Labels

01 December 2018

" ഒളകര സ്കൂൾ കുട്ടിപ്പീട്യാസ് "

പെരുവള്ളൂർ ഒന്നാം തരത്തെ ഒന്നാമതാക്കി, കുട്ടിപ്പീട്യകൾ ഒരുക്കി പെരുവള്ളൂർ ഒളകര ഗവൺമെൻറ് എൽ .പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ

വേങ്ങര: പെരുവള്ളൂർ ഒന്നാം തരത്തെ ഒന്നാമതാക്കി, കുട്ടിപ്പീട്യകൾ ഒരുക്കി പെരുവള്ളൂർ ഒളകര ഗവൺമെൻറ് എൽ .പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പുകയൂർ അങ്ങാടിയിലെത്തിയ കുട്ടിക്കൂട്ടം അവിടെയുള്ള പലചരക്ക് കട,പച്ചക്കറി ക്കട, സ്റ്റേഷനറി കട, ബേക്കറി എന്നിവയെല്ലാം സന്ദർശിച്ചു .ഒന്നാം ക്ലാസിലെ 'നന്നായി വളരാൻ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് വിവിധ വ്യാപാരസ്ഥാപനങ്ങളിൽ
കാഴ്ച്ച ക്കാരായി വിദ്യാർത്ഥികൾ എത്തിയത് .

 തുടർന്ന്  തങ്ങൾക്കും കച്ചവടക്കാരാകണം എന്ന മോഹം സാക്ഷാത്കരിക്കാനാ യാണ് വിദ്യാലയത്തിലെ അധ്യാപകരും,  രക്ഷിതാക്കളും സഹകരിച്ച് കുരുന്നുകൾക്കായി നിരവധി കൊച്ചുകൊച്ചു കടകൾ  സജ്ജീകരിച്ചത്. വിദ്യാർത്ഥികൾ അവരുടെ പേരുകൾ തന്നെ ഓരോ കടകൾക്കും നൽകി. പാത്തുമ്മാന്റെ കളി സാമാന പീട്യ, അനന്തുവിന്റെ മരുന്നും പീട്യ, നിയാസിന്റെ ഫോൺ കട, സാലിയുടെ പത്രപ്പീട്യ, ഹിഷാമിന്റെ ചായ പീട്യ, പലഹാര പീട്യ,അബ്ദൂന്റെ മസാലപ്പീട്യ, നിശാജിന്റെ പച്ചക്കറി പീട്യ,റഷമോളെ തുണി പീട്യ  എന്നിങ്ങനെ രസകരമായി പേരുകളിൽ നർമ്മം ചാലിച്ച് കുട്ടി കച്ചവടക്കാർക്ക് നൽകിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. ചായപ്പീടികയിലും, കളി സാമാന പീടിക യിലും  താരതമ്യേന തിരക്ക് അൽപ്പം  കൂടുത ലായിരുന്നു .സാധനങ്ങൾ വാങ്ങാൻ രക്ഷിതാക്കളും എത്തിയതോടെ 100 രൂപ നിരക്കിൽ ചെരിപ്പും, കുറഞ്ഞവിലയിൽ കളിമൺ പാത്രങ്ങളും, തുണിത്തരങ്ങളുമെ ല്ലാമായി കച്ചവടം പൊടിപൊടിച്ചു .പ്രധാന അധ്യാപകൻ എൻ. വേലായുധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട്  പി .പി സെയ്ദു മുഹമ്മദ് നാട മുറിച്ച്  ഉദ്ഘാടന കർമ്മം നിർവഹിച്ചു .റഷ മോളെ തുണി പീട്യയുടെ ഉടമസ്ഥയായ റഷ മെഹറിൻ തങ്ങൾ ഇത്തരമൊരു ചന്ത ഒരുക്കുവാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ചു. രക്ഷിതാക്കളുടെയും,പി ടി എ യുടെയും പരിപൂർണ്ണമായ സഹകരണം ഈയൊരു പ്രവർത്തനത്തിന്  ഉണ്ടായിരുന്നൂവെന്ന്  ഒന്നാം ക്ലാസിലെ അധ്യാപികയായ റജുല കാവൂട്ട്  അഭിപ്രായപ്പെട്ടു. അധ്യാപികമാരായ ജിജിന,മുനീറ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

