Labels

10 October 2017


ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് ഇന്നൊരു മുഖമുണ്ടെങ്കില്‍ അത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെതാണ്. കുറ്റിപ്പുറത്ത് 2006 ല്‍ കെ.ടി. ജലീലിനോട് തോറ്റ കുഞ്ഞാലിക്കുട്ടിയല്ല ഈ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ അഖിലേന്ത്യ പ്രസിഡന്റ്. ഇക്കഴിഞ്ഞ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറം എന്ന ലീഗ് കോട്ട കാത്ത് സംരക്ഷിച്ച നേതാവ്. 
ലീഗിന്റെ പരമാത്മാവും ജീവാത്മാവുമായ പാണക്കാട്ട് തങ്ങളുടെ തറവാടിനടുത്തുള്ള വീട്ടിലെ ഓഫീസില്‍ കുഞ്ഞാലിക്കുട്ടിയുടെ പഴയൊരു ഫോട്ടോ. അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കൊപ്പം മുടി നീട്ടി വളര്‍ത്തി പഴയ ഹിപ്പികളെ ഓര്‍മ്മിപ്പിക്കുന്ന സുസ്‌മേരവദനനായ ചെറുപ്പക്കാരന്‍. ''1974 ലോ 75 ലോ എടുത്ത ഫോട്ടോയാണ്. ഞാന്‍ മുനിസിപ്പല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ചിത്രം.''  കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളില്‍ ഓര്‍മ്മകളുടെ തിരയിളക്കം. ''ഞാനിപ്പോള്‍ പഴയ ചിത്രങ്ങള്‍ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴുള്ള ഒരു ഫോട്ടോ കിട്ടി.'' ഓര്‍മ്മകളില്‍ കയ്പും മധുരവുമുണ്ട്. കാഞ്ഞിരക്കുരുവിന്റെ ചുവയുള്ള ചില ഓര്‍മ്മകള്‍ പിന്നിലേക്ക് മാറ്റി നിര്‍ത്തി കുഞ്ഞാലിക്കുട്ടി വേങ്ങര ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചും സമകാലിക രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നു.

വേങ്ങര ഉള്ളംകൈയിലെ രേഖകള്‍ പോലെ അറിയാം. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുടനീളം സഞ്ചരിച്ചു കഴിഞ്ഞു. എന്താണു വേങ്ങര പറയുന്നത് ? 
ഫലം സുനിശ്ചിതമാണ്. ആളും അര്‍ത്ഥവുമൊഴുക്കി സി.പി.എമ്മും ബി.ജെ.പിയും പെടാപ്പാടു പെടുന്നുണ്ട്. പക്ഷെ, വേങ്ങര പിടിക്കാന്‍ ഇതൊന്നും മതിയാവില്ലെന്ന് അവര്‍ക്കു നന്നായി അറിയാം. ഇതു ഞങ്ങളുടെ ശക്തികേന്ദ്രമാണ്. ... വേങ്ങര ലൈവ്...

അകക്കണ്ണുകൊണ്ട് കലാശക്കൊട്ട് ആസ്വദിച്ചചവർ


ഇന്നലെ....കലാശക്കൊട്ടിന്റെ ആരവങ്ങളെ
അകക്കണ്ണു കൊണ്ടു കാണുന്നവർ
ചുകപ്പും, പച്ചയും, കുങ്കുമവുമായി
കൊടിതോരണങ്ങൾ നിറച്ചാർത്ത്
ഒരുക്കുമ്പോൾ അതൊന്നും നേരിട്ട്
കാണാനാവുന്നില്ലെങ്കിലും... കാതു
കൂർപ്പിച്ച് എല്ലാം കേൾക്കുകയാണിവർ
 കലാശക്കൊട്ടിന്റെ കോലാഹലങ്ങളിൽ
നിന്നും തങ്ങളുടെ ഇഷ്ടങ്ങളെ സ്വയം
വേർതിരിച്ചറിയുകയും പരസ്പരം
സംവദിക്കുകയുമാണിവർ

വേങ്ങര അങ്ങാടിയിൽ നിന്നും
പകർത്തിയ വേറിട്ടൊരു ചിത്രം ....

പിടികൂടിയ കുഴല്‍പണവുമായി ലീഗ് ബന്ധമില്ല: യു.എ ലത്തീഫ്




കുറ്റിപ്പുറത്ത് കുഴല്‍പണം പിടികൂടിയ സംഭവത്തില്‍ മുസ്ലിംലീഗിന് യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാജനറല്‍ സെക്രട്ടറി യു.എ ലത്തീഫ്. യു.ഡി.എഫിനെ താറടിച്ചു കാണിക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ഏത് അന്വേഷണവും നേരിടാന്‍ തെയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഉപതൊരെഞ്ഞടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക് കടത്തുകയായിരുന്ന 80 ലക്ഷത്തോളം രൂപയുമായി രണ്ടുപേരാണ് ഇന്ന് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. മലപ്പുറം എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പണം പിടികൂടിയത്.വേങ്ങര ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് 80 ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി കുറ്റിപ്പുറത്ത് പിടിക്കപ്പെട്ടത്.
വേങ്ങര സ്വദേശികളായ അബ്ദുറഹ്മാന്‍, സിദ്ധീഖ് എന്നിവരുടെ കയ്യില്‍നിന്നുമാണ് 79 ലക്ഷത്തി 76000 രൂപ പിടികൂടിയത്. 2000 രൂപയുടെ നാല്‍പ്പത് കെട്ടുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. പ്രത്യേകം തയ്യാറാക്കിയ തുണിസഞ്ചിയിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വിതരണം ചെയ്യാനാണ് ഇത്രയും അധികം കള്ളപ്പണം പുറത്തുനിന്ന് എത്തിച്ചിട്ടുള്ളതെന്ന് തിരൂര്‍ ഡിവൈഎസ്പി ഉല്ലാസ് പറഞ്ഞു.
ചെന്നൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കുറ്റിപ്പുറത്തെത്തിയ പ്രതികളെ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.മലപ്പുറം എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് നീക്കമുണ്ടായത്.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്തു വരുകയാണ്

