Labels

03 August 2019

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

പെരുവള്ളൂർ: ലോക സൗഹൃദ ദിനത്തിൽ വ്യത്യസ്തമായൊരു ചങ്ങാത്തവുമായി ഒളകര ഗവ:എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കൗതുകമായി. 'ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട' എന്ന സന്ദേശമുൾക്കൊണ്ട് പുസ്തകങ്ങളെ കൂട്ടുകാരായി മാറ്റിയിരിക്കുകയാണ് കുരുന്നുകൾ.പുസ്തകങ്ങൾക്കെല്ലാം  ലച്ചു,കിച്ചു,മിന്നു,പൊന്നു എന്നിങ്ങനെ ചെല്ലപ്പേര് നൽകി തങ്ങൾക്ക് കിട്ടിയ ചങ്ങാതിമാരെ പരസ്പരം കൈമാറി അറിവിന്റെ ചങ്ങല തീർക്കാനൊരുങ്ങുകയാണ് കുരുന്നുകൾ.ഇതോടൊപ്പം
ഇനിമുതൽ തങ്ങളുടെ ജന്മദിനങ്ങളിൽ സ്കൂൾ ലൈബ്രറി യിലേക്ക് പുസ്തകമാകുന്ന ഓരോ ചങ്ങാതി മാരെ സംഭാവന ചെയ്യാനും    ഈ കുട്ടിക്കൂട്ടം തീരുമാനിച്ചു കഴിഞ്ഞു.പ്രതിജ്ഞ ചൊല്ലി സ്വാഗത ഗാനവും ആലപിച്ച് അവരോരോരുത്തരും തങ്ങളുടെ നിഷ്കളങ്കരായ
ചങ്ങാതി മാരെ വരവേറ്റു.പ്രവർത്തനങ്ങൾക്ക് അധ്യാപകരായ പി.കെ  ഷാജി, സദഖത്തുള്ള പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകി.

30 July 2019

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന് എല്ലാ പിന്തുണയും നൽകും - കെ.എൻ.എ.ഖാദർ എംഎൽഎ

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന് എല്ലാ പിന്തുണയും നൽകും - കെ.എൻ.എ.ഖാദർ എംഎൽഎ

വേങ്ങര നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്‌ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളുടെ ശാക്തീകരണത്തിനും അക്കാദമിക മുന്നേറ്റത്തിനും പൂർണ പിന്തുണ നൽകുമെന്ന് കെ.എൻ.എ.ഖാദർ എംഎൽഎ എമർജിങ് വേങ്ങര എന്ന പേരിൽ നടത്തിയ വിദ്യാഭ്യാസ അവലോകന സംഗമത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. 
മണ്ഡലത്തിൽ നടപ്പാക്കുന്ന
സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ വിവിധ പരിപാടികൾക്ക് അംഗീകാരം നൽകി. എംഎൽഎ നടത്തുന്ന ക്രിയാത്മക ഇടപെടലുകൾക്ക് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പൂർണ സഹകരണം വാഗ്ദാനം ചെയ്തു.
80 വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ, പിടിഎ, എസ്എംസി ഭാരവാഹികൾ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ കലക്ടർ ജാഫർ മാലിക് ഐഎഎസ്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം ഐപിഎസ്, ഡിഇഒ കെ.സി.അബ്ദുൽ ഹമീദ്, എഇഒ വി.കെ.ബാലഗംഗാധരൻ, കെ.ടി.അമാനുള്ള എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ പ്രതിനിധികൾ വിവിധ ആശയങ്ങൾ അവതരിപ്പിച്ചു.

ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഒളകരയിലെ കുരുന്നുകളും

ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഒളകരയിലെ കുരുന്നുകളും

പെരുവള്ളൂർ: ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി.പൊതു തെരഞ്ഞെടുപ്പിന്റെ സമസ്ത മേഖലകളെയും സ്പർശിച്ചു കൊണ്ട് ,
സ്കൂൾ ലീഡർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.നാമ നിർദ്ദേശ
പത്രിക സമർപ്പണം മുതൽ സ്കൂൾ അങ്കണത്തെ പുളകം കൊള്ളിച്ചു കൊണ്ട് ' കൊട്ടിക്കലാശം' വരെ .

വോട്ടിംഗ് യന്ത്രത്തിനെതിരെ വ്യാപക പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ വോട്ടിംഗ് ബാലറ്റ് പേപ്പറിൽ ആയിരുന്നു. വിദ്യാലയത്തിലെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ യുള്ള 250 ൽ പരം വിദ്യാർത്ഥികൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.
കന്നി വോട്ടവകാശം വിനിയോഗിച്ച കുട്ടിവോട്ടർമാരിൽ അമ്പരപ്പിലേറെ ജിഞാസ
പ്രകടമായിരുന്നു.
ക്രമസമാധാന പാലകരായി കുട്ടിപ്പോലീസുകാരും അരങ്ങുവാണു. ഒടുവിൽ ഫലപ്രഖാപനത്തോടെ ദിവസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയ ക്ക് വിരാമമായി.

ഫലം പ്രഖ്യാപിച്ചപ്പോൾ പാർവ്വതി നന്ദ സ്കൂൾ ലീഡറായും,അനാമിക വിദ്യാഭ്യാസ മന്ത്രിയായും, റിഫ ജബിൻ ആരോഗ്യ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രവർത്തനങ്ങൾക്ക് അധ്യാപകരായ പി.കെ . ഷാജി, സദഖത്തുള്ള പെരുവള്ളൂർ, ഫഹ്മിദ എന്നിവർ നേതൃത്വം നൽകി.

