‍ കുന്നിലുമായി രാത്രി ആറു വയസ്സായ കുട്ടിയടക്കം നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.നാലു മണിക്ക് അച്ചമ്പലം അങ്ങാടിക്കടുത്ത് വെച്ച് തയ്യില്‍ സൈനുദ്ദീന്‍ (55) നാണ് ആദ്യം കടിയേറ്റത്. എട്ടു മണിയോടെ രണ്ട് ബംഗാളികള്‍ക്കും കടിയേറ്റു. ചൂലന്‍ കുന്നില്‍ വീട്ടുമുറ്റത്തു വെച്ചാണ് ആറു വയസ്സുള്ള കുട്ടിക്ക് കടിയേറ്റത്.നാട്ടുകാര്‍ നായയെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല

ഊരകം മേൽമുറി ജി എം എൽ പി നൂറാം വാർഷിക നിറവിൽ

വേങ്ങര: ഊരകം മേല്‍മുറി കാരാത്തോട്‌ ജി.എം.എല്‍.പി സ്‌കൂള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലങ്ങളായ പരിപാടികളോടെ അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു. നാളെ വൈകിട്ട്‌ മൂന്നിന്‌ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.ഉദ്‌ഘാടനം ചെയ്യ്യും.
നിയുക്‌ത എം.എല്‍.എ കെ.എന്‍.എ ഖാദര്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.അസ്ലു, ഊരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫ്രീന അശ്‌റഫ്‌, ജില്ലാ പഞ്ചായത്തംഗം ജമീല അബുബക്കര്‍, സൗദാ അബു ത്വാഹിര്‍, പി.നാരായണന്‍, പി.ടി.ബിരിയാമു, ഷൈനി മലയില്‍, കെ.കെ.ഉമ്മര്‍, എ.ഇ.ഒ.സി.പി വിശാലം, ഉഷാറാണി, മേനാട്ടില്‍ ഉസ്‌മാന്‍, പി.മറിയുമ്മ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ പി.കെ.അസ്ലു, ആയോളി അഹമ്മദ്‌ കുട്ടി, കെ.കെ.ഉമ്മര്‍, മേനാട്ടില്‍ ഉസ്‌മാന്‍, പി.മറിയുമ്മ, അനില്‍കുമാര്‍, മുഹമ്മദ്‌ നജീബ്‌ പങ്കെടുത്തു

28 October 2017

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം, ക്രിക്കറ്റിൽഗാസ്ക്കോ അരീക്കുളം ജേതാക്കളായി

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം,              
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഗാസ്ക്കോ അരീക്കുളം , ജേതാക്കളായി. വിജയികൾക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ.മൻസൂർ ട്രോ ഫിനൽകി. GDFC വേങ്ങര രണ്ടാം സ്ഥാനം നേടി.വേങ്ങര പഞ്ചായത്ത് മെമ്പർ പി.അബ്ദുൽ അസിസ് ട്രോഫി നൽകി, വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ, ഇ മുഹമ്മദലി, നിർവഹിച്ചു. സംഘാടക സമതി വർക്കിംഗ് ചെയർമാൻ, യൂസുഫലി വലിയോറ അദ്ധ്യക്ഷത വഹിച്ചു.എൻ.സഹീർ അബ്ബാസ്, എ.കെ.നാസർ, എം ഇബ്രാഹിം, ജയേഷ്, ജലീൽ, ഷഫീഖ്, എന്നിവർ സംസാരിച്ചു.

" ഗ്രീൻ ആർമി ടീം രൂപീകരിച്ചു

" ഗ്രീൻ ആർമി ടീം രൂപീകരിച്ചു "ഇരിങ്ങല്ലൂർ :പറപ്പൂർ പഞ്ചായത്ത് ഏഴാം വാർഡ് മുസ്ലിം യൂത്ത് ലീഗിന്റെയും എം എസ് എഫ് ന്റെയും  നേതൃത്വത്തിൽ  നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട 50 അംഗ  വളണ്ടിയർ  ടീമിനെ രൂപീകരിച്ചു. ടീം അംഗങ്ങൾക്ക്  പ്രത്യേകം യൂണിഫോമും തയ്യാറാക്കുകയും ചെയ്തു  കുറ്റിത്തറ  എ എം യു പി സ്കൂളിൽ  നടന്ന ചടങ്ങിൽ  വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് PK അസ്ലു ടീം അംഗങ്ങൾക്ക്  ജേഴ്സി   വിതരണം നടത്തി

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������