ദിലീപിന്റെ പുതിയ സിനിമഷൂട്ടിങ്ങ് വേങ്ങരയിൽ ആരംഭിച്ചു


മലപ്പുറം: ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്റെ പുതിയ സിനമയായ കമ്മാര
സംഭവത്തിന്റെ ഷൂട്ടിംഗ് വേങ്ങരയില്‍ പുന:രാരംഭിച്ചു. ദിലീപ് അറസ്റ്റിലായതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന പടത്തിന്റെ ഷൂട്ടിംഗ് വേങ്ങരയിലെ തെരഞ്ഞെടുപ്പ് ആവേശം പകര്‍ത്തിയാണു പുനരാരംഭിച്ചത്. സമകാലീന രാഷ്ട്രീയം പ്രമേയമാകുന്ന സിനിമയുടെ യഥാര്‍ഥ രാഷ്ട്രീയ ആവേശം പകര്‍ത്തുന്നതിനായാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലേക്കു സിനിമാ സംഘം എത്തിയത്.
മൂന്നുദിവസമാണു വേങ്ങര മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിംഗ് നടത്തുന്നത്. ദിലീപ് ഇതുവരെ സംഘത്തില്‍ചേര്‍ന്നിട്ടില്ല. ഈമാസം 20ഓടു കൂടി ദിലീപ് ചിത്രീകരണത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ദിലീപും സംഘത്തില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ 25ദിവസത്തിനകം ചിത്രീകരണം പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്നലെ വേങ്ങര ബസ്റ്റാന്റ്, കുന്നുംപുറം, കോട്ടയ്ക്കല്‍ ടൗണിനോടടുത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഷൂട്ടിംഗ് നടന്നു.
നാളെയും മറ്റെന്നാളും സംഘം വേങ്ങരയില്‍തന്നെയുണ്ടാകും. എറണാകുളം, ചെന്നൈ, തിരുവനന്തപുരം, തേനി എന്നിവിടങ്ങളാണു മറ്റു ലൊക്കേഷനുകള്‍. സമകാലീന രാഷ്ട്രീയം പ്രമേയമാകുന്ന സിനിമ നവാഗതനായ രതീഷ് അമ്പാട്ടാണ് സംവിധാനംചെയ്യുന്നത്. നമിതാപ്രമോദാണ് ചിത്രത്തിലെ നായിക. ഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്. 20കോടി രൂപാ ചെലവുള്ള സിനിമയുടെ ചിത്രീകരണം മലയാറ്റൂര്‍ വനത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കഴിഞ്ഞ ജൂലൈയില്‍ ദിലീപിന്റെ അറസ്റ്റ് നടന്നത്.
ദിലീപ് വ്യത്യസ്തമായ മൂന്നു വേഷങ്ങളിലാണു ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതില്‍ 93വയസ്സുകാരനായും ദിലീപ് എത്തുന്നുണ്ട്. ദിലീപ്, സിദ്ദാര്‍ഥ്, ബോബി സിംഹ എന്നിവര്‍ക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളാണു ഇനി ചിത്രീകരിക്കാനുള്ളത്. ദിലീപിന്റെ മറ്റൊരു ചിത്രമായ പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗും പാതിവഴിയിലാണ്. കമ്മാരസംഭവം പൂര്‍ത്തിയാക്കിയ ശേഷം ദിലീപ് ഇതിന്റെ ചിത്രീകരണത്തിലേക്ക് കടക്കും.

വേങ്ങരയിൽ 79 ലക്ഷം രൂപയുടെ കുയൽപണം പിടികൂടി

മലപ്പുറം: കുറ്റിപുറത്തു നിന്നും വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്ന 79,76,000 രൂപയുടെ കുഴല്‍പണം പൊലീസ് പിടികൂടി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ഉപതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് വന്‍തുകയുടെ കുഴല്‍പ്പണം പിടികൂടിയിരിക്കുന്നത്. വേങ്ങര സ്വദേശികളായ അബ്ദുറഹിമാന്‍, സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

09 October 2017

ഇടതുപക്ഷം മൂന്നാംസ്ഥാനത്തേയ്ക്കു പിന്തള്ളപ്പെടുമെന്ന് എസ്.ഡി.പി.ഐ


വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂന്നാംസ്ഥാനത്തേയ്ക്കു പിന്തള്ളപ്പെടുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. യു.ഡി.എഫ് രണ്ടാം സ്ഥാനത്തേക്കും മാറുമെന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മജീദ് ഫൈസി. പറഞ്ഞു. ഒന്നാം സ്ഥാനം തങ്ങള്‍ക്ക് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. മലപ്പുറം പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ മതേതര കക്ഷികളുടെ പരാജയമാണു വേങ്ങരയിലെ വോട്ടര്‍മാര്‍ വിലയിരുത്താന്‍ പോകുന്നത്.
ഫാഷിസ്റ്റ് വിരുദ്ധ ശക്തികളെന്നു മേനി നടിക്കുന്ന കോണ്‍ഗ്രസിന്റെയും ഇടതുകക്ഷികളുടേയും സോഷ്യലിസ്റ്റ് ശക്തികളുടെയും പരാജയമാണ് ബിജെപി അധികാരത്തിലെത്താന്‍ കാരണം. ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ യു.ഡി.എഫ് വാചക കസര്‍ത്തു മാത്രമാണ് നടത്തുന്നത്. പിണറായി സര്‍ക്കാരിന്റെ ഹിതപരിശോധനയാണ് വേങ്ങരയില്‍ നടക്കാന്‍ പോകുന്നത്. ബി.ജെ.പി വിരുദ്ധ ന്യൂനപക്ഷ വോട്ടുകള്‍ വാങ്ങി അധികാരത്തിലെത്തിയ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധവും ആര്‍എസ്എസ് അനുകൂല നിലപാടുകളുമാണ് ഭരണം കിട്ടിയ ശേഷം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യം വേങ്ങരയിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എസ്ഡിപിഐക്കു കഴിഞ്ഞിട്ടുണ്ട്.
ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ ഇരുമുന്നണികള്‍ക്കും പരിമിതികളുണ്ടെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ തന്നെ അതിനാല്‍ തന്നെ അവര്‍ക്കെതിരേ പരിമിതിയില്ലാത്ത പ്രതിരോധം തീര്‍ക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ഥിയെ വളരെ പ്രതീക്ഷയോടെയാണ് വേങ്ങരയിലെ വോട്ടര്‍മാര്‍ നോക്കിക്കാണുന്നത്. അതിനാല്‍ തന്നെ എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി നസീര്‍ വലിയ മുന്നേറ്റം നടത്തും. ഇടതു സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. നിലപാടുകളിലെ വൈരുദ്ധ്യവും അവ്യക്തതയുമാണ് ലീഗിനും കോണ്‍ഗ്രസിനും സിപിഎമ്മിനും ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ വിനയാകുന്നത്.
സിപിഎം ബിജെപി ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളും കൊലപാതകങ്ങളും നടത്തുമ്പോള്‍ നിശബ്ദത പാലിക്കുന്നത് സംശയാസ്പദമാണ.് വേങ്ങരയില്‍ അവരിറക്കിയ പ്രസിദ്ധീകരണങ്ങളില്‍ ഉത്തരേന്ത്യയിലെ ഗോ സംരക്ഷകര്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചാണ് പറയുന്നത്. ഫൈസല്‍ വധം, റിയാസ് മൗലവിവധം എന്നിങ്ങനെ കേരളത്തില്‍ കണ്‍മുന്നില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് നിശബദത പാലിക്കുകയാണ്. ഇതെല്ലാം വേങ്ങരയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തിരിച്ചറിയാന്‍ പോവുകയാണ.് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി ടി ഇഖ്‌റാമുല്‍ ഹഖ് പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഐ സമീല്‍ അധ്യക്ഷതവഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ സ്വാഗതവും എക്‌സി.കമ്മിറ്റിയംഗം ഫ്രാന്‍സിസ് ഓണാട്ട് നന്ദിയും പറഞ്ഞു.