29 July 2019

സ്വന്തം ജീവൻ പണയം വെച്ച് ലത ടീച്ചർ രക്ഷിച്ചത് മൂന്ന് ജീവനുകൾ:

സ്വന്തം ജീവൻ പണയം വെച്ച് ലത ടീച്ചർ രക്ഷിച്ചത് മൂന്ന് ജീവനുകൾ:

പെരുവള്ളൂർ: ഇന്നലെ (28-07-2019)തന്റെ വീടിനടുത്തുള്ള കുളത്തിൽ മുങ്ങി താഴ്ന്ന് മരണത്തോട് മല്ലടിക്കുകയായിരുന്ന മൂന്ന് മനുഷ്യ ജീവനുകൾ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച ലത ടീച്ചർക്ക് അഭിനന്ദന പ്രവാഹം. പെരുവള്ളൂർ ഇല്ലത്ത് മാട്ടിലാണ് സംഭവം.  സഹോദരി മാരായ സഫറീന, സജ നഷ്റി, ഇവരുടെ കൂട്ടുകാരിയായ റെസ് ല എന്നീ മൂന്നു പെൺകുട്ടികളെയാണ് ലത ടീച്ചർ കുളത്തിലേക്കെടുത്തുചാടി രക്ഷപ്പെടുത്തിയത്.
വിവാഹം കഴിച്ച് ചേലേമ്പ്രയിൽ താമസിക്കുന്ന ടീച്ചർ ശനിയാഴ്ച സ്വദേശമായ പെരുവള്ളൂർ ഇല്ലത്തുമാട്ടിലെ വീട്ടിലേക്ക് വന്നതായിരുന്നു. വീടിന്റെ തൊട്ടടുത്തുള്ള കുളത്തിൽ കുളിക്കാൻ വന്ന സമയത്താണ് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ദയിൽ പെട്ടത്. രക്ഷപ്പെടുത്തലിനിടെ
അവശയായ ടീച്ചറെ അതുവഴി വന്ന  സഹോദരൻ പിടിച്ചു കരക്കെത്തിക്കുകയും കുട്ടികളെ രക്ഷിതാക്കളെ ഏൽപ്പിക്കുകയും ചെയ്തു. ടീച്ചർ തക്ക സമയത്ത് അവസരോചിതമായി പ്രവർത്തിച്ചതിനാൽ നാടിനെ കണ്ണീരിൽ ആഴ്ത്തുമായിരുന്ന വൻ ദുരന്തം ഒഴിവായി. വേങ്ങര അൽ ഇഹ്സാൻ സ്കൂൾ അധ്യാപിയാണ് ലത ടീച്ചർ.

ലത ടീച്ചർക്ക് അഭിനന്ദനങ്ങൾ

18 July 2019

കണ്ണമംഗലത്ത് കുളം നന്നാക്കി; ഇനി നീന്താം

കണ്ണമംഗലത്ത് കുളം നന്നാക്കി; ഇനി നീന്താം

കണ്ണമംഗലം:പടപ്പറമ്പിലെ ഇരിങ്ങാലത്തൂർ കുളം കുളിക്കാനും നീന്താനും പറ്റുന്ന തരത്തിലാക്കി. കുളം വലുതാക്കി വൃത്തിയാക്കി ചുറ്റും സുരക്ഷാഭിത്തികളും ഇറങ്ങാനുള്ള പടവുകളും പണിതിട്ടുണ്ട്.

ജില്ലാപഞ്ചായത്ത് സുവർണ ജൂബിലി സ്മാരകമായാണ് കുളം പണിതീർത്തത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്തു. പടപ്പറമ്പ് എൽ.പി. സ്‌കൂൾ വിദ്യാർഥികൾക്ക് നീന്തൽ കുപ്പായം വിതരണംചെയ്തു. കുളത്തിൽവെച്ച് നീന്തൽ മത്സരവും നടന്നു. ജില്ലാപഞ്ചായത്തംഗം സലിം കുരുവമ്പലം അധ്യക്ഷനായി. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ്, കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സരോജിനി, പുള്ളാട്ട് സലീം, പൂക്കുത്ത് മുജീബ്, കാമ്പ്രൻ നൗഷാദ്, നെടുമ്പള്ളി സൈത്, ജാഫർ, പുളിക്കൽ അബൂബക്കർ, കൊമ്പത്തിയിൽ റസാഖ് എന്നിവർ പ്രസംഗിച്ചു.

ദാറുൽഖൈർ സമർപ്പണവും ധനസഹായവും

ദാറുൽഖൈർ സമർപ്പണവും ധനസഹായവും

മുട്ടുംപുറം: SYS യൂണിറ്റ് കമ്മറ്റിക്ക് കീഴിൽ നിർമിച്ച ദാറുൽ ഖൈർ താക്കോൽ ദാനവും പാവപ്പെട്ട അഞ്ഞൂറോളം കുടുംബങ്ങൾക്കുള്ള ധന സഹായവും ഇമാം ബൂസ്വൂരി നഗറിൽ നടന്നു 
യൂണിറ്റിലെ സാന്ത്വന പ്രവർത്തകരുടെ നേത്രത്വത്തിൽ ചുരുങ്ങിയ കാലയളവിൽ പണിത ദാറുൽ ഖൈർ ഭവനത്തിന്റെ താക്കോൽ ദാനം, സൗഹ്രദസംഗമത്തിൽ സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി നിർവഹിക്കും.വേദിയിൽ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ചു 
SYS സ്റ്റേറ്റ് സെക്രട്ടറി സ്വാദിഖ് മാഷ് വെളിമുക്ക് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു 
പരിസരത്തെ പാവപ്പെട്ട അഞ്ഞൂറോളം കുടുബങ്ങൾക് ധന സഹായവും കൈമാറുന്ന സംഗമം സൗഹ്രദ-പങ്ക് വെക്കലിന്റെ പുതിയ ചരിത്രം തുന്നിച്ചേർത്തു 
മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന ഹാഫിള് മസ്ഊദ് സഖാഫിയുടെ പ്രഭാഷണത്തിന്റെ സമാപനം കൂടിയാണ് പ്രസ്തുത സംഗമം.

