Labels

01 January 2018

വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ

വേങ്ങര കണ്ണമംഗലത്ത് യുവാവ് റൂമില്‍ മരിച്ച നിലയിൽ 
വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ ടയര്‍ കടയിലെ തൊഴിലാളിയായ യുവാവിനെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടിയിലെ ചൂരല്‍മല സ്വദേശി ശരത്ത് (24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. തോട്ടശ്ശേരിയറയിലെ ടയര്‍ കടയില്‍ ജോലിക്കാരനായിരുന്ന ശരത്ത് ശനിയാഴ്ച നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞു കിടന്നുറങ്ങിയതായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലായിട്ടും കാണാതായപ്പോള്‍ ഇയാളുടെ സുഹൃത്ത് മുറിയില്‍ അന്വേഷിച്ചെത്തുകയായിരുന്നു. വാതില്‍ തുറന്നിട്ട നിലയില്‍ കട്ടിലില്‍ കിടക്കുന്നതായി കണ്ട ശരത്തിനെ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ലെന്നു പറയുന്നു. സംശയം തോന്നിയ ഇയാള്‍ വിവരമറിയിച്ചതോടെ നാട്ടുകാര്‍ എത്തി മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി. ഇരുട്ട് പരന്നതോടെ ഇന്‍ക്വസ്റ്റ് തിങ്കളാഴ്ചത്തേക്ക് മാറ്റിയ പോലീസ് റൂം പൂട്ടി സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്തി. ഇതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം വയനാട്ടില്‍ നിന്നും ഇയാളുടെ ബന്ധുക്കളെത്തി. ശബരി മലയിലേക്കു യാത്രയിലായിരുന്ന ഇയാളുടെ ജേഷ്ട്ടസഹോദരന്‍ അടങ്ങുന്ന സംഘവും സംഭവസ്ഥലത്തെത്തി.

ആരോപണം അടിസ്ഥാനരഹിതം- ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌

ആരോപണം അടിസ്ഥാനരഹിതം- ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ 

വേങ്ങര: വലിയോറ ചാലിത്തോട് നവീകരണവുമായി ബന്ധപ്പെട്ട് വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ കര്‍ഷകസംഘം നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് വി.കെ. കുഞ്ഞാലന്‍കുട്ടി അറിയിച്ചു. കര്‍ഷകരുടെ ആവശ്യപ്രകാരമാണ് ചാലിത്തോട് നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ജിയോളജി വകുപ്പുമുതല്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേതടക്കം അനുമതി വാങ്ങിയാണ് മണ്ണ് നീക്കാന്‍ തുടങ്ങിയത്. കര്‍ഷകസംഘം നേതാവിന്റെ പരാതികാരണം മണ്ണ് നീക്കാനാവാതെ പദ്ധതി തടസ്സപ്പെട്ടു. സര്‍ക്കാറിന്റേയും തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിച്ച് നടപ്പിലാക്കുന്ന പദ്ധതിയുമായി മുന്നോട്ട്‌പോകും. സര്‍ക്കാര്‍ ഏതന്വേഷണം നടത്തിയാലും ഭരണസമിതി സ്വാഗതംചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു.

പുതുവത്സരത്തില്‍ പ്രതീക്ഷയായി ബാക്കിക്കയം റെഗുലേറ്റര്‍

പുതുവത്സരത്തില്‍ പ്രതീക്ഷയായി ബാക്കിക്കയം റെഗുലേറ്റര്‍ 
വേങ്ങര:
വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിലെ വിവിധ ജലസേചനപദ്ധതികള്‍ക്ക് ആക്കംകൂട്ടുകയാണ് കടലുണ്ടിപ്പുഴയ്ക്ക് കുറുകെ ബാക്കിക്കയത്ത് നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന റെഗുലേറ്റര്‍. പദ്ധതിയുടെ പണി അവസാനഘട്ടത്തിലാണ്. ഒമ്പതാം പദ്ധതിയുടെ തുടക്കത്തില്‍ വേങ്ങര പഞ്ചായത്തിലെ വിവിധ ഗ്രാമസഭകളില്‍ ഉയര്‍ന്നുവന്ന ഒരാവശ്യമായിരുന്നു കടലുണ്ടിപ്പുഴയില്‍ കൂരിയാട്ട് റെഗുലേറ്റര്‍ സ്ഥാപിക്കുക എന്നത്. പണി പുരോഗമിക്കവേ എത്തിയ കാലവര്‍ഷത്തെത്തുടര്‍ന്ന് പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ പണി നിര്‍ത്തിവെക്കേണ്ടിവന്നു. പ്രവൃത്തി നടക്കുന്ന റെഗുലേറ്ററിന്റെ സംരക്ഷണഭിത്തി സ്ഥാപിക്കാന്‍ പാകപ്പെടുത്തിയ ഭാഗത്ത് കരയിടിഞ്ഞതിനാല്‍ ഭിത്തിയുടെ മാപ്പില്‍തന്നെ മാറ്റംവരുത്തേണ്ട സ്ഥിതിയുണ്ടായി.

20 കോടിയാണ് പദ്ധതിയുടെ മതിപ്പുതുക. റഗുലേറ്ററിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ഒരുനാടിന്റെ രണ്ടുപതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് വിരാമമാവുക. വരുന്ന മാര്‍ച്ചില്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനായേക്കും.