വേങ്ങരയിൽ ആവേശം വിതച് കലാശക്കൊട്ട് ഇന്ന് മൗന പ്രജരണം നാളെ ബൂത്തിലേക്ക്‌


വേങ്ങര: മണ്ഡലമാകെ ഇളക്കിമറിച്ച പ്രചാരണ കോലാഹലങ്ങള്‍ക്കും സമാപനം. ഇനി ബൂത്തില്‍ കാണാം. റാലി, പൊതുസമ്മേളനങ്ങള്‍, കുടുംബ യോഗങ്ങള്‍ എന്നിവകള്‍ക്കും ശേഷം ഇന്നലെ
വേങ്ങരയിലെ വിവിധ ഭാഗങ്ങളില്‍ കൊട്ടിക്കലാശം നടന്നു.
ഓരോ പഞ്ചായത്തിലും വിവിധ മുന്നണികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വിവിധ പഞ്ചായത്തുകളില്‍ നടത്താനാണ് പോലീസ് നിര്‍ദ്ദേശിച്ചത്. വേങ്ങര പഞ്ചായത്ത് ചിനക്കലിലും, കണ്ണമംഗലം അച്ചനമ്പലത്തും, പറപ്പൂര്‍ പഞ്ചായത്ത് പാലാണിയിലും, എ.ആര്‍.നഗര്‍. കുന്നുംപുറത്തും ഊരകം വെങ്കുളത്തുമാണ്. കൊട്ടിക്കലാശം നടത്തിയത്. രണ്ടു മുതല്‍ വേങ്ങരയില്‍ എല്‍.ഡി.എഫ് യു.ഡി.എഫ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിരുന്നു. ഇവരെയെല്ലാം മൂന്നാകുമ്പോഴേക്കും പോലീസ് ഇടപെട്ട് ഒഴിപ്പിക്കുകയായിരുന്നു. അതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ പോലീസിനെ കൂവി വിളിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. അതോടെ സമാപനം കാണാന്‍ ടൗണിലെത്തിയവരെയും ആടി തിമിര്‍ക്കാനെത്തിയ പ്രവര്‍ത്തകരെയും പോലീസ് വിരട്ടി ഓടിച്ചു. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ.സജി എബ്രഹാം, കരിപ്പുര്‍ എസ്.ഐ ഹരി, വേങ്ങര എസ്.ഐ കെ.അബ്ദുള്‍ ഹക്കിം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ ഒമ്പത് മുതല്‍ പി.എസ്.എം.ഒ കോളജില്‍ നടക്കും. ഉപവരണാധികാരിയുടെ നേതൃത്വത്തിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ ഒരു മണിക്കൂര്‍ നേരത്തേ വിതരണ കേന്ദ്രങ്ങളില്‍ എത്തണം. ഡ്യൂട്ടിയുള്ള പോളിങ് സേ്റ്റഷനും, പോളിങ് ടീമിനെയും കണ്ടെത്തിയതിന് ശേഷം അവര്‍ ഒന്നിച്ചെത്തിയാണ് വോട്ടിങ് യന്ത്രവും മറ്റ് പോളിങ് സാമഗ്രികളും കൈപ്പറ്റേണ്ടണ്‍ത്. 1000 തോളം പോളിങ് ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് വിഭാഗം ജോലിക്ക് നിയോഗിച്ചിട്ടുള്ളത്.
വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വി.വി.പാറ്റ് മെഷീന്‍, വോട്ടേഴ്‌സ് രജിസ്റ്റര്‍, വോട്ടേഴ്‌സ് സ്ലിപ്പ്, വോട്ടര്‍ പട്ടികകള്‍, ബാലറ്റ് പേപ്പറുകള്‍ (ടെണ്‍ണ്ടര്‍ വോട്ടുകള്‍ക്ക്), മഷി, ടാഗുകള്‍, സീലുകള്‍, റബര്‍ സ്റ്റാംപ്, സ്റ്റാംപ് പാഡ്, മെറ്റല്‍ സീല്‍, പ്രിസൈഡിങ് ഓഫീസേഴ്‌സ് ഡയറി, ഡമ്മി ബാലറ്റ് യൂനിറ്റ്, ഐ.ഡി. കാര്‍ഡുകള്‍ തുടങ്ങിയവയും 15 തരം ഫോറങ്ങള്‍, 24 ഇനം കവറുകള്‍, ആറ് ഇനം സൂചനാ ബോര്‍ഡുകള്‍, 20 തരം സേ്റ്റഷനറികള്‍ തുടങ്ങിയവയാണ് ഓരോ പോളിങ് ബൂത്തിലേക്കും നല്‍കുക. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടണ്‍ത്.

പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; വോട്ടിടാനൊരുങ്ങി വേങ്ങര


പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; വോട്ടിടാനൊരുങ്ങി വേങ്ങര

മലപ്പുറം:ഒരു മാസം നീണ്ടുനിന്ന പ്രചാരണാവേശത്തിനു കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണത്തിന്റെ വിലയേറിയ മണിക്കൂറുകൾ. ബുധനാഴ്ച ഉപതിരഞ്ഞെടുപ്പിൽ വേങ്ങര വോട്ട് രേഖപ്പെടുത്തും. നേതാക്കൾ കൂട്ടമായെത്തി ഇളക്കിമറിച്ചതിന്റെ ചൂടിലാണ് ഇത്തവണ വേങ്ങര പോളിങ് ബൂത്തിലേക്കു നീങ്ങുന്നത്.

പറപ്പൂരിൽ രണ്ടു മുന്നണികളുടേയും പ്രവർത്തകർ ഒരേ സ്ഥലത്തു സംഘടിച്ചതു നേരിയ സംഘർഷത്തിനിടയാക്കി. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായി അറിയപ്പെട്ട വേങ്ങരയിൽ ലീഗിനെപ്പോലും ഞെട്ടിച്ചു കൊണ്ട് നടത്തിയ ഇഞ്ചോടിഞ്ചു പോരാട്ടത്തിന്റെ എല്ലാ ആവേശവും കലാശപ്പോരാട്ടത്തിൽ പ്രകടമായി. സംഘർഷ സാധ്യത കണക്കിലെടുത്തു വേങ്ങര ടൗണിൽ കലാശക്കൊട്ടു വേണ്ടന്നു വച്ചിരുന്നു. എന്നിട്ടും ഗ്രാമപ്രദേശങ്ങളിൽ നടന്ന റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുത്തു.