     ഒന്നാം ക്ലാസ്സിലെ നന്നായി വളരാൻ എന്ന പാഠഭാഗത്തിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഒളകര സ്കൂളിൽ കുട്ടി പീട്യാസ് എന്ന നാമകരണത്തിൽ കുട്ടി ചന്ത ഒരുക്കിയത് ഒരു വ്യാപാരകേന്ദ്രത്തിന്റെ എല്ലാ പകിട്ടും നിലനിർത്തുമാറായിരുന്നു പീട്യകൾ. ചിത്രശലഭങ്ങൾ കണക്കെ പരിലസിക്കുന്ന കുരുന്നുകൾക്ക് ഇണങ്ങുന്ന പാത്തുമ്മാന്റെ കളിസാമാന പീട്യ മുതൽ കേരളീയ പാരമ്പര്യം ഓർമ്മപ്പെടുത്തുന്ന കളിമൺപാത്രങ്ങളും,  വിവിധ കമ്പനികളുടെ മൊബൈൽഫോണുകളുംആനുകാലിക സംഭവങ്ങൾ ആവിഷ്കരിക്കുന്ന പത്രത്താളുകളുടെയും മാസികകളുടെയും വില്പന കേന്ദ്രവും ഒരുക്കിയിരുന്നു നമ്മുടെ രുചിമുകുളങ്ങൾ കോരിത്തരിപ്പിക്കുന്ന സ്വാദിഷ്ടമായ മധുരപലഹാരങ്ങളുടെ കലവറയും പലവ്യഞ്ജനങ്ങളുടെ അതിവിശാലമായ ശേഖരവും ഒരുക്കിയിരുന്നു. നിത്യജീവിതത്തിൽ അവിഭാജ്യഘടകമായ പച്ചക്കറികളുടെ യും, കുട്ടികൾക്കായുള്ള കുഞ്ഞുടുപ്പുകളുടെ അതിവിപുലമായ ശേഖരവും മേളയ്ക്ക് മിഴിവേകി .പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അത്യപൂർവ്വമായ തിരക്കായിരുന്നു മേളയിലുടനീളം ദൃശ്യമായത്. തങ്ങളും ഒരു കുട്ടി വ്യാപാരിയായി എന്ന ചിന്ത വിദ്യാർത്ഥികളിൽ പ്രകടമായിരുന്നു. പ്രധാന അധ്യാപകൻ എൻ വേലായുധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പി പി സൈദ് മുഹമ്മദ് നാട മുറിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. മേള നടത്തിയതിന്റെ ആവശ്യകതയെക്കുറിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ റഷ മെഹറിനും അധ്യാപികയായ റജുല കാവൂട്ടും വിശദീകരിച്ചു.

മധുര സന്ദർശനം

മധുര സന്ദർശനം


വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാഹോം വേങ്ങര സഹകരണ സർവീസ് ബാങ്ക് പ്രതിനിധികൾ സന്ദർശിച്ചു.
വയോജനങ്ങൾക്ക് വേണ്ടി വേങ്ങര സർവീസ് ബാങ്ക് വ്യത്യസ്‌ത പരുപാടികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാകമായിട്ടാണ് സന്ദർശനം എന്ന് ബാങ്ക്‌പ്രസിഡന്റ് എൻ ടി നാസർ എന്ന കുഞ്ഞുട്ടി അറിയിച്ചു. വേങ്ങര സായം പ്രഭയിൽ രജിസ്റ്റർചെയ്ത മുഴുവൻ വയോജനങ്ങൾക്കും ബാങ്ക് നൽകുന്ന വാക്കിൻ സ്റ്റിക്ക് ബാങ്ക് പ്രസിഡന്റ്  വി ചാത്തുകുട്ടിക്ക് നൽകി ഉൽഘാടനം നിർവ്വഹിച്ചു. വയോജങ്ങൾക്ക് സൗജന്യ മരുന്നുകൾ ,കേൾവി ചെക്കപ്പ് തുടങ്ങിയമറ്റു പദ്ധതികൾ ആസൂത്രണം ചെയ്തുവരുകയാണെന്ന് ബാങ്ക് പ്രതിനിധികൾ അറിയിച്ചു.സായം പ്രഭാ മെമ്പറും കരകൗശല വിതക്തനുമായ ഇറ്റാമൻ നിർമിച്ച മത്സ്യത്തിന്റെ ശിൽപം ബാങ്ക് പ്രതിനിധികൾക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻ കുട്ടി,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫസൽ കൂളിപ്പിലാക്കൽ ,ഇരുപത്തി മുന്നാം വാർഡ് മെമ്പർ ഇ മുഹമ്മദ് അലി ,അസിസ്റ്റന്റ് സെക്രട്ടറി സുനിൽ കുമാർ എൻ സി,സായം പ്രഭാ ഇമ്പ്ലിമെന്റിങ് ഓഫീസർ കമലഭായി,ക,ലത്തീഫ് പൂവാൻചേരി, ഹമീദ്,എ കെ നാസർ,റഹീം കൂറിയാട്, സുബഹിദ അന്നങ്ങാടി,റാബിയ തുടങ്ങിയവർ സംസാരിച്ചു.

26 November 2018

ചിത്രകലാ അദ്ധ്യപകൻ ഷൈജു കാക്കഞ്ചേരിയെ ആദരിച്ചു

ചിത്രകലാ അദ്ധ്യപകൻ ഷൈജു കാക്കഞ്ചേരിയെ ആദരിച്ചു

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന ചൈൽഡ് ലൈൻ, ഫയർ &റെസ്ക്യൂ ഡിപ്പാർട്ടുമെന്റുകൾ സംയുക്തമായി സംഘടിപ്പിച്ച മോക്ഡ്രില്ലിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ വിധം കാഷ്വാലിറ്റി കുട്ടികളുടെ മേക്കപ്പ് ,ഫോട്ടോഗ്രാഫി വർക്കുകൾ  ചെയ്ത സ്കൂളിലെ ചിത്രകലാ അദ്ധ്യപകൻ ഷൈജു കാക്കഞ്ചേരിയെ ആദരിച്ചു. ഫയർഫോഴ്സിനോടൊപ്പം 
മോക്ഡ്രില്ലിൽ പങ്കെടുത്ത വളണ്ടിയർ ടീമാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങളിലെ താരങ്ങളായ അശ്വതിയും ഫാഹിസും  ചേർന്ന് ഷൈജു മാഷിന് മധുരം നൽകി.
    ചടങ്ങ് പ്രിൻസിപ്പൽ യൂസുഫ് കരുമ്പിൽ ഉദ്ഘാടനം ചെയ്തു. അസ്‌ലം കെ.പി.എം അദ്ധ്യക്ഷനായിരുന്നു. ശ്രീജിത്ത് ജി., യാസിർ പൂവിൽ, മുജീബ് റഹ്മാൻ കെ.വി, ജോഷിത്ത് പി, ഹാഷിം സി, മനീഷ് മാത്യൂ, അൽമാസ് പി.എച്ച് എന്നിവർ സംസാരിച്ചു.