31 December 2017

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം

തിരുരങ്ങാടി : കേരളത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഐതിഹാസിക സമാപനം. നാലു ദിവസം നീണ്ട വൈജ്ഞാനിക വിരുന്നിന് ശേഷം, അലകടലായെത്തിയ ഇസ്‌ലാഹി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഒമ്പതാമത് മുജാഹിദ് സമ്മേളനത്തിന് പരിസമാപ്തിയായത്. മുജാഹിദ് പുനരൈക്യത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനം എന്ന സവിശേഷതയും സമ്മേളനത്തിനുണ്ടായിരുന്നു. മുജാഹിദ് സംഘശക്തിയെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് ആഹ്വാനമാണ് സമ്മേളനത്തില്‍ മുഴങ്ങിക്കേട്ടത്.
മുജാഹിദ് കേരളം ഒറ്റക്കെട്ടാണെന്ന് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഒരു ദുശ്ശക്തിക്കും മുജാഹിദ് സഘശക്തിയെ തകര്‍ക്കാനാവില്ലെന്ന് സമ്മേളനത്തില്‍ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചു. മുസ്്‌ലിം സമുദായം ഒന്നടങ്കം ആഗ്രഹിച്ച മുജാഹിദ് ഐക്യം കാലഘട്ടത്തിന്റെ തേട്ടമാണെന്നും ഇതില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നും സമ്മേളന നഗരിയിലെ ജനസഞ്ചയം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും മത വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിക്കും നായകത്വം വഹിച്ച മഹാരഥന്മാരായ നേതാക്കള്‍ രൂപംനല്‍കിയ സലഫി പ്രസ്ഥാനം അജയ്യമാണെന്നും ആരോപണങ്ങള്‍കൊണ്ട് ആദര്‍ശ മുന്നേറ്റത്തെ തകര്‍ക്കാനാവില്ലെന്നും ജനലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. മുജാഹിദ് പ്രസ്ഥാനത്തിനും നേതാക്കള്‍ക്കും പ്രബോധകര്‍ക്കുമെതിരെ ആരോപണമുന്നയിച്ച നവോത്ഥാന പ്രബോധന മുന്നേറ്റത്തെ തടയാണെന്നത് വ്യാമോഹമാണെന്ന പ്രഖ്യാപനവും സമ്മേളനത്തില്‍ ഉണ്ടായി.
മുസ്‌ലിം സമുദായത്തിന്റെ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ ഉന്നതരും ഭരണ പ്രതിപക്ഷ നേതാക്കളും ലോകപ്രശക്ത പണ്ഡിതരും അണിനിരന്ന മുജാഹിദ് സമ്മേളനത്തിന് കഴിഞ്ഞകാലങ്ങളിലില്ലാത്ത പിന്തുണയും പ്രചാരവും ലഭിച്ചുവെന്നത് മുജാഹിദ് പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സമ്മേളനം വലിയ പ്രാധാന്യത്തോടെ ഏറ്റെടുത്തത് അംഗീകാരമായിരുന്നു.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സലഫി നഗറും പരിസരവും വിശ്വാസികളാല്‍ ജനനിബിഡമായിരുന്നു. പ്രധാന വേദിക്ക് പുറമെയുള്ള മറ്റ് ഏഴു വേദികളിലും വിവിധ സമ്മേളനങ്ങള്‍ ഉണ്ടായി. ഓരോ വേദിയും പ്രൗഢവും സമ്പന്നവുമായിരുന്നു. ഗവേഷണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അനുബന്ധ വേദികള്‍ പ്രധാനമായും സജ്ജീകരിച്ചത്. സമാപന സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ ഉച്ചയോടുകൂടി തന്നെ പ്രതിനിധികള്‍ നാനാഭാഗത്തുനിന്നും ഒഴുകുകയായിരുന്നു. ജനത്തിരക്ക് കാരണം ഗതാഗത തടസ്സമുണ്ടാകാതാരിക്കാന്‍ വളണ്ടിയര്‍മാര്‍ ഏറെ പാടുപെടുന്നത് കാണാമായിരുന്നു. പഴുതടച്ച സുരക്ഷയും ഗതാഗത ക്രമീകരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സമാപന സമ്മേളനം കെ.എന്‍.എം. പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മുജാഹിദ് സംസ്ഥാന സമ്മേളനം പൊതുസമൂഹം ഏറ്റെടുത്തത് ചാരിതാര്‍ത്ഥ്യകരമാണെന്ന് മദനി പറഞ്ഞു. പരസ്പര വിശ്വാസവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണം. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ മതത്തിന്റെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. രാജ്യത്തിന്റെ പൊതു നന്മക്ക് ഭീഷണിയാവുന്ന നിലപാടുകള്‍ വിശ്വാസികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. ഭീകരതയും തീവ്രവാദവും മതത്തിന് അന്യമാണ്. ഇസ്‌ലാം ഏറ്റവും ശക്തമായി ഇത്തരം ചിന്താഗതികളെ എതിര്‍ക്കുന്നു. അമിത ആത്മീയതയുടെ പേരില്‍ മറ്റുള്ളവരെ ശത്രുപക്ഷത്ത് കാണുന്ന രീതി അപകടകരമാണെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു.
പ്തമശ്രീ എം.എ. യൂസുഫലി മുഖ്യാതിഥിയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി.വി. അബ്ദുല്‍ വഹാബ് എം.പി, സി. മുഹ്‌സിന്‍ എം.എല്‍.എ, എ.പി. അബുസ്സുബ്ഹാന്‍ മുഹ്‌യുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ അദ്ധ്യക്ഷതവഹിച്ചു.മുഹമ്മദ് അശ്‌റഫ് ഒമാന്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ഡോ. അന്‍വര്‍ അമീന്‍ കല്‍പകഞ്ചേരി, മദ്‌റസ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, കെ.എന്‍.എം. വൈസ് പ്രസിഡണ്ട് പി.കെ. അഹമ്മദ്, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, സെക്രട്ടറിമായ എം. അബ്ദുറഹ്മാന്‍ സലഫി, എം. സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ഐ.എസ്.എം. പ്രസിഡണ്ട് ഡോ. എ.ഐ. അബ്ദുല്‍മജീദ് സ്വലാഹി, എം.എസ്.എം. പ്രസിഡണ്ട് ജലീല്‍ മാമാങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. പൊയില്‍ അബ്ദുല്ല, എന്‍.കെ. മുഹമ്മദലി, വി.കെ. അഷ്‌റഫ്, ഡോ. അബ്ദുല്‍ മജീദ് ഫാറൂഖ് മൂസ, വി.കെ. സിറാജ്, സി.പി. കുഞ്ഞിമുഹമ്മദ്, കെ.എം. മുഹമ്മദ്, പൊട്ടങ്കണ്ടി അബ്ദുല്ല പങ്കെടുത്തു.
രാവിലെ പ്രധാന പന്തലില്‍ വിദ്യാര്‍ത്ഥി സമ്മേളനം, ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് സേഠ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ടി. സിദ്ദീഖ്, വി.എസ്. ജോയ്, ടി.പി. അഷ്‌റഫലി, മിസ്അബ് കീഴരിയൂര്‍, എം.എസ്.എം. ജനറല്‍ സെക്രട്ടറി സിറാജ് ചേലേമ്പ്ര, ശുക്കൂര്‍ സ്വലാഹി, ജാസര്‍ രണ്ടത്താണി, റിഹാസ് പുലാമന്തോള്‍, ആദില്‍ അത്തീഫ്, ഹാസില്‍ മുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശരീഅത്ത് സമ്മേളനത്തില്‍ മുഹ്‌യുദ്ദീന്‍കോയ മദീനി, അബ്ദുല്‍ അലി മദനി, അലി ശാക്കിര്‍ മുണ്ടേരി, അബ്ദുസ്സലാം പാലപ്പറ്റ, അലിഅക്ബര്‍ ഇരിവേറ്റി, മുഹമ്മദലി അന്‍സാരി, എന്‍.കെ. ത്വാഹ പ്രസംഗിച്ചു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അദ്ധ്യക്ഷതവഹിച്ചു.
നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സത്താര്‍ പള്ളിപ്പാട് അദ്ധ്യക്ഷതവഹിച്ചു. അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. ആലിക്കോയ, അഡ്വ. എം. മൊയ്തീന്‍കുട്ടി, അഡ്വ. അബ്ദുറഹ്മാന്‍, അഡ്വ. കെ. ഹനീഫ് പ്രസംഗിച്ചു.
സയണിസ്റ്റ് സാമ്രാജ്യത്വത്തിനെതിരെ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കണം
ഫലസ്തീന്‍: കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റരുതെന്ന് മുജാഹിദ് സമ്മേളനം
തിരുരങ്ങാടി : ഫലസ്തീന്‍ വിഷയത്തില്‍ രാജ്യം പുലര്‍ത്തിപ്പോരുന്ന നയനിലപാടുകളില്‍ മാറ്റംവരുത്തരുതെന്ന് 9 ാമത് മുജാഹിദ് സംസ്ഥാന സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇസ്രാഈല്‍ തലസ്ഥാനം ജറുസലമിലേക്ക് മാറ്റാനുള്ള അമേരിക്കയുടെ ധിക്കാര നടപടികള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി സയണിസ്റ്റ് സാമ്രാജ്യത്വ ലോബി നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം. വിശുദ്ധ നഗരമായ ഖുദ്‌സിനെ ജൂതവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും, ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലും വംശീയ അതിക്രമങ്ങളിലും മുജാഹിദ് സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. മനുഷ്യാവകാശം സംരക്ഷിക്കാനും പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പിലാക്കാനും ഭരണകൂടങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്രപൈതൃകത്തെ വര്‍ഗീയവത്കരിക്കരുത്
തിരുരങ്ങാടി :മതങ്ങളെ കുറിച്ചുള്ള അജ്ഞതയും മുന്‍വിധിയുമാണ് തെറ്റിദ്ധാരണകള്‍ക്ക് ഒരു പരിധി വരെ കാരണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വൈജ്ഞാനിക സമ്മേളനം അഭിപ്രായപ്പെട്ടു. മതങ്ങളെ അതിന്റെ മൂലഗ്രന്ഥത്തില്‍ നിന്ന് അറിയാന്‍ ശ്രമിക്കണം. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള സന്മനസ്സാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട ഇന്ത്യയുടെ ചരിത്ര പൈതൃകത്തെ വര്‍ഗീയ വത്കരിക്കാനുള്ള ഗൂഢനീക്കം തിരിച്ചറിയണം. ഉന്നത വിദ്യാഭ്യാസം മുതല്‍ െ്രെപമറി തലം വരെയുള്ള പാഠപുസ്തകങ്ങളിലൂടെ തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചരിത്രപണ്ഡിതരും അക്കാദമിക സമൂഹവും ചേര്‍ന്ന് ചെറുക്കണം. താജ് മഹല്‍ അടക്കമുള്ള ഇന്ത്യയുടെ അഭിമാന അടയാളങ്ങള്‍ തുടച്ച് നീക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് നിന്ന് പ്രതിരോധിക്കണമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.
വൈജ്ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖൈറുല്‍ ഹസ്സന്‍ റിസ്‌വി ഉദ്ഘാടനം ചെയ്തു. കെ.ജെ.യു. വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി. ഉമര്‍ സുല്ലമി അദ്ധ്യക്ഷതവഹിച്ചു. കെ.വി. തോമസ് എം.പി., എം.ഐ. ഷാനവാസ് എം.പി., ഉനൈസ് പാപ്പിനിശ്ശേരി, സി. മുഹമ്മദ് സലീം സുല്ലമി, ഇര്‍ഷാദ് സ്വലാഹി, കെ.സി. നിഅ്മത്തുല്ല സ്വലാഹി, അബ്ദുല്‍ ഖനി സ്വലാഹി, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസി സംഗമത്തില്‍ ഹുസൈന്‍ ഫുജൈറ അദ്ധ്യക്ഷതവഹിച്ചു. ബഷീര്‍ പട്ടേല്‍താഴം, ശിഹാബ് എടക്കര, സഅദുദ്ദീന്‍ സ്വലാഹി, ഡോ. ഫാറൂഖ്, വി. അബൂബക്കര്‍ സ്വലാഹി പങ്കെടുത്തു.
തിരുരങ്ങാടി:മതപ്രബോധനം കുറ്റകൃത്യമായി കണ്ട് പ്രബോധകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ വിവേചന പൂര്‍ണമായ നടപടികള്‍ സ്വീകരിക്കുകയും മതവും നിറവും നോക്കി യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്ന നീക്കങ്ങള്‍ അപലപനീയമാണെന്നും മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയാകുന്ന വര്‍ഗ്ഗീയ ഭ്രാന്ത് ഭീരുത്വമാണെന്നും നിര്‍ബന്ധമത പരിവര്‍ത്തനം ഇസ്‌ലാമിന് അന്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ച് മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹം തിരിച്ചറിയണം.
പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിക്കുന്ന ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കണം. മണ്ണും വിണ്ണും മലിനമാക്കുന്നതില്‍ നിന്ന് മനുഷ്യരെ തടയാന്‍ പരസ്പര സഹകരണം ഉണ്ടാകണമെന്നും വെള്ളവും ഭക്ഷണവും മലിനമാക്കുന്നതില്‍ നിന്നും ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും സമൂഹം വിട്ടു നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളും പരിസരങ്ങളും വൃത്തിയുടെ അടയാളങ്ങളും പരിസ്ഥിതി സൗഹൃദവുമാക്കി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി
മുജാഹിദ് മഹല്ല് പരിധിയില്‍ ഒരാളും ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥ ഉണ്ടാവുകയില്ലെന്ന്ഉറപ്പ് വരുത്തേണ്ട ബാധ്യത മഹല്ല് നേതൃത്വങ്ങള്‍ക്കുണ്ട്. ജാതി മത, ഭേത വ്യത്യാസംകൂടാതെ ഇത് സാധ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യാതിഥിയായി. അഡ്വ. പി.എ. പൗരന്‍, അഡ്വ. ടി.ഒ. നൗഷാദ്, അഡ്വ. മായിന്‍കുട്ടി മേത്തര്‍, അബ്ദുല്‍ ഹസീബ് മദനി, ജഅ്ഫര്‍ വാണിമേല്‍, അഹമ്മദ് അനസ് മൗലവി, സലീം ഫാറൂഖി, നൗഷാദ് കുറ്റിയാടി പ്രസംഗിച്ചു. കെ.എന്‍.എം. വൈസ് പ്രസിഡണ്ട് എച്ച്.ഇ. മുഹമ്മദ് ബാബു സേഠ് അദ്ധ്യക്ഷതവഹിച്ചു.
ന്യൂനപക്ഷാവകാശ സമ്മേളനം മൈനോരിറ്റി ഡിപ്പാര്‍ട്ടുമെന്റ് ചെയര്‍മാന്‍ പ്രൊഫ. എ.പി. അബ്ദുല്‍ വഹ്ഹാബ് ഉദ്ഘാടനം ചെയ്തു. കെ.കെ. കൊച്ചുമുഹമ്മദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. ഉമര്‍ ഫാറൂഖ്, സി.ടി. അബ്ദുറഹീം, പ്രൊഫ. മുസ്തഫ പുത്തൂര്‍, അലി മെക്ക, പി.സി. സുലൈമാന്‍ മദനി, നവാസ് റഷാദി, അബ്ദുസ്സലാം പള്ളിയില്‍ പ്രസംഗിച്ചു.

