Labels

25 October 2019

രാമേട്ടൻ @ 72: അരനൂറ്റാണ്ടിന്റെ വായന

രാമേട്ടൻ @ 72: അരനൂറ്റാണ്ടിന്റെ വായന

രാമേട്ടൻ പത്രവായനയിൽ
വേങ്ങര:
72 പിന്നിട്ട കറുത്തേടത്ത്‌ രാമേട്ടന്റെ ദേശാഭിമാനി വായനയ്ക്ക്‌ പ്രായം അൻപത്‌ പിന്നിട്ടു. ഇന്നും ചെറുപ്പത്തിന്റെ അതേ ഊർജത്തിൽ  കടയിലെ തയ്യൽ മെഷീനുസമീപമിരുന്ന്‌ വായന തുടരുകയാണ്‌ ഈ വയോധികൻ. കണ്ണടയില്ലാതെയാണ്‌  വായന. വാർത്തകൾ, ലേഖനങ്ങൾ, മുഖപ്രസംഗം എന്നിവയെല്ലാം പ്രഭാതത്തിലെ ഒറ്റവായനയിൽ ആ തലച്ചോറിലെത്തും. അതിനിടെ കടയിൽ വരുന്ന പതിവുകാർക്കെല്ലാം തയ്ച്ചുവച്ച ഉടുപ്പുകൾക്കൊപ്പം വായനയിലെ വിവരങ്ങളും ലഭ്യമാക്കും.  1966ലാണ്‌ ദേശാഭിമാനിയുമായുള്ള ഈ അഭേദ്യബന്ധം തുടങ്ങുന്നത്‌.  പിന്നെ ഒരിക്കലും ആ പതിവ് മുടങ്ങിയിട്ടില്ല. -  67ലാണ്‌ സിപിഐ എം അംഗമാവുന്നത്‌.  52 വർഷമായി ഇന്നും അംഗത്വം പുതുക്കുന്നു. അതിനിടെ നാലുതവണ കണ്ണമംഗലം  ബ്രാഞ്ച് സെക്രട്ടറിയായി. രണ്ടുതവണ വേങ്ങര ലോക്കൽ കമ്മിറ്റി അംഗവുമായി.

കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്തിയിരുന്ന കാലത്താണ് രാമേട്ടൻ പാർടിയുമായി അടുക്കുന്നത്. വെന്നിയൂരിലെ അമ്മാവന്റെ വീട്ടിൽനിന്നായിരുന്നു  പ്രൈമറി വിദ്യാഭ്യാസം. സ്കൂൾ വിട്ടുവരുമ്പോൾ പലപ്പോഴും കമ്യൂണിസ്റ്റുകാരുടെ പ്രസംഗങ്ങളുണ്ടാവും. ഈ പ്രസംഗങ്ങളിലെ പാവങ്ങളുടെ കഷ്ടപ്പാടുകൾ തന്റേതുകൂടിയാണെന്ന തിരിച്ചറിവാണ് രാമേട്ടനെ പാർടിയിലേക്ക്‌ അടുപ്പിച്ചത്‌.   57ൽ ഇ എം എസ് സർക്കാർ കൊണ്ടുവന്ന ഉച്ചഭക്ഷണ പദ്ധതിയും ആകർഷിച്ചു. 

പാർടി പിളരുന്നതിനുമുമ്പുതന്നെ നേതാക്കളുമായി ഇദ്ദേഹത്തിന്‌ ബന്ധമുണ്ടായിരുന്നു. പിന്നീട്‌ സിപിഐ നേതാക്കളായ  പി ഗംഗാധരൻ, കോയക്കുഞ്ഞു നഹ, സിപിഐ എം നേതാക്കളായിരുന്ന പരമേശ്വരൻ എമ്പ്രാന്തിരി, കെ ബാപ്പു തുടങ്ങിയവരുമായി  ബന്ധംപുലർത്തി. 95ൽ  തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പ്  വേളയിൽ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ തന്റെ തയ്യൽ കടയിൽ വിശ്രമിച്ചത്‌ രാമേട്ടന്‌ ഇന്നും ഓർമയുണ്ട്‌.  

വർഗ–-ബഹുജന സംഘടനകളുടെ നേതൃതലത്തിലും രാമേട്ടൻ പ്രവർത്തിച്ചു.  95ൽ അവിഭക്ത  വേങ്ങര പഞ്ചായത്തിൽ മെമ്പറും സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു.  ഇപ്പോൾ സിപിഐ എം  തോട്ടശേരിയറ ബ്രാഞ്ച് അംഗമാണ്‌. ഭാര്യക്കും നാലുമക്കൾക്കുമൊപ്പം  പുള്ളിപ്പാറയിലെ കുറക്കൻപറമ്പിലാണ്‌ താമസം. എഴുപതുകഴിഞ്ഞിട്ടും ദേശാഭിമാനിയുടെ പ്രചാരണ പ്രവർത്തനങ്ങളിലും ഊർജിതം.

No comments:

Post a Comment

എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം

  എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി മുതല്‍ ഒരുലക്ഷം രൂപ വരെ പിന്‍വലിക്കാം ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക...

Just touch and read Vengara news������