ഏനിഹാജി അനുസ്മരണം

ഏനിഹാജി അനുസ്മരണം

വേങ്ങര:  സാമൂഹ്യനീതിയലധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ ഉന്നതരായ രാഷ്ട്രീയ നേതാക്കളെ പോലും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്ന് LJD ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ പ്രസ്താവിച്ചു പുല്ലമ്പലവൻ ഏനി ഹാജി അനുസ്മരണ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം 1971 ൽ കർപ്പൂരിൽ താക്കൂറിനെ ബീഹാറിന്റെ മുഖ്യ മന്ത്രിയാക്കി നവോത്ഥാനത്തിന് തുടക്കം കുറിച്ചത് സോഷ്യലിസ്റ്റകളായിരുന്നെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. വള്ളിൽ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു, അലി പുല്ലിത്തൊടി, മഞ്ഞക്കണ്ടൻ മുഹമ്മദലി, ചെമ്പൻ ശിഹാബ്, കെ.കെ അബൂബക്കർ , ശശി കടവത്ത്, സി അബൂബക്കർ, എൻ.പി റഷീദ് എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ക്ലബ്ബ് ഫോർ ആൻറി നാർക്കോട്ടിക് പ്രമോഷൻ (ക്യാൻപ്) വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു 

പെരുവള്ളൂർ:  ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ( ക്യാൻപ്)  ക്ലബ് ഫോർ ആന്റി  നാർക്കോട്ടിക് പ്രമോഷൻ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .മലപ്പുറം ജില്ലയിൽ അഞ്ച് സ്കൂളുകളെയാണ് ഇവരുടെ ക്യാമ്പയിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഓരോ മാസവും ഓരോ ക്ലാസ് എന്നരീതിയിലാണ് ക്ലാസുകൾ എടുക്കുക. ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ പ്രൊജക്റ്റ് ഡയറക്ടർ ഉനൈസ് അലി പുകയൂർ ക്ലാസെടുത്തു. എച്ച് വൺ എൻ വൺ എന്ന രോഗത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കായി അദ്ദേഹം ബോധവൽക്കരണം നടത്തി. വാക്സിനേഷൻ, ഹെൽത്ത് ക്ലബ്ബിന്റെ പ്രമോഷൻ, മറ്റ് സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ എന്നിവയെക്കുറിച്ചെല്ലാം തുടർ മാസങ്ങളിലായി ക്ലാസുകൾ എടുക്കും" ലീവ് നാർക്കോട്ടിക് ലിവ് ഹെൽത്തി" എന്നതാണ് ക്യാൻപ്  മുദ്രാവാക്യം. ഹെഡ്മാസ്റ്റർ എൻ. വേലായുധൻ അധ്യാപകനായ പി .കെ ഷാജി  എന്നിവർ സംസാരിച്ചു .

24 November 2018

ഓട്ടിസം സെണ്ടർ ഉടൻ പ്രവർത്തനം ആരംഭിക്കണം

ഓട്ടിസം സെണ്ടർ ഉടൻ പ്രവർത്തനം ആരംഭിക്കണം

വേങ്ങര: പാലശ്ശേരിമാട് വലിയോറ ഗവ:യൂപി സ്കൂളിൽ PK കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്ത് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി നിർമിച്ച ഓട്ടിസം സെണ്ടറിന് മതിയായ ഉപകരണങ്ങൾ എത്രെയും പെട്ടന്ന് എത്തിച്ച് പ്രവർത്തന സജ്ജമാക്കണമെന്നുംസ്കൂളിലേക്കു അനുവദിച്ച കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാൻ നടപടികൾ തൃദഗതി യിലാക്കണമെന്നും കെട്ടിട നിർമ്മാണം പൂർത്തിയാകുന്നത് വരെ നാല് ക്ലാസ് റൂമുകൾ താത്കാലികമായി പുതിയ ഓട്ടിസം കെട്ടിടത്തിൽ ആരംഭിക്കണമെന്നും സ്കൂളിൽ ചേർന്ന സർവ കക്ഷികളുടെ സംയുകത യോഗം അധികൃതരോട് ആവശ്യപ്പെട്ടു,     
      
     യോഗത്തിൽ സിപി:മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു . വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിതീകരിച്ച്‌ രാമകൃഷ്ണൻ,NT:ശരീഫ്, അസീസ് ഹാജി, രവീന്ദ്രൻ, കാദർ പറമ്പിൽ,അലവി പൂച്ചോലക്കൽ എന്നിവർ സംസാരിച്ചു. 
     വികസന സമിതിക്ക് വേണ്ടി        മുഹമ്മദ്കുഞ്ഞി പറങ്കോടത്ത്,NP:ചന്ദ്രൻ,E:മുഹമ്മദലി, PTA കമ്മിറ്റിക്കു വേണ്ടി  സൈതപറമ്പൻ,വഹാബ് തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിൽ മുഹമ്മദ് മാസ്റ്റർ സ്വാഗതവും, ഹരിമാസ്റ്റർ നന്ദിയും പറഞ്ഞു.