മലപ്പുറം വേങ്ങര ഭാഗങ്ങളിലെ എല്ലാ എല്ലാ കടകളും ഇന്ന് രാത്രി 10 മണിക്ക് മു

മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു
മുന്‍പ് മലപ്പുറത്തെ എല്ലാകടകളും അടക്കണമെന്നു പോലീസ് അറിയിച്ചു. മലപ്പുറം, വേങ്ങര ഭാഗങ്ങളിലെ എല്ലാ കടകളും അടക്കണമെന്ന് മലപ്പുറം സി.ഐ. എ. പ്രേംജിത്ത് പത്രക്കുറിപ്പിലൂടെ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ ആഘോഷം പാടില്ല. അനുമതി ഇല്ലാതെ ശബ്ദ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ പോലീസ് നിയമപ്രകാരം കേസെടുക്കും.
പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി പോലീസ്. ഞായറാഴ്ച രാത്രി പത്ത് മണിക്ക് വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടക്കണം. അല്ലാത്തവക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പെരിന്തല്‍മണ്ണ പോലീസും അറിയിച്ചു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് ആര്‍.ടി.ഒ. യ്ക്ക് കൈമാറും. കൂടാതെ ലൈസന്‍സ് റദ്ദാക്കുന്നതിനായി ആര്‍.ടി.ഒ. യ്ക്ക് സമര്‍പ്പിക്കും.
ഈ ദിവസങ്ങളില്‍ രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികള്‍ അനുവദനീയമല്ല. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുത്ത് കേരള പോലീസ് ആക്ട് പ്രകാരവും ശബ്ദമലിനീകരണത്തിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുക്കും. പുതുവര്‍ഷ പിറവിയില്‍ പ്രത്യേക വാഹനപരിശോധനയും ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.

30 December 2017

വേങ്ങരമുതല്‍ നരണിപ്പുഴവരെ

വേങ്ങരമുതല്‍ നരണിപ്പുഴവരെ

വേങ്ങര : ഇ. അഹമ്മദിന്റെ മരണത്തോടെ 2017-ല്‍ കണ്ണുകളെല്ലാം പി.കെ. കുഞ്ഞാലിക്കുട്ടിയിലേക്കും വേങ്ങരയിലേക്കുമായിരുന്നു. എം.എല്‍.എ. സ്ഥാനം രാജിവെച്ച് ലോക്‌സഭയിലെത്തിയ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷം അല്പം കുറഞ്ഞെങ്കിലും ജയിച്ചുകയറിയ കെ.എന്‍.എ. ഖാദര്‍. വര്‍ഷത്തിന്റെ ആദ്യപകുതി രാഷ്ട്രീയചര്‍ച്ചകള്‍ക്കും തീപാറുന്ന പോരാട്ടങ്ങള്‍ക്കും സാക്ഷിയായി. നിലമ്പൂര്‍ മേഖലയിലെ മാവോവാദിസാന്നിധ്യം ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറഞ്ഞു. പ്രമുഖരുടെ കീഴടങ്ങലും വാര്‍ത്തയായി. ഇ. അഹമ്മദിന്റെയും കോട്ടുമല ബാപ്പു മുസലിയാരടക്കമുള്ളവരുടെയും വിയോഗം മലപ്പുറത്തിന് തീരാനഷ്ടമായി. ഉണ്യാലില്‍ സംഘര്‍ഷം പലപ്പോഴായി തലപൊക്കിയത് തീരദേശത്തെ അശാന്തമാക്കി. വിവാദ പാര്‍ക്കില്‍ കുരുങ്ങി പി.വി. അന്‍വര്‍ എം.എല്‍.എ. വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. സംസ്ഥാനത്ത് ആഞ്ഞുവീശിയ ഓഖി കൊടുംകാറ്റ് മലപ്പുറത്തിന്റെ തീരങ്ങളെ കവര്‍ന്നെടുത്തു. നരണിപ്പുഴയില്‍ മുങ്ങി ആറ് കുരുന്നുജീവനുകള്‍ പൊലിഞ്ഞ വാര്‍ത്ത സമ്മാനിച്ചാണ് 2017 പടിയിറങ്ങിയത്. നിരത്തില്‍ പൊലിഞ്ഞത് 379 ജീവനുകള്‍ വിവിധ വാഹനാപകടങ്ങളിലായി ജില്ലയില്‍ 2017-ല്‍ മരിച്ചത് 379 പേരാണ്. മുന്‍വര്‍ഷം 402 പേരാണ് അപകടങ്ങളില്‍ മരിച്ചത്. കീഴടങ്ങി മാവോവാദികള്‍ മാവോവാദികളെ പ്രതിരോധത്തിലാക്കാന്‍ പോലീസിനു കഴിഞ്ഞു. ഭഗത്സിങ്, കാളിദാസ്, കന്യാകുമാരി തുടങ്ങി മുന്‍ പ്രവര്‍ത്തകരെല്ലാം പോലീസില്‍ കീഴടങ്ങി. ഇത്തവണയും അശാന്തം തിരൂര്‍ ഉണ്യാല്‍, താനൂര്‍ ഭാഗങ്ങളില്‍ പോയവര്‍ഷവും പല സമയങ്ങളിലായി അക്രമസംഭവങ്ങള്‍ അരങ്ങേറി. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാദങ്ങളുടെ പാര്‍ക്ക് നിലമ്പൂരില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് നിര്‍മാണം അനധികൃതമാണെന്ന് കണ്ടെത്തിയത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കി .

