കൈയെത്തി പിടിക്കാനാവാതെ പച്ചക്കറി വില : തലയിൽ കൈവെച്ച് സാധാരണക്കാർ
കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികഞെരുക്കത്തിലായ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കി പച്ചക്കറി വില. തമിഴ്‌നാട്ടിലെ ചന്തകളിൽ പച്ചക്കറികൾക്ക് നേരിടുന്ന ക്ഷാമമാണ് ഹൈറേഞ്ചിലെ പച്ചക്കറിവിലയിലും പ്രതിഫലിച്ചിരിക്കുന്നത്. വരുമാനത്തിലുണ്ടായ ഇടിവും തൊഴിലില്ലായ്മയും നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും ഇടത്തരക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്.
ഉള്ളി, സവാള, ബീൻസ്, കാരറ്റ്, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില ദിവസേനയാണ് കുതിക്കുന്നത്. വില പിടിച്ചുനിർത്താൻ വിപണിയിൽ സർക്കാർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോവിഡ് സമ്പർക്കവിലക്ക് കാലത്ത് പച്ചക്കറിക്ക് ഉണ്ടായിരുന്ന വിലയുടെ മൂന്നിരിട്ടിയിലേറെയാണ് ഇപ്പോഴത്തെ വില. രണ്ടാഴ്ചയ്ക്കിടെയാണ് വില ക്രമാതീതമായി വർധിച്ചത്.
ക്ഷാമം, വെള്ളപ്പൊക്കം,ഇടനിലക്കാർ
ഇടനിലക്കാർ അമിതലാഭം ഈടാക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. സാധങ്ങൾ മറ്റെങ്ങും കിട്ടാത്ത സാഹചര്യത്തിൽ ഇടനിലക്കാർ പറയുന്ന വില സമ്മതിക്കേണ്ട സ്ഥിതിയിലാണ് ചില്ലറ വ്യാപാരികൾ. മഹാരാഷ്ട്രയിൽ ഉണ്ടായ വെള്ളപ്പൊക്കം സവാള, ഉള്ളി എന്നിവയുടെ വില ഉയരാൻ കാരണമായിട്ടുണ്ട്.
ജില്ലയിലെ വട്ടവട, മറയൂർ, കാന്തല്ലൂർ മേഖലകളിൽനിന്ന് കുറഞ്ഞവിലയ്ക്ക് ശേഖരിക്കുന്ന പച്ചക്കറികൾ തമിഴ്‌നാട്ടിലെ ക്ഷാമം ചൂണ്ടിക്കാട്ടി ഉയർന്നവിലയ്ക്ക് വിൽക്കുന്നതായും പരാതിയുണ്ട്. ഹോർട്ടി കോർപ്പ് കാര്യക്ഷമമായ സംഭരണം നടത്താത്തതിനാലാണ് ഇടനിലക്കാരുടെ ചൂഷണത്തിന് ഇരയാകേണ്ടിവരുന്നതെന്ന് അവിടത്തെ കർഷകരും പറയുന്നു.
*ഇറച്ചി-മുട്ട വിലയിലും വർധന*
പച്ചക്കറിയോടൊപ്പംതന്നെ ഇറച്ചി-മുട്ട വിലയിലും നേരിയ വർധന ഉണ്ടായിട്ടുണ്ട്. കോഴി ഇറച്ചിക്ക് 110 മുതൽ 140 വരെയാണ് വിവിധ മേഖലകളിൽ ഈടാക്കുന്നത്. തമിഴ്‌നാട്ടിൽനിന്ന് എത്തുന്ന മുട്ടയ്ക്ക് 50 പൈസയുടെ വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ, നാടൻ മുട്ടയ്ക്ക് വില വർധിച്ചിട്ടില്ല.
കഴിഞ്ഞ ഈസ്റ്ററിന് ശേഷം പലയിടങ്ങളിലും പോത്തിറച്ചിയുടെ വില 300-ൽനിന്ന് 340-ലേക്ക് ഉയർത്തിയിരുന്നു.
കോവിഡിന്റെ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽനിന്ന് മാടുകളെ കൊണ്ടുവരുന്ന ചെലവ് വർധിച്ചതിനാൽ ഇറച്ചിവിലയിൽ 10 രൂപയുടെ വർധന ചിലയിടങ്ങളിൽ ഉണ്ടായിട്ടുണ്ട്.
*പച്ചക്കറി വിലനിലവാരം*
സവാള: 85-100,
ഉള്ളി: 90-110,
തക്കാളി: 35-55,
പച്ചമുളക്: 50-65,
വെണ്ടയ്ക്ക: 40,
കാരറ്റ്: 70-80,
ബീൻസ്: 50-60,
കോളിഫ്ളവർ: 50,
കത്രിക്ക: 30-40,
പടവലങ്ങ: 35,
പാവക്ക: 50-60,
വെള്ളരിക്ക: 20-30,
മുരിങ്ങക്ക: 80-100,
ഉരുളക്കിഴങ്ങ്: 40-55