കുറ്റാളൂര്‍ ബദ്‌റുദ്ദുജ പതിനഞ്ചാമത് മീലാദ് സമ്മേളനവും ബഹുജന മീലാദ് റാലിയും 26/11/(തിങ്കളാഴ്ച)

കുറ്റാളൂര്‍ ബദ്‌റുദ്ദുജ പതിനഞ്ചാമത് മീലാദ് സമ്മേളനവും ബഹുജന മീലാദ് റാലിയും 26/11/(തിങ്കളാഴ്ച) 

വേങ്ങര: കുറ്റാളൂര്‍ ബദ്‌റുദ്ദുജ പതിനഞ്ചാമത് മീലാദ് സമ്മേളനവും ബഹുജന മീലാദ് റാലിയും 26/11/(തിങ്കളാഴ്ച) വിപുലമായി നടക്കും. ബദ്‌റുദ്ദുജ അക്കാദമിക്ക് കീഴില്‍ പതിനാല് വര്‍ഷമായി നടന്നു വരുന്നതാണ് മീലാദ് സമ്മേളനം. വൈകുന്നേരം 4.00 മണിക്ക് ഖബര്‍ സിയാറത്തോടെ കുറ്റാളൂരില്‍ നിന്ന് ആയിരക്കണക്കിന് പ്രവാചക പ്രേമികള്‍ അണി നിരക്കുന്ന വര്‍ണാഭമായ നബിദിന റാലി ആരംഭിക്കും. ബദ്‌റുദ്ദുജ, അല്‍ ഇഹ്‌സാന്‍, കേരള മുസ്‌ലിം ജമാഅത്ത് എന്നിവ സംയുക്തമായാണ് ഇത്തവണ റാലി സംഘടിപ്പിച്ചിട്ടുള്ളത്. ദഫ്, അറബന, സ്‌കൗട്ട്, മറ്റു കലാരൂപങ്ങള്‍ റാലിക്ക് മാറ്റുകൂട്ടും. റാലിക്ക് സമാപനം കുറിച്ച് കൊണ്ട് വേങ്ങര ടൗണില്‍ സിദ്ധീഖ് സഖാഫി അരീയൂര്‍ സന്ദേശ പ്രഭാഷണം നടത്തും. 
തുടര്‍ന്ന് 6.30ന് മദ്ഹുര്‍റസൂല്‍ പ്രഭാഷണവും ആത്മീയ സമ്മേളനവും നടക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. ആത്മീയ സമ്മേളനത്തിന് ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ടി ടി അഹമ്മ്കുട്ടി സഖാഫി, ഒ കെ സ്വാലിഹ് ബാഖവി, അസീസ് സഖാഫി എലമ്പ്ര, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി, അബ്ദു ഹാജി വേങ്ങര, സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, ഹക്കീം സഅദി അണ്ടോണ, കെ പി യൂസുഫ് സഖാഫി സംബന്ധിക്കും.

23 November 2018

മഴവില്ല് വിരിയിച്ച് ഒളകര സ്കൂൾ വിദ്യാർത്ഥികൾ

മഴവില്ല് വിരിയിച്ച് ഒളകര സ്കൂൾ വിദ്യാർത്ഥികൾ

പെരുവള്ളൂർ: ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിലെ 2018 -19 വർഷത്തെ പഠന പിന്നാക്കക്കാരായ വിദ്യാർത്ഥികൾക്കുള്ള പഠന ശാക്തീകരണ പദ്ധതി മഴവില്ല് സമാപിച്ചു. 25ഓളം വിദ്യാർത്ഥികളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി രണ്ടു മാസങ്ങളോളമായി അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ ക്ലാസ്സ് എടുത്തു വന്നിരുന്നത്. വിവിധ പഠന വിഷയങ്ങൾക്കു വേണ്ടി അക്ഷരക്കാർഡുകൾ, അക്ഷരക്കട്ടകൾ, പദക്കാർഡുകൾ, ഫ്ലാഷ് കാർഡുകൾ, അബാക്കസുകൾ , വർക്ക്  ബുക്കുകൾ തുടങ്ങിയവ സമാഹരിച്ചു കൊണ്ടായിരുന്നു   പഠനം.  ഇവരിൽ ഏറ്റവും മികച്ച രീതിയിൽ പഠന പുരോഗതി കൈവരിച്ച റംലത്ത് .ഇ എന്ന വിദ്യാർത്ഥിക്ക് ട്രോഫി നൽകികൊണ്ട് പ്രധാന അധ്യാപകൻ എൻ. വേലായുധൻ സമാപന  ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി. പി സൈദു മുഹമ്മദ് അധ്യക്ഷനായിരുന്നു.മുഖ്യ അതിഥികളായി എത്തിയ വേങ്ങര ബി ആർ സി കോർഡിനേറ്റർമാരായ ഷൈജു മാസ്റ്റർ, ബൈജു മാസ്റ്റർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. അധ്യാപകരായ അബ്ദുൽകരീം കാടപ്പടി, പി സോമരാജ്, ജോസിന ആൻറണി എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്ക് പഠന പുരോഗതി കൈവരിക്കുവാൻ പര്യാപ്തമായി മഴവില്ല് എന്ന ഈ പഠനപ്രക്രിയ മാറിയെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

22 November 2018

അഭിഷേക് എന്ന അച്ചുട്ടിയെ നബിദിന വേദിയിൽ വെച്ചു പുത്തനങ്ങാടി ജുമാ മസ്ജിദ് ഇമാം ജലീൽ ബാഖവി ആദരിച്ചു