പെണ്‍മുന്നേറ്റം പ്രഖ്യാപിച്ച് മുജാഹിദ് വനിതാ സമ്മേളനം


പെണ്‍മുന്നേറ്റം പ്രഖ്യാപിച്ച് മുജാഹിദ് വനിതാ സമ്മേളനം ...
അരലക്ഷം വനിതകള്‍ സംഗമിച്ചു
വേങ്ങര (മലപ്പുറം): കൂരിയാട്ട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംദിനത്തില്‍ അരലക്ഷം വനിതകള്‍ പങ്കെടുത്ത വനിതാ സമ്മേളനം. വിശ്വാസ-സാമൂഹ്യ-വിദ്യാഭ്യാസരംഗത്ത് പെണ്‍മുന്നേറ്റം പ്രഖ്യാപിക്കുന്നതായിരുന്നു സമ്മേളനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംവനിതകള്‍ ഒന്നിച്ചുപങ്കെടുത്ത സംഗമമാണ് കൂരിയാട്ട് നടന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. സ്ത്രീത്വം, സംസ്‌കാരം, സദാചാരം, സാമൂഹ്യതിന്മക്കെതിരേ കുടുംബ നായിക, കുടുംബഛിദ്രത, സൈബര്‍ കുരുക്കുകള്‍, വിശ്വാസ ജീര്‍ണതക്കെതിരേ പെണ്‍മുന്നേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ബാഷ സിങ് ഡല്‍ഹി സമ്മേളനം ഉദ്ഘാടനംചെയ്തു. സമൂഹത്തിന്റെ പുരോഗതിവേഗത്തിലാക്കുന്നതിലും സമാധാനം നിലനിര്‍ത്തുന്നതിലും വനിതകള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് അവര്‍ പറഞ്ഞു. കുടുംബം, സമൂഹം, രാജ്യം തുടങ്ങിയവയുടെ സര്‍വോന്മുഖമായ പുരോഗതിയെക്കുറിച്ച് ചിന്തിക്കാനും സ്ത്രീകള്‍ക്ക് കഴിയണം. രാജ്യത്തിന്റെ നന്മയ്ക്കുതകുന്ന പുതിയ തലമുറയായി നമ്മുടെ കുട്ടികളെ വളര്‍ത്തിയെടുക്കണമെന്നും അവര്‍ പറഞ്ഞു. മുജാഹിദ് വനിതാ വിഭാഗമായ എം.ജി.എം. സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷയായി. അഡ്വ. മറിയുമ്മ, ബിന്ദുകൃഷ്ണ, ജില്ലാ പഞ്ചായത്തംഗം സി. ജമീല അബൂബക്കര്‍, നഗരസഭാ അധ്യക്ഷ കെ.ടി. റഹീദ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ, ശമീമ ഇസ്ലാഹിയ്യ, എ. ജമീല എടവണ്ണ, സജ്‌ന തൊടുപുഴ, ആയിശ ചെറുമുക്ക്, പ്രൊഫ. ആമിന അന്‍വാരിയ്യ, സല്‍മ അന്‍വാരിയ്യ എന്നിവര്‍ പ്രസംഗിച്ചു.

29 December 2017

Msf കണ്ണമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച റാലി ജന ശ്രദ്ധേയമായി

വേങ്ങര : Msf കണ്ണമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച റാലി ജന ശ്രദ്ധേയമായി...വേങ്ങര ബ്ലോക്ക് പ്രസിഡന്റ് ചാക്കീരി കുഞ്ഞുട്ടി സാഹിബ് ഫ്ലാഗ് ഓഫ് ചെയ്തു...പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻറ് പുളിക്കൽ അബൂബക്കർ മാസ്റ്റർ സെക്രട്ടറി കൊമ്പത്തിയിൽ റസാക്ക് സാഹിബ് യൂത്ത് ലീഗ് സെക്രട്ടറി ഷുക്കൂർ കണ്ണമംഗലം, കണ്ണമംഗലം ജിദ്ധ KMCC പ്രസിഡന്റ് നൗഷാദ് ചേറൂർ മറ്റു മുസ്ലിം ലീഗിന്റെ നേതാക്കന്മാരും പങ്കെടുത്തു... പഞ്ചായത്ത് MSF ഭാരവാഹികൾ ആയ ആബിദ് കൂന്തല, റാഫി TP, നിഷാദ് NK, അനീസ് KP, ഹർഷദ് ചേറൂർ,സഫ്വാൻ ഫാരിസ് കാപ്പൻ,ഇഹ്‌സാൻ PA, ജുനൈദ് കോയിസ്സൻ,സഫ്വാൻ EP എന്നിവർ പങ്കെടുത്തു...

റാലിയുടെ സമാപന സമ്മേളനം കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കൊമ്പത്തിയിൽ റസാക്ക് സാഹിബ് ഉദ്ഘാടനം ചെയ്തു.... MSF വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ജവാദ് സാഹിബ്, ട്രെഷറർ CP ഹാരിസ്,നൗഷാദ് ചേറൂർ,കുട്ടിയാലി സാഹിബ്,ഷുക്കൂർ കണ്ണമംഗലം,നിഷാദ് NK, ആബിദ് കൂന്തല,റാഫി TP എന്നിവർ ആശംസകൾ അറിയിച്ചു. അനീസ് KP നന്ദി യും അറിയിച്ചു.  വിഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
Msf കണ്ണമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച റാലി ജന ശ്രദ്ധേയമായിhttps://youtu.be/o8qGMdflPcE

മർകസ് റൂബീജൂബിലി ഇരിങ്ങല്ലൂർ സർക്കിൾ പ്രചരണ സന്ദേശയാത്ര

വേങ്ങര : ജനുവരി 5,6,7 തീയതികളിൽ കാരന്തൂരിൽ നടക്കുന്ന മർകസ് റൂബി ജൂബിലിയുടെ ഭാഗമായി ഇരിങ്ങല്ലൂർ സർക്കിൾ SYS സംഘടിപ്പിച്ച മർകസ് സമ്മേളന പ്രചരണ സന്ദേശയാത്ര സമാപിച്ചു. ഉച്ചക്ക് ഓടക്കൽ മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര ജില്ലാ പ്രസിഡന്റ് PKM സഖാഫി ഫ്‌ളാഗ് ഓഫ് ചെയ്‌തു. കുഴിപ്പുറം നിന്നും ആരംഭിച്ച് ഇരിങ്ങല്ലൂർ, പാലാണി, കോട്ടപ്പറമ്പ്, ചാലോടി, പുഴച്ചാൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വടക്കുമുറിയിൽ സമാപിച്ചു.