ഒരു മുന്നണിക്ക് അനുവദിച്ച സ്ഥലത്ത് യുഡിഎഫും എൽഡിഎഫും ഒന്നിച്ചു തടിച്ചുകൂടിയതാണ് സംഘർഷത്തിനിടയാക്കിയത്. പിന്നീട് വൻ പൊലീസ് സന്നാഹം വലയം തീർത്താണ് ഒരു മണിക്കൂറോളം പരിപാടി നടന്നത്.

പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് പോയ ഒഴിവിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയ വേങ്ങരയില്‍ മുസ്‌ലിം ലീഗ് ആണ് കളംനിറഞ്ഞു നില്‍ക്കുന്നത്. പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് എല്‍ഡിഎഫ്. സാന്നിധ്യമറിയിക്കാന്‍ ബിജെപിയും ശ്രമിക്കുന്നു. രാഷ്ട്രീയ എതിരാളികളല്ല, സ്വന്തം പാര്‍ട്ടിക്കാരാണു ലീഗിനു തലവേദന. കുഞ്ഞാലിക്കുട്ടിക്ക് പിന്‍ഗാമിയാരാണെന്ന ചോദ്യം ഉയര്‍ന്....

08 October 2017

ബി.ജെ.പിയെ തടയാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല -പി.കെ. കുഞ്ഞാലിക്കുട്ടി..


വേങ്ങര ലൈവ് ന്യൂസ്
ബി.ജെ.പിയെ തടയാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല -പി.കെ. കുഞ്ഞാലിക്കുട്ടി..
വേങ്ങര.. ബി.ജെ.പിക്കെതിരേ വര്‍ത്തമാനം പറയുന്നുണ്ടെങ്കിലും അവരുടെ ഇടപെടലുകള്‍ തടയാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ലെന്ന് എം.പിയും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സി.പി.എമ്മും ബി.ജെ.പിയും പരസ്​പരം ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയാണ്. അതൊരു ഒളിച്ചുകളിയാണെന്നും മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. വിലവര്‍ധനയുംമറ്റും തടയാന്‍ സംസ്ഥാന സര്‍ക്കാരിനാകുന്നില്ല. ജി.എസ്.ടിയെ ആദ്യം പിന്താങ്ങിയ സര്‍ക്കാര്‍ ഇപ്പോള്‍ പഴിച്ചിട്ട് കാര്യമില്ല. റേഷന്‍ പ്രശ്‌നം പരിഹരിക്കാനും കേരളത്തിന് കഴിഞ്ഞില്ല. വിലവര്‍ധനയ്ക്ക് കേന്ദ്രം മാത്രമല്ല ഉത്തരവാദി. യു.ഡി.എഫ്. ചെയ്തപോലെ സംസ്ഥാനനികുതി കുറയ്ക്കാന്‍ എല്‍.ഡി.എഫ്. തയ്യാറാകണം. വേങ്ങരയില്‍ നടക്കാന്‍ പോകുന്നത് ഹിതപരിശോധനയാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും ഉണ്ടാകുക. യു.ഡി.എഫിന് ഭൂരിപക്ഷം കൂടും. വേങ്ങരയില്‍ പോളിങ് ശതമാനം കുറയുന്നത് പലരും നാട്ടിലില്ലാത്തതുകൊണ്ടാണ്. ബി.ജെ.പിയെ എതിര്‍ക്കുന്നതില്‍ മുസ്ലിംലീഗിന് പരിമിതികളില്ല. രാജ്യത്ത് തിരഞ്ഞെടുപ്പ് ഏകീകരണം അത്ര എളുപ്പമല്ല. രാഷ്ട്രീയപ്പാര്‍ട്ടികളുമായി കൂടിയാലോചിച്ചുമാത്രമേ അത് ചെയ്യാനാകൂ. അല്ലെങ്കില്‍ അത് ബി.ജെ.പി. അനുകൂലമാക്കിയെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു...
വേങ്ങര ലൈവ്.

പോരാട്ടച്ചൂടിൽ വേങ്ങര;


വേങ്ങര ലൈവ് ന്യൂസ്...........
പോരാട്ടച്ചൂടിൽ വേങ്ങര; വിട്ടു കൊടുക്കില്ലെന്ന് ഉറപ്പിച്ച് ലീഗ്, കോട്ട പിടിക്കാന്‍ സി പിഎം... വേങ്ങരയില്‍ ചൂട് കുറവാണ്, മൂടികെട്ടിയ അന്തരീക്ഷം. പക്ഷേ രാഷ്ട്രീയ ചൂടിനു കുറവില്ല. രാഷ്ട്രീയ അന്തരീക്ഷമാകട്ടെ ആകാംക്ഷ നിറഞ്ഞതും. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് പോയ ഒഴിവിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയ വേങ്ങരയില്‍ മുസ്‌ലിം ലീഗ് കളംനിറഞ്ഞു നില്‍ക്കുന്നു. പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് എല്‍ഡിഎഫ്. സാന്നിധ്യമറിയിക്കാന്‍ ബിജെപിയും ശ്രമിക്കുന്നു.

വിജയത്തെക്കുറിച്ച് ലീഗിന് ആശങ്കകളില്ല. യുഡിഎഫ് നേതാക്കളെല്ലാം വേങ്ങരയില്‍ വന്നുപോകുന്നു. ആശങ്ക മറ്റുചില കാര്യങ്ങളിലാണ്. ലീഗിന്റെ ഉറച്ച മണ്ഡലമായ വേങ്ങരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗിന് ലഭിച്ചത് 38,057 വോട്ടിന്റെ ഭൂരിപക്ഷമാണ്. കുഞ്ഞാലിക്കുട്ടിക്ക് 72,181 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിയായ പി.പി. ബഷീറിന് കിട്ടിയത് 34,124 വോട്ടുകളാണ്. ബിജെപിയുടെ പി.ടി.അലിഹാജിക്ക് 7,055 വോട്ടുകള്‍ കിട്ടി. കുറ്റിപ്പുറത്ത് കെ.ടി.ജലീലിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതിനുശേഷം വേങ്ങരയിലെത്തിയ കുഞ്ഞാലിക്കുട്ടിക്ക് 2011ല്‍ ലഭിച്ചത് 38,237 വോട്ടിന്റെ ഭൂരിപക്ഷമാണ്.

രാഷ്ട്രീയ എതിരാളികളല്ല, സ്വന്തം പാര്‍ട്ടിക്കാരാണ് ലീഗിന് ഇത്തവണ തലവേദന സൃഷ്ടിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പിന്‍ഗാമിയാരാണെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ആദ്യം കേട്ട പേര് കെ.പി.എ. മജീദിന്റേതായിരുന്നു. പിന്നീട് കുഞ്ഞാലിക്കുട്ടിയോട് അനുഭാവംപുലര്‍ത്തുന്ന യു.എ.ലത്തീഫ് സ്ഥാ......

05 October 2017

മണ്ഡലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം: ഒക്‌ടോബര്‍ 11ന് വേങ്ങര മണ്ഡലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. 11ന് വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് അവധി പ്രഖ്യാപിച്ചത്.

04 October 2017

ഹര്‍ത്താല്‍ മാറിമറിഞ്ഞത് 'വേങ്ങര'യെ ഭയന്ന്


ഹര്‍ത്താല്‍ മാറിമറിഞ്ഞത് 'വേങ്ങര'യെ ഭയന്ന്:. ആശയക്കുഴപ്പങ്ങളും തര്‍ക്കവും കാരണം പലകുറി മാറ്റി യുഡിഎഫ് ഹര്‍ത്താല്‍. ഒടുവില്‍, രാത്രി വൈകി യുഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചത് ഹര്‍ത്താല്‍ പതിനാറിനെന്ന്. അനവസരത്തിലെ ഹര്‍ത്താല്‍ വേങ്ങര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയമാണ് ദിവസം മാറ്റാന്‍ കാരണം.
ബുധനാഴ്ച പകല്‍ 12ന് മലപ്പുറം പ്രസ് ക്ളബ്ബില്‍ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിനെതിരെ 13ന് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്.  ഈ ദിവസം അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു. ഫുട്ബോളിനെ ബാധിക്കില്ലെന്നായിരുന്നു ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി. ഹര്‍ത്താലിനെതിരെ ഉണ്ണാവ്രതമിരുന്ന എം എം ഹസന്‍ കെപിസിസി പ്രസിഡന്റായിരിക്കെ  പ്രഖ്യാപനത്തിലെ അനൌചിത്യവും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വേങ്ങര യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നാലരക്ക് പെട്ടെന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും ഹര്‍ത്താല്‍ മാറ്റുമോ എന്ന് ആരാഞ്ഞു.  നിങ്ങളെക്കാളേറെ ഫുട്ബോളിനെ സ്നേഹിക്കുന്ന താന്‍ പഴയ ഗോള്‍ കീപ്പറാണെന്നും ചെന്നിത്തല അവകാശപ്പെട്ടു. ഗോളി സെല്‍ഫ് ഗോളടിക്കരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഒടുവില്‍ രാത്രി പ്രഖ്യാപനം വന്നു; ഹര്‍ത്താല്‍ 12ന്. ഏറെ വൈകാതെ വീണ്ടും മാറ്റി, 16-ലേക്ക്.
യുഡിഎഫ് കണ്‍വീനര്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതാണ് പൊതുരീതി. അനവസരത്

സാന്ത്വനത്തിനായൊരു കച്ചോടം...


സാന്ത്വനത്തിനായൊരു കച്ചോടം...

പറപ്പൂർ ഐ.യു.ഹയർ സെക്കന്ററി സ്കൂളിലെ കലാമേള ദിനത്തിൽ NSS വിദ്യാർത്ഥികളൊരുക്കിയ തട്ടുകട വേറിട്ട അനുഭവമായി.

വിദ്യാർത്ഥികളുണ്ടാക്കിയ ഭക്ഷണങ്ങൾ ഇവിടെ ലഭിക്കുന്നു. വിൽപ്പനയിലൂടെ  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കലാണ് ലക്ഷ്യം..

സ്കൂൾ മാനേജർ തട്ടുകട ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

03 October 2017

യൂ ഡി എഫ് തിരഞ്ഞെടുപ്പ് പ്രജരണതിനു ശക്തി പകരാൻ കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ


വേങ്ങര: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന റോഡ് ഷോ നാളെ കണ്ണമംഗലം പഞ്ചായത്തില്‍ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും അദ്ദേഹം പര്യടനം നടത്തും. നാലാം തിയതി ആരംഭിക്കുന്ന പര്യടനം എട്ടാം തിയതി അവസാനിക്കും.
വേങ്ങര മണ്ഡലം കൂടി ഉള്‍പ്പെടുന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ജനപ്രതിനിധിയും, കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലുമായി മണ്ഡലത്തെ പ്രതിനിധീകരിച്ച എം എല്‍ എയുമായ കുഞ്ഞാലിക്കുട്ടി ഈ തിരഞ്ഞെടുപ്പിലും സജീവമായി മണ്ഡലത്തിലുണ്ട്. മുതിര്‍ന്ന യു ഡി എഫ് നേതാക്കളെല്ലാം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ മണ്ഡലത്തിലെത്തും. കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പിലും, ലോക്‌സഭ തിരഞ്ഞെടുപ്പിലും തനിക്ക് മികച്ച ഭൂരിപക്ഷം സമ്മാനിച്ച വേങ്ങരക്കാരോട് തന്റെ പിന്‍ഗാമിയായ കെ എന്‍ എ ഖാദറിന് വോട്ട് ചെയ്യണമെന്ന് നേരില്‍ കണ്ട് അഭ്യര്‍ഥിക്കുകയാണ് പര്യടനത്തിന്റെ ലക്ഷ്യം.
ലോക്‌സഭ ഉപ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ നിയോജക മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പര്യടനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണി പ്രവര്‍ത്തകര്‍. അഞ്ചാം തീയതി പറപ്പൂരിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ എ ആര്‍ നഗര്‍, ഒതുക്കുങ്ങല്‍, വേങ്ങര, ഊരകം പഞ്ചായത്തുകളിലുമാണ് പര്യടനം നടത്തുന്നത്. വേങ്ങരയിലെ ജനങ്ങള്‍ തനിക്ക് നല്‍കിയ കലവറയില്ലാത്ത സ്‌നേഹ വാല്‍സല്യങ്ങള്‍ ഊഷ്മളമായി നില നിര്‍ത്താന്‍ കൂടി ഈ പര്യടനം ഉപയോഗപ്പെടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

02 October 2017

ജനരക്ഷായാത്രയ്ക്ക് വേങ്ങരയിൽ സ്വീകരണം


ജനരക്ഷായാത്രയ്ക്ക് വേങ്ങരയിലും എടപ്പാളിലും സ്വീകരണം ..
മലപ്പുറം: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര എട്ടിന് ജില്ലയിലെത്തും. വേങ്ങരയിലും എടപ്പാളിലുമാണ് സ്വീകരണം. വൈകീട്ട് നാലിന് കുറ്റിപ്പുറത്തുനിന്ന് പദയാത്രയായാണ് എടപ്പാളിലേക്ക് നീങ്ങുക. പയ്യന്നൂരില്‍നിന്നാണ് യാത്ര ആരംഭിക്കുക. 17-ന് തിരുവനന്തപുരത്ത് സമാപിക്കും. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അനന്ത്കുമാര്‍, ധര്‍മേന്ദ്രപ്രധാന്‍, രാജ്യവര്‍ധസിങ് റാഥോഡ്, അല്‍ഫോണ്‍സ് കണ്ണന്താനം, വി.കെ. സിങ്, ഷാനവാസ് ഹുസൈന്‍ എംപി. തുടങ്ങിയവരും ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരും വിവിധ ജില്ലകളില്‍ പങ്കെടുക്കും. എന്‍.ഡി.എ. ഘടകക്ഷി നേതാക്കളും യാത്രയുടെ ഭാഗമാകും. ജനരക്ഷായാത്രയുടെ ഭാഗമായിച്ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗത്തില്‍ ജില്ലാപ്രസിഡന്റ് കെ. രാമചന്ദ്രന്‍ അധ്യക്ഷനായി. മേഖലാ സംഘടനാസെക്രട്ടറി കു.വെ. സുരേഷ്, മേഖലാ ജനറല്‍സെക്രട്ടറി കെ. നാരായണന്‍, എം. പ്രേമന്‍, രവി തേലത്ത്, കെ.സി. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

01 October 2017

അഡ്വ.കെ.എന്‍.എ.ഖാദര്‍ കടുത്ത ക്ഷീണത്തെ തുടര്‍ന്നു ഡോക്ടറെ കണ്ടു


വേങ്ങര: നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.എന്‍.എ.ഖാദര്‍ കടുത്ത ക്ഷീണത്തെ തുടര്‍ന്നു ഡോക്ടറെ കണ്ടു. ഇന്നലെ
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തുകയായിരുന്നു.
ഇന്നലെ ഒതുക്കുങ്ങല്‍, പറപ്പൂര്‍, വേങ്ങര പഞ്ചായത്തുകളില്‍ പ്രധാനപ്പെട്ട വ്യക്തികളെയും ചില കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിഴ ഒതുക്കുങ്ങല്‍, വേങ്ങര എന്നിവിടങ്ങളിലെ മൂന്നു മരണവീടുകളില്‍ സന്ദര്‍ശനം നടത്തി.ഉച്ചക്കു ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതിനിടെ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തിയത്.

30 September 2017

പിണറായി വിജയനോടുള്ള അമര്‍ഷം ജനങ്ങള്‍ രേഖപ്പെടുത്തും -ഉമ്മന്‍ചാണ്ടി


പിണറായി വിജയനോടുള്ള അമര്‍ഷം ജനങ്ങള്‍ രേഖപ്പെടുത്തും -ഉമ്മന്‍ചാണ്ടി ....
വേങ്ങര: ഉപതിരഞ്ഞെടുപ്പില്‍ ജനദ്രോഹ പരിപാടികളുമായി മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാരിനോടുള്ള അമര്‍ഷം ജനങ്ങള്‍ രേഖപ്പെടുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജി.എസ്.ടിയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുമായിരുന്ന പെട്രോളും ഡീസലും ഇവരെന്തേ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തതെന്നും അദ്ദേഹം ചോദിച്ചു. വേങ്ങര ലീഗ് ഹൗസ്, കണ്ണമംഗലം മേമാട്ടുപാറ, വലിയോറ മുണ്ടക്കപറമ്പ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കെ.പി. അബ്ദുല്‍മജീദ്, പി.എം.എ. സലാം, ടി.വി. ഇബ്രാഹിം എം.എല്‍.എ, അഡ്വ. എം. റഹ്മത്തുള്ള, പി.വി. അബ്ദുല്‍വഹാബ് എം.പി, കെ.പി.എ. മജീദ്, എം.എല്‍.എമാരായ ടി.എ. അഹമ്മദ്കബീര്‍, പി. ഉബൈദുള്ള, ജില്ലാ ഐ.എന്‍.ടി.യു.സി. പ്രസിഡന്റ് കരീം, വി.എ.കെ. തങ്ങള്‍, വി.വി. പ്രകാശ്, യു.എ. ലത്തീഫ്, കല്ലായി മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.

ഷാർജ ജയിലിലെ ഇന്ത്യക്കാരുടെ മോജനം പിണറായിയുടെ ഇടപെടൽ ചൂണ്ടികാട്ടി വേങ്ങരയിൽ എൽ ഡി എഫ് പ്രജരണം


മുഖ്യമന്ത്രി പിണറായിയുടെ ഇടപെടല്‍ മൂലം ഷാര്‍ജ ജയിലുകളില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കപ്പെട്ട സംഭവം വേങ്ങരയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്ന വേങ്ങര മണ്ഡലത്തില്‍ ഈ പ്രചരണം ഏശുമെന്നുതന്നെയാണു എല്‍.ഡി.എഫ് ക്യാമ്പുകള്‍ കണക്ക്കൂട്ടുന്നത്. 149 ഇന്ത്യന്‍തടവുകാരെ മോചിപ്പിക്കുമെന്നാണു ഷാര്‍ജ ഭരണാധികാരി പിണറായിക്കു വാക്കു നല്‍കിയത്. ഇതിനെ തുടര്‍ന്നു തടവറയിലുള്ളവരുടെ മോചനം ആരംഭിച്ചതായും ഷാര്‍ജയില്‍നിന്നുള്ള ഇന്ത്യന്‍മാധ്യമ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തില്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പ്പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് 149 ഇന്ത്യക്കാര്‍ക്ക് മോചനം സാധ്യമാകുന്നത്.
ഇവരുടെ 36 കോടിയോളം വരുന്ന സാമ്പത്തിക ബാധ്യതകള്‍ ഷാര്‍ജ ഭരണാധികാരി തന്നെ അടച്ചുതീര്‍ത്തു. കൂടാതെ തന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുളള ക്ഷേമകാര്യങ്ങള്‍ ഷാര്‍ജയില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാനുളള തന്റെ ആഗ്രഹവും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുളള തീരുമാനവും മന്ത്രിമാരുമായുളള ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പങ്കുവെച്ചിരുന്നു. ഈ നിര്‍ണായക തീരുമാനം ഷാര്‍ജയില്‍ ജോലിചെയ്യുന്ന വലിയവിഭാഗം കേരളീയര്‍ക്ക് പ്രയോജനം ചെയ്യും.
ഷാര്‍ജയില്‍ ജോലിക്ക് പോകുന്നവര്‍ക്ക് കേരളത്തില്‍ത്തന്നെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുളള നിര്‍ദേശം ഷാര്‍ജ ഭരണാധികാരി തത്വത്തില്‍ അംഗീകരിച്ചു. യുഎഇ നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും.
ശൈഖ് സുല്‍ത്താന്റെ ചരിത്രപ്രധാനമായ കേരള സന്ദര്‍ശനത്തിനുളള നന്ദി സൂചകമായി തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെയും ഷാര്‍ജയിലെയും ജനങ്ങളുടെ താല്‍പര്യത്തിന് വേണ്ടി പരസ്പരബന്ധം ശക്തിപ്പെടുത്താന്‍ ഇരുകൂട്ടരും തീരുമാനിച്ചതായും ശൈഖ് സുല്‍ത്താന്റെ സന്ദര്‍ശനം കേരള ജനതയ്ക്ക് ലഭിച്ച വലിയ ആദരവാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാല ഡി-ലിറ്റ് നല്‍കി ആദരിച്ചിരുന്നു.
മുസ്ലിംലീഗും യു.ഡി.എഫും ഭരിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്തിടത്തു പിണറായിയുടെ ഈ നീക്കം ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ഇക്കാര്യം ഉയര്‍ത്തിക്കാട്ടി വേങ്ങരയില്‍ പ്രചരണം നടത്താനാണു എല്‍.ഡി.എഫ് തീരുമാനം.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ:പി.പി ബഷീര്‍ 01 -10 -2017 ഞായറാഴ്ച്ച വേങ്ങര പഞ്ചായത്തില്‍ പര്യടനം നടത്തും.പര്യടന വിശദാംശങ്ങള്‍
സ്വീകരണ കേന്ദ്രം സമയം
1 താഴെ പാക്കടപ്പുറായ 3.00
2 ബാലന്‍ പീടിക 3.15
3 ഗാന്ധിക്കുന്ന് 3.30
4 കണ്ണാട്ടി പടി 3.45
5 പറമ്പില്‍പടി 4.00
6 ചേറ്റിപ്പുറം 4.15
7 മണ്ണില്‍പ്പിലാക്കല്‍ 4.30
8 പാണ്ടികശാല 4.45
9 കാളികടവ് 5.00
10 പാറമ്മല്‍ 5.15
11 അരീക്കപള്ളിയാളി 5.30
12 മനാട്ടി 5.45
13 ചുള്ളിപ്പറമ്പ് 6.00
14 തറയിട്ടാല്‍ 6.15
15 അരീക്കുളം 6.30
16 വരിവെട്ടിച്ചാല്‍ 6.45
17 വേങ്ങര ടൗണ് 7.00

കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ മുസ്ലിംലീഗിന്


വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ മുസ്ലിംലീഗിനെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി തിരുവനന്തപുരത്ത് വെച്ചു മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിംലീഗുമായി പാര്‍ട്ടി അടുത്ത ബന്ധമാണുള്ളതെന്നും ഇതിനാലാണു ലീഗിന് പിന്തുണ പ്രഖ്യാപിക്കുന്നത്.
എന്നാല്‍ ഇതു മുന്നണി പ്രവേശനത്തിനുള്ള പാലമായി ആരും വ്യാഖ്യാനിക്കേണ്ട, യു.ഡി.എഫിലേക്ക് പോകാന്‍ കേരളാ കോണ്‍ഗ്രസിന് ഇപ്പോള്‍ തീരുമാനമില്ല, തങ്ങളുടെ മുന്നണി പ്രവേശനം ചൂണ്ടിക്കാട്ടി ഇനി അപമാനിക്കരുത്, ഇതു സംബന്ധിച്ചു കേരളാ കോണ്‍ഗ്രസ് ആരുടെ മുന്നിലും അപേക്ഷ നല്‍കിയിട്ടില്ല, രണ്ടു മാസത്തിനുള്ളില്‍ മുന്നണി പ്രവേശനം സംബന്ധിച്ചു കൂടുതല്‍ വ്യക്തത വരുമെന്നും കെ.എം മാണി പറഞ്ഞു.
അതേ സമയം കുഞ്ഞാലിക്കുട്ടിക്കു കെ.എം മാണിയുമായുള്ള അടുത്ത ബന്ധംകാരണമാണു ലീഗിന് കേരളാ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതെന്ന സൂചനയുണ്ട്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്ന കേരളാ കോണ്‍ഗ്രസ് മലപ്പുറത്തുവെച്ചു പ്രചരണ കണ്‍വെന്‍ഷനും നടത്തിയിരുന്നു. അന്നും ഇതെ നിലപാടാണു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞിരുന്നത്.

വേങ്ങര ഉപതിരഞ്ഞെടുപ്പും ബഹിഷ്കരണവും


*വേങ്ങര ഉപതിരഞ്ഞെടുപ്പും ബഹിഷ്കരണവും*
ഒക്ടോബർ പതിനൊന്നിന് വേങ്ങര മണ്ഡലം ഒന്നാകെ പോളിങ് ബൂത്തിലേക്ക് നടന്നടുക്കാൻ ഒരുങ്ങുമ്പോൾ പല കോണുകളിൽ നിന്നും വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി പലരും രംഗത്തിറങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഒരു ബഹിഷ്കരണ ചർച്ച മണ്ഡലത്തിലെ അമ്പത്തിയാറാം ബൂത്തിലും നടക്കുന്നുണ്ട്. അതായത് ഊരകം പഞ്ചായത്തിലെ ഏഴാം വാർഡ് ആയ പുല്ലൻചാലിലും പരിസര പ്രദേശങ്ങളിലും. ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് പ്രകാരം വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത് ക്രിമിനൽ നടപടിയാണ്. പക്ഷെ ഇവിടത്തുകാർക്ക് അതും പ്രശ്നമല്ല. കാരണമെന്താണെന്ന് വെച്ചാൽ, ഊരകം മലയുടെ താഴ്വരയിലുള്ള ഒരു കൊച്ചു മനോഹര ഗ്രാമം ആണ് പുല്ലൻചാൽ. ഈ ഗ്രാമത്തിന്റെ വടക്കു ഭാഗത്ത്  അതായത് ഊരകം മലയിൽ രണ്ടു ഭാഗത്ത് നിന്നും മല തുരന്ന് വിസ്ഫോടനകമാം വിധം പൊട്ടിച്ചെടുക്കന്നത് ഈ ഗ്രാമത്തെ മൊത്തം ബാധിച്ചിരിക്കുകയാണ്. ഈ ഗ്രാമത്തിലുള്ള എല്ലാ വീടുകളിലും ഒരു സർവ്വേ നടത്തിയാൽ മതി. പഴയതെന്നോ പുതിയതെന്നോ വ്യത്ത്യാസമില്ലാതെ എല്ലാ വീടുകൾക്കും വിള്ളലുകളും മറ്റുമായി കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. അത് പോലെത്തന്നെ ദിവസവും ആയിരക്കണക്കിന് വെടിയൊച്ചകൾ എല്ലാ ക്വാറികളിൽ നിന്നുമായി ഉൽഭവിക്കുമ്പോൾ സ്വസ്ഥത കിട്ടാതെ മലയിറങ്ങി വരുന്ന വാനരക്കൂട്ടവും മയിൽക്കൂട്ടവും ഈ പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയിട്ട് മാസങ്ങൾ ഏറെയായി. ഓടിട്ട വീടുകളുടെ ഓടിളക്കി പൊട്ടിച്ചും ഷീറ്റുകളിൽ കയറിയുള്ള അഭ്യാസ പ്രകടനങ്ങളും കാരണം ഒരുപാട് നാശ നഷ്ട്ടങ്ങൾ ഇവിടത്തുകാർക്ക് സംഭവിച്ചിരിക്കുന്നു. തെങ്ങുകളിൽ കയറി ഒരൊറ്റ മച്ചിങ്ങ പോലും ബാക്കി വെക്കാതെ നശിപ്പിച്ചു മനുഷ്യരോടുള്ള പക പോക്കുന്ന വാനരക്കൂട്ടത്തെ നോക്കി സഹതപിക്കാനേ ഇവിടത്തെ കർഷകർക്ക് നിർവാഹമുള്ളൂ. പുല്ലൻചാൽ പാടത്തും പറമ്പുകളിലും കയറിയിങ്ങി അവിടെ കൃഷി ചെയ്തിരിക്കുന്ന നെല്ലും മറ്റു പച്ചക്കറികളുമെല്ലാം തൂഫാനാക്കി ഓടിയൊളിക്കുന്ന മയിൽക്കൂട്ടത്തെ നോക്കി നെടുവീർപ്പിടാനേ ഇവിടത്തെ കർഷകനാകുന്നുള്ളു. എല്ലാറ്റിനുമുപരി സമീപ ഭാവിയിൽ തങ്ങളുടെ ഗ്രാമം തന്നെ ഒരു മഹാ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞേക്കുമെന്ന ഭീതിയിൽ അന്തിയുറങ്ങുന്ന പുല്ലൻചാലുകാരുടെയും കുണ്ടിൽ നിവാസികളുടെയും ചങ്കിടിപ്പ് കാണാതെ പോകുന്ന അധികാരികളുടെ കണ്ണിന്റെ ഒരു ചെറിയ അംശമെങ്കിലും തങ്ങളിലേക്ക് പതിയാൻ ക്രിമിനൽ കുറ്റമായ തെരെഞ്ഞെടുപ്പ് ബഹിഷ്കരണം തന്നെയാണ് ഒരു ചെറിയ മാർഗമെന്ന് ഇവിടത്തുകാർ ചിന്തിക്കുന്നു. അതെ, അവരെ തെറ്റ് പറയാൻ ആകില്ല. കാരണം അത്രക്കും ഭീതിയിൽ ആണിവർ. പണത്തിന്റെ ഹുങ്കിൽ എല്ലാ മേലാളന്മാരെയും വിലക്ക് വാങ്ങി തൻപ്രമാദത്വം കാണിക്കുന്ന മല മാഫിയക്കെതിരെ ഒരു ചെറു വിരലനക്കാൻ ശ്രമിക്കുന്ന ഇവർ ഊരകം പഞ്ചായത്തിന്റെയും വേങ്ങര മണ്ഡലത്തിന്റെയും മലപ്പുറം ജില്ലയുടെയും കേരളത്തിന്റെ മൊത്തം നല്ല പാവപ്പെട്ടവരായ ജനങ്ങളുടെ എല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു. ഇപ്പോൾ വേങ്ങരയിലെ ഓരോ മുക്കിലും മൂലയിലും ചായ മക്കാനികളിലും കയറിയിറങ്ങുന്ന കേരളത്തിലെ എല്ലാ വലുതും ചെറുതുമായ പത്ര - ദൃശ്യ - ശ്രാവ്യ വിഭാഗങ്ങളുടെയും പിന്തുണ ഇവർ ഇതിനായി ആവിശ്യപ്പെടുന്നു. ഇവിടത്തുകാർ ചില ചാനലുകാരുമായി ബന്ധപ്പെട്ടപ്പോൾ നിരാശാജനകമായ പ്രതികരണമാണവർക്ക് കിട്ടിയത്. അവർക്ക് വേണ്ടത് ഫ്ലാഷ് ന്യൂസുകൾ ആയിരിക്കാം. ചിലപ്പോൾ അവർ ഉദ്ദേശിച്ചിരിക്കുന്നത് ഉരുൾ പൊട്ടി ഗ്രാമം തകർന്നടിയുമ്പോൾ ഞങ്ങളെ വിളിക്കൂ, അപ്പോൾ ഉടൻ ഞങ്ങൾ പറന്നെത്താം എന്നായിരിക്കാം. ഏതായാലും തകർന്നടിയുന്നതിനു മുമ്പ് ഒരു വിളി കേൾക്കാൻ ഏഷ്യാനെറ്റോ മനോരമയോ മാതൃഭുമിയോ റിപ്പോർട്ടറോ മീഡിയ വണ്ണോ ജൈഹിന്ദോ കൈരളിയോ ജനം ടീവിയോ മംഗളമോ സുപ്രഭാതമോ മാധ്യമമോ സിറാജോ ചന്ദ്രികയോ ദേശാഭിമാനിയോ തേജസ്സോ കേരള കൗമുദിയോ ജന്മഭൂമിയോ ടൈംസ് ഓഫ് ഇന്ത്യയോ ഓൾ ഇന്ത്യ റേഡിയോയോ പോലോത്ത എല്ലാ പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും തയ്യാറാവണം. ഇവിടുത്തുകാരുടെ പരാതിയെ കുറിച്ചു മാധ്യമ ധർമം എന്ന നിലക്ക് അന്ന്വേഷണം നടത്തിയാൽ അവർക്ക് കിട്ടും ഇതിലെ സത്യാവസ്ഥ. ചോദിക്കുന്ന പണം ഓഫർ ചെയ്താലും പിന്തിരിയാത്ത മാധ്യമ ധർമം ആണ് ഇവിടത്തുകാർ ആവശ്യപ്പെടുന്നത്. അത് പോലെത്തന്നെ എല്ലാ രാഷ്ട്രീയക്കാരുടെയും  പിന്തുണയും ഈ കാര്യത്തിന് ഇവരോടൊപ്പം ഉണ്ടാകുമെന്ന് ഇവർ പ്രത്ത്യാശിക്കുന്നു. മനസ്സ് പണത്തിൽ മാത്രം ഒതുങ്ങിയിട്ടില്ലാത്ത എല്ലാ സാമൂഹിക പരിസ്ഥിതി പ്രവർത്തകരുടെയും പഞ്ചായത്ത്,വില്ലജ്, താലൂക്ക്, കളക്റ്ററേറ്, ജിയോളജി, ഫയർ ഫോഴ്സ്, പോലീസ്, ഹരിത ട്രിബുണൽ ഉദ്യോഗസ്ഥരുടെയും അംഗങ്ങളുടെയും മനസ്സറിഞ്ഞുള്ള സഹായവും പിന്തുണയും ഇവർ പ്രതീക്ഷിക്കുന്നു. ഒരു ഭൂപ്രദേശത്തിന്റെ നില നിൽപ്പിനായി എല്ലാവരും ഒത്തൊരുമിച്ചു നിൽക്കുമെന്ന പ്രത്ത്യാശയോടെ...... ഒരു പുല്ലൻചാലുകാരൻ... ഒരു ഊരകത്തുകാരൻ.. ഒരു വേങ്ങരക്കാരൻ... ഒരു മലപ്പുറത്തുകാരൻ.. ഒരു കേരള നിവാസി... ഒരു ഇന്ത്യൻ പൗരൻ.. അല്ല ഞങ്ങൾ എല്ലാവരും

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������