അഭിഷേക് എന്ന അച്ചുട്ടിയെ നബിദിന വേദിയിൽ വെച്ചു പുത്തനങ്ങാടി ജുമാ മസ്ജിദ് ഇമാം ജലീൽ ബാഖവി ആദരിച്ചു 

റുഷ്ദുൽ വിൽദാൻ മദ്രസ്സ വലിയോറ, പുത്തനങ്ങാടി
നബിദിനാഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാര്ഥികളെപ്പോലെ കൂടെ നിന്ന് 
രാവും പകലുമായി ജോലി ചെയ്ത് സ്റ്റേജ് വർക് ചെയ്തു നാട്ടുകാരൻ അഭിഷേക് എന്ന അച്ചുട്ടിയെ നബിദിന വേദിയിൽ വെച്ചു പുത്തനങ്ങാടി ജുമാ മസ്ജിദ് ഇമാം_ ജലീൽ ബാഖവി ആദരിച്ചു കൂടെ മദ്രസ്സ കമ്മീറ്റി,മുസ്ലിം ജമാഅത് പുത്തനങ്ങാടി,അൽ റയ്യാൻ ഗ്രൂപ്പ് പൂക്കുളം ബസാർ

തിരൂരങ്ങാടി താലൂക്ക് കൺസ്യുമർ പ്രൊട്ടക്ഷൻ സൊസൈറ്റി ഉപഭോക്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി താലൂക്ക് കൺസ്യുമർ പ്രൊട്ടക്ഷൻ സൊസൈറ്റി ഉപഭോക്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു 

തിരൂരങ്ങാടി താലൂക്ക് കൺസ്യുമർ പ്രൊട്ടക്ഷൻ സൊസൈറ്റി   ഉപഭോക്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ്  സംഘടിപ്പിച്ചു.താലൂക്ക് സിവിൽ സപ്ലൈ ഓഫീസർ  ശ്രീമതി പി സുജാത ഉത്‌ഘാടനം ചെയ്തു.അസിസ്റ്റന്റ് സിവിൽ സപ്ലൈ ഓഫീസർ കൃഷ്‌ണൻ , കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി യുടെ ട്രഷറർ : അഞ്ചുകണ്ടൻ അബുഹാജി , എക്സിക്യൂട്ടീവ് അംഗം മൊയ്‌ദീൻ ശാന്തിവയൽ , സാമൂഹ്യ പ്രവർത്തക ശ്രീമതി ഫാത്തിമ ബാവ കുന്നുംപുറം , സെക്രട്ടറി സിവി സലിം , സദാനന്തൻ വേങ്ങര  എന്നിവർ ആശംസകൾ നേർന്നു . സോഷ്യൽ ആക്ടിവിസ്റ്റ് നാസർ വേങ്ങര അദ്ധ്യക്ഷത വഹിച്ചു .കൺസൂമെർ പ്രൊട്ടക്ഷൻ സൊസൈറ്റി ജനറൽ സെക്രട്ടറി  ടി ടി അബ്ദുൽ റഷീദ് ഉപഭോക്താക്കൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ , പ്രതികരിക്കേണ്ട രീതികൾ ,സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള സഹായങ്ങൾ ഉപഭോക്താവിന്റെ അവകാശങ്ങൾ എന്നിവ വിശദീകരിച്ച്സംസാരിച്ചു . സദസ്സിന്റെ അന്വേഷണങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.പ്രശസ്ത സാമൂഹ്യ പ്രവർത്തക കെ വി റാബിയയുടെ വീട്ടിൽ ചേർന്ന പരിപാടിയിൽ അവർ സ്വാഗതം പറഞ്ഞു.കൺസൂമെർ പ്രൊട്ടക്ഷൻ എക്സെക്യു്ട്ടീവ് അംഗം നിസാർ വേങ്ങര സമാപന പ്രസംഗം നടത്തി . സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു .

വയനാട് എം.പി.യും, സംസ്ഥാനകോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ടുമായിരുന്ന എം.ഐ.ഷാനവാസിന്റെ നിര്യാണത്തിൽ വേങ്ങരയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി

വയനാട് എം.പി.യും, സംസ്ഥാനകോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ടുമായിരുന്ന എം.ഐ.ഷാനവാസിന്റെ നിര്യാണത്തിൽ വേങ്ങരയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി

വേങ്ങര: വയനാട് എം.പി.യും, സംസ്ഥാനകോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ടുമായിരുന്ന എം.ഐ.ഷാനവാസിന്റെ നിര്യാണത്തിൽ വേങ്ങരയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ടൗണിൽ മൗന ജാഥയും നടന്നു.കെ.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം പി.എ.ചെറീത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.പി.സഫീർ ബാബു, .പി.കെ.അസ് ലു , പി.അബ്ദുൾ ഖാദർ (ഐ.യു.എം.എൽ)എം.എ.അസീസ് (ഐ.എൻ.ടി.യു.സി),കണ്ണേത്ത് കുഞ്ഞിമുഹമ്മദ് (സി.പി.എം), യു.ബാലകൃഷ്ണൻ ( സി.പി.ഐ,), പി.അബ്ദുൾ അസീസ് ഹാജി ( വ്യാപാരി വ്യവസായി ഏകോപന സമിതി), കൈതക്കോടൻ അബൂബക്കർ (ലോക് താന്ത്രിക്ക് ജനതാദൾ ) ,പി.കെ. സിദ്ധീഖ് (കോൺഗ്രസ്കണ്ണമംഗലം മണ്ഡലം പ്രസിഡണ്ട്), ഹാരിസ് മാളിയേക്കൽ ( യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്), പറാഞ്ചേരി അശ്റഫ് ,വി.ടി.മൊയ്തീൻ, സി.എച്ച് സലാം, അസീസ് കൈ പ്രൻ, സി.എച്ച് അനീസ്. പ്രസംഗിച്ചു.

വയോജനങ്ങളുടെചിത്രരചന കൗതുകമായി

വയോജനങ്ങളുടെചിത്രരചന കൗതുകമായി

വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ വയോജനങ്ങൾക്ക് വേണ്ടി പഞ്ചായത്ത് കുരിക്കൾ സ്മാരക ലൈബ്രറിയുമായി സഹകരിച്ച് ചിത്രരചന ശിൽപ്പശാല സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണനും ജില്ലാ ഡിവിഷൻ മെമ്പർ സലീം കുരുവമ്പലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്‌ദുൽ ഹഖ് എന്നിവർ അഥിതിയായിഎത്തി.പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻ കുട്ടി ചിത്രം വരച്ച് ഉൽഘാടനം നിർവഹിച്ചു. ചിത്രകാരൻ മാട്ടി മുഹമ്മദ് ക്ലാസ്സിന്ന് നേതൃത്വംനൽകി,ഫസൽ കൂളിപ്പിലാക്കൽ,ലത്തീഫ് പൂവൻഞ്ചേരി നഫീസ എ കെ,കമലാ ഭായി,ലൈബ്രേറിയൻ നഫീസ കാരാടൻ,ഇബ്രാഹിം അടക്കാപുര തുടങ്ങിയവർ സംസാരിച്ചു

16 November 2018

ഒളകര ഗവൺമെൻറ് എൽ പി സ്കൂളിലെ ഈ വർഷത്തെ ആർട്ട് ഫെസ്റ്റ് "തക്കാരം 2018" സമാപിച്ചു

ഒളകര ഗവൺമെൻറ് എൽ പി സ്കൂളിലെ ഈ വർഷത്തെ ആർട്ട് ഫെസ്റ്റ് "തക്കാരം 2018" സമാപിച്ചു

പെരുവള്ളൂർ: ഒളകര ഗവൺമെൻറ് എൽ പി സ്കൂളിലെ ഈ വർഷത്തെ ആർട്ട് ഫെസ്റ്റ് "തക്കാരം 2018" സമാപിച്ചു. പരിപാടി ഹെഡ്മാസ്റ്റർ എൻ. വേലായുധൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.പി  സൈദ് മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു കൺവീനർ വി .ജംഷീദ് സ്വാഗതം പറഞ്ഞു.
     തക്കാരം എന്ന വാക്കിനെ അന്വർഥമാക്കി വിദ്യാർത്ഥികളെ  പാലട, സേമിയ, ഫലൂദ, അലീസ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളാക്കി യായിരുന്നു മത്സരം നടത്തിയത്. കുരുന്നുകളുടെ മത്സരം കാണാനെത്തിയ രക്ഷിതാക്കൾക്കെല്ലാം ത ക്കാരത്തിന്റെ പ്രതീതിയുണർത്തി സദ്യയോടൊപ്പം പായസവും വിളമ്പി. ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ സേമിയ ഗ്രൂപ്പിന്റെ വിജയം കുരുന്നുകൾക്ക് ഇരട്ടിമധുരമായി.

വിദ്യാർത്ഥികൾ പഴയ കാല പത്രങ്ങൾ ശേഖരിച്ചു

വിദ്യാർത്ഥികൾ പഴയ കാല പത്രങ്ങൾ ശേഖരിച്ചു

പേങ്ങാട്ട് കുണ്ടിൽ പറമ്പ എം.ഐ.എസ്.എം.യു.പി സ്കൂളിൽ ദേശീയ പത്ര ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വിവിധ പഴയ കാല പത്രങ്ങളുടെ ശേഖരണവും പ്രദർശനവും നടത്തി. ഏതാണ്ട് കാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ഇന്ന് കേരളത്തിൽ പ്രചാരത്തിലുള്ളതും ഇല്ലാത്തതുമായ ഒട്ടുമിക്ക പത്രങ്ങളും ഏവർക്കും കൗതുകമുണർത്തുന്നതും ശ്രദ്ധേയവുമായിരുന്നു. ചരിത്ര സംഭവങ്ങൾ, പ്രധാന അപകടങ്ങൾ, യുദ്ധങ്ങൾ, നേതാക്കളുടെ മരണങ്ങൾ, കായിക റെക്കോർഡുകൾ കൗതുക വാർത്തകൾ തുടങ്ങിയ ഒട്ടേറെ അപൂർവ്വ ശേഖരണങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും അന്നേ ദിനം വേദിയായി. കുട്ടികളിൽ പത്രവായനാശീലം വളർത്തുന്നതിന്റെ ഭാഗമായി മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.അധ്യാപകരായ അബ്ബാസ്,ശ്രീധരൻ, കബീർ, ചന്ദ്രൻ, റിയാസ്, രഞ്ജിനി, ഉഷ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളായ സിലിയ ഷിബിൻ, ഫാത്തിമ സഫ, റഷ, ഫലഹ തുടങ്ങിയവർ പങ്കാളികളായി

15 November 2018

അമ്മാഞ്ചേരിക്കാവിൽ മണ്ഡല ഉത്സവം നാളെ മുതൽ

അമ്മാഞ്ചേരിക്കാവിൽ മണ്ഡല ഉത്സവം നാളെ മുതൽ 

വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ മണ്ഡല ഉത്സവം ശനിയാഴ്ച മുതൽ നടക്കും. എല്ലാദിവസവും ആറുമണിക്ക് പ്രത്യേകപൂജയോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് നിറമാല, പുഷ്പാഞ്ജലി, നിവേദ്യം, അഭിഷേകം എന്നീ കർമങ്ങൾ ക്ഷേത്രത്തിനകത്ത് നടക്കും. ഇതേസമയം പുറത്ത് ചുറ്റുവിളക്കുകൾ തെളിയും.
ക്ഷേത്രത്തിലെ പ്രത്യേക പ്രസാദമായ നെയ്യിൽ ചുട്ടെടുത്ത ഉണ്ണിയപ്പം ക്ഷേത്രത്തിലെ അവകാശികൾക്കും ക്ഷേത്രത്തിലെത്തിയവർക്കും വിതരണംചെയ്യുന്നതോടെ ചടങ്ങുകൾ അവസാനിക്കും. വൃശ്ചികം ഒന്നിന് തുടങ്ങുന്ന ആഘോഷം 40 ദിവസം നീണ്ടുനിൽക്കും. ദേശത്തുള്ള വ്യത്യസ്ത കുടുംബങ്ങളാണ് ഓരോ ദിവസത്തേയും ആഘോഷത്തിന്റെ ചെലവ് വഹിക്കുക. വൃശ്ചികം ഒന്ന് ശനിയാഴ്ച ഏഴിന് ഭക്തിപ്രഭാഷണം ഉണ്ടാവും. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് എളമ്പിലാക്കാട്ട് ആനന്ദ് നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

14 November 2018

ശിശുദിനം @ -2 & +2

ശിശുദിനം @ -2 & +2

കുറ്റൂർ നോർത്ത് കഞ്ഞിമൊയ്തു ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ശിശുദിനാഘോഷം കുറ്റൂർ നോർത്ത് എം. എച്ച്. എം. പ്രീ പ്രൈമറി സ്കൂളിലെ കുട്ടികൾക്കൊപ്പം നടന്നു . ഹയർ സെക്കന്ററിയിൽ സന്ദർശനത്തിനെത്തിയ  കുന്നുകൾക്ക് ബലൂണുകളും മിഠായിയും മധുരപനീയവും നൽകി സ്വീകരിക്കാൻ ചേട്ടൻമാരും ചേച്ചിമാരും മത്സരിച്ചു. ചാച്ചാജിയുടെ വേഷത്തിൽ അണിനിരന്ന നിരവധി കുട്ടികൾ ശിശുദിന പരിപാടിക്ക് നിറമേകി. കുരുന്നുകളുടെ കലാപരിപാടികൾ ചടങ്ങിന് ആവേശം പകർന്നു.പ്രിൻസിപ്പാൾ യൂസുഫ് കരുമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു.എൻ എസ്.എസ് പ്രോഗ്രാം ഓഫീസർ യാസിർ പൂവിൽ, ഗീത ടീച്ചർ , സിൽജ ടീച്ചർ, എൻ.എസ് വളണ്ടിയർമാരായ ഹിബ ഷെറിൻ പി.ഇ., ശ്രീജിത്ത് വി. ഫാത്തിമ സദഫ കെ. , ഫൈസൽ എൻ.കെ., മന്നാ സൽവ കെ.പി., ഷാജഹാൻ പി.കെ.,  ജുമാന അർജും എന്നിവർ നേതൃത്വം നൽകി

ലയൺസ് ക്ലബ്ബ് ശിശുദിനാഘോഷം

ലയൺസ് ക്ലബ്ബ് ശിശുദിനാഘോഷം

പറപ്പൂർ:ശിശുദിനാഘോഷത്തിന്റെ ഭാഗമായി വേങ്ങര ലയൺസ് ക്ലബ്ബ് പറപ്പൂർ ചേക്കാലി മാട് അങ്കണവാടിയിൽ കളിപ്പാട്ട വിതരണം നടത്തി. വാർഡ് മെമ്പർ ഇ.കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി. മുഹമ്മദ് നുഹ് മാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഐക്കാടൻ വേലായുധൻ, ഇ.കെ സുബൈർ, നൗഷാദ് വടക്കൻ,
മൻസൂർ തൊമ്മഞ്ചേരി,
മുനീർ ബുക്കാരി,ബൈജു കെ.പി,
അബ്ദുൾഹമീദ് കാപ്പൻ,
അബ്ദുൾ നാസർ സി, എന്നിവർ പ്രസംഗിച്ചു.

ശിശുദിന നാളിൽ നെഹ്റു തൊപ്പിക്ക്കീ ഴിൽ അണിനിരന്ന് കൊച്ചു ചാച്ചാജി മാർ

ശിശുദിന നാളിൽ  നെഹ്റു തൊപ്പിക്ക് കീഴിൽ അണിനിരന്ന് കൊച്ചു ചാച്ചാജി മാർ

പെരുവള്ളൂർ: ശിശുദിന നാളിൽ സ്കൂളിൽ തയ്യാറാക്കിയ വലിയ നെഹ്റു തൊപ്പിക്ക് കീഴിൽ 'ഒന്നാണ് ഞങ്ങൾ' എന്ന സന്ദേശവുമായി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകര യിലെ വിദ്യാർത്ഥികൾ വ്യത്യസ്ത കാഴ്ചയായി. നെഹ്റുവിന്റെ വേഷവിധാനങ്ങളും, കൈയിൽ റോസാപ്പൂവുമായാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. സ്കൂളിൽ തയ്യാറാക്കിയ ഭീമൻ തൊപ്പിക്ക് കീഴിൽ ചാച്ചാജിയുടെ വേഷപ്പകർച്ചയുമായി വിദ്യാർത്ഥികൾ അണിനിരന്നു. അസംബ്ലിയിൽ പ്രഥമാധ്യാപകൻ എൻ. വേലായുധൻ നെഹ്റു അനുസ്മരണം നടത്തി വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരിയും പുസ്തക പ്രദർശനവും നടത്തി. പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായി ശിശു ദിന റാലിയും മറ്റ് കലാപരിപാടികളും നടത്തി.

പ്രളയ ദുരിതബാധിതരെ ഒഴിവാക്കൽ: എം.എൽ എ കളക്ടറുമായി ചർച്ച നടത്തി

പ്രളയ ദുരിതബാധിതരെ ഒഴിവാക്കൽ:  
  എം.എൽ എ കളക്ടറുമായി ചർച്ച നടത്തി

പറപ്പൂർ: ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥ മൂലം, പ്രളയബാധിതരായ നിരവധി കുടുംബങ്ങൾ സർക്കാറിന്റെ ലിസ്റ്റിൽ നിന്ന് പുറത്തായ പറപ്പൂർ പഞ്ചായത്തിൽ പ്രളയബാധിതർക്ക് വേണ്ടി എം എൽ .എ രംഗത്ത്. ലിസ്റ്റിൽ നിന്ന് പുറത്തായ കുടുംബങ്ങളെ പുനപരിശോധന നടത്തി ഉൾപ്പെടുത്തണമെന്ന് അഡ്വ.കെ.എൻ.എ ഖാദർ എം.എൽ.എ കളക്ടറെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.പ്രളയക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച പറപ്പൂർ പഞ്ചായത്തിൽ നിരവധി കുടുംബങ്ങൾ സഹായലിസ്റ്റിൽ നിന്ന് പുറത്തായത് നേരത്തെ ചന്ദ്രിക റിപ്പോർട്ട് ചെയ്തിരുന്നു.പ്രാഥമിക പരിശോധന നടത്തി പറപ്പൂർ വില്ലേജ് ഓഫീസർ ഗ്രാമപഞ്ചായത്തിന് കെടുതി കണക്കാക്കാൻ കൈമാറിയ ലിസ്റ്റിൽ നിന്നാണ് നിരവധി കുടുംബങ്ങൾ പുറത്തായത്.പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനിയറും ഓവർസിയറുമാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്.വ്യാപകമായ ക്രമക്കേടാണ് ലിസ്റ്റിൽ കടന്ന് കൂടിയത്. കേട് പാടുകൾ സംഭവക്കാത്ത കുടുംബങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുകയും വീട് തകർന്ന കുടുംബങ്ങൾ പുറത്താകുകയും ചെയ്തത് പഞ്ചായത്തിനെതിരെ വിമർശനത്തിനിടയാക്കിയിരുന്നു. പറപ്പൂർ രണ്ടാം വാർഡിൽ വാർഡ് മെമ്പറുടെയും പാലാണിയിൽ യു.ഡി.എഫ് പ്രവർത്തകരുടെയും നേതൃത്വത്തിൽ വീണ്ടും അപേക്ഷ വാങ്ങി എം.എൽ.എക്ക് കൈമാറുകയായിരുന്നു.എം.എൽ എ പഞ്ചായത്ത് ലീഗ് നേതാക്കളോടൊപ്പം കളക്ടർക്ക് പരാതി കൈമാറി. വിഷയം സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താമെന്ന് കളക്ടർ ഉറപ്പ് നൽകി. പഞ്ചായത്ത് ലീഗ് ഭാരവാഹികളായ ടി.പി അഷ്റഫ് ,വി.എസ് ബഷീർ, ടി.ടി. ബീരാവുണ്ണി, ഇ.കെ സുബൈർ, എം.കെ ഷാഹുൽ ഹമീദ്, അസീസ് പഞ്ചിളി, എ.കെ സിദ്ദീഖ് എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.

13 November 2018

ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പേങ്ങാട്ട് കുണ്ടിൽ പറമ്പ എം.ഐ.എസ്.എം.യു.പി.സ്കൂളിൽ ശിശുദിനത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി.സ്കൂൾ ലീഡർ ഷംത്താൻ സ്വാഗതം പറഞ്ഞ് ആരംഭിച്ച പരിപാടി സഫ എന്ന വിദ്യാർത്ഥിനിയുടെ അദ്ധ്യക്ഷതയിൽ കുട്ടികളുടെ ശിശുദിന പ്രഭാഷണങ്ങൾ, ജീവചരിത്രക്കുറിപ്പ് വായന, ദേശഭക്തിഗാനങ്ങൾ, ശിശുദിന ആശംസാ കാർഡുകളുടെ പ്രദർശനം, ചിത്രരചനാ പ്രദർശനം തുടങ്ങിയവക്ക് വേദിയായി. നൈല, ഗോപി ക, റിഫ്ന, റാനിയ, റഷ, ഷഹാന തുടങ്ങിയ കുട്ടികൾ പങ്കെടുത്ത പരിപാടിക്ക് സീനിയർ അസിസ്റ്റൻറ് അബ്ബാസ് മാഷ് ആശംസ അറിയിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������