മമ്പുറം പുതിയ പാലം ജനുവരി 8ന് തുറക്കും

മമ്പുറം പുതിയ പാലം ജനുവരി 8ന് തുറക്കും

തിരൂരങ്ങാടി: പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്കുള്ള പുതിയ പാലത്തിന്റെ ഉദ്ഘാടനം 8-ന് നടക്കുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. രാവിലെ 9 മണിക്ക് തിരൂരങ്ങാടിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ആദ്യവാരത്തോടെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഒഴിവിനനുസരിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കാമെന്ന ധാരണയിലായിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും മുഖ്യമന്ത്രിക്ക് ഒഴിവില്ലാത്തതിനാല്‍ പാലം ഉദ്ഘാടനം ചെയ്യുന്നതിന് വകുപ്പ് മന്ത്രിക്ക് നിര്‍ദ്ധേശം നല്‍കുകയായിരുന്നു.
തിരൂരങ്ങാടി നഗരസഭയെയും എ.ആര്‍ നഗര്‍ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ട് മമ്പുറത്തേക്ക് വീതിയോട് കൂടിയ പാലം വേണമെന്നാവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറാണ് തുക അനുവദിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിലെ വ്യവസായ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെയും വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബിന്റെയും ശ്രമഫലമായി 21 കോടി രൂപ അനുവദിക്കുകയും 2013 അവസാനത്തില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. നോട്ട് നിരോധനവും, ജി.എസ്.ടി ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ മറികടന്ന് കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി തന്നെ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും എം.എല്‍.എ പറഞ്ഞു.

27 December 2017

ഐ.പി എച്ച് പുസ്തക മേള തുടങ്ങി

ഐ.പി എച്ച്  പുസ്തക മേള തുടങ്ങി.
വേങ്ങര: കൂരിയാട് മുജാഹിദ് സംസ്ഥാന സമ്മേളന നഗരിയോട് ചേർന്ന് ഐ.പി.എച്ച് പുസ്തകമേള തുടങ്ങി. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.കുഞ്ഞാലൻ കുട്ടി ഉദ്ഘാടനം ചെയ്തു. അസി: ഡയറക്ടർ കെ.ടി.ഹുസൈൻ, മാനേജർ ടി.ടി.അബ്ദുൽ കരീം, ജമാഅത്തെ ഇസ്ലാമി വേങ്ങര  ഏരിയാ പ്രസിഡണ്ട് ഇ.വി.അബ്ദുസ്സലാം, സി.വി.സലീം, ഹിറാനഗർ ഹൽഖാ നാസിം നാസർ വേങ്ങര, കെ .പി .കുഞ്ഞീച്ചി ,വി.ടി.അബ്ദുൽ ജബ്ബാർ മൗലവി, ടി.ടി.അബ്ദുറഷീദ്, പി.അശ്രഫ്, നിസാർ വേങ്ങര ,ഫൈസൽ ചേറൂർ തുടങ്ങിയവർ പങ്കെടുത്തു

26 December 2017

മുജാഹിദ് സമ്മേളന നഗരിയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി.

മുജാഹിദ് സമ്മേളന നഗരിയിൽ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി.

വേങ്ങര: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരിയിൽ ആരംഭിച്ച രാജ്യാന്തര ഇസ് ലാമിക പുസ്തകോത്സവം പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു.വിയോജിപ്പുകൾ നിലനിർത്തി മനഷ്യസമൂഹം ഒന്നിക്കേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.വെറുപ്പും, വിദ്വേഷവും പ്രചരിപ്പിക്കുന്നതിന് പകരം സ്നേഹവും, സഹിഷ്ണുതയും പ്രസരിപ്പിക്കാൻ മുന്നോട്ട് വരണം. ധാർമിക മൂല്യങ്ങളുടെ അടിത്തറയിൽ നിന്ന് വായിക്കണം. വെറുതെ വായിച്ച് മസ്തിഷ്ക്കം മലിനമാക്കരുത്. വായന വ്യക്തിയെയും, സമൂഹത്തെയും ഉണർത്തണം.കെ.എൻ.എം.സംസ്ഥാന ജനറൽ സെക്രട്ടറി   പി.പി.ഉണ്ണീൻകുട്ടി മൗലവി അദ്ധ്യക്ഷത വഹിച്ചു.പ്രൊഫസർ എൻ.വി.അബ്ദു റഹ്മാൻ, ഡോ: എ.ഐ.അബ്ദുൽ മജീദ് സ്വലാഹി, ഡോ: പി.പി.അബ്ദുൽ ഹഖ്, എ.അസ്ക്കറലി,എൻ.കുഞ്ഞിപ്പ മാസ്റ്റർ, നാസർ സുല്ലമി എടത്തനാട്ടുകര, സിറാജ് ചേലേമ്പ്ര, കമാൽ, യാസർ അറഫാത്ത് എന്നിവർ പ്രസംഗിച്ചു.

എം.എസ്.എം. മെസേജ് മെഡിക്കൽ എക്സിബിഷന് പ്രൗഡമായ തുടക്കം

എം.എസ്.എം. മെസേജ് മെഡിക്കൽ എക്സിബിഷന് പ്രൗഡമായ തുടക്കം

വേങ്ങര: മതം, സഹിഷ്ണുത, സഹവർതിത്വം എന്ന പ്രമേയത്തിൽ നടത്തുന്ന  മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള എം.എസ്.എം. മെസേജ് മെഡിക്കൽ എക്സിബിഷന് ഇന്ന് തുടക്കമായി. മനഷ്യ ശരീരത്തിന്റെ സൃഷ്ടിപ്പു രഹസ്യങ്ങൾ വിശദീകരിക്കുന്ന കാഴ്ച്ചകളാണ് എക്സിബിഷനിലൂടെ പ്രദർശിപ്പിക്കപ്പെടുന്നത്. മനുഷ്യ ശരീരത്തെ ബാധിക്കുന്ന വിവിധ രോഗങ്ങളും, പ്രതിവിധികളും, പ്രതിരോധ മാർഗങ്ങളും പ്രദർശനത്തിൽ വിശദീകരിക്കപ്പെടും. ലഹരിയുണ്ടാക്കുന്ന ഉത്പനങ്ങളെ കുറിച്ച് പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്ന സെഷനുകളും, ഡോക്യുമെന്ററിയും ഇതിന് കൂടെ ഉണ്ടാവും.40 ഓളം സ്റ്റാളുകളിലായിട്ടാണ് പ്രദർശനം.രാവിലെ  9 മണി മുതൽ വൈകീട്ട് 8 മണി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ഡോക്ടർമാരുടെ കൗൺസിൽ സൗകര്യവുമുണ്ട്.ഇന്റർ നാഷണൽ ബുക് ഫെയറും സമ്മേളന നഗരിയിൽ ഒരുങ്ങുന്നുണ്ട്. സ്വാഗത സംഘം ചെയർമാൻ വി.കെ.സക്ക രീയ്യ ഉദ്ഘാടനം ചെയ്തു.കെ.എൻ.എം.സംസ്ഥാന പ്രസിഡൻറ് ടി.പി.അബ്ദുല്ലക്കോയ മദനി,  കെ.എൻ.എം.സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ഉണ്ണിൻ കുട്ടി മൗലവി, വൈസ് പ്രസിഡന്റ് ഡോ: ഹുസൈൻ മടവൂർ, എം.അബ്ദുറഹ്മാൻ സലഫി ,എ.അസ്ക്കറലി, ഡോ: എ.ഐ.അബ്ദുൽ മജീദ് സ്വലാഹി, ജലീൽ മാമാങ്കര ,സിറാജ് ചേലേമ്പ്രപ്രസംഗിച്ചു.വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൻമാരും പങ്കെടുത്തു.


ഫോട്ടോ: മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായുള്ള മെസേജ് എക്സിബിഷൻ ഉദ്ഘാടനം സ്വാഗത സംഘം ചെയർമാൻ വി.കെ.സക്കരിയ്യ നിർവഹിക്കുന്നു.

ട്രാഫിക്ക്‌ അടയാളങ്ങളില്ല; അപകട മുനമ്പില്‍ കാല്‍നട യാത്രക്കാര്‍

ട്രാഫിക്ക്‌ അടയാളങ്ങളില്ല; അപകട മുനമ്പില്‍ കാല്‍നട യാത്രക്കാര്‍
വേങ്ങര: ഏതു സമയത്തും ഗതാഗത കുരുക്കും വാഹനത്തിരക്കുമുള്ള വേങ്ങര ടൗണിലെ റോഡില്‍ സീബ്രാലൈനുകളില്ലാത്തത്‌ റോഡ്‌ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരെ അപകട മുനമ്പിലെത്തിക്കുന്നതായി പരാതി. നഗരത്തിലെ ഏറ്റവും തിരക്കുള്ള പ്രദേശങ്ങളായ ബസ്‌റ്റാന്റിന്‌ മുന്‍വശത്തും മാര്‍ക്കറ്റ്‌ റോഡിനു സമീപത്തായും അടയാളപ്പെടുത്തിയ സീബ്രാലൈനുകള്‍ പൂര്‍ണ്ണമായും മാഞ്ഞ നിലയിലാണ്‌. താഴെ അങ്ങാടിയില്‍ കെ.എസ്‌.ഇ.ബി.ഓഫീസിനു പരിസരത്തും മേലേ അങ്ങാടിയിലെ വരയും മാഞ്ഞ നിലയിലാണ്‌. ഇതുമൂലം നിരവധി യാത്രക്കാരാണ്‌ പ്രത്യേകിച്ചും സ്‌ത്രീകളും കുട്ടികളുമാണ്‌ ഏറെ പ്രയാസപ്പെടുന്നത്‌.

24 December 2017

കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ സപ്തദിന NSS ക്യാമ്പ് കണ്ണമംഗലം നൊട്ടപ്പുറം GLPS ൽ തുടങ്ങി

NSS ക്യാമ്പ്
കുറ്റൂർ നോർത്ത് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ സപ്തദിന NSS ക്യാമ്പ് കണ്ണമംഗലം നൊട്ടപ്പുറം GLPS ൽ തുടങ്ങി. വേങ്ങരMLA കെ എൻ എ ഖാദർ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് AP ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹഖ് മെമന്റോ വിതരണം നടത്തി.മാനേജർ കെ.പി കുഞ്ഞിമൊയ്തു, കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസി.പുള്ളാട്ട് സലിം മാസ്റ്റർ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ TK അബദുട്ടി, കെ കെ മൊയ്തീൻ കുട്ടി, അസീസ് കാമ്പ്രൻ, ദുർഗ്ഗാദാസ് കെ.പി, പ്രകാശൻ മാസ്റ്റർ പൂവിൽ കോയക്കുട്ടി ഹാജി യൂസുഫ് കരുമ്പിൽ എന്നിവർ സംസാരിച്ചു. യാസിർ പൂവിൽ സ്വാഗതവും മന്നാ സൽവാ കെ.പി നന്ദിയും പറഞ്ഞു. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി ചാക്കീരി അബ്ദുല്‍ ഹഖ് എന്ന ചാക്കീരി കുഞ്ഞുട്ടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചേറൂര്‍ : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി ചാക്കീരി അബ്ദുല്‍ ഹഖ് എന്ന ചാക്കീരി കുഞ്ഞുട്ടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ട്ടിയിലെ മുന്‍ധാരണാ പ്രകാരം ബ്ലോക്ക് പ്രസിഡന്‍റ് പി.കെ.അസ്ലു  രാജിവെച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡന്‍റ് പദം. ആദ്യ രണ്ട് വര്‍ഷം പി.കെ. അസ്ലുവിനും പിന്നീടുള്ള മൂന്ന് വര്‍ഷം ചാക്കീരി അബ്ദുല്‍ ഹഖിനും എന്നതായിരുന്നു ധാരണ. മുന്‍ വിദ്യാഭ്യാസ മന്ത്രിയും, നിയമസഭാ സ്പീക്കറുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്‍റെ പുത്രനാണ് ചാക്കീരി അബ്ദുല്‍ഹഖ് എന്ന ചാക്കീരി കുഞ്ഞുട്ടി. കണ്ണമംഗലം പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ പ്രഥമ പ്രസിഡന്‍റ്  സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതും ഇദ്ദേഹത്തെയാണ്.രാഷ്ട്രീയ എതിരാളികളോട് പ്രതികാരച്ഛുവയില്ലാത്ത അപൂര്‍വ്വം പൊതു പ്രവര്‍ത്തകരില്‍ ഒരാളാണ് ഇദ്ദേഹമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്ത് മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിലേക്ക് നിരവധി തവണ തിരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കാറില്‍ ഇടിച്ച് നിര്‍ത്താതെപോയ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു

കാറില്‍ ഇടിച്ച് നിര്‍ത്താതെപോയ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു

വേങ്ങര: മഞ്ചേരി പരപ്പനങ്ങാടി റൂട്ടിലോടുന്ന ഫിനിക്‌സ് ബസ്.ഇന്നലെ പന്ത്രണ്ടരയോടെ കാരാ തോട് വെച്ച് കാറിലിടിച്ചു. നിറുത്താതെ പോന്ന ബസിനെ പിന്‍തുടര്‍ന്ന് കാറിലെത്തിയവര്‍ ബസ്റ്റാന്റില്‍ കയറിയ ബസിന് കുറുകെ കാര്‍ നിര്‍ത്തി ബസ് ഡ്രൈവറെ വലിച്ച് താഴെയിറക്കുന്നതിനിടെ മുന്നോട്ട് നീങ്ങിയ ബസ് കാറില്‍ ഇടിച്ച് പത്തു മീറ്ററോളം മുന്നോട്ടു പോയി. ഭയന്നു വിറച്ച ബസ് യാത്രക്കാരായ സ്ത്രീകളും കുട്ടികളും ബഹളം വെക്കുന്നതിനിടെ കാറിലെത്തിയവര്‍ ബസ് ഡ്രൈവര്‍ മഞ്ചേരി സ്വദേശി ജിതേഷ് – 36-നെ മര്‍ദ്ദിച്ച് പരുക്കേല്പിച്ചു…. ഗുരുതര പരുക്കേറ്റഇയാള്‍ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറെ അക്രമിച്ചു പരുക്കേല്പിച്ച സംഭവത്തില്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കു നടത്തി. ഇതിനെ തുടര്‍ന്ന് നാലു മുതല്‍ ഒരു മണിക്കൂര്‍ ബസോട്ടം നിലച്ചു. പോലീസ്, തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.ബസും, സംഭവത്തില്‍ പെട്ട കാറും രണ്ട് പേരെയും പോലീസ് കസ്റ്റടിയിലെടുത്തു.

23 December 2017

പടവ് 2017 ന് തുടക്കമായി

പടവ് 2017 ന് തുടക്കമായി
പറപ്പൂര്‍ : ഡയറക്ടറേറ്റ് ഒാഫ് ഹയര്‍സെക്കന്‍ററി എഡ്യുകേഷന്‍ പടവ്-2017 എന്‍.എസ്‌.എസ്‌ സപ്തദിന ക്യാമ്പിന്  മുണ്ടോത്ത്പറമ്പ്  ഗവണ്‍മെന്‍റ് യു.പി സ്കൂളിൽ തുടക്കമായി .ജില്ല.ആര്‍.എച്ച്.എസ്‌.എസ്‌ കോട്ടക്കൽ ഡിസംബർ 23 മുതൽ 29 വരെ  സംഘടിപ്പിച്ച ക്യാമ്പ്  പറപ്പൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ അബ്ദുൽ റഹീം അദ്ദ്യക്ഷതവഹിച്ച ചടങ്ങ് പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ബഹു.ബഷീർ മാസ്റ്റർ കാലടി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.വി.കെ ഹസീന ടീച്ചര്‍ , മുഹമ്മദ്കുട്ടി ,  അദ്ദ്യാപകര്‍ , എന്‍.എസ്‌.എസ്‌ ക്യാപ്റ്റൻ &  വളണ്ടിയേയ്സ് എന്നിവര്‍ പങ്കെടുത്തു .

പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം സംഘടിപ്പിച്ചു

പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം
സംഘടിപ്പിച്ചു

പറപ്പൂര്‍ :21/12/17 ന് എ.എം.എല്‍.പി സ്കൂൾ വീണാലുക്കല്‍ വെച്ച് പറപ്പൂര്‍ പഞ്ചായത്ത് ഹരിത സംഗമം നടത്തി .
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ിംഗ് കമറ്റി ചെയര്‍മാന്‍ ടി.കെ . അബ്ദുൽ റഹീം അദ്ദ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി ഉദ്ഘാടനം നിര്‍വഹിച്ചു.
പി.വി.കെ ഹസീന ടീച്ചര്‍ , സലീം ഷാ കൃഷി അസിസ്റ്റന്റ് പറപ്പൂര്‍ , പറങ്ങോടത്ത് മുഹമ്മദ് കുട്ടി , മുഹമ്മദ് കുട്ടി (കില), കെ.എ.റഹീം , വാര്‍ഡ് മെമ്പര്‍മാര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ എന്നിവര്‍ പ്രസംഗിച്ചു . പഞ്ചായത്ത് സെക്രട്ടറി എം.മധുസൂദനൻ സ്വാഗതം പറഞു .

ശ്മശാന ഭൂമി_പഞ്ചായത്തിന്_കൈമാറി

ശ്മശാന ഭൂമി_പഞ്ചായത്തിന്_കൈമാറി
********************************
പറപ്പൂര്‍ : പറപ്പൂര്‍ പഞ്ചായത്ത് നിവാസികളുടെ സ്വപ്നവും നിരന്തര ആവശ്യവുമായിരുന്ന പഞ്ചായത്ത് പൊതു ശ്മശാനം യാഥാർത്ഥ്യമാകുന്നു.
ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്ന പഞ്ചായത്തിനൊരു പൊതു ശ്മശാനം എന്ന വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക് . ജനകീയ മുന്നണി നേതൃത്വം നല്‍കുന്ന  പൊതു ശ്മശാന ഭൂമി കമ്മറ്റി വാങ്ങിയ 52 സെന്റ് ഭൂമിയുടെ ആധാരം പഞ്ചായത്ത് സെക്രട്ടറി എം മധുസൂദനന്  കമ്മറ്റി അംഗങ്ങളായ കെ_എം പറങ്ങോടന്‍ കെ_കുഞമ്മദ് മാസ്റ്റർ ,അബ്ദുൽ ഹമീദ് പാലാണി എന്നിവര്‍ കൈമാറി .
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബഷീർ മാസ്റ്റർ കാലടി , മുൻ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അബ്ദുൽ റഹീം , വാര്‍ഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു .
പറപ്പൂര്‍ നിവാസികളുടെ സ്വപ്നമായിരുന്ന പൊതു ശ്മശാനം എന്ന ആവശ്യം ജനകീയ മുന്നണി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുള്‍പ്പെടുത്തി പ്രധാന പരിഗണന കൊടുത്തിരുന്നു  പദ്ദതിയായിരുന്നു. പൊതു ശ്മശാനം യാഥാർത്ഥ്യമാക്കാനായി ജനകീയ മുന്നണി നേതൃത്വത്തോടൊപ്പം സഹകരിച്ച സഹായിച്ച മുഴുവൻ സുമനസ്സുകള്‍ക്കും ജനകീയ മുന്നണി ശ്മശാനഭൂമി കമ്മറ്റി  ഹൃദയ മായ നന്ദി അറിയിക്കുന്നതായി കമറ്റി ഭാരവാഹികൾ അറിയിച്ചു .

ഫോട്ടോ: പറപ്പൂര്‍ ജനകീയ മുന്നണി പൊതു  ശ്മശാനത്തിനായി വാങ്ങിയ 52 സെന്റ്  ഭൂമി പഞ്ചായത്ത് സെക്രട്ടറി എം .മധുസൂദനന് കൈമാറുന്നു

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������