വാഹനാപകടങ്ങളെ നിസ്സാരവൽക്കരിക്കരുത്: ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം

വാഹനാപകടങ്ങളെ നിസ്സാരവൽക്കരിക്കരുത്: ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം

വേങ്ങര: മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹക്കൂടുതൽ ചൂഷണം ചെയ്ത് ലഭ്യമാക്കുന്ന ഇരുചക്രവാഹനങ്ങൾ മൂലമുണ്ടാക്കുന്ന അപകട ദുരന്തങ്ങളെ  നിസ്സാരവൽക്കരിച്ചു കാണരുതെന്ന് ജില്ലാ പോലീസ് മേധാവി ഇ. അബ്ദുൽ കരീം അഭിപ്രായപ്പെട്ടു.നിയമങ്ങൾ നമ്മുടെ സുരക്ഷയുടെ ഭാഗവും അനുസരിക്കാൻ നാം ബാധ്യസ്തരുമാണ്.റോഡപകട ദുരിതമനുഭവിക്കുന്നവർ പോലും വീണ്ടുവിചാരമില്ലാതെ കടുതൽ വിപത്തുകളിൽ അകപ്പെടുമ്പോൾ പോലും നിവാരണ പ്രവർത്തനങ്ങളിൽ തങ്ങളുടെ സംഭാവനകളെ കുറിച്ചു പോലും ഓർക്കുന്നില്ല.റോഡപക നിവാരണ പ്രവർത്തന രംഗത്തെ അംബാസിഡർമാരായി വിദ്യാർത്ഥി സമൂഹം മാറണമെന്നദ്ദേഹം പറഞ്ഞു. അപകടങ്ങൾ സംഭവിച്ച ശേഷമുള്ള പരിചരണത്തേക്കാൾ അപകട രഹിതമായ നാളെക്കു വേണ്ടിയുള്ള റാഫിന്റെ വർഷങ്ങളായ സേവനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.
റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം കോളേജ് വിദ്യാർത്ഥികൾക്കായി വേങ്ങര മലബാർ കോളേജ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റോഡുസുരക്ഷ സമ്മേളനവുംസെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.റാഫ് സംസ്ഥാന പ്രസിഡണ്ട് കെഎം.അബ്ദു അധ്യക്ഷനായി. മാതൃകാ ഡ്രൈവർമാരായ ഷാജിവാഴയിൽ, സൈതലവി, ബീരാൻ കുട്ടി എന്നിവരെ ഫോറസ്റ്റ് അസി. കൺസർവേറ്റർ കെ വി.ഹരികൃഷ്ണൻ പൊന്നാടയും പതക്കവും നൽകി ആദരിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.അബദുൽ അസീസു് ഹാജി റോഡുസുരക്ഷാ ലഘുലേഖ പ്രകാശനം ചെയ്തു.മലപ്പുറം സ്പിന്നിംഗ് മിൽ ചെയർമാൻ പാലോളി അബ്ദുൽ റഹിമാൻ രചനാ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. റാഫ് ജാക്കറ്റു വിതരണവും നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗം പി പി.ഹസ്സൻ, എംടി. തയ്യാല, പ്രിൻസിപ്പാൾ പി.അബ്ദുൽ റഷീദ്,റാഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ബി കെ.സൈദ്, നൗഷാദ് മാമ്പ്ര, എംകെ.സൈനുദ്ദീൻ, ബംഗാളത്ത് കുഞ്ഞുട്ടി, കെസി.വേണുഗോപാലൻ, സാബിറ ചേളാരി, പി. നിയാസ് വാഫി, ഏടി.സൈതലവി, സലാം തച്ചറക്കൽ, സിവി. മുത്തു, ടി ഐ കെ.മൊയ്തു എന്നിവർ പ്രസംഗിച്ചു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി കെ.പൗലോസ് റോഡുസുരക്ഷാ ക്ലാസ്സെടുത്തു.ബി കെ.സൈയ്ദ് സ്വാഗതവും കെ.അബൂബക്കർ സിദ്ദീക്ക് നന്ദിയും പറഞ്ഞു.

പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം നടത്തി

പറപ്പൂർ: തിരുവനന്തപുരത്ത് എം.എസ് എഫ് നേതാക്കൾക്കെതിരെ നടത്തിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ്ലിം ലീഗും പോഷക സംഘടനകളും സംയുക്തമായി പ്രകടനം നടത്തി. സമാപന സംഗമത്തിൽ ടി.പി.അഷ്റഫ് അധ്യക്ഷത വഹിച്ചു. വി.എസ് ബഷീർ, സി.അയമുതു മാസ്റ്റർ, ഇ.കെ.സുബൈർ, ടി. ഹഖ്, മജീദ് മണ്ണിശ്ശേരി, പറമ്പത്ത് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് ടി.പി.നിസാം, ഹാഫിസ്, എ.കെ.ഷഹീം, എ.കെ.ഷരീഫ്, പി.മജീദ്, എ.പി.മൊയ്തുട്ടി ഹാജി, എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: പറപ്പൂരിൽ നടന്ന പ്രതിഷേധ പ്രകടനം

17 July 2019

ഒടുവിൽ നാരായണന് വൃദ്ധസദനത്തിൽ അഭയം

ഒടുവിൽ നാരായണന് വൃദ്ധസദനത്തിൽ അഭയം

വേങ്ങര:95 വയസ്സായ നാരായണന് അവസാനം വൃദ്ധസദനത്തിൽ അഭയം. ജില്ലാകളക്ടറുടെ പ്രത്യേക ഉത്തരവിലാണ് നാരായണന് തവനൂർ വൃദ്ധസദനത്തിൽ പ്രവേശനം കിട്ടിയത്.

പറപ്പൂർ ഇരിങ്ങല്ലൂരിൽ അവശനിലയിൽ കഴിയുകയായിരുന്ന നാരായണനെ നാട്ടുകാരാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രണ്ടാഴ്ചയോളമായി ഇവിടെ ചികിത്സയിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ സന്നദ്ധപ്രവർത്തക ഷാഹിനയുടെ നേതൃത്വത്തിൽ ഭക്ഷണവും പരിചരണവും ലഭിച്ചു. ഇതോടെ ആരോഗ്യനില വീണ്ടെടുത്ത ഇദ്ദേഹത്തെ മക്കളുടെ സംരക്ഷണത്തിൽ ഏൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മക്കളാരും ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെ വേങ്ങരയിലെ വിവരാവകാശ പ്രവർത്തകൻ എ.പി.അബൂബക്കർ, പറപ്പൂർ പഞ്ചായയത്തംഗം പി.പി. റിയാസ്, പവിത്രൻ തിരൂരങ്ങാടി, ഷാഹിന ചെമ്മാട് എന്നിവർചേർന്ന് തവനൂർ അഗതിമന്ദിരത്തിലാക്കാൻ ശ്രമിച്ചെങ്കിലും മക്കൾ ജീവിച്ചിരിപ്പുള്ളതിനാൽ പ്രവേശനം ലഭിച്ചില്ല. അവസാനം ജില്ലാകളക്ടറുമായി സംസാരിച്ച്‌ പ്രത്യേക ഉത്തരവ് വാങ്ങിയതോടെയാണ് അഗതിമന്ദിരത്തിൽ പ്രവേശിപ്പിക്കാനായത്.

ദാറുൽഖൈർ സമർപ്പണവും ധനസഹായവും

ദാറുൽഖൈർ സമർപ്പണവും ധനസഹായവും

വേങ്ങര : മുട്ടുംപുറം. SYS യൂണിറ്റ് കമ്മറ്റിക്ക് കീഴിൽ നിർമിച്ച ദാറുൽ ഖൈർ താക്കോൽ ദാനവും പാവപ്പെട്ട അഞ്ഞൂറോളം കുടുംബങ്ങൾക്കുള്ള ധന സഹായവും നാളെ ഇമാം ബൂസ്വൂരി നഗറിൽ നടക്കും.
യൂണിറ്റിലെ സാന്ത്വന പ്രവർത്തകരുടെ നേത്രത്വത്തിൽ ചുരുങ്ങിയ കാലയളവിൽ പണിത ദാറുൽ ഖൈർ ഭവനത്തിന്റെ താക്കോൽ ദാനം, സൗഹ്രദസംഗമത്തിൽ സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി നിർവഹിക്കും.വേദിയിൽ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും.
SYS സ്റ്റേറ്റ് സെക്രട്ടറി സ്വാദിഖ് മാഷ് വെളിമുക്ക് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.
പരിസരത്തെ പാവപ്പെട്ട അഞ്ഞൂറോളം കുടുബങ്ങൾക് ധന സഹായവും കൈമാറുന്ന സംഗമം സൗഹ്രദ-പങ്ക് വെക്കലിന്റെ പുതിയ ചരിത്രം തുന്നിച്ചേർകും.
മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന ഹാഫിള് മസ്ഊദ് സഖാഫിയുടെ പ്രഭാഷണത്തിന്റെ സമാപനം കൂടിയാണ് പ്രസ്തുത സംഗമം 
സ്വാഗതസംഘം ചെയർമാൻ. സൈതലവി ഹാജിpp.കൺവീനർ അസ് ലം.ഹമീത് മുസ് ലിയാർ.ഇല്ലിയാസ് എന്നിവർ അറിയിച്ചു.

08 July 2019

ഓണത്തിനൊരു മുറം പച്ചക്കറി വിത്ത് വിതരണം ചെയ്തു

ഓണത്തിനൊരു മുറം പച്ചക്കറി വിത്ത് വിതരണം ചെയ്തു

ഊരകം: ഓണത്തിനൊരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി ഊരകം പഞ്ചായത്ത് തല വിത്ത് വിതരണ ഉദ്ഘാടനം പഞ്ചായത്ത് കൃഷി ഓഫീസർ ഖൈറുന്നീസ നിർവഹിച്ചു. കൊടലിക്കുണ്ട് ഗവ. എൽ. പി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പച്ചക്കറി വിത്ത് നൽകി. സ്കൂളിലെ ഓണാഘോഷത്തിന് വേണ്ട പച്ചക്കറികൾ വിദ്യാർഥികൾ വീട്ടിൽ തന്നെ കൃഷി ചെയ്തുണ്ട‌ാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിലെ ജൈവ വൈവിധ്യ പാർക്ക് ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷി നടത്തും. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ജലജ തറയിൽ, സുരേഷ് കുമാർ, നീതു, ഷിഫ എന്നിവർ സംസാരിച്ചു. 

04 July 2019

" ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് " ബഷീർ കഥാപാത്രങ്ങളെ അനുസ്മരിച്ച് കുരുന്നുകൾ

" ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് "
ബഷീർ കഥാപാത്രങ്ങളെ അനുസ്മരിച്ച് കുരുന്നുകൾ

പെരുവള്ളൂർ:
 വിശ്വ സാഹിത്യകാരൻ  വൈക്കം മുഹമ്മദ് ബഷീറിനെ
അനുസ്മരിച്ച് അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങളെ കൂട്ടുകാർക്ക് പരിചയപ്പെടുത്തിയും,അവരോട് സല്ലപിച്ചും പാത്തുമ്മയും,ആടും , എട്ടുകാലി മമ്മൂഞ്ഞും,മജീദും, സുഹറയും, ഒക്കെയായി ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികളാണ് ബഷീർ ദിനാചരണം തങ്ങളുടേതാക്കിയത്.
വിദ്യാർത്ഥികൾക്കായി ബഷീർ ദിന ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.
എച്ച്.എം  എൻ.വേലായുധൻ, അധ്യാപകരായ ശ്രീജ, ഷാജി, ഗ്രീഷ്മ, ത്വയ്യിബ,രാധിക,റജുല എന്നിവർ 
നേതൃത്വം നൽകി.


01 July 2019

കുടിവെള്ളം നിഷേധിച്ചാൽ ജനകീയപ്രക്ഷോഭം- ജലനിധി സ്കീംലെവൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി

കുടിവെള്ളം നിഷേധിച്ചാൽ ജനകീയപ്രക്ഷോഭം- ജലനിധി സ്കീംലെവൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി

വേങ്ങര:കുടിശ്ശികയായുള്ള 17-ലക്ഷം രൂപ അടച്ചില്ലെന്ന കാരണത്താൽ ജലഅതോറിറ്റി വേങ്ങര പഞ്ചായത്തിൽ ജലവിതരണം മുടക്കിയതിൽ പ്രതിഷേധം. പഞ്ചായത്തിലെ അയ്യായിരത്തോളംവരുന്ന ജലനിധി ഗുണഭോക്താക്കൾക്ക് കുടിവെള്ളം നിഷേധിച്ചാൽ ശക്തമായ ജനകീയപ്രക്ഷോപം നടത്തുമെന്ന് ജലനിധി സ്കീംലെവൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജലഅതോറിറ്റി അവകാശപ്പെടുന്നതുപോലെ ജലം വിതരണം ചെയ്തവകയിൽ 17-ലക്ഷം കുടിശ്ശിക അടയ്ക്കാനില്ല.

36 കൊല്ലംമുമ്പ് ജലഅതോറിറ്റി സ്ഥാപിച്ചതും ജലനിധിക്ക് കൈമാറിയതുമായ 20 കിലോമീറ്റർ ദൂരപരിധിയിലുള്ള കാലപ്പഴക്കംചെന്ന പൈപ്പുകൾ പൊട്ടിയുണ്ടായ ചോർച്ചയിലൂടെ പാഴായ ജലത്തിനാണ് വിലയിട്ടത്. ഇതാണ് കുടിശ്ശിക വർധിക്കാൻ കാരണമായത്. മാത്രമല്ല

ജലവിതരണം തുടങ്ങുന്നതിനുമുമ്പ് പരീക്ഷണ പമ്പിങ്, വൃത്തിയാക്കൽ എന്നിവയ്ക്കായാണ് പണം വിനിയോഗിച്ചത്. ഇതിന് പണം നൽകാനാവില്ല.

ഗുണഭോക്താക്കളുടെ റീഡിങ് പരിശോധിച്ച് അതിനുള്ള പണം മാത്രമെ ജലവകുപ്പിലേക്ക് അടയ്ക്കാൻ കഴിയൂ. ഇപ്പോൾ കുടിശ്ശിക ഇനത്തിൽ ഇത്രയുംതുക ആവശ്യപ്പെടുന്നത് ജലഅതോറിറ്റിയും ജലനിധി കമ്മിറ്റിയും തമ്മിലുള്ള കരാറിന് വിരുദ്ധവുമാണെന്നും ഭാരവാഹികൾ പറഞ്ഞു.

പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ പി.കെ. ഫസൽ, എസ്.എൽ.ഇ.സി. പ്രസിഡന്റ് എൻ.ടി. മുഹമ്മദ് ഷരീഫ്, സെക്രട്ടറി പി. കുഞ്ഞാമു, വൈസ് പ്രസിഡന്റ് ടി.ടി. രായിൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

30 June 2019

ഹജ്ജ് തീർഥാടകർക്ക് കുത്തിവെപ്പ് രണ്ട് നാല് തീയതികളിൽ

ഹജ്ജ് തീർഥാടകർക്ക് കുത്തിവെപ്പ് രണ്ട് നാല് തീയതികളിൽ

മലപ്പുറം ജില്ലയിയിൽ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു തിരഞ്ഞെടുക്കപ്പെട്ടവർക്ക് കുത്തിവെപ്പ് പോളിയോ തുള്ളിമരുന്ന് വിതരണം എന്നിവക്ക് ഒരുക്കമായി . രണ്ടിനു രാവിലെ പൊന്നാനി ഗവ താലൂക്ക് ആശുപത്രി (പൊന്നാനി) തിരൂർ ജില്ലാ ആശുപത്രി (തിരൂ) കോട്ടപ്പടി ഗവ താലൂക്ക് ആശുപത്രി (മലപ്പുറം) തിരൂരങ്ങാടി ചെമ്മാട് ഗവ താലൂക്ക് ആശുപത്രി (വേങ്ങര )കൊണ്ടോട്ടി ഗവ താലൂക്ക് ആശുപത്രി (കൊണ്ടോട്ടി) അരീക്കോട് ഗവ താലൂക്ക് ആശുപത്രി (ഏറനാട് ) പെരിന്തൽമണ്ണ ഗവ ജില്ലാ ആശുപത്രി (പെരിന്തൽമണ്ണ) നിലമ്പൂർ ഗവ ജില്ലാ ആശുപത്രി (നിലമ്പൂർ വണ്ടൂർ) മഞ്ചേരി മെഡിക്കൽ കോളേജ് (മഞ്ചേരി) എന്നിവിടങ്ങളിലും നാലിന് പൊന്നാനി  (പൊന്നാനി) താലൂക്കാശുപത്രി തവന്നൂർ തിരൂർ ജില്ലാ ആശുപത്രിയിൽ താനൂർ മലപ്പുറം കോട്ടപ്പടി ഗവ താലൂക്ക് ആശുപത്രി കോട്ടക്കൽ തിരൂരങ്ങാടി ചെമ്മാട് ഗവ താലൂക്ക് ആശുപത്രി തിരുരങ്ങാടി കൊണ്ടോട്ടി താലൂക്ക് ആശുപത്രി പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മങ്കട എന്നിവിടങ്ങളിലും കുത്തിവെപ്പ് നടക്കും

28 June 2019

'പറപ്പൂർ ഗ്രാമപഞ്ചായത്തിന്റെ ആദരവ് '

'പറപ്പൂർ ഗ്രാമപഞ്ചായത്തിന്റെ ആദരവ് '

സംസ്ഥാന അവാർഡ് നേടിയ ഇരിങ്ങല്ലൂർ തോണിക്കടവ് കട്ടക്കൽ Ap അഹമ്മദാജി മെമ്മോറിയൽ അങ്കണവാടിക്ക് പറപ്പൂർ ഗ്രാമപഞ്ചായത്തിന്റെ ആദരവ് 
ആറാം വാർഡ് മെമ്പർ Ap ഹമീദിന്റെ  അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത്  മുഹമ്മദ് കുട്ടി നൽകിയ മൊമെന്റൊ അങ്കണവാടി സ്റ്റാഫും ALMS കമ്മിറ്റി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു .
ICDS സൂപ്പർവൈസർ ഹസീന മാഡം സ്വാഗതം പറഞ്ഞു.
ഹെൽത്ത് ഇൻസ്പെക്ടർ ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ , ഏഴാം വാർഡ് മെമ്പർ റസിയ ടീച്ചർ ആശംസകളർപ്പിച്ചു.
വർക്കർ നിഷ ടീച്ചർ നന്ദി പറഞ്ഞു.

27 June 2019

ഓരോ കുട്ടിക്കും പതിപ്പ് വായനാവാരാഘോഷം

ഓരോ കുട്ടിക്കും പതിപ്പ് വായനാവാരാഘോഷം

വേങ്ങര: കൊടലിക്കുണ്ട് ഗവ എൽപി സ്കൂളിൽ സ്കൂളിൽ വായനാ വാരത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. അമ്മ വായന, ടീച്ചർ വായന, പ്രകൃതി വായന, ചിത്രവായന, പുസ്തക വായന ആന എന്നിങ്ങനെ എന്നിങ്ങനെ വിവിധ തരം വായനകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. 

വായനക്കുറിപ്പ്, കഥാ പരിചയം, ചിത്രവായന തുടങ്ങിയ വിവിധ ഇനങ്ങൾ ഉൾപ്പെടുത്തി ഓരോ വിദ്യാർത്ഥിയും വായനാദിന പതിപ്പ് തയ്യാറാക്കി. ഓരോ ക്ലാസിലും അക്ഷര മരവും വായന മൂലയും സജ്ജമാക്കി. സ്കൂൾ റേഡിയോയിലൂടെ ക്വിസ് മത്സരവും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വായനാദിന മെഗാ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ മുഹമ്മദ് റൈഹാൻ, ഹയ നൗഷാദ്, സൻഹ എന്നിവർ യഥാകൃമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 

രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച വായനാകുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ ബായിദ, നസീമ, ഫസീല. സി. എന്നിവർ യഥാകൃമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

വായനവാരാഘോഷത്തിന്റെ ഉദ്ഘാടനം വാർഡ്മെമ്പർ എം. ടി. അലവി നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സിദ്ധീഖ് മരക്കാർ മൗലവി അധ്യക്ഷത വഹിച്ചു. പ്രജിത ടീച്ചർ ക്ലാസെടുത്തു. ഹെഡ് മിസ്ട്രസ് ജലജ തറയിൽ, പി ടി എ മെമ്പർമാരായ ഒ.കെ. കുട്ടി, ഗീത, ബുഷ്റ എം, അധ്യാപകരായ സുരേഷ്കുമാർ, മുഹമ്മദ് അസ്കർ, സുഫിയാൻ എന്നിവർ സംസാരിച്ചു.

26 June 2019

ഇ- ഹെൽത്ത് പദ്ധതി ചികിത്സ രേഖകൾ ഇല്ലാതെ ഇനി യു.എച്ച്.ഐ.ഡി. കാർഡ് ഉപയോഗിച്ച് ചികിത്സ തേടാം

ഇ- ഹെൽത്ത് പദ്ധതി ചികിത്സ രേഖകൾ ഇല്ലാതെ ഇനി യു.എച്ച്.ഐ.ഡി. കാർഡ് ഉപയോഗിച്ച് ചികിത്സ തേടാം

സംസ്ഥാനത്ത് ആരോഗ്യ സംവിധാനങ്ങൾക്ക് ഊർജ്ജം പകർന്ന് കൊണ്ടിരിയ്ക്കുന്ന ഇ-ഹെൽത്ത് പദ്ധതിയ്ക്ക് എ. ആർ . നാഗർ കടുംബ ആരോഗ്യ കേന്ദ്രത്തിൽ തുടക്കമായി                    ഇതോടെ  ആരോഗ്യ കേന്ദ്രത്തിൽ വരുന്നവർക്ക് ചികിത്സ രേഖകൾ ഇല്ലാതെ UHID കാർഡ് ഉപയോഗിച്ച് ചികിത്സ നേടാൽ സാധിക്കും    ആധാർ ഇ- ഹെൽത്തുമായി ലിങ്ക് ചെയ്ത വർക്കാണ് UHID കാർഡ് നൽകുന്നത് ആരോഗ്യ കേന്ദ്രത്തിൻ എത്തുന്ന ആളുകൾ ആധാർ നമ്പർ റിസപ്ഷനിൽ നൽകിയാൽ UHID കാർഡ് ലഭിയ്ക്കും  ഇതോടെ ആധാർ ലിങ്ക് ചെയ്യുന്ന വ്യക്തിയുടെ ആരോഗ്യ സംബദ്ധമായ എല്ലാ വിവരങ്ങളും രേഖപെടുത്തും , പുകയില ഉപയോഗം മദ്യപാനം തുടങ്ങിയ ശീലങ്ങൾ നേരത്തെ ഉണ്ടായിരുന്ന രോഗവിവരങ്ങൾ, കുടുംബ അംഗങ്ങളുടെ വിവരങ്ങൾ തുടങ്ങി ആരോഗ്യ സംബന്ധിയായ എല്ലാ വിവരങ്ങളും രേഖ പെടുത്തും                                                          ചികിത്സയുമായി ബന്ധപെട്ട പരിശോധന റിപ്പോർട്ടുകൾ, ലബോറട്ടറി, മറ്റ് പരിശോധന ഫലങ്ങൾ എന്നിവ  കാർഡിൽ ഒൺലൈൻ ആയി അപ് റ്റു ഡേറ്റ് ചെയുന്നതാണ്. പദ്ധതി പൂർണ്ണ രീതിയിൽ നടപ്പിലാക്കുന്നതോടെ മെഡിക്കൽ കോളേജ് കൾ അടക്കം ഇ -ഹെൽത്ത് പദ്ധതി ന ട പിലാക്കിയ സ്ഥാപന അളിലേക്ക് ഒ.പി ബുക്ക് ചെയുന്നതിന് വീട്ടിൽ നിന്ന് മൊബൈൽ  ഫോണിലൂടെ ചെയാൻ സാധിക്കും   ഇത് വഴി ഒ.പി യിലെ തിരക്ക് കുറക്കുന്നതിനും ഗുണമേൻമയുള്ള ചികിത്സ ഉറപാകുന്ന തിനും കഴിയും                                                                         എ.ആർ നഗറിൽ പരിപാടിയുടെ ഉൽഘാടനം  ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ നഫീസ്സ ടീച്ചർക്ക് UHID കാർഡ് നൽകി കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സുബൈദ കുപ്പേരി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിയാസ് കല്ലൻ അദ്ധ്യക്ഷതവഹിച്ചു സ്ഥിരം സമിതി അംഗങ്ങളായ ലിയാക്കത്ത് അലി , റുഖിയ ടീച്ചർ, മെഡിക്കൽ ഒഫീസ്സർ ഡോ.ജി സാന്ദ്ര, ഹെൽത്ത് ഇൻസ്പെക്ടർ പി. മുഹമ്മദ് ,വാർഡ് മെമ്പർമാരായ കമ്മുണ്ണി ഹാജി, ജംഷീന ഇഖ്ബാൽ, കുഞ്ഞീവി, സഹ്റ ,എം.അബ്ദുൽ അസീസ്എന്നിവർ സംസാരിച്ചു

സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി

സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി 

വലിയോറ : എം സ് ഫ് കേരള സംസ്ഥാന കമ്മറ്റിയുടെ അക്ഷര സമ്മാനം പദ്ധതിയുടെ ഭാഗമായി അടക്കാപുര യൂണിറ്റ് എം സ് ഫ് കമ്മറ്റി വലിയോറ ഈസ്റ്റ്‌ എ എം യൂ പി സ്കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകം നൽകി.യൂണിറ്റ് എം സ് ഫ് പ്രസിഡന്റ്‌ അഫ്സൽ എ കെ ഹെഡ്മാസ്റ്റർ മോളി ടീച്ചർക്ക് പുസ്തകം കൈമാറി. ജില്ലാ എം സ് ഫ് സെക്രട്ടറി നബീൽ മാഷ്,കെ സ് ടി യൂ വേങ്ങര സബ്ജില്ലാ സെക്രട്ടറി സമീർ മാഷ്, വേങ്ങര പഞ്ചായത്ത് എം സ് ഫ് ഉഭാധ്യക്ഷൻ ഇബ്രാഹിം അടക്കാപുര,എ എം യൂ പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി സോമനാഥൻ മാഷ്,ലൈബ്രറി ഇൻചാർജ് പവിത്രൻ മാഷ്, അലി അൻസാർ എ കെ, സഫ്‌വാൻ ഇ പി, ഷബീബ് മോയൻ, അദ്നാൻ,ഹാഷിം സി,നസീബ്, നബീബ് തുടങ്ങിയവർ പങ്കെടുത്തു.

ലഹരിക്കെതിരെ ആയിരത്തൊന്ന് കയ്യൊപ്പുകൾ സമാഹരിച്ച് ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ

ലഹരിക്കെതിരെ ആയിരത്തൊന്ന് കയ്യൊപ്പുകൾ
സമാഹരിച്ച് ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ

പെരുവള്ളൂർ: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 1001 കയ്യൊപ്പുകൾ സമാഹരിച്ച്  ലഹരി വിരുദ്ധദിന സന്ദേശം നൽകി ഒളകര ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി.ലഹരി വിരുദ്ധ ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  രക്ഷിതാക്കളും,
നാട്ടുകാരുമടക്കം നിരവധി പേർ
ഒപ്പുചാർത്താനെത്തി.ഹെഡ്മാസ്റ്റർ എൻ.വേലായുധൻ  ഉദ്ഘാടനം ചെയ്തു.പുകയൂർ
അങ്ങാടിയിൽ വെച്ച് വിദ്യാലയത്തിലെ പാർവ്വതി നന്ദ
എന്ന വിദ്യാർത്ഥിനി ലഹരി വിരുദ്ധ ദിന പ്രഭാഷണം നടത്തി.
അധ്യാപിക ടിന്റു ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അധ്യാപകരായ സോമരാജ്, അനീഷ് , രക്ഷിതാക്കളായ സൈതലവി, ബഷീർ കാവോടൻ എന്നിവർ പ്രസംഗിച്ചു.പി.കെ ഷാജി, ജംഷീദ് എന്നിവർ നേതൃത്വം നൽകി.



വായിച്ചു വളർന്നവർ മഴത്തുള്ളികളായി ക്യാമ്പസിൽ പെയ്തിറങ്ങി

വായിച്ചു വളർന്നവർ മഴത്തുള്ളികളായി ക്യാമ്പസിൽ പെയ്തിറങ്ങി

വേങ്ങര: വേങ്ങര മലബാർ കോളേജിലേക്ക് രാവിലെ ഗേറ്റ് കടന്നുവന്ന കോളേജ് ബസിൽ നിന്ന് തോളിൽ തോർത്തുമുണ്ടും കയ്യിൽ കാലൻ കുടയും പിടിച്ച് ഇറങ്ങുന്ന പുതിയ പഠിതാക്കളെക്കണ്ട്  ന്യൂജൻ വിദ്യാർഥികൾ അമ്പരന്നു .രണ്ടാം കുട്ടിക്കാലത്തിന്റെ  നിഷ്കളങ്കമായ  ചിരികളോടെ കാലൻ കുട കുത്തിപിടിച്ച്  അവർ കോളേജ് സെമിനാർ ഹാളി ലേക്ക്  നടന്നു .കോളേജ് എൻ .എസ് .എസ് യൂണിറ്റ് സംഘടിപ്പിച്ച  'മഴത്തുള്ളികൾ ' മൺസൂൺ ഫെസ്റ്റിലെ അതിഥിതികളായും ,മത്സരാർത്ഥികളായും എത്തിച്ചേർന്നതായിരിന്നു അവർ .വീടും പേരും വയസ്സും ചോദിച്ച് വളണ്ടിയർമാർ അവർക്ക് ചുറ്റും കൂടി .കോളേജിലെ ഭാഷാസമിതിയുടെയും തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗസിലിന്റെയും വേങ്ങര സായം പ്രഭ ഹോമിന്റെയും  സഹകരണത്തോടെ നടത്തിയ  വയോജന സൗഹൃദ വായന മത്സരത്തിൽ എല്ലാ കാരണവന്മാരും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. തുടർന്നു നടന്ന 'മഴയോർമ്മ പങ്കുവെക്കൽ'  അനുഭവങ്ങളുടെ കെട്ടഴിക്കലായിരുന്നു. വറുതിയുടെയും  ചേമ്പില ചൂടിയതിന്റെയും വെള്ളപ്പൊക്കത്തിന്റെയുമൊക്കെ ഓർമ്മകൾ പങ്കുവെച്ച് അവർ ചിരിപ്പിച്ചും കരയിപ്പിച്ചും  ചിന്തിപ്പിച്ചഉം  ഗൃഹാതുരത്വത്തിന്റെ തീചൂളയിലേക്ക് വളണ്ടിയർമാരെയും അധ്യാപകരെയും കൈ പിടിച്ച് നടത്തി. സൗഹൃദ വായന മത്സരത്തിൽ ശങ്കരൻ ടി. പി, ഭാസകരൻ വി, എന്നിവർ യഥാക്രമം ഒന്ന് , രണ്ട് സ്ഥാനങ്ങളും അബു ഹാജി, അബ്ദുറഹ്മാൻ ഹാജി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് നടന്ന 'വായന മഴ' സെഷൻ പി.എസ്.എം.ഒ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശരീഫ്.പി ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി അധ്യക്ഷത വഹിച്ചു. മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി, മാനേജ്‌മെന്റ് കമ്മിറ്റി അംഗം അലി അക്ബർ പി.കെ, ലൈബ്രറി കൗണ്സില് താലൂക്ക് സെക്രട്ടറി സോമനാഥൻ മാസ്റ്റർ, എൻ.എസ് .എസ് പ്രോഗ്രാം ഓഫിസർ സി. അബ്ദുൽ ബാരി, ഭാഷ സമിതി കോഡിനേറ്റർ ജിഷ.പി, മുഹമ്മദ് അലി ടി, സുജിത് മാസ്റ്റർ, ഇബ്രാഹീം അടക്കാപുര, സൽമാനുൽ